സ്പിൻബാർക്കിയിൽ തുടങ്ങി നിര്‍ദയമായ വേട്ടയാടലുകൾ വരെ... കൃഷ്ണൻ ബാലേന്ദ്രൻ എഴുതിയ കുറിപ്പ്

അറിവുള്ള, ബുദ്ധിശാലിയായ ഒരു സ്ത്രീയ്ക്ക് അവർ എപ്പോൾ ഗർഭിണിയാകുമെന്ന് സ്വയം അറിയുവാൻ പറ്റും, ഗർഭിണിയാകാതിരിക്കാനും. സത്യമാണത്. സ്വന്തം ശരീരത്തെയും അതിന്റെ പ്രവർത്തനത്തേയും അടുത്തറിയുവാനുള്ള അറിവും ബുദ്ധിയുമുണ്ടാവുകയെന്നത് ഒരു വല്യ ശക്തിയാണ്.

സ്പിൻബാർക്കിയിൽ തുടങ്ങി നിര്‍ദയമായ വേട്ടയാടലുകൾ വരെ... കൃഷ്ണൻ ബാലേന്ദ്രൻ എഴുതിയ കുറിപ്പ്

SPINNBARKEIT to MERCILESS HUNTING
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

സ്പിൻബാർക്കിയിൽ തുടങ്ങി നിര്‍ദയമായ വേട്ടയാടലുകൾ വരെ.

വേണം എങ്കിൽ അല്പം മനുഷ്യത്വവും.
------------------------------------------------

MBBS കോഴ്സിന്റെ രണ്ടാം വർഷം മുതൽ പഠിച്ചു തുടങ്ങുമെങ്കിലും അവസാനവർഷമാണ് ഗൈനക്കോളജി ഗൗരവത്തിലെടുക്കുന്നത്. പരീക്ഷ അപ്പോഴാണ്. എന്റെ ഗൈനക്ക് പ്രൊഫസറായിരുന്ന മാഡം ഒരു ക്ലാസ്സിൽ പറഞ്ഞ ഒരു വാചകം ഇയ്യടുത്ത് പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ മനസ്സിൽ കയറി വന്നു. Menstrual abnormalities-നേ കുറിച്ചുള്ള ക്ലാസ്സിനിടയിൽ ovulation-ഉം (അണ്‌ഡവിക്ഷേപം) fertilization-ഉം (അണ്‌ഡ-ബീജ സങ്കലനം) ഒക്കെ പഠിപ്പിച്ച ക്ലാസ്സിനിടയില്‍ വന്ന ഒരു ജെം.

“An informed intelligent woman knows WHEN she will get pregnant, and more importantly, HOW NOT TO.”

അറിവുള്ള, ബുദ്ധിശാലിയായ ഒരു സ്ത്രീയ്ക്ക് അവർ എപ്പോൾ ഗർഭിണിയാകുമെന്ന് സ്വയം അറിയുവാൻ പറ്റും, ഗർഭിണിയാകാതിരിക്കാനും. സത്യമാണത്. സ്വന്തം ശരീരത്തെയും അതിന്റെ പ്രവർത്തനത്തേയും അടുത്തറിയുവാനുള്ള അറിവും ബുദ്ധിയുമുണ്ടാവുകയെന്നത് ഒരു വല്യ ശക്തിയാണ്. 
എംപവർമെന്റാണ്.

ചിലർക്ക് മാത്രമുള്ള ഭാഗ്യമാണത്.

******************************************

Spinnbarkeit എന്നത് മ്യൂക്കസിന്റെ (സ്രവം) ഒരു സവിശേഷതയാണ്. Genital secretionsന്റെ ഈ സവിശേഷത (വലിച്ചു ‘നീട്ടപ്പെടാൻ’ ഉള്ള സ്വഭാവവിശേഷത) ഉപയോഗിച്ച് ഒരു സ്ത്രീയ്ക്ക് അവരുടെ (ovary) അണ്‌ഡാശയത്തിൽ നിന്നും (അണ്ഡം ovum) പുറത്തേക്ക് വരുന്ന ദിവസം കൃത്യമായി മനസ്സിലാക്കുവാന്‍ പറ്റും. അത് നടന്നു കഴിഞ്ഞാൽ പിന്നെയുള്ള ചുരുക്കം സമയത്തിനുള്ളില്‍ മാത്രമേ ഗര്‍ഭിണിയാകുവാൻ വേണ്ടുന്ന അണ്ഡ - ബീജ സങ്കലനം സാധ്യമാവൂ. അത് അറിയാവുന്നത് ഒരു സ്ത്രീയേ സംമ്പന്ധിച്ചിടത്തോളം, (ടി അറിവ് നൽകുന്നത്) സ്വന്തം ശരീരത്തിന്മേലും ജീവശാസ്ത്രപ്രക്രിയകളിന്മേലും അവർ കൈവരിക്കുന്ന സ്വയം ഭാരണാധികാരമാണ്. എംപവറിങ്ങ് ഓട്ടോണമി.

ഇനി അതറിയില്ലെങ്കിൽ, ആഗ്രഹിക്കാത്ത ഗർഭം ഒഴിവാക്കാൻ ഗർഭനിരോധന മാർഗ്ഗങ്ങൾ പലതുണ്ടല്ലോ. ഗുളികകൾ മുതൽ ഐ. യു. ഡി. കൾ വരെ എന്തെല്ലാം. അതൊന്നുമല്ലെങ്കിൽ post coital കോണ്ട്രാസെപ്ഷൻ. 
ഇതിനൊന്നിനും സാധിച്ചില്ലെങ്കിൽ നിയമപ്രകാരമുള്ള medical termination of pregnancy (MTP), സ്ത്രി ആവശ്യപ്പെട്ടാൽ സ്പൗസിന്റെ പോലും അനുവാദമാവശ്യമില്ലാതെ സൗജന്യമായി ചെയ്തു കൊടുക്കാൻ നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലൊന്നിൽ പോയി അവർക്ക് വേണ്ടാത്ത ഗർഭം അവസാനിപ്പിക്കാനുള്ള പൗരാവകാശം.

ഇതെല്ലാമുണ്ടെങ്കിലും, ഈ അറിവും അവകാശങ്ങളുമെല്ലാം ഇവിടൊക്കെത്തന്നെയുണ്ടെങ്കിലും, ഇതൊന്നുമില്ലാതെ ജീവിക്കുന്നവരേപ്പറ്റി ഒന്നു സങ്കല്പിച്ചു നോക്കൂ….

സ്പിൻബാർക്കിയിൽ തുടങ്ങി നിര്‍ദയമായ വേട്ടയാടലുകൾ വരെ... കൃഷ്ണൻ ബാലേന്ദ്രൻ എഴുതിയ കുറിപ്പ്

സങ്കൽപ്പിച്ച് ഒരു പാട് ബുദ്ധിമുട്ടണമെന്നൊന്നുമില്ല. അവർ ചിലപ്പോഴൊക്കെ പത്ര വാർത്തയായും ടിവിയിലെ അന്തിച്ചർച്ചകളുമായൊക്കെ നമ്മുടെ ലിവിങ്ങ് റൂമിലെത്തും.

“കൊടും ക്രൂരതകാട്ടിയവൾ”, “അമ്മയെന്ന സങ്കൽപ്പത്തിനുത്തന്നെ കളങ്കം വരുത്തിയവൾ”, “ശപ്പിക്കപ്പെടേണ്ടവൾ” തുടങ്ങി, “കഴപ്പി” “വെടി” “വേശ്യ” എന്നൊക്കെയുള്ള തെറിവിളികൾക്കും മുന്നിൽ, അക്രോശങ്ങൾക്കും ക്യാമറക്കണ്ണുകൾക്കും സമൂഹത്തിന്റെ സംഘടിതമായ ഭീകര വേട്ടയാടലുകൾക്കും മുന്നിൽ, പകച്ച് നിന്ന് ഒരു ‘റൈ’ മുഖഭാവത്തോടു കൂടി ലോകത്തേ നിസ്സഹായതയോടെ തിരിച്ചു നോക്കി നിൽക്കുന്ന ചില സ്ത്രീകൾ. പ്രസവിച്ചിട്ട സ്വന്തം ചോരക്കുഞ്ഞിന്റെ “കോലപാതകി”കളായ ഇവരിൽ ഞാൻ ചില ‘മനുഷ്യരേ’ കണ്ടിട്ടുണ്ട്. നേരിട്ടല്ല കണ്ടിട്ടുള്ളത്.

അവരെ ഞാനറിഞ്ഞിട്ടുള്ളത് “നിർദ്ദയമായും നിർദാക്ഷിണ്യമായും കൊന്നുകളഞ്ഞ” അവരുടെ കുഞ്ഞുങ്ങൾ, ഡിപ്പാര്‍ട്ട്മെന്റിന്റ് മോർച്ചറിയിലെ പോസ്റ്റുമോർട്ടം ഫയലിൽ കേവലമൊരു പി. എം. നമ്പരായി ഒതുങ്ങിത്തീരുന്നതിന് മുൻപ്, ഞാൻ നടത്തുന്ന പോസ്റ്റുമോർട്ടം പരിശോധനകളിൽ കാട്ടിത്തരുന്ന ഹൃദയഭേദകമായ ചില ഫൈന്റിങ്സിലൂടെയാണ്. നിസ്സാഹായവസ്ഥയിലും അടക്കി വയ്ക്കാൻ പറ്റാതെയായിപ്പോയ കരുണയുടേയും കരുതലിന്റേയും ചില ചെയ്ത്തുകൾ.

വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ആഘാതങ്ങളല്ല ഏറ്റവും ഭീകരമായ ശ്വാസം മുട്ടലുണ്ടാക്കുന്നത്. അതൊക്കെ നമുക്ക് കൈകാര്യം ചെയ്യാൻ താരതമ്യേന എളുപ്പമാണ്.

പക്ഷെ, ഭയന്ന് അവശരായി നിസ്സഹായരായിപ്പോകുന്ന അവസരങ്ങളിൽ പോലും ചിലർ ചെയ്യുന്ന കാര്യങ്ങളുണ്ട്. ദാക്ഷിണ്യമുള്ള സ്നേഹത്തിന്റെ ആഴത്തിലുള്ള പ്രഹരങ്ങൾ. 
Desperate acts of considerate love.

കഴുത്തിലൊരു മുറുക്കം… ആരുടേയോ പിടി വീഴുന്നത് പോലെ തോന്നും. അനുവാദമില്ലാതെ അറിയാതെ കണ്ണിലേക്ക് ഇരച്ചുനിറയുന്ന കണ്ണുനീര് കാഴ്ച്ചകൾക്ക് മങ്ങലേൽപ്പിക്കും. 
ആഴത്തിലും പരപ്പിലും പ്രഫൗണ്ടാണ് അനുഭവങ്ങൾ.

സ്പിൻബാർക്കിയിൽ തുടങ്ങി നിര്‍ദയമായ വേട്ടയാടലുകൾ വരെ... കൃഷ്ണൻ ബാലേന്ദ്രൻ എഴുതിയ കുറിപ്പ്

സംറ്റൈംസ് ഇന്റന്സ്ലി സ്കോർച്ചിങ്ങ്. 
********************************************

രണ്ട് കേസുകളേപ്പറ്റി പറയാം.

രണ്ടിലുമുള്ള ആരോപണം ഒന്നുകില്‍,

IPC 317 (Exposure and abandonment of child under twelve years, by parent or person having care of it.—Whoever being the father or mother of a child under the age of twelve years, or having the care of such child, shall expose or leave such child in any place with the intention of wholly abandoning such child, shall be punished with imprisonment of either description for a term which may extend to seven years, or with fine, or with both)

അല്ലെങ്കിൽ,

IPC 318
Concealment of birth by secret disposal of dead body.—Whoever, by secretly burying or otherwise disposing of the death body of a child whether such child die before or after or during its birth, intentionally conceals or endeavours to conceal the birth of such child, shall be punished with imprisonment of either description for a term which may extend to two years, or with fine, or with both. 
പുസ്തകങ്ങളിലൊക്കെ വളരെ ഭീകരവും കരാളവുമായ രീതികളെപ്പറ്റി പറയുന്നുണ്ടെങ്കിലും ഫോറെൻസിക്ക് പ്രാക്ടീസിൽ ഞാനിത് വരെ ചോരക്കുഞ്ഞുങ്ങളെ ഭീകരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസുകൾ കണ്ടിട്ടില്ല.

മിക്കവാറും negative autopsyകളാണ്. 
(negative autopsy - പോസ്റ്റുമോർട്ടം പരിശോധനകളിൽ ഒരു വ്യക്തമായ മരണകാരണം നിർണയിക്കാൻ സാധിക്കാത്ത മരണങ്ങൾ).

അതിന്റെ കാരണം, മിക്കതും acts of omission (ചെയ്യേണ്ടുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുന്നത്) ആയത് കൊണ്ടാണ്.

മനുഷ്യകുഞ്ഞുങ്ങൾ നിസ്സഹായരാണ്. അവർക്ക് സ്വന്തമായി ഒന്നും ചെയ്യാനറിയില്ല. അത് കൊണ്ട്തന്നെ ജനിച്ചതിന് ശേഷം അവരെ ശരിയാംവണ്ണം പരിചരിച്ചില്ലെങ്കിൽ മിക്കവാറുമെല്ലാ നവജാത ശിശുക്കളും വല്യ താമസമില്ലാതെ മരിച്ചു പോകും. പോക്കിൾക്കൊടി കെട്ടാതിരിക്കുകയോ, മൂക്കിലും വായിലുമൊക്കെ തങ്ങിനിൽക്കുന്ന മ്യൂക്കസ് നീക്കം ചെയ്യാതിരുന്നാൽപ്പോലും മതി. ഒന്ന് കമിഴ്ത്തിക്കിടത്തിയാൽ പോലും പൊലിഞ്ഞ് പോകാവുന്നത്ര ദുർബലരാണവർ. പിന്നെയല്ലേ വെള്ളത്തിൽ മുക്കിയോ, തീപ്പൊള്ളിച്ചോ, തല്ലിയോ ഒക്കെകൊല്ലേണ്ടി വരുന്നത്…മിക്കപ്പോഴും ഒരു act of omission ആണ് മരണത്തിലേക്ക് നയിക്കുന്നത്.

Case 1
➖➖➖
ആദ്യത്തെ കേസ്സിൽ കുഞ്ഞിന്റെ കുഞ്ഞി ആമാശയത്തിൽ ടർബ്ബിഡായ പശിമയുള്ള വെളുത്ത ദ്രാവകം. അതിൽ കുറച്ചെടുത്ത് Biochemistry labൽ കൊണ്ട് ചെന്ന് സംശയം മാറ്റി. തൈരാണ്. വയറിനുള്ളിൽ കണ്ടത് കുഞ്ഞ് നുണഞ്ഞിറക്കിയ അതിന്റെ (അമ്മ) കൊലപാതകിയുടെ മുലപ്പാൽ, പാതി ദഹിച്ചത്.

ആരേയൊക്കെയോ ഭയന്നോ, അതോ നാണക്കേടുകൊണ്ടോ, അതോ ആരേയാണ് വിശ്വസിക്കേണ്ടത് എന്ന തിരിച്ചറിവ് ഉണ്ടാവാതിരുന്നത് കൊണ്ട് പറ്റിപ്പോയ അബദ്ധമായത് കൊണ്ടോ… താൻ നൊന്ത് പ്രസവിച്ച കുഞ്ഞിനെ ശരിയാംവണ്ണം പരിചരിക്കാതെ മരിക്കാൻ വിട്ടപ്പോഴും അതിന്റെ കരച്ചിൽ കേട്ടപ്പോ സഹിക്കാൻ വയ്യാതെയാവണം… പാവം പാല് കൊടുത്തുപോയത്. കരഞ്ഞപ്പോൾ വികസിച്ച ശ്വാസകോശവും വയറ്റിലെ തൈരും ഒരു കാര്യമുറപ്പിച്ചു. കുഞ്ഞ് ജീവനോടെ ജനിച്ചതാണ് (live born). ചാപിള്ള ആയിരുന്നുവെന്ന് വേണമെങ്കിൽ ഉയർത്താമായിരുന്ന വാദവും പൊളിഞ്ഞിരിക്കുന്നു. സ്നേഹത്തിന്റെ കൊടും ചതി.

Case 2
➖➖➖
ആരുമറിയാതെ രഹസ്യമായി കുഴിച്ചു മൂടിയ നിലയില്‍ കണ്ട ഒരു ചോരക്കുഞ്ഞിന്റെ മൃതശരീരമാണ് തൊണ്ടിമുതൽ. ക്ലാൻ്റസ്റ്റൈൻ കുഴിമാടത്തിലുമുണ്ട് സ്നേഹപ്രകടനം. ശവക്കുഴിക്ക് നല്ല ആഴം പോലുമില്ല. കുറച്ച് മണ്ണുകൊണ്ട് മൂടിയിട്ടുണ്ട്. മുഖം ശരിക്കും മൂടിയിട്ടില്ല. കുറച്ചു പഴയ തുണിക്കഷ്ണങ്ങൾ കൊണ്ട് മറച്ച മുഖത്തിനുമേലെ പൊട്ടിയ രണ്ട് ചെറിയ ഓടിൻ കഷ്ണങ്ങൾ. ശവമാണെങ്കിൽ കൂടി സ്വന്തം കുഞ്ഞല്ലേ..മരിച്ചുകഴിഞ്ഞാൽ വേദനയെന്നൊന്നില്ലെന്ന് മനസ്സിലാക്കാനുള്ള അത്രയും തണുത്തതൊന്നുമല്ല മനസ്സ്. അത് കൊണ്ട് ശരിക്കൊന്ന് അമർത്തിയിട്ടുപോലുമില്ല. വഴിയേ പോയ ആർക്കോ വന്ന ഒരു സംശയം തീർക്കൽ… കാല് കൊണ്ടൊരു ചികഞ്ഞുമാറ്റൽ.

സ്പിൻബാർക്കിയിൽ തുടങ്ങി നിര്‍ദയമായ വേട്ടയാടലുകൾ വരെ... കൃഷ്ണൻ ബാലേന്ദ്രൻ എഴുതിയ കുറിപ്പ്

ദാ കിടക്കുന്നു ക്രൈം സീൻ, മാലോകർക്കെല്ലാം കാണാൻ പാകത്തിൽ.

********************************************

ആരോപണ വിധേയരാണ് നമ്മൾ നേരത്തേ പറഞ്ഞ വിഡ്ഢികൾ, രണ്ട് അമ്മമാരും.

“വിഡ്ഢി” എന്ന് തന്നെ വിളിക്കണം ഇവരെയൊക്കെ. സംശയിക്കണ്ടതില്ല ഒട്ടും.

*സമൂഹത്തിനിഷ്ടമില്ലാത്ത, സമൂഹം അംഗീകരിച്ചു തരാത്ത, വിശ്വസിക്കാൻ കൊള്ളാത്തവനെന്ന് പിന്നീട് തെളിയിച്ച് കാട്ടിയ ഒരാളുമായി ഗർഭമുണ്ടാകത്തക്കവിധം അടുത്തിടപഴകിയ വിഡ്ഢി.

*സ്പിൻബാർക്കിയേപ്പറ്റിയും തന്റെ ശരീരത്തിന്റെ ജീവശാസ്ത്രത്തേക്കുറിച്ചും ഒരു വിവരവുമില്ലാത്ത വിഡ്ഢി.

*ഗര്‍ഭനിരോധന മാർഗങ്ങളേക്കുറിച്ച് ഒരു വിവരമില്ലാത്ത വിഡ്ഢി.

*ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആരുമറിയാതെ അത് അലസിപ്പിക്കുവാൻ ഒരു ആശുപത്രിയിൽ ചെന്ന് തന്റേതായ അവകാശങ്ങ്ങൾ കൈക്കലാക്കാനുള്ള മിടുക്കില്ലാത്ത വിഡ്ഢി.

*തനിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ ഒരു സഹായത്തിനാരേയും കിട്ടാനില്ലാതെ (ഗർഭത്തിന്റെ കാരണക്കാരനുൾപ്പടെ) ഒറ്റയ്ക്ക് ആയിപ്പോകാൻമാത്രം ബുദ്ധിശൂന്യയും കഴിവുകെട്ടവളുമായ വിഡ്ഢി.

*അവസാനം പ്രസവ വേദന വന്നപ്പോൾ പോലും ആരേയും ഒരു സഹായത്തിന് പോലും കൂടെ കിട്ടത്തക്ക സാഹചര്യം പോലുമില്ലാത്ത വിവരംകെട്ട വിഡ്ഢി.

*എന്നിട്ടൊടുവിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ തന്റെ ഒറ്റപ്പെടലിനും നിസ്സഹായതയുടെയിടയിലും, അതിന് പാല് കൊടുത്തത് വഴി still birth ആണോ എന്ന് പൊസ്റ്റുമോർട്ടം പരിശോധനയിൽ ഒരു കൺഫ്യുഷൻ പോലും ഉണ്ടാക്കാനുള്ള സാമർഥ്യം പോലുമില്ലാത്ത സ്റ്റ്യുപപിഡ് വിഡ്ഢി.

*മരിച്ചു കഴിഞ്ഞ കുഞ്ഞിനെ ആഴത്തിലൊരു കുഴിയെടുത്ത് ആരും കാണാതെ കുഴിച്ചു മൂടുന്നതിന് പകരം, കുഞ്ഞിന്റെ മരിച്ചു വിളറിയ മുഖത്ത് പോലും ഒരു ഭാരമുള്ള വസ്തുപോലും എടുത്ത് വയ്ക്കാൻ കഴിവില്ലാത്ത, ആ മണ്ടത്തരം കാരണം എളുപ്പം പിടിക്കപ്പെടുന്ന രീതിയിൽ ഒരു ബറിയൽ നടത്തിയ പമ്പര വിഡ്ഢി.

പക്ഷേ നമ്മളങ്ങനെയല്ലല്ലോ. 
നമ്മളൊക്കെ നന്മയുടേയും സദാചാരത്തിന്റേയും ഉത്തമ ഉദാഹരണങ്ങളല്ലേ.

ഇങ്ങനത്തെ വിഡ്ഢികളെ നമ്മൾ വച്ച് പൊറുപ്പിക്കില്ല. Blood houndsനേ പോലെ നമ്മൾ അവരുടെ ചോര മണത്ത് പിന്തുടരും. അതിനിനി എന്ത് വില കൊടുത്താലും ശരി. 
ഒരു ദയയും പ്രതീക്ഷിക്കേണ്ട. 
Mercilessly Hunt down ചെയ്തിരിക്കും.

അത് അങ്ങനെ തന്നെ വേണം. 
കാരണം ആര്‍ക്കും ഇത്രയും വിവരക്കേട് പാടില്ല. ആരും ഇത്രയും വിഡ്ഢികള്‍ ആകാൻ പാടില്ല.

കാരണം നമ്മൾ സാമർഥ്യക്കാർക്ക് വിഡ്ഢികളാണ് ഏറ്റവും വലിയ അപകടകാരികൾ.

ഒരു ദയയും വേണ്ട. 
വേട്ടകൾ തുടരട്ടെ, അഭംഗുരം…..

advertisment

News

Related News

    Super Leaderboard 970x90