Kerala

മകളെ കൊല്ലുന്ന അച്ഛൻ...

ചരിത്രം നമ്മിൽ അടിച്ചേൽപ്പിച്ച മാറാപ്പിന്റെ ഫലമാണ് വിവാഹത്തിനെ ജാതിയും മതവും വർഗ്ഗവും വർണ്ണവും പണവും കുടുംബ മഹിമയുമായി കൂട്ടിക്കെട്ടിയത്. വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും ഇത്രയേറെ വളർച്ച കേരളസമൂഹത്തിന് ഉണ്ടായിട്ടും പത്തിൽ ഒമ്പത് പേരും ഇപ്പോഴും വീട്ടുകാർ അന്വേഷിച്ച് കണ്ടെത്തുന്ന അറേഞ്ച്ഡ് വിവാഹത്തിലാണ് ചെന്നെത്തുന്നത് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ട കാര്യമാണ്.

മകളെ കൊല്ലുന്ന അച്ഛൻ...

 ഇഷ്ടപ്പെട്ട ആളെ ഒരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ പെൺകുട്ടിയെ സ്വന്തം പിതാവ് കൊലപ്പെടുത്തി എന്ന വാർത്ത എന്നെ ഏറെ സങ്കടപ്പെടുത്തുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരള സംസ്ഥാനത്ത് ഇങ്ങനൊരു സംഭവം നടക്കുമ്പോൾ ഇപ്പോഴും പതിനെട്ടോ പത്തൊൻപതോ നൂറ്റാണ്ടിലെ തുരുത്തുകൾ ഇവിടെ ഉണ്ടെന്നതിന്റെ അടയാളമാണത്. ഇതെന്നെ സങ്കടപ്പെടുത്തുന്നുവെങ്കിലും അത്ഭുതപ്പെടുത്തുന്നില്ല.

വിവാഹം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ അതിപ്രധാനമായ ഒരു തീരുമാനം ആണെന്നതും ആ തീരുമാനം ആത്യന്തികമായി വിവാഹം കഴിക്കുന്നവരുടേത് ആയിരിക്കണം എന്നതും അരിയോ ഗോതമ്പോ പാസ്തയോ കഴിക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായി മനസ്സിലാക്കാവുന്നത്ര ലളിതമായ ഒന്നാണ്. ചരിത്രം നമ്മിൽ അടിച്ചേൽപ്പിച്ച മാറാപ്പിന്റെ ഫലമാണ് വിവാഹത്തിനെ ജാതിയും മതവും വർഗ്ഗവും വർണ്ണവും പണവും കുടുംബ മഹിമയുമായി കൂട്ടിക്കെട്ടിയത്. വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും ഇത്രയേറെ വളർച്ച കേരളസമൂഹത്തിന് ഉണ്ടായിട്ടും പത്തിൽ ഒമ്പത് പേരും ഇപ്പോഴും വീട്ടുകാർ അന്വേഷിച്ച് കണ്ടെത്തുന്ന അറേഞ്ച്ഡ് വിവാഹത്തിലാണ് ചെന്നെത്തുന്നത് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ട കാര്യമാണ്. സ്വന്തമായി വിവാഹം തീരുമാനിച്ചതിന്റെ പേരിൽ മക്കളെ കൊല്ലുന്ന മാതാപിതാക്കൾ വർഷത്തിൽ ഒന്നോ രണ്ടോ മാത്രമേ നാം കാണുന്നുള്ളുവെങ്കിലും ആ വിഷയത്തിൽ ശാരീരികവും മാനസികവും ആയ പീഡനം അനുഭവിച്ചവരെ നമുക്കെല്ലാം പരിചയമുണ്ട്.

അറേഞ്ച്ഡ് മാര്യേജ് ആണോ ലവ് മാര്യേജ് ആണോ നല്ലത് എന്ന ശുദ്ധ വിഡ്ഢിത്തമായ ചോദ്യങ്ങൾ ഇപ്പോഴും കേരളത്തിൽ കേൾക്കാറുണ്ട്. ഇതിന് തെളിവായി പറയുന്നത് ആളുകൾ സ്വയം പങ്കാളികളെ കണ്ടെടുക്കുന്ന രാജ്യങ്ങളിൽ ഡിവോഴ്സ് റേറ്റ് കൂടുതൽ ആന്നെന്നതാണ്. ശരിയാണ്, ഇന്ത്യയിലെ വിവാഹമോചന നിരക്കിന്റെ ഏകദേശം നാല്പത് ഇരട്ടിയാണ് അമേരിക്കയിൽ. ഇതിന്റെ കാരണം ഇന്ത്യയിലെ വിവാഹജീവിതം കൂടുതൽ സന്തോഷകരം ആണെന്നതല്ല, സ്വയം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സൗകര്യവും സ്വാതന്ത്ര്യവും ഉള്ള രാജ്യങ്ങളിൽ അസംതൃപ്തമായ വിവാഹ ജീവിതത്തിൽ നിന്നും പുറത്തു കടക്കാനുള്ള സൗകര്യവും സ്വാതന്ത്ര്യവും സ്വാഭാവികമായി ഉണ്ടെന്നതാണ്. വിവാഹം കഴിക്കാൻ ഉപയോഗിക്കുന്ന സ്വാതന്ത്ര്യം അതിൽ നിന്നു പുറത്തു കടക്കാനും അവർ ഉപയോഗിക്കുന്നു. നമ്മുടെ നാട്ടിൽ സ്വന്തമായി വിവാഹത്തിന് അകത്തേക്ക് പോകാൻ സ്വാതന്ത്ര്യം ഇല്ലാത്തതു പോലെ തന്നെ പുറത്തിറങ്ങാനും ഇല്ല. അയൽവീടുകളിലെ കുട്ടികളിൽ ഒരാളുടെ കൈയും കാലും കെട്ടി മുറിയിൽ ഇട്ടതിന് ശേഷം, പുറത്തിറങ്ങി ക്രിക്കറ്റ് കളിച്ചു കാറിന്റെ ചില്ലു പൊട്ടിക്കുന്ന അപ്പുറത്തെ കുട്ടിയെ നോക്കി "ഇവിടുത്തെ കുട്ടി പുറത്തിറങ്ങി ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല" എന്ന് പറയുന്നത്രയും ലോജിക്കേ നമ്മുടെ അറേഞ്ച്ഡ് മാര്യേജ് ന്റെ ‘കുടുംബ ഭദ്രത’ക്കുള്ളൂ. ആദ്യം കെട്ടഴിച്ചു വിടൂ, എന്നിട്ട് മതി മേനി പറച്ചിൽ...

ഒരു കാര്യം എനിക്ക് ഉറപ്പാണ്. ജാതിയും മതവും നോക്കി, ജാതകവും സമയവും നോക്കി വിവാഹം കഴിക്കുന്ന ഇപ്പോഴത്തെ അറു പഴഞ്ചൻ സംവിധാനം അധികകാലമൊന്നും ഇനി ഉണ്ടാവില്ല. നഗരവൽക്കരണവും സാമ്പത്തിക സ്വയം പര്യാപ്തതയും കൂടുന്ന ഇക്കാലത്ത് നമ്മുടെ കുട്ടികൾ സ്വന്തം പങ്കാളികളെ തിരഞ്ഞെടുക്കും. സ്ത്രീകൾക്ക് ഒറ്റക്ക് താമസിക്കാനും കുട്ടികളെ വളർത്താനും സാമൂഹ്യ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാത്ത കാലത്ത് അവർ മോശക്കാരായ ഭർത്താക്കന്മാരെ അടിച്ചു പുറത്താക്കുകയും ചെയ്യും. ഇതിന് എതിര് നിൽക്കുന്ന അപ്പന്മാരോട് വീണ്ടും ചില വീട്ടുകാര്യത്തിലെ റോയി പറയുന്ന പോലെ ‘പോയി പണി നോക്കാൻ’ പറയും. അതാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി..

ഇന്നലെ മരിച്ച കുട്ടി നമ്മുടെ സമൂഹത്തിലെ ഒരു അനാചാരത്തിൻറെ രക്തസാക്ഷിയാണ്. ദുഖമുണ്ട്… ആദരാഞ്ജലികൾ..!

advertisment

News

Super Leaderboard 970x90