ഉൽഘാടനം കാത്ത് പാവം വൃക്കകൾ - ലാൽ ശിവദാസൻ

ഉൽഘാടനം ശീലമാക്കിയ മന്ത്രിമാർ ഉണ്ടെങ്കിലും പല മന്ത്രിമാരും പ്രാദേശിക സമ്മർദങ്ങൾ കാരണമാണ് ഉത്‌ഘാടനത്തിന് ഏൽക്കുന്നത്. MLA യും ആശുപത്രി അധികാരികളുമൊക്കെ മന്ത്രിയെ കൊണ്ടുവരുന്നത് അവരെ പുകഴ്ത്തി വെട്ടിലാക്കി പ്രസംഗത്തിനിടയിൽ അവരെക്കൊണ്ട് കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തിക്കാനാണ്. അതിനാൽ അവരെയും കുറ്റം പറയാനാകില്ല. സമ്പത്തില്ലാത്ത നാടുകളിൽ, കാര്യങ്ങൾ കൃത്യമായി നടക്കാത്ത സംവിധാനങ്ങളിൽ, മന്ത്രിയെ സോപ്പിട്ടും വളഞ്ഞുമൊക്കെയേ കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയൂ. ഞാൻ ജീവിച്ച സമ്പന്ന രാജ്യങ്ങളിലൊന്നും ഇത്തരം ഏർപ്പാടുകൾ കാണാറില്ല. ദരിദ്ര രാഷ്ട്രങ്ങളിൽ കാര്യങ്ങൾ ഏതാണ്ട് ഇങ്ങനെയൊക്കെയാണ് താനും....

ഉൽഘാടനം കാത്ത് പാവം വൃക്കകൾ - ലാൽ ശിവദാസൻ

ഒരു സർക്കാരാശുപത്രിയാണ് രംഗം. നാഷണൽ ഹൈവേയ്ക്ക് സമീപം. പുതിയ അത്യാഹിതവിഭാഗം ഉൽഘാടനം നടക്കാൻ പോകുകയാണ്. നാട മുറിക്കാൻ മന്ത്രി എത്തിയിട്ടുണ്ട്. ഇപ്പോൾ കേൾക്കുന്ന കൊട്ടും കുരവയും അതിന്റേതാണ്.

ചെറിയ ഫ്‌ളാഷ് ബാക്ക്: ആശുപത്രിയിലെ അത്യാഹിത വിഭാഗം വളരെ പഴകിയ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എല്ലാസമയത്തും ക്ഷുദ്രജീവികളും രാത്രിയിൽ പിന്നിലെ കാട്ടുപടർപ്പിൽ നിന്നും ഇഴജന്തുക്കൾളും അവിടെ കയറിയിറങ്ങിയിരുന്നു. അങ്ങനെ വഴിതെറ്റിക്കേറിയ ഒരുപാട് പാമ്പുകൾ അവിടെത്തന്നെ വീരമൃത്യു വരിച്ചിട്ടുണ്ട്. വഴിയിൽ പാമ്പായിക്കിടന്ന ഒരുപാട് മനുഷ്യരെ പോലീസ്‌ വാനിൽ അവിടെയെത്തിച്ച് രക്ഷപെടുത്തിയിട്ടുമുണ്ട്. പക്ഷേ ആശുപത്രിക്കെട്ടിടം വളരെ പഴയതായിക്കഴിഞ്ഞിരുന്നു. ചെറിയ പനിയ്ക്ക് ചികിത്സയ്ക്കുവന്ന ഒരു പാവം മനുഷ്യൻെ തലയിൽ മുകളിലത്തെ തട്ടിൽ നിന്നും അടർന്നിളകിയ വലിയ സിമന്റു കട്ടി വീണ് ബോധം പോയി. പിന്നെ അയാളെ മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗത്തിൽ കൊണ്ടുപോയി കിടത്തി ചികിൽസിക്കേണ്ടിവന്നു. അങ്ങനെ നമ്മുടെ സർക്കാരാശുപത്രിക്ക് വലിയ ചീത്തപ്പേരായി. പൊതുജനങ്ങൾ സർക്കാരാശുപത്രി ഒഴിവാക്കാൻ തുടങ്ങി. പകരം സ്വകാര്യാശുപത്രികൾ നല്ല സേവനം നൽകി. സർക്കാരാശുപത്രിയുടെ പുനരുദ്ധാരണത്തിന് പ്രതിപക്ഷ യുവജന സംഘടന പ്രക്ഷോഭം സംഘടിപ്പിച്ചു. പോലീസ് വന്നു. യുവജനങ്ങൾ അവരുടെ പ്രിയപ്പെട്ട ആയുധമെടുത്തു. കല്ലേറിൽ സർക്കാരാശുപത്രിയുടെ അവശേഷിച്ച ഓടും ജനൽ ചില്ലകളും തകർന്നു. പൊലീസിന് സന്തോഷമായി. അവരുടെ ഇഷ്ടവിനോദമായ ലാത്തിച്ചാർജ് നടത്തി. അതിലേ പോയ നാട്ടുകാർക്കും കണ്ടാലറിയാവുന്ന ആശുപത്രി ജീവനക്കാർക്കും അത്യാവശ്യമുള്ള അടി പോലീസ് പക്ഷഭേദമില്ലാതെ കൊടുത്തു. ഒടുവിൽ MLA ഇടപെട്ടു. ചർച്ചയായി. നമ്മുടെ സർക്കാരാശുപത്രിയിൽ പുതിയ അത്യാഹിത വിഭാഗം പണിയാൻ തീരുമാനമായി. പണിയ്ക്കുള്ള ഏർപ്പാടായി. ഒടുവിൽ പണി പൂത്തിയായി. (ഫ്‌ളാഷ് ബാക്ക് കഴിഞ്ഞു).

വീണ്ടും ഉൽഘാടന സ്ഥലത്തേയ്ക്ക്. പ്രാർത്ഥന കഴിഞ്ഞ് സ്വാഗത പ്രസംഗം നടക്കുന്നു. വാർഡ് മെമ്പർ വച്ചു കീച്ചുകയാണ്. ആഗോളവൽക്കരണവും കേന്ദ്രസർക്കാരിൻറെ പിന്തിരിപ്പൻ സാമ്പത്തികനയങ്ങളും അരുണാചലിൽ ചൈനയുമായുള്ള അതിർത്തിത്തർക്കങ്ങളുമാണ് അദ്ദേഹത്തിൻറെ പ്രസംഗ വിഷയം. ഇന്റർനാഷണൽ വാർഡ് മെമ്പറാണ്. അതുകഴിഞ്ഞ് മന്തിയ്ക്കും MLA യ്ക്കും മെമ്പർവക പുകഴ്ത്തൽ കൊണ്ടുള്ള പൂമൂടൽ. (ഭാഗ്യം, തുലാഭാരത്തിനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ അതൊഴിവാക്കി). മുന്നിൽ നൂറുകണക്കിന് കസേരകൾ. മുൻവരികളിൽ പുതിയതായി തയ്പ്പിച്ച വെള്ളക്കോട്ടുകൾ ഇട്ട് ഡോക്ടർമാരും നഴ്‌സുമാരും മറ്റുള്ള ആശുപത്രി ജീവനക്കാരും ഒപ്പം പൗര പ്രമുഖരും. പിന്നിലത്തെ വരികളിൽ അന്ന് പണിയൊന്നുമില്ലാത്ത കുറേ നാട്ടുകാർ. അതിനും പിന്നിൽ ഒരുപാട് വരികളിലായി ഇളം നീല സാരിയുടുത്ത ഡസൻ കണക്കിന് പെൺകുട്ടികൾ. അവരാണ് എല്ലാ സർക്കാർ ചടങ്ങുകളിലും മുഖ്യ ഓഡിയൻസ്. പതിനഞ്ചു കിലോമീറ്റർ അകലെയുള്ള സ്വകാര്യാശുപത്രിയിലെ നഴ്സിങ് വിദ്യാർത്ഥിനികളാണ്. അതവരുടെ തലയിലെഴുത്താണ്. ആരോഗ്യവകുപ്പിലെ എല്ലാ പ്രസംഗങ്ങളും കേട്ടുകൊടുക്കണം. നഴ്സിങ് കാര്യങ്ങൾ അവർ പഠിച്ചുവരുന്നേയുള്ളെങ്കിലും അന്താരാഷ്ട്രവിഷയങ്ങളിൽ ഇപ്പോഴേ അവർക്ക് M.A ക്കാരുടെ സ്റ്റാൻഡേർഡ് ആണ്. ഒരിക്കൽ പ്രസംഗം കേൾക്കാൻ അവരെ വിടാത്തതിൻറെ പേരിൽ നഴ്സിങ് സ്‌കൂൾ അടച്ചുപൂട്ടുമെന്ന് ജില്ലാധികാരികൾ ഭീഷണി മുഴക്കി. അതിനുശേഷം സ്വകാര്യാശുപത്രി മാനേജ്‌മെൻറ് സർക്കാർ പരിപാടികൾക്ക് പരിപൂർണ്ണ പിന്തുണ നൽകുന്നതിൽ വീഴ്ച വരുത്തിയിട്ടില്ല. അതുകൊണ്ട് ഉദ്ഘാടന സമ്മേളനങ്ങളുടെ നിറം എന്നും ഇളം നീലയാണ്.

പ്രസംഗം നടക്കുന്നതിനിടയിൽ റോഡിൽ എന്തോ അപകടം പറ്റിയ ഒരാളെ പോലീസുകാർ അവരുടെ വണ്ടിയിൽ കൊണ്ടുവന്നു. മന്ത്രിയെക്കണ്ട പോലീസ് രണ്ടു കൈകൊണ്ടും സല്യൂട്ട് നൽകി ക്ഷമയോടെ കാത്തുനിന്നു. എവനൊക്കെ വണ്ടിക്കുമുന്നിൽ ചാടി കയ്യൊടിയാൻ കണ്ട നേരം എന്ന് കോൺസ്റ്റബിൾ പിറുപിറുത്തു.

മന്ത്രിയുടെ ഉൽഘാടന പ്രസംഗം. അന്താരാഷ്‌ട്ര വിഷയങ്ങളിൽ വ്യാപരിച്ച് ഒടുവിൽ ആശുപത്രിയിൽ മടങ്ങിയെത്തി. പ്രവർത്തനം തടസ്സപ്പെട്ടു കിടന്നിരുന്ന ഇവിടത്തെ അത്യാഹിത വിഭാഗത്തിന് ഭാവിയിൽ കൂടുതൽ ഐശ്വര്യങ്ങൾ ഉണ്ടാകട്ടെയെന്ന് മന്ത്രി പ്രസംഗിച്ചു. ആശുപത്രി വാർഡുകൾ അത്യാഹിതക്കാരെക്കൊണ്ടു് നിറയട്ടേയെന്നും ആശംസിച്ചു :) :) കൂടുതൽ അപകടങ്ങൾ നടക്കട്ടേയെന്ന് പറഞ്ഞോയെന്ന് ലേഖകന് ഓർമ്മയില്ല :)

ഇനി അൽപ്പം ന്യായം: ഉൽഘാടനം ശീലമാക്കിയ മന്ത്രിമാർ ഉണ്ടെങ്കിലും പല മന്ത്രിമാരും പ്രാദേശിക സമ്മർദങ്ങൾ കാരണമാണ് ഉത്‌ഘാടനത്തിന് ഏൽക്കുന്നത്. MLA യും ആശുപത്രി അധികാരികളുമൊക്കെ മന്ത്രിയെ കൊണ്ടുവരുന്നത് അവരെ പുകഴ്ത്തി വെട്ടിലാക്കി പ്രസംഗത്തിനിടയിൽ അവരെക്കൊണ്ട് കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തിക്കാനാണ്. അതിനാൽ അവരെയും കുറ്റം പറയാനാകില്ല. സമ്പത്തില്ലാത്ത നാടുകളിൽ, കാര്യങ്ങൾ കൃത്യമായി നടക്കാത്ത സംവിധാനങ്ങളിൽ, മന്ത്രിയെ സോപ്പിട്ടും വളഞ്ഞുമൊക്കെയേ കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയൂ. ഞാൻ ജീവിച്ച സമ്പന്ന രാജ്യങ്ങളിലൊന്നും ഇത്തരം ഏർപ്പാടുകൾ കാണാറില്ല. ദരിദ്ര രാഷ്ട്രങ്ങളിൽ കാര്യങ്ങൾ ഏതാണ്ട് ഇങ്ങനെയൊക്കെയാണ് താനും.

വാലറ്റം: പറവൂർ സർക്കാരാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് രണ്ടുമാസമായി പണിപൂർത്തിയായി കിടക്കുന്നെന്നും ഉദ്ഘാടനത്തിനായി മന്ത്രിയുടെ ഡേറ്റിനായി കാത്തിരിക്കയാണെന്നും വൃക്കരോഗമുള്ള പലർക്കും ഡയാലിസിസ് നടത്താൻ കഴിയൂന്നില്ലെന്നും ടെലിവിഷനിൽ പറയുന്നതു കേട്ടു. വാർത്ത കേട്ട മന്ത്രി, ഉൽഘാടനത്തിനായി കാത്തുനിൽക്കാതെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാൻ നിർദ്ദേശം നല്കിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഔപചാരിക ഉദ്ഘാടനം പിന്നീടും ആകാമല്ലോ. ഉദ്യോഗസ്ഥരും നാട്ടുകാരും പോലീസും ക്ഷമയോടെ കാത്തുനിന്നേയ്ക്കും. പക്ഷേ, രോഗം വന്ന വൃക്കകൾ ഉൽഘാടനത്തിനായി ആരെയും കാത്തുനിൽക്കില്ലല്ലോ.

advertisment

News

Related News

    Super Leaderboard 970x90