എത്ര പേരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയിട്ടാവാം ഈ കുഞ്ഞ് ജീവനുപേക്ഷിച്ചു പോകുന്നത്! തൊണ്ടയിൽ എന്തോ വന്നു കുടുങ്ങുന്നതു പോലെ,നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഞാൻ ഇരുളിന്റെ നേർക്ക് അടച്ചു പിടിച്ചു...!!

നീണ്ടു പോയ ചികിത്സകൾ. പലപ്പോഴും ദിശതെറ്റിപ്പോകുന്നോ എന്നു തോന്നിച്ചു. അവളുടെ ആരോഗ്യനില നാൾക്കുനാൾ വഷളായിക്കൊണ്ടേയിരുന്നു .. ഒടുവിലാണ് അറിയുന്നത്, കരൾവീക്കമാണെന്ന്. അപ്പോഴേക്കും കുറച്ചു താമസിച്ചു പോയിരുന്നു. എല്ലാ സാധ്യതകളും അവസാനിച്ചിരിക്കുകയാണോ? ഒന്നുകിൽ പരാജയം സമ്മതിച്ചു കീഴടങ്ങുക. അല്ലെങ്കിൽ കരൾ മാറ്റി വയ്ക്കൽഎന്ന അറ്റകൈ പ്രയോഗം...

എത്ര പേരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയിട്ടാവാം ഈ കുഞ്ഞ് ജീവനുപേക്ഷിച്ചു പോകുന്നത്! തൊണ്ടയിൽ എന്തോ വന്നു കുടുങ്ങുന്നതു പോലെ,നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഞാൻ ഇരുളിന്റെ നേർക്ക് അടച്ചു പിടിച്ചു...!!

നേരം പുലർന്നുവരുന്നതേ ഉണ്ടായിരുന്നുള്ളു.

ഈ ബാൽക്കണിയിൽ നിന്നു നോക്കിയാൽ നോക്കെത്താദൂരത്തിനുമപ്പുറത്ത് കിഴക്കൻ മലകൾ ചുവന്നു തുടുക്കുന്നതു കാണാം. കോടമഞ്ഞിനെ പുണർന്നു വരുന്ന കാറ്റിനു വല്ലാത്തൊരു തണുപ്പ്. ഇനി വേറൊന്നും ആലോചിക്കാനില്ല. ഒരു ചായ കുടിക്കുക തന്നെ!

നേരെ അച്ചായന്റെ കടയിലേക്കു നടന്നു.
എന്നെ ദൂരെക്കണ്ടപ്പോഴേ അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു:
ചേട്ടാ, രാത്രി ആരോ വിളിച്ചിരുന്നു. തിരുവനന്തപുരത്ത്ന്ന്! ഇനീം വിളിക്കുമാ യിരിക്കും..

ചെറുതായി ഒന്നമ്പരക്കാതിരുന്നില്ല. എന്താവും വിശേഷിച്ച്? അപ്പോഴേക്കും ഫോൺ ചിലച്ചു. അമ്മയുടെ ശബ്ദം: മോനേ, കൊച്ചുമോൾക്ക് വയ്യ, അവളെ ഇങ്ങോട്ടു കൊണ്ടുവരുന്നു...

കട്ടപ്പനയിൽ നിന്നു തിരുവനന്തപുരത്ത് എത്തുന്നതു വരെയും ഞാൻ ചിന്തകളിൽ മുഴുകിയിരുന്നു : അനിയത്തിക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക?

ആദ്യത്തെ കാഴ്ചയിൽ തന്നെ ഞെട്ടിപ്പോയി. നീരുവന്നു അവളുടെ ദേഹം വല്ലാതെ വീർത്തിട്ടുണ്ട്. പ്രാഥമിക പരിശോധനകൾക്കു ശേഷം അവളെ ഐസിയു വി ലേക്കു മാറ്റി..

നീണ്ടു പോയ ചികിത്സകൾ. പലപ്പോഴും ദിശതെറ്റിപ്പോകുന്നോ എന്നു തോന്നിച്ചു. അവളുടെ ആരോഗ്യനില നാൾക്കുനാൾ വഷളായിക്കൊണ്ടേയിരുന്നു .. ഒടുവിലാണ് അറിയുന്നത്, കരൾവീക്കമാണെന്ന്. അപ്പോഴേക്കും കുറച്ചു താമസിച്ചു പോയിരുന്നു. എല്ലാ സാധ്യതകളും അവസാനിച്ചിരിക്കുകയാണോ? ഒന്നുകിൽ പരാജയം സമ്മതിച്ചു കീഴടങ്ങുക. അല്ലെങ്കിൽ കരൾ മാറ്റി വയ്ക്കൽഎന്ന അറ്റകൈ പ്രയോഗം...

കേട്ടമാത്രയിൽ തന്നെ ഞാൻ പറഞ്ഞു, അങ്ങിനെയങ്ങു വിട്ടു കൊടുത്താലെങ്ങിനെ? നമുക്കൊന്നു ശ്രമിച്ചു നോക്കിയാലോ? എന്റെ കരൾ കൊടുക്കാം. ആർക്കെങ്കിലും എന്നെക്കൊണ്ട് ഒരു പ്രയോജനമുണ്ടാകുമെങ്കിൽ നല്ലതല്ലേ?

അറിഞ്ഞവരെല്ലാം എന്നെ വിളിച്ചു: സലിം , നീയെന്താണീ ചെയ്യാൻ പോകുന്നത്? നിന്റെ ഭാര്യ, കുട്ടി, എല്ലാവരെയും മറന്നോ? പിൻമാറാൻ ഇനിയും സമയമുണ്ട്, എടുത്തു ചാടാതെ ഒന്നുകൂടി ആലോചിയ്ക്ക് !

ആലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ എല്ലാ നാവുകൾക്കും നേരെ ചെവികൊട്ടിയടച്ചു. മുൻപോട്ടു വച്ച കാൽ ഇനി പിറകോട്ടില്ല ... എന്തും വന്നോട്ടെ!

ഏകദേശം മൂന്നുമാസത്തോളം നീണ്ട പരിശോധനകൾ ... ക്രോസ് മാച്ചിങ് .. എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച് ഞങ്ങൾ
2011 ഡിസംബർ 22നു രാവിലെ ഏഴു മണിക്ക് ഓപ്പറേഷൻ തിയേറ്ററിനു മുന്നിലെത്തി. അകത്തേക്കു കടക്കും മുൻപ് ഡോ.സുധീന്ദ്രൻ ചെവിയിൽ പറഞ്ഞു: ഇതൊരു ശ്രമം മാത്രമാണ്. വിജയിക്കണമെന്നില്ല...പ്രാർത്ഥിച്ചു കൊള്ളുക...

ഇടതു വശത്തായി മറ്റൊരു ട്രോളിയിൽ അവൾ കിടപ്പുണ്ട്. എന്റെ അനുജത്തി. ഞാൻ തല ചെരിച്ചു നോക്കി. കണ്ണടച്ചു കിടക്കുകയാണ്.ഞാനോർത്തു: എന്തായിരിക്കും അവളുടെ മനസ്സിൽ? അവളും പ്രാർത്ഥിയ്ക്കുകയാകുമോ?

നട്ടെല്ലിന്റെ താഴെയറ്റത്തുകൂടി ഒരു നനുത്ത സൂചി കടന്നു പോയി. എന്റെ പേര് ഡോക്ടർ ആവർത്തിച്ചു വിളിച്ചു കൊണ്ടേയി രുന്നു... പ്രതികരിക്കാനായില്ല. ഞാനൊരു മയക്കത്തിലേക്ക് ഊളിയിട്ടു പോവുകയായിരുന്നു...

23.12.2011
************
എവിടെയാണ്?
എവിടെയാണു ഞാൻ?
ഇരുളടഞ്ഞ ഒരു ഗുഹയിലൂടെ ഞാൻ കടന്നു പോവുകയാണോ? തലയിലെന്തോ ഭാരം കയറ്റിവച്ച പോലെ.

അനങ്ങാനാവുന്നില്ല. തൊണ്ട പിളർന്ന് വായിലൂടെ ഒരു കുഴൽ ശരീരത്തിലേക്ക് കടത്തിയിട്ടുണ്ട് എന്നു മനസ്സിലായി. ഒരു നിലവിളി ഉള്ളിലെവിടെയോ വന്നു തടഞ്ഞു നിൽക്കുന്നു . അപ്പോഴേയ്ക്കും ജോസഫ് എന്ന മെയിൽ നഴ്സ് ഓടിയെത്തി: എല്ലാം കഴിഞ്ഞു ...അനിയത്തിയും സുഖമായിരിക്കുന്നു. പേടിക്കണ്ട, ഞാനിവിടെ ത്തന്നെ നിൽക്കാം.....

ജോസഫ് ഒരു പഞ്ഞിക്കഷണം നനച്ച് ചുണ്ടിലിറ്റിച്ചു...

സിസ്റ്റർ അനന്യയും ജോസഫും ചേർന്ന് എന്നെ ബലമായി എഴുന്നേൽപ്പിച്ചിരുത്തി. പിന്നെ കട്ടിലിൽ നിന്നും താഴെയിറക്കി . അവരുടെ തോളിൽ പിടിച്ച്‌ ഒരൽപ്പം നടന്നു . തിരികെ കട്ടിലിലേക്ക് ...

ഐ സി യു വിനകത്ത് രാത്രിപകലുകളില്ല.
ഭീതിദമായ ഒരു ഇരുട്ടു മാത്രം . എത്രയോ യന്ത്രങ്ങൾ! ഒരാളുടെ ദേഹത്തേക്കു തന്നെ എത്രയോ കുഴലുകൾ ! ഈ കുഴലുകളിൽ തൂങ്ങി എത്രയോ പേരുടെ ജീവനുകൾ! ഞാനോർത്തു: ഇതുവരെ കണ്ടതിനേക്കാളും, ഇതുവരെ അറിഞ്ഞതിനേക്കാളും, എത്രയോ നിസ്സാരമാണു മനുഷ്യജീവിതം!

24.12.2011
************
ഉറങ്ങുകയായിരുന്നു.
ഉറഞ്ഞു നിന്ന നിശ്ശബ്ദതയെ ഭഞ്ജിച്ചു കൊണ്ടുള്ള ഒരലർച്ച കേട്ടാണ് ഉണർന്നത്. ഒരു ചെറുപ്പക്കാരൻ ട്രോളിയിൽ കിടന്നു പിടയ്ക്കുന്നു, നിലവിളിയ്ക്കുന്നു... എലിവിഷം കഴിച്ചതാണത്രേ! : ഒരു പ്രണയ നൈരാശ്യത്തിന്റെ ബാക്കിപത്രം. അയാൾ സർവ്വശക്തിയുമെടുത്തു പിടഞ്ഞു കൊണ്ടേയിരുന്നു. ആർക്കും അയാളെ തൊടാൻ പോലുമായില്ല....

ക്രമേണ നിലവിളിയുടെ കാഠിന്യം കുറഞ്ഞു വന്നു. മരുന്നുകൾ ഫലിച്ചു തുടങ്ങിയതാവണേ എന്നു ഞാൻ നെഞ്ചുരുകി പ്രാർത്ഥിച്ചു. എന്നിട്ട് എല്ലാ ധൈര്യവും സംഭരിച്ച് അയാളെയൊന്നു നോക്കി. ചെറിയൊരു തുടിപ്പുണ്ട്. ഇപ്പോൾ വലത്തേ കാൽ ഒന്നു ചെറുതായി പൊങ്ങിത്താണുവോ? പിന്നെ അനക്കമേയില്ല. ദൈവമേ, അത് അവസാനത്തെ ചലനമായിരുന്നോ?

സിസ്റ്റർ അനന്യ ആ ബെഡ്ഡിനരികിൽ നിന്നും പൊടുന്നനെ മാറി. താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു: കഴിഞ്ഞു!. ഞാനൊരു ഞെട്ടലോടെ അനന്യയെ നോക്കി. ഇരുട്ടിലും അവളുടെ നനഞ്ഞ കണ്ണുകൾ ഇടിവാൾ പോലെ തിളങ്ങി...

ഒരാത്മാവ് ശരീരത്തിൽ നിന്നു വേർപെട്ട് ഐ സി യു വിന്റെ വാതിൽ തുറക്കാതെ തുറന്നു പുറത്തേക്ക് പലായനം ചെയ്യുന്നത് ഞാൻ കണ്ടു...

എത്ര പേരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയിട്ടാവാം ഈ കുഞ്ഞ് ജീവനുപേക്ഷിച്ചു പോകുന്നത്!
തൊണ്ടയിൽ എന്തോ വന്നു കുടുങ്ങുന്നതു പോലെ. നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഞാൻ ഇരുളിന്റെ നേർക്ക് അടച്ചു പിടിച്ചു...

25.12.2011
************
രാത്രിയാണോ? അതോ പകലോ? ഐസിയു വിന്റെ വെന്റിലേറ്ററിലൂടെ കാണുന്ന കാഴ്ച എത്രയോ ചേതോഹരം! നൂറുനിറങ്ങൾ വാനിലേക്ക് ഉയർന്നു പൊങ്ങുന്നു. പിന്നീടവ ആയിരം നിറങ്ങളായി ചിന്നിച്ചിതറുന്നു. അനന്യ യോട് ചോദിച്ചു, എന്താണിത്? അവൾ ചിരിച്ചു . ഇന്നു ക്രിസ്തുമസല്ലേ?

ഐ സി യു വിനു വെളിയിൽ, ആഘോഷങ്ങൾക്കു പേരുകേട്ട കൊച്ചി നഗരം ആഹ്ലാദത്തിമിർപ്പിലാണ്. തൊട്ടിപ്പുറത്ത്, ഈ ഇരുട്ടു മുറിക്കുള്ളിൽ, അതിനേക്കാൾ ഇരുളാർന്ന മനസ്സുമായി കുറെ പാവം മനുഷ്യർ മരണത്തോടു മല്ലിടുന്നു...

വിശദീകരിക്കാനാവുന്നില്ലല്ലോ ഈ ലീലാവിലാസങ്ങൾ!

ഐ സി യു വിന്റെ വാതിൽ തുറന്നു ചെറിയൊരാൾ കൊടുങ്കാറ്റുപോലെ പാഞ്ഞു വരുന്നത് ഞാൻ ഞെട്ടലോടെ കണ്ടു: ഈശ്വരാ.. അശ്വതി! എന്റെ മകൾ ! നീരു പിടിച്ച് വീർത്ത എന്റെ മുഖം കണ്ടാലവൾ ഭയക്കുമല്ലോ എന്നോർത്തപ്പോഴേക്കും അടുത്തെത്തിക്കഴിഞ്ഞിരുന്നു. അച്ഛാ, അച്ഛനു എന്തുപറ്റി എന്നു ചോദിക്കുമ്പോഴേക്കും ആ കണ്ണുകളിലെ അണക്കെട്ട് തകർന്നുകഴിഞ്ഞിരുന്നു. ഒരു പ്രളയപ്രവാഹത്തിൽ ഈ പ്രപഞ്ചത്തിലെ
എല്ലാ ജില്ലകളും, എല്ലാ ജീവജാലങ്ങളും, ആർത്തലച്ച് അപ്രത്യക്ഷമാകുന്നത് ഞാൻ നിസ്സഹായതയോടെ കണ്ടുകിടന്നു...

കരയരുതേ എന്നു അവളോട് അപേക്ഷിക്കാൻ എനിക്കൊരു നാവുണ്ടായിരുന്നില്ല...

കയ്യിലുണ്ടായിരുന്ന ഒരു ചെറിയ കടലാസുകഷണം എന്റെ നെഞ്ചിൽ വച്ചിട്ട് അവൾ പുറത്തേക്കുപോയി. അതിൽ വടിവൊത്ത അക്ഷരങ്ങളിൽ "Achaa I am proud of you" എന്നു് എഴുതിയിരുന്നു. ഒരു പത്മ പുരസ്കാരം പോലെ ഞാനതു നെഞ്ചോടു ചേർത്തു പിടിച്ചു. കണ്ണീരു വീണു നനയുന്ന അക്ഷരങ്ങൾ കടലാസു കഷണത്തിൽ ശ്ലഥബിംബങ്ങൾ തീർക്കുന്നതും ഞാനറിഞ്ഞു...

02.02.2012
************
ജനുവരി രണ്ടാം തീയതി ഞാൻ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി. മൂന്നു മാസത്തെ വിശ്രമത്തിനു ശേഷം തികച്ചും സാധാരണ ജീവിതത്തിലേക്കു മടങ്ങി. ഇങ്ങനെയൊരു കാര്യം നടന്നുവെന്ന് ഞാനിപ്പോൾ ഓർക്കാറുപോലുമില്ല.... ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ അനുജത്തിയും ...

ചില ചോദ്യങ്ങൾ ബാക്കിയാകുന്നു, ഒരു അനുഭവസ്ഥന്റെ ചോദ്യങ്ങൾ: കാര്യങ്ങൾ ഇത്ര കണ്ടു അയത്നലളിതമാണെങ്കിൽ നമുക്ക് ഓരോരുത്തർക്കും എന്തുകൊണ്ട് അവയവദാനത്തിന്റെ അംബാസഡർമാരായിക്കൂടാ? അവയവ ദാനത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ എന്തുകൊണ്ടു നമുക്കും പങ്കാളികളായിക്കൂടാ? ഒരു ജീവനെങ്കിലും രക്ഷിച്ച് എന്തുകൊണ്ട് ഈ പുണ്യ പ്രവർത്തിയുടെ ഭാഗമായിക്കൂടാ?കൂടെ നിന്ന് ധൈര്യം പകർന്ന കുറെ നല്ല സുഹൃത്തുക്കൾ, സഹജീവനക്കാർ, മേലുദ്യോഗസ്ഥർ, ബന്ധുമിത്രാദികൾ... നല്ലവരായ കുറെ മനുഷ്യർ... എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു...ഒരിക്കലും മറക്കില്ല, പ്രാണസഞ്ചാരമേറ്റു പിടഞ്ഞപ്പോൾ തൊണ്ടയിലേക്കു വെള്ളമിറ്റിച്ചു തന്ന ജോസഫിനെ..കൈ പിടിച്ചു നടത്തിച്ച സിസ്റ്റർ അനന്യയെ...നല്ലതു വരട്ടെ, എല്ലാവർക്കും..

06.01.2018
************
ആറു വർഷങ്ങൾക്കിപ്പുറത്ത് എന്റെ അനുജത്തി സുഖമായിരിക്കുന്നു. താണ്ടി വന്ന കനൽവഴികളെ ഓർമ്മിപ്പിക്കുന്ന ഒരടയാളം പോലുമില്ല അവളുടെ ദേഹത്ത്.
ഞാനും സുഖമായിരിക്കുന്നു..

അവൾക്കിപ്പോളൊരു മകളുമുണ്ട്. അനാമിക എന്ന അനു. അവളെ ചേർത്തുപിടിച്ച് ഓമനിയ്ക്കുമ്പോളെല്ലാം ഞാനോർക്കും: എത്രയോ ജൻമങ്ങളിലേയ്ക്കു പുണ്യം
ചെയ്ത ഭാഗ്യവാനാണു ഞാൻ!

കുഞ്ഞേ,
വളരുക. വേഗം വളർന്നു വരുക. വാക്കുകളുടെ അർത്ഥങ്ങൾ തിരിച്ചറിയാറാകുമ്പോഴേയ്ക്കു നിന്നോടു പറയാൻ ഞാനൊരു സ്നേഹഗാഥ കാലത്തിന്റെ മൂശയിലിട്ടു തിളക്കിവച്ചിരിയ്ക്കുന്നു...
എഴുതിയത് - Salim Kumar (നെൽസൺ ജോസഫ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് )

advertisment

News

Super Leaderboard 970x90