Kerala

കർണാടക രാഷ്ട്രീയം പ്രണയത്തിൽ ഇടപെടുന്നത് ഇങ്ങനെയാണ്...

“ വിശ്വാസവോട്ട് കിട്ടില്ല എന്ന്‌ ഉറപ്പായാൽ പിന്നെ അധികം ചീയാൻ നിൽക്കരുത്. അപ്പോൾത്തന്നെ രാജി വെച്ചേക്കണം. ഓവറാക്കി അലമ്പാക്കി വീട്ടിലിരിക്കുന്ന ‘ഗവർണറെ’ പറയിപ്പിക്കരുത്.

കർണാടക രാഷ്ട്രീയം പ്രണയത്തിൽ ഇടപെടുന്നത് ഇങ്ങനെയാണ്...

 Abdul Rasheed writes:

ബാംഗ്ളൂരിലെ ഐടി കമ്പനിയിൽ ജോലിചെയ്യുന്ന അടുത്ത ചങ്ങാതിയുടെ ജീവിതത്തിലെ നിർണായകദിവസമാണ് ഇന്ന്.

സഹപ്രവർത്തകയായ മിടുക്കിയോട് അവന് അഗാധമായ പ്രണയം. മാസങ്ങൾ പിന്നാലെ നടന്നിട്ടും ആ പെണ്കുട്ടിയ്‌ക്ക്‌ വലിയ മൈൻഡില്ല. വിധാൻസൗധപോലെ വിശാലമായ അവന്റെ ഹൃദയം അവൾ കാണുന്നില്ല.

ഒടുവിൽ, എന്തൊക്കെയോ നുണയൊക്കെ പറഞ്ഞ് ഒരുവിധത്തിൽ ഇന്ന് വൈകിട്ട് ആ കുട്ടിയെ കബ്ബൺപാർക്കിൽ വരുത്തുകയാണ്. ഐസ്‌ക്രീം ഒക്കെ നുണഞ്ഞു അവിടുത്തെ മരത്തണലിലൂടെ നടന്ന് വിവാഹാഭ്യർത്ഥന നടത്താനാണ് അവന്റെ പദ്ധതി.

നല്ലൊരു ഐ.ടി കമ്പനിയിൽ നാലു വർഷത്തിനുള്ളിൽ ടെക്നിക്കൽ അനലിസ്റ്റ് ആയി ഉയർന്ന ആ കരിയറിസ്റ്റ് കാമുകി എന്തായാലും ഈ പാവത്താനെ നൈസായി ഒഴിവാക്കാനാണ് സാധ്യത. പോരാത്തതിന്, ഓണ്‌സൈറ്റ് യു.എസിലേക്ക് പറക്കാൻ ആ കുട്ടിയുടെ വിസയടക്കം റെഡിയായിട്ടുമുണ്ട്.

വൈകിട്ട് അവൾക്കു മുന്നിൽ അവതരിപ്പിക്കേണ്ട വിശ്വാസപ്രമേയം തയാറാക്കിയത് കേൾപ്പിക്കാൻ അവൻ വെളുപ്പിനുതന്നെ എന്നെ വിളിച്ചുണർത്തി.

എല്ലാം കേട്ടിട്ട് ഞാൻ പറഞ്ഞു,
“ വിശ്വാസവോട്ട് കിട്ടില്ല എന്ന്‌ ഉറപ്പായാൽ പിന്നെ അധികം ചീയാൻ നിൽക്കരുത്. അപ്പോൾത്തന്നെ രാജി വെച്ചേക്കണം. ഓവറാക്കി അലമ്പാക്കി വീട്ടിലിരിക്കുന്ന ‘ഗവർണറെ’ പറയിപ്പിക്കരുത്.
ഒക്കെ ഫ്‌ളാഷ് ആയാൽ ആളുകൾ ട്രോളി കൊല്ലും.

ഒരു രക്ഷയും ഇല്ലേൽ രാജിക്കുമുമ്പ് അവളുടെ മുന്നിൽ ശബ്ദമിടറി, കണ്ണുതുടച്ച് ഒരു കാച്ചങ്ങു കാച്ചുക, “ഞാൻ സത്യത്തിൽ ഒരു പാവമായിരുന്നു. നീയത് തിരിച്ചറിഞ്ഞില്ല. സാരമില്ല, ഇത് ഇങ്ങനെ പോട്ടെ. 2019 ൽ എങ്കിലും ഒരു പ്രേമത്തിൽ ഞാൻ വിജയിക്കും. ജയ് ജവാൻ, ജയ് കിസാൻ..!

ഇതു കേൾക്കുമ്പോ എത്ര കഠിനഹൃദയ ആയാലും ശരി അവൾ അറ്റൻഷനിൽനിന്ന്‌ 'എല്ലാ കാലത്തും നമുക്ക് നല്ല സുഹൃത്തുക്കൾ ആയിരിക്കാം…' എന്ന രീതിയിൽ പെണ്കുട്ടികളുടെ സ്ഥിരം ദേശീയഗാനം പാടും. അതു കേൾക്കാൻ നിൽക്കരുത്. ഇറങ്ങി പോന്നേക്കണം…”

എന്റെ ഉപദേശമൊക്കെ കഴിഞ്ഞപ്പോ ചങ്ങാതിക്കു സംശയം, ഞാനും അവനെ ട്രോളുകയാണോ എന്ന്. അവനു ഫീലായി.

ഞാൻ ആശ്വസിപ്പിച്ചു, “വിഷമിക്കരുത്. നീയെത്ര തോറ്റു തുന്നംപാടി നാണംകെട്ടു വന്നാലും നിന്നെ പ്രശംസിക്കാനും പുകഴ്ത്താനും നിന്റെ സ്വന്തം ‘അർണബ് ഗോസ്വാമിയായി’ ഞാൻ ഉണ്ടാകും. അതു പോരെ?”

എന്റെ വാക്കു കേട്ട് സന്തോഷത്തോടെ അവൻ പോയിട്ടുണ്ട്. എന്താകുമോ എന്തോ?

advertisment

News

Super Leaderboard 970x90