കുറഞ്ഞ കണ്ണടയിൽ തെളിഞ്ഞ കാഴ്ചകൾ - ലാൽ ശിവദാസൻ

ഈ കുറഞ്ഞ കണ്ണടയിലൂടെ എനിക്ക് എല്ലാം നന്നായി കാണാൻ കഴിയുന്നു. ലോകത്തെ നല്ലതും ചീത്തയുമായ എല്ലാ കാഴ്ചകളും. വളരെ ദൂരെയുള്ള കാഴ്ചകൾ പോലും. അശാന്തൻറെ ശവശരീരത്തോട് ചിലർ അനീതി കാട്ടിയതും, ഈ വിഷയത്തിനു നേരെ പലരും കണ്ണടയ്ക്കുന്നതും, കേരള ബജറ്റും, ചെലവ് ചുരുക്കാനുള്ള ബജറ്റ് ആഹ്വാനവും ഒക്കെ ഈ കണ്ണടയിലൂടെ ഞാൻ നന്നായി കണ്ടു.ഇനിയും എന്തെല്ലാം കാഴ്ചകൾ കാണാനിരിക്കുന്നു. വെറും മൂവായിരം രൂപ മുടക്കിയുള്ള കാഴ്ചകൾ !!

കുറഞ്ഞ കണ്ണടയിൽ തെളിഞ്ഞ കാഴ്ചകൾ - ലാൽ ശിവദാസൻ

 നാലഞ്ചുമാസം മുമ്പ് ഇവിടെ കണ്ണു ഡോക്ടറെ വീണ്ടും കണ്ടു. ജന്മം കൊണ്ട് ഇന്ത്യക്കാരിയായിരുന്നു ഡോക്ടർ. നല്ല സ്നേഹത്തോടെയുള്ള പെരുമാറ്റം, പരിശോധന. കണ്ണടയുടെ കുറിപ്പടി കിട്ടി. അതുമായി കടയിൽ ചെന്നപ്പോൾ ഏതാണ്ട് അഞ്ഞൂറ് ഡോളർ വിലവരും. കണ്ണടക്ക് ഇൻഷുറൻസിൽ നിന്നും കാശ് കിട്ടും. ഞാനടയ്ക്കുന്ന പണത്തിൽ നിന്നും കിട്ടുന്നത്. എങ്കിലും ഇത്രയും വിലയ്ക്കുള്ള കണ്ണട വാങ്ങാൻ ഒരു മടി. അങ്ങനെ, കഴിഞ്ഞ വർഷങ്ങളിലെപ്പോലെ തന്നെ വീണ്ടും ചെയ്യാൻ തീരുമാനിച്ചു. നാട്ടിൽ പോകുമ്പോൾ വാങ്ങാമെന്ന തീരുമാനം.

കൂടെയുണ്ടായിരുന്ന മകൻ എന്നെ കളിയാക്കി. 'അച്ഛൻറെ തനി മലയാളി ശീലം' എന്നൊക്കെ അവൻ പറഞ്ഞു. ഡോളറിനെ രൂപയായി മനസ്സിൽ കണക്കു കൂട്ടുന്ന ശീലമാണ് അവൻ ഉദ്ദേശിച്ചത്. ഞാനാലോചിച്ചു. എനിക്കീ ശീലം അമേരിക്കയിൽ വന്നതിനുശേഷം തുടങ്ങിയതാണോ? അല്ല.

പണ്ട് ഡൽഹിയിൽ ജീവിക്കുമ്പോൾ മക്കൾ പി.എസ്.4 (എന്നാണ് ഓർമ്മ) എന്ന ഇലക്ട്രോണിക് കളിപ്പാട്ടം വാങ്ങാൻ പിറകേ നടന്നു. ഞാൻ വഴങ്ങിയില്ല. അതിൻറെ വില പതിനായിരം രൂപയായിരുന്നു. ലോകാരോഗ്യ സംഘടനയിൽ ജോലിചെയ്തിരുന്ന എനിക്ക് അതൊരു വലിയ തുകയാണോ എന്ന് കുട്ടികൾ പലതവണ ചോദിച്ചു.

അന്ന് പതിനായിരം രൂപയുടെ വില ഞാൻ മക്കൾക്ക് പറഞ്ഞുകൊടുത്തത് എങ്ങനെയെന്നോ? ഞങ്ങളുടെ വീട്ടിൽ സഹായത്തിനു നിന്നിരുന്ന ബംഗാളി സ്ത്രീ ഉഷയുടെ ഒരുമാസത്തെ ശമ്പളമായിരുന്നു പതിനായിരം രൂപ. അതിൽ നിന്ന് ഏജൻസിയും ഒരു കമ്മിഷൻ എടുക്കും. ഉഷയുടെ മക്കൾക്ക് ഈ കളിപ്പാട്ടം വാങ്ങണമെങ്കിൽ അവരുടെ ഒരുമാസത്തെ ശമ്പളം മതിയാകില്ല. അപ്പോൾ അവരുടെ കുട്ടികൾ ഭക്ഷണം എങ്ങനെ കഴിക്കും? കുട്ടികൾ സ്‌കൂളിൽ എങ്ങനെ പോകും? ഈ കുരുക്കിൽ എൻറെ മക്കൾ വീണു. എന്നോട് പിന്നെ ഈ വിഷയം പറയാതായി. പക്ഷേ, അവർ പിന്നീട് ഡൽഹിയിൽ സന്ദർശനത്തിന് വന്ന അവരുടെ അച്ഛാച്ഛനെ വളച്ച് ഞാനറിയാതെ ഈ സാധനം ഒപ്പിച്ചുവെന്നത് മറക്കുന്നില്ല.

ഞാൻ വി.ഐ.പി. അല്ലെങ്കിലും നാട്ടിലെ എൻറെ പ്രായത്തിലുള്ള വി.ഐ.പി. കൾക്ക് ഉള്ള കാഴ്ചാ പ്രശ്നങ്ങളൊക്കെ എനിക്കും ഉണ്ട് :) രണ്ടുകൊല്ലം മുമ്പ് തിരുവനന്തപുരത്ത് സ്റ്റാച്ച്യൂ ജംക്ഷന് സമീപമുള്ള പരിചയക്കാരനായ കണ്ണടക്കടക്കാരൻ പതിനായിരം രൂപയ്ക്ക് താഴെ എല്ലാ പരിഹാരവുമുള്ള ഒരു കണ്ണട തന്നു. രണ്ടുവർഷം അതെനിക്ക് കാഴ്ചകൾ തന്നു. വിശാലമായ കാഴ്ചകൾ. പല രാജ്യങ്ങളിലെ കാഴ്ച്ചകൾ.

കഴിഞ്ഞമാസം നാട്ടിൽ വന്നപ്പോൾ ജനറൽ ആശുപത്രിക്കു സമീപമുള്ള ഒരു ചെറിയ കണ്ണടക്കടയിൽ പോയി. മൂവായിരം രൂപയ്ക്ക് അവർ ഈ കണ്ണട തന്നു. അതിൻറെ വില കേട്ട് ഞാനും ഞെട്ടി. ഫ്രയിമും കണ്ണടയും ചേർത്ത് ആണ് മൊത്തം മൂവായിരം രൂപ. രണ്ടുവർഷത്തിൽ ഒരിക്കൽ മാറേണ്ടിവരുന്ന കണ്ണടയ്ക്ക് ഇതിലും മാന്യമായ വിലയുണ്ടോ? കാഴ്ചാ പ്രശ്നങ്ങൾക്ക് എല്ലാ പരിഹാരങ്ങളും ഉണ്ടുതാനും.

ഈ കുറഞ്ഞ കണ്ണടയിലൂടെ എനിക്ക് എല്ലാം നന്നായി കാണാൻ കഴിയുന്നു. ലോകത്തെ നല്ലതും ചീത്തയുമായ എല്ലാ കാഴ്ചകളും. വളരെ ദൂരെയുള്ള കാഴ്ചകൾ പോലും. അശാന്തൻറെ ശവശരീരത്തോട് ചിലർ അനീതി കാട്ടിയതും, ഈ വിഷയത്തിനു നേരെ പലരും കണ്ണടയ്ക്കുന്നതും, കേരള ബജറ്റും, ചെലവ് ചുരുക്കാനുള്ള ബജറ്റ് ആഹ്വാനവും ഒക്കെ ഈ കണ്ണടയിലൂടെ ഞാൻ നന്നായി കണ്ടു.

ഇനിയും എന്തെല്ലാം കാഴ്ചകൾ കാണാനിരിക്കുന്നു. വെറും മൂവായിരം രൂപ മുടക്കിയുള്ള കാഴ്ചകൾ !!

advertisment

News

Related News

    Super Leaderboard 970x90