Kerala

"കോട്ടയം മുൻ എസ്.പി. ശ്രീ. മുഹമ്മദ് റഫീക് എെ.പി.എസ്."- തൊഴിലിനു വേണ്ടി ആത്മാർത്ഥയും അർപ്പണബോധവും കാണിക്കുന്ന പോലീസുകാരൻ

തന്റെ തൊഴിലിനു വേണ്ടി ആത്മാർത്ഥയും അർപ്പണബോധവും കാണിക്കുന്ന പോലീസ് ഉദ്ദ്യോഗസ്ഥരെ വിവാദങ്ങളിൽപ്പെടുത്തി അവരുടെ ആത്മവീര്യം നഷ്ടപ്പെടുത്തിയാൽ വേദനിക്കുന്നത് അവർ മാത്രമല്ല, നഷ്ടപ്പെടുന്നത് സമൂഹത്തിനുകൂടിയാണ് എന്നൊരു ചിന്ത നമുക്കും നമ്മുടെ മാധ്യമങ്ങൾക്കും ഉണ്ടാകേണ്ടതാണ്....

"കോട്ടയം മുൻ എസ്.പി. ശ്രീ. മുഹമ്മദ് റഫീക് എെ.പി.എസ്."- തൊഴിലിനു വേണ്ടി ആത്മാർത്ഥയും അർപ്പണബോധവും കാണിക്കുന്ന പോലീസുകാരൻ

ഒാരോ അസ്വാഭാവിക മരണവും വേദനാജനകമാണ്. അടുത്ത കാലത്ത് കെവിന്റെ മരണവും, നീനുവിന്റെ കണ്ണീരും നമ്മളെ ഒരുപാട് വേദനിപ്പിച്ചു. ജാതിയുടേയും മതത്തിന്റേയും പേരിൽ മനുഷ്യൻ ഇൗ കാണിച്ചുകൂട്ടുന്ന കൊള്ളരുതായ്മകൾ, ഏറ്റവും വിദ്യാഭ്യാസമുണ്ട് എന്ന് അവകാശപ്പെടുന്ന കേരളത്തിന് നാണക്കേടാണ്. മനുഷ്യനെ മനുഷ്യൻ സ്നേഹിക്കണമെന്നും ഒത്തൊരുമയോടുകൂടി ജീവിക്കണമെന്നും പഠിപ്പിക്കുന്ന പുണ്യ ഗ്രന്ഥങ്ങളെയും ആചാര്യൻമാരെയും അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കപ്പെട്ടു എന്ന് പറയപ്പെടുന്ന മതങ്ങളും ജാതികളും മനുഷ്യനെ ഇങ്ങനെ വേർതിരിക്കുന്നത് നമ്മുടെ ഭാവിക്ക് ദു:സൂചനയാണ്. ഇൗ ദു.സൂചനയുടെയും ചില ഉദ്ദ്യോഗസ്ഥരുടെ അനാസ്ഥയുടെയും പ്രതിഫലനമാണ് കെവിന്റെ മരണം. പക്ഷേ, കെവിന്റെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബലിയാടാക്കപ്പെടുന്ന ഒരു പോലീസ് ഉദ്ദ്യോഗസ്ഥനായ കോട്ടയം മുൻ എസ്.പി. ശ്രീ. മുഹമ്മദ് റഫീക് എെ.പി.എസ്. എന്ന ഉദ്ദ്യോഗസ്ഥനെ കുറിച്ച് പറയാനാണ് ഞാൻ ഇൗ കുറിപ്പ് എഴുതുന്നത്.

ഇന്നലെ ടി.വി. ചാനലുകളിൽ അദ്ദേഹം വളരെ വേദനയോടുകൂടി തന്റെ നിലപാട് പറയുന്നത് കേട്ടപ്പോൾ ഇൗ കുറിപ്പ് എഴുതണമെന്ന് തോന്നി. കൊല്ലങ്ങൾക്ക് മുമ്പ് എസ്.പി.സി. (Student Police Cadet) ക്യാമ്പുമായി ബന്ധപ്പെട്ട് ഒരു പരിപാടിയിലാണ് അദ്ദേഹത്തിനെ ഞാൻ ആദ്യമായി കാണുന്നത്. വളരെ സത്യസന്ധനായ മറ്റൊരു പോലീസ് ഉദ്ദ്യോഗസ്ഥനും ഇപ്പോഴത്തെ പെരുമ്പാവൂർ സർക്കിൾ ഇൻസ്പെക്ടറുമായ ശ്രീ ബൈജു പൗലോസാണ് എന്നെ അദ്ദേഹത്തിനെ പരിചയപ്പെടുത്തുന്നത്. അന്ന് ശ്രീ. റഫീക് എറണാകുളം അസി. കമ്മീഷണർ ട്രാഫിക്കിലായിരുന്നു. അന്ന് ആ ക്യാമ്പിന്റെ നടത്തിപ്പിനും വിജയത്തിനും വേണ്ടി അദ്ദേഹം കാണിച്ച ആത്മാർഥത എന്നെ വല്ലാതെ സ്വാധീനിച്ചു. പല സ്ഥലത്തും എസ്.പി.സി. ക്യാമ്പുകളിൽ ഉയർന്ന ഉദ്ദ്യോഗസ്ഥരുടെ സാമിപ്യം വിരളമാണെങ്കിൽ ഇദ്ദേഹത്തിന്റെ മേഖലകളിൽ നടക്കുന്ന എസ്.പി.സി. ക്യാമ്പുകൾ ഇദ്ദേഹത്തിന്റെ സാമിപ്യം കൊണ്ടും ഇടപെടൽകൊണ്ടും വൻ വിജയമായിരുന്നുവെന്നാണ് ഒരുപാട് എസ്.പി.സി. ക്യാമ്പുകളിൽ പങ്കെടുത്ത പരിശീലകൻ എന്ന നിലയ്ക്ക് എന്റെ അനുഭവം. ആ എസ്.പി.സി. ക്യാമ്പുകളിൽ അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുട്ടികളുടെ സൗകര്യങ്ങളും അവരുടെ ഭക്ഷണവും അവർ ഉപയോഗിക്കുന്ന ശുചിമുറികളുടെ ശുചിത്വം വരെ ഉറപ്പാക്കുന്ന കർക്കശക്കാരനായ ഒരു ഒാഫീസറിനെ ഞാൻ അദ്ദേഹത്തിൽ കണ്ടു.

പിന്നീട് അദ്ദേഹത്തിനെ നേരിട്ടും അല്ലാതെയും നിരീക്ഷിച്ചതിലൂടെ ഞാൻ മനസ്സിലാക്കിയത് കറപുരളാത്ത വളരെ ആത്മാർത്ഥതയുള്ള ഒരു പോലീസ് ഉദ്ദ്യോഗസ്ഥനെന്നാണ്. പലപ്പോഴും രാവിലെ 7 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങുകയും രാത്രി 11-12 മണിക്ക് വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന ഒരു പോലീസ് ഉദ്ദ്യോഗസ്ഥനെ നമുക്ക് വിരളമായേ കാണാൻ സാധിക്കുകയുള്ളൂ. എറണാകുളത്ത് തിരക്കുള്ള റോഡുകളിൽ ട്രാഫിക് പോലിസിന്റെ ഒപ്പം ട്രാഫിക് നിയന്ത്രിക്കാൻ നിൽക്കുന്ന ഒരു അസി. കമ്മീഷണറായി പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. എ.സി. മുറികളിൽ ഇരിക്കാമായിരുന്നിട്ടും ഇൗ റോഡിൽ വന്ന് നിൽക്കുന്ന ഇൗ ഉയർന്ന പോലീസ് ഉദ്ദ്യോഗസ്ഥൻ തികച്ചും വ്യത്യസ്തനാണ്.

"കോട്ടയം മുൻ എസ്.പി. ശ്രീ. മുഹമ്മദ് റഫീക് എെ.പി.എസ്."- തൊഴിലിനു വേണ്ടി ആത്മാർത്ഥയും അർപ്പണബോധവും കാണിക്കുന്ന പോലീസുകാരൻ

അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യുന്ന ചില ഉദ്ദ്യോഗസ്ഥർ അദ്ദേഹത്തിനോടുള്ള അനിഷ്ടം പ്രകടിപ്പിച്ചും ഞാൻ കണ്ടിട്ടുണ്ട്. അതിന് കാരണം അദ്ദേഹത്തിനെപ്പോലെ രാത്രിയും പകലും മറ്റുള്ളവരും പണിയെടുക്കണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നതുകൊണ്ടാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്.

പിന്നീട് എെ.പി.എസ്. കിട്ടിയതിനു ശേഷം ആലപ്പുഴയിലും കോട്ടയത്തും എസ്.പി. ആയിരുന്നപ്പോഴും പരിശീലന പരിപാടികളുമായി ബന്ധപ്പെട്ട് ഞാൻ പലപ്പോഴും അദ്ദേഹത്തിനെ കണ്ടുമുട്ടിയിട്ടുണ്ട്. ആ സമയത്തെല്ലാം പരാതികളുമായി വരുന്ന ആളുകളുടെ പ്രശ്നങ്ങൾ തീർക്കുന്നതിലും അവരോട് കാണിക്കുന്ന അദ്ദേഹത്തിന്റെ സമീപനത്തിലും ആത്മാർത്ഥത കുറവ് ഞാൻ കണ്ടിട്ടില്ല. വളരെ ആത്മാർത്ഥതയോടെ ഇടപഴകിയും കർക്കശമായി നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന ഒരു പോലീസ് ഉദ്ദ്യോഗസ്ഥനെ ഞാൻ അവിടെയെല്ലാം കണ്ടിട്ടുണ്ട്.

പോലീസ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന പ്രോജക്ട് ഹോപ്പ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചില പരിശീലന പരിപാടികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. 10-ാം ക്ലാസ് തോറ്റ കുട്ടികൾക്ക് ഭാവിയിൽ ഇവരുടെ പഠനം തടസ്സപ്പെടാതെയിരിക്കുവാനും ഭാവിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതെയിരിക്കുവാനും, തുടർ പഠനത്തിനുള്ള സാധ്യതയുണ്ടാക്കികൊടുക്കുവാൻ വേണ്ടി, 10-ാം ക്ലാസ്സിൽ പരീക്ഷയെഴുതിക്കുവാനും അതിനു വേണ്ടിയുള്ള പരിശീലനം കൊടുക്കുവാൻ നടത്തപ്പെടുന്ന പ്രോജക്ട് ഹോപ്പിന്റെ ഭാഗമായി കോട്ടയത്ത് അദ്ദേഹം എസ്.പി. ആയിരിക്കുമ്പോൾ ഞാൻ അവിടെ ചെന്നിട്ടുണ്ട്. ആ പ്രോജക്ടിനോട് അദ്ദേഹം കാണിച്ച താല്പര്യം എന്നെ പ്രചോദിപ്പിച്ചു. അതിന്റെ ഭാഗമായിരിക്കണം സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രോജക്ട് ഹോപ്പുകളിൽ വെച്ച് ഏറ്റവും കൂടുതൽ വിദ്ദ്യാർത്ഥികൾ വിജയിച്ചത് കോട്ടയം ജില്ലയിലാണ് എന്നതുകൂടി നമ്മൾ അറിയേണ്ടിയിരിക്കുന്നു.

കോട്ടയം എസ്.പി. ഒാഫീസ് പോയി കണ്ടാൽ നമുക്കറിയാം അവിടെ ഇപ്പോൾ കാണുന്ന പൂച്ചെടികളും ആ മനുഷ്യന്റെ ആത്മാർത്ഥതയുടെ പ്രതീകമാണ്. കഴിഞ്ഞ രണ്ടാഴ്ച മുൻപ് ഒരു ഞായറാഴ്ച പരിശീലന പരിപാടിയുണ്ടായിട്ട് ഞാൻ കോട്ടയത്ത് ചെന്നപ്പോൾ അദ്ദേഹത്തിനെ ഒാഫീസിൽ വെച്ച് കണ്ടിരുന്നു. ഞായറാഴ്ച ആയതുകൊണ്ട് ബഹുഭൂരിപക്ഷം കസേരകളും കാലിയായിരുന്നു. റംസാൻ മാസം നോമ്പിലിരിക്കുന്ന നല്ല മുസൽമാനായ ഇൗ മനുഷ്യൻ ആ ഞായറാഴ്ചയും അവിടെ പണിയെടുക്കുന്നത് കണ്ടു. ഇങ്ങനെ രാത്രി പകൽ എന്നില്ലാതെ തന്റെ തൊഴിലിനു വേണ്ടി ആത്മാർത്ഥയും അർപ്പണബോധവും കാണിക്കുന്ന പോലീസ് ഉദ്ദ്യോഗസ്ഥരെ വിവാദങ്ങളിൽപ്പെടുത്തി അവരുടെ ആത്മവീര്യം നഷ്ടപ്പെടുത്തിയാൽ വേദനിക്കുന്നത് അവർ മാത്രമല്ല, നഷ്ടപ്പെടുന്നത് സമൂഹത്തിനുകൂടിയാണ് എന്നൊരു ചിന്ത നമുക്കും നമ്മുടെ മാധ്യമങ്ങൾക്കും ഉണ്ടാകേണ്ടതാണ്. പോലീസ് സേനയിൽ അഴിമതി കാണിക്കുന്നവരും ആത്മാർത്ഥതയില്ലാത്തതുമായ ഉദ്ദ്യോഗസ്ഥർ ചിലരുണ്ട് എന്ന് അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, വളരെ സത്യസന്ധരായ അഴിമതി കാണിക്കാത്ത ആത്മാർത്ഥതയുള്ള ഒരുപാട് പോലീസ് ഉദ്ദ്യോഗസ്ഥരും ഉണ്ട് എന്ന തിരിച്ചറിവ് കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെയുള്ള ഉദ്ദ്യോഗസ്ഥരെ ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടുത്തി അവരുടെ ആത്മവീര്യം തകർക്കുന്നത് നമ്മുടെ സമൂഹത്തിന് ദോഷമാണ് എന്ന തിരിച്ചറിവ് നമ്മൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഇതുപോലെയുള്ള ഉദ്ദ്യോഗസ്ഥൻമാരോട് പിന്തുണ കാണിക്കേണ്ടത് സാമുഹീക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് എന്ന ചിന്തയാണ് ഞാൻ ഇൗ കുറിപ്പ് എഴുതുവാൻ കാരണം.

advertisment

News

Related News

    Super Leaderboard 970x90