ദുരന്തങ്ങളില്‍ നിന്നെങ്ങനെ പോസിറ്റീവ് ഫീല്‍ ഉണ്ടാവും?കൊടും പീഡനങ്ങള്‍ എങ്ങനെ നമ്മളില്‍ ജീവിതത്തോടുള്ള സ്‌നേഹം വിതയ്ക്കും?

സൗഹൃദമോ പ്രണയമോ കുടുംബബന്ധമോ ഒക്കെയാവാം നമ്മെ കൊടുംപീഡനങ്ങളിലേക്ക് വലിച്ചെറിയുന്ന ആ ഇടം. പലപ്പോഴും അത് വിവാഹമാവാം. പാട്രിയാര്‍ക്കി വാണരുളുന്ന നമ്മുടെ വീടകങ്ങളിലേക്ക് വിവാഹിതകളായി എത്തപ്പെടുന്ന സ്ത്രീകളാവാം ഇരകള്‍. സ്വാതന്ത്ര്യവും സ്വപ്‌നവുമെല്ലാം അപഹരിച്ച് വെറും അടിമകളെപ്പോലെ, പ്രസവിക്കുന്ന യന്ത്രങ്ങളെപ്പോലെ കണക്കാക്കുന്ന ആണധികാരത്തിന്റെ ഇരകള്‍. ചിലപ്പോഴെങ്കിലും വിവാഹം എന്ന സ്ഥാപനത്തിലോ പ്രണയത്തിലോ എത്തിപ്പെടുന്ന പുരുഷന്‍മാരുമാവാം ഇരകള്‍.

ദുരന്തങ്ങളില്‍ നിന്നെങ്ങനെ പോസിറ്റീവ് ഫീല്‍ ഉണ്ടാവും?കൊടും പീഡനങ്ങള്‍ എങ്ങനെ നമ്മളില്‍ ജീവിതത്തോടുള്ള സ്‌നേഹം വിതയ്ക്കും?

ജീവിതം നരകമാവുന്ന നേരങ്ങളുണ്ട്. ചിലര്‍ക്കത് ജീവിതകാലം മുഴുവനുമായിരിക്കും. നിരന്തര പീഡനങ്ങളുടെ, മുറിവുകളുടെ, വേദനയുടെ, കൊടും വിഷാദത്തിന്റെ കാലങ്ങള്‍. അടഞ്ഞുപോവുമപ്പോള്‍. പ്രതീക്ഷയുടെ ഒരനക്കവും കൂടെയുണ്ടാവില്ല. മഞ്ഞും മഴയും വെയിലും ചുറ്റിലും കടന്നുപോവുന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കും. ജീവിതം കാര്‍മേഘങ്ങളില്‍ മൂടിക്കിടക്കും. ഇനിയൊരു വെളിച്ചവും വന്നുതൊടില്ലെന്ന് ഉറച്ചുവിശ്വസിക്കും. മരണചിന്തകള്‍ അഭയംപോലെ വന്ന് തൊട്ടുവിളിക്കും. ആത്മാഹുതിയുടെ വാതിലുകള്‍ മുന്നില്‍ സദാ തുറന്നിരിക്കും. ഒരു പക്ഷേ, മറ്റൊരാളും അറിയുന്നേ ഉണ്ടാവില്ല ആ അവസ്ഥ. മറ്റൊരാളെയും ഓര്‍മ്മപോലും വരാത്തവിധം ഇരുട്ടില്‍ ഒരു കുടുസ്സു മുറിക്കുള്ളില്‍ അടഞ്ഞടഞ്ഞുപോവും.

കാരണങ്ങള്‍ പലതാവും. അത്തരം അവസ്ഥകള്‍ വന്നു ചേരുന്ന സന്ദര്‍ഭങ്ങളും സമയവും കാലദൈര്‍ഘ്യവും വ്യത്യസ്തമാവാം.

ചിലര്‍ക്ക് ഈ നരകവാസം ജീവിതം തന്നെയാവും. ചിലര്‍ക്കുനേരെ കുട്ടിക്കാലം മുതലേ ഒപ്പമെത്തിയിരിക്കും പീഡനങ്ങളുടെ തീ. ദാരിദ്ര്യം, യാതനകള്‍, ഉപദ്രവങ്ങള്‍. ചിലര്‍ക്കത് കുഞ്ഞുന്നാള്‍ മുതല്‍ തങ്ങളുടെ ശരീരത്തിലേക്ക് നീണ്ടുവരുന്ന ലൈംഗിക പീഡനങ്ങളാവും. മറ്റ് ചിലര്‍ക്ക് വീടകങ്ങളില്‍നിന്നുള്ള ക്രൂരതകള്‍. മറ്റ് ചിലര്‍ക്കാവട്ടെ ജീവിതത്തിന്റെ ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ വന്നു ചേരുന്നതാവും. അല്ലെങ്കില്‍, ചെന്നു പെടുന്ന ഏതെങ്കിലും ഇടങ്ങള്‍ നല്‍കുന്നത്. അത് വിദ്യാലയങ്ങളാവാം. ഹാസ്റ്റലുകള്‍. ഓഫീസുകള്‍. വീടുകള്‍. കോര്‍പ്പറേറ്റ് ഇടങ്ങള്‍.

സൗഹൃദമോ പ്രണയമോ കുടുംബബന്ധമോ ഒക്കെയാവാം നമ്മെ കൊടുംപീഡനങ്ങളിലേക്ക് വലിച്ചെറിയുന്ന ആ ഇടം. പലപ്പോഴും അത് വിവാഹമാവാം. പാട്രിയാര്‍ക്കി വാണരുളുന്ന നമ്മുടെ വീടകങ്ങളിലേക്ക് വിവാഹിതകളായി എത്തപ്പെടുന്ന സ്ത്രീകളാവാം ഇരകള്‍. സ്വാതന്ത്ര്യവും സ്വപ്‌നവുമെല്ലാം അപഹരിച്ച് വെറും അടിമകളെപ്പോലെ, പ്രസവിക്കുന്ന യന്ത്രങ്ങളെപ്പോലെ കണക്കാക്കുന്ന ആണധികാരത്തിന്റെ ഇരകള്‍. ചിലപ്പോഴെങ്കിലും വിവാഹം എന്ന സ്ഥാപനത്തിലോ പ്രണയത്തിലോ എത്തിപ്പെടുന്ന പുരുഷന്‍മാരുമാവാം ഇരകള്‍. ബന്ധങ്ങള്‍ ഇരുതലമൂര്‍ച്ചയുള്ള വാളുകള്‍ കൂടിയാണ് പലപ്പോഴും. എവിടെ തൊട്ടാലും മുറിയും. ദേശരാഷ്ട്ര സംവിധാനങ്ങള്‍ക്കകത്തുമുണ്ട് പീഡനമുറികള്‍. പലകാരണങ്ങളാല്‍ അകറ്റിനിര്‍ത്തപ്പെടുകയോ അന്യവല്‍കരിക്കപ്പെടുകയോ പ്രാന്തങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയോ ചെയ്യുന്ന മനുഷ്യരുടെ മേല്‍ കുതിരകയറുന്ന രാഷ്ട്രീയാധികാരമാണ് അവിടെ വാള്‍മുന. സമഗ്രാധിപത്യത്തിന്റെ, ഫാഷിസത്തിന്റെ, ഏകാധിപത്യത്തിന്റെ ഇരുള്‍ മുറികള്‍ മനുഷ്യരെ വെറും പുഴുക്കളെ പോലെയേ കാണൂ. നാസി ജര്‍മ്മനിയിലെ തടങ്കല്‍പ്പാളയങ്ങള്‍ ഓര്‍ക്കുക. മനുഷ്യരെ മനുഷ്യരല്ലാതാക്കിത്തീര്‍ക്കുന്ന പീഡനമുറികള്‍.

ഓര്‍മ്മയില്‍ ആ പുസ്തകമുണ്ട്. നാസി തടങ്കല്‍ പാളയത്തില്‍ എത്തപ്പെട്ട ഒരു മനുഷ്യന്റെ പൊള്ളിക്കുന്ന അനുഭവങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ച, പ്രിമോ ലെവി എഴുതിയ, If this is a man എന്ന പുസ്തകം. നാസികളുടെ ജൂത വേട്ടയെക്കുറിച്ച് ഒരു പാട് പുസ്തകങ്ങളുണ്ട്. ആ കാലത്തിന്റെ ചോര മണക്കുന്ന സിനിമകളും. ഏറ്റവും ഇരുണ്ടൊരു കാലത്തിന്റെ പാട്ടുകള്‍. മനുഷ്യന്‍ എന്ന വാക്കിന് ഒരര്‍ത്ഥവും ഇല്ലെന്ന് ബോധ്യപ്പെടുത്തുന്ന ആഖ്യാനങ്ങള്‍. അതില്‍നിന്നെല്ലാം വ്യത്യസ്തമായി, അതിജീവനത്തിന്റെ, പ്രത്യാശയുടെ, സ്വപ്‌നങ്ങളുടെ പാളങ്ങളിലോടുന്ന തീവണ്ടിയായാണ് ഈ പുസ്തകം ഓര്‍മ്മയില്‍ ബാക്കിയാവുന്നത്.

സത്യത്തില്‍, പ്രിമോ ലെവി എഴുതിയ പീഡാനുഭവങ്ങളും മറ്റ് പലരുടേതും പോലെ തന്നെയായിരുന്നു. ചോരമരവിക്കുന്ന പീഡനങ്ങളുടെ നേര്‍പ്പകര്‍പ്പ്. എന്നാല്‍, ഈ പുസ്തകം അത് മാത്രമായിരുന്നില്ല. അതിന്റെ വായനാനുഭവം തന്നത് ഇരുണ്ട ലോകത്തെ കുറിച്ചുള്ള ചിത്രം മാത്രമായിരുന്നില്ല. മറിച്ച്, ആ വായന, കൊടുങ്കാറ്റില്‍പ്പെട്ട പോലെ കലങ്ങി മറിഞ്ഞൊരു കാലത്ത്, ഉള്ളില്‍ പ്രതീക്ഷയുടെ കൂടി വിത്തുകള്‍ പാകി.

ദുരന്തങ്ങളില്‍ നിന്നെങ്ങനെ പോസിറ്റീവ് ഫീല്‍ ഉണ്ടാവും?

കൊടും പീഡനങ്ങള്‍ എങ്ങനെ നമ്മളില്‍ ജീവിതത്തോടുള്ള സ്‌നേഹം വിതയ്ക്കും?

വിചിത്രമെങ്കിലും അതായിരുന്നു സത്യം. ഫിക്ഷനേക്കാള്‍ വിചിത്രമായ ജീവിതാനുഭവം.

അത്ര തീവ്രമായിരുന്നു അതിലെ പീഡാനുഭവങ്ങള്‍. മനുഷ്യര്‍ എന്ന തിരിച്ചറിവ് ഇല്ലാതാക്കുന്ന മുള്‍മുനകള്‍. നാസി തടങ്കല്‍ പാളയങ്ങള്‍, അവിടെയെത്തുന്ന തടവുകാരെ കൈകാര്യം ചെയ്യുന്നത് സാധാരണ മട്ടിലല്ല. അവരാദ്യം തടവുകാരുടെ മനുഷ്യന്‍ എന്ന ബോധ്യമേ ഇല്ലാതാക്കുന്നു. തടവുകാരുടെ വിളിപ്പേരുകള്‍, ഐഡന്റിറ്റികള്‍ ഇല്ലാതാക്കുന്നു. മനുഷ്യരെ വെറും നമ്പര്‍ മാത്രമാക്കുന്നു. മറ്റു മനുഷ്യരില്‍ നിന്നും വേര്‍തിരിക്കുന്ന വ്യക്തിപരമായ സവിശേഷതകളെ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നു. ഒരേ യൂനിഫോം ഇടുവിപ്പിക്കുന്നു. ഒരേ പോലെ നരകിപ്പിക്കുന്നു. ഒരേ മര്‍ദ്ദനങ്ങള്‍. കരച്ചിലുകള്‍. തല ചായ്ക്കാന്‍ ഇടുങ്ങിയ മുറികള്‍. നിവര്‍ന്നു നില്‍ക്കാന്‍ പറ്റാത്ത കൂടുകള്‍. മലമൂത്ര വിസര്‍ജ്ജനത്തനു വൃത്തികെട്ട സൗകര്യങ്ങള്‍. ഏത് സമയവും മര്‍ദ്ദിക്കപ്പെടുമെന്ന സാധ്യതകള്‍. കൊല്ലപ്പെടുമെന്ന ഭീഷണികള്‍.

സ്ത്രീകളായിരുന്നു കൂട്ടത്തില്‍ ഏറ്റവും ക്രൂരമായി കൈകാര്യം ചെയ്യപ്പെട്ടത്. അവരുടെ വസ്ത്രങ്ങള്‍ ആദ്യമേ ഉരിഞ്ഞുവെക്കും. അഭിമാന ബോധമാണ് ആദ്യം കവര്‍ന്നെടുക്കുന്നത്. അന്തസ്സാണ് ഇല്ലാതാക്കുന്നത്. കാണുന്നവരെല്ലാം അവരെ കേറി പിടിക്കും. ക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കും. എല്ലാം പരസ്യമായാണ്. കോഴിക്കൂട് പോലെ വിസ്താരം കുറഞ്ഞ സെല്ലുകള്‍. അവിടെ കയറി ചെല്ലുന്ന നാസി പടയാളികള്‍ സ്ത്രീകളെ തിരഞ്ഞു പിടിച്ച് ഉപദ്രവിക്കും. ലൈംഗികാവയവങ്ങള്‍ മുറിയും വരെ ഭോഗിക്കും. മുറിവുണങ്ങും മുമ്പ് പിന്നെയും.

അങ്ങനെ, ആ രാപ്പകലുകള്‍ ആ തടങ്കല്‍ പാളയത്തിലെ മനുഷ്യരെ പുഴുക്കളുടെ മാനസികാവസ്ഥയില്‍ എത്തിച്ചു. അവരുടെ ഉള്ളിലെ ഒരേയൊരു പ്രതീക്ഷ എങ്ങനെയെങ്കിലും ഒരുനാള്‍ മരിക്കുമല്ലോ എന്നതായിരുന്നു. മരിക്കാനുള്ള കാത്തിരിപ്പായിരുന്നു അവിടെ ജീവിതം. മുറിവുകളിലും വ്രണങ്ങളിലും മൂടി തടവുകാരുടെ യൂനിഫോമുകള്‍ക്കുള്ളില്‍ ആ മനുഷ്യര്‍ നരകത്തിന്റെ ഭാഷ അഭ്യസിച്ചു.

എന്നിട്ടോ?

ആ പീഡനങ്ങള്‍ ആയിരുന്നു ശിക്ഷയെന്ന് തിരിച്ചറിഞ്ഞ് അവരില്‍ ചില മനുഷ്യര്‍ ആ അവസ്ഥ മുറിച്ചു കടക്കാന്‍ ശ്രമിച്ചു. തങ്ങള്‍ അന്തസ്സുള്ള, അഭിമാനമുള്ള മനുഷ്യര്‍ ആണെന്ന് ഓര്‍മ്മിപ്പിക്കുന്ന എന്തൊക്കെയോ അവര്‍ ഓര്‍മ്മകളുടെ നദിയില്‍ മുങ്ങി തപ്പിയെടുത്തു. പഴയ സന്തോഷ നേരങ്ങള്‍. പാളയത്തിനു പുറത്തെ ചെറിയ മരങ്ങളെ, ചെടികളെ, ആകാശത്തെ, മഴവില്ലിനെ അവര്‍ കിനാക്കണ്ടു. പീഡനത്താല്‍ മുറിഞ്ഞ ഉടലുകളെ നോക്കി, പ്രണയഭരിതമായ സ്പര്‍ശങ്ങളില്‍ തുളുമ്പുന്ന ഒന്നായി സ്വയം സങ്കല്‍പ്പിച്ചുകൂട്ടി ആ സ്ത്രീകള്‍.

പീഡനങ്ങളെ അതിജീവിക്കാന്‍ എക്കാലവും മനുഷ്യര്‍ ഉപയോഗിച്ചത് സ്വപ്നങ്ങളെയാണ്. അയഥാര്‍ത്ഥമായിരിക്കാം ആ സ്വപ്‌നവഴി. യാഥാര്‍ത്ഥ്യം അത്രമേല്‍ മുറിപ്പെടുന്നത് ആയിരിക്കാം. എങ്കിലും സ്വപ്നം പോലെ മുറിവുണക്കുന്ന മറ്റൊരൗഷധമില്ല. ഏതിരുട്ടിനും അപ്പുറം കാഴ്ചയില്‍ വരാതെ മറഞ്ഞിരിക്കുന്ന വെളിച്ചത്തിന്റെ കണിക പോലെ സ്വപ്‌നങ്ങള്‍. ഏത് കഠിന നേരങ്ങളെയും മാറ്റി മറിക്കാനാകുന്ന പച്ചപ്പിന്റെ സാധ്യതകള്‍. അയഥാര്‍ത്ഥമെങ്കിലും അത്തരം മായക്കാഴ്ചകള്‍ മനുഷ്യനു നിലനില്‍ക്കാനുള്ള പിടിവള്ളി.

എല്ലാ പീഡന കേന്ദ്രങ്ങളും ഇത്തരം അയഥാര്‍ത്ഥമായ സാന്ത്വനങ്ങളെ തേടിപ്ലോവാന്‍, അതിനുള്ളില്‍ നരകിക്കുന്ന മനുഷ്യരെ പ്രേരിപ്പിക്കുന്നുണ്ട്. ഏകാന്ത തടവിനെ കുറിച്ച് കേട്ടിട്ടില്ലേ. വര്‍ഷങ്ങള്‍ ഒരാളെയും കാണാതെ ഒറ്റയ്ക്ക് ഒരു സെല്ലില്‍ അടക്കപ്പെടുക. അത് മരണത്തേക്കാള്‍ ഭീകരമാണ്. വിഷാദത്തിലേക്കും ഭ്രാന്തിലേക്കുള്ള എളുപ്പ വഴിയാണത്.

ഏകാന്ത തടവറയില്‍ അടക്കപ്പെട്ട ഒരു മനുഷ്യന്റെ അനുഭവം കേട്ടിട്ടുണ്ട്. ഏകാന്തവാസം തുടര്‍ന്നാല്‍, ഭ്രാന്ത് പിടിക്കുമായിരുന്നെന്ന് ഉറപ്പായിരുന്നു അയാള്‍ക്ക്. എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല. ഒരു മനുഷ്യനെയും കാണാതെ ഒരൊറ്റ സെല്ലില്‍. രാവും പകലും ഇല്ലാതെ. എന്നിട്ടും ആ മനുഷ്യന്‍ അത് അതിജീവിച്ചു. എളുപ്പമായിരുന്നില്ല അത്. ഭാവന കൊണ്ട്, സങ്കല്‍പ്പം കൊണ്ട്, സ്വപ്നം കൊണ്ട് ആത്മഹത്യയിലേക്കോ ഭ്രാന്തിലേക്കോ പോവുമായിരുന്നൊരു ജീവിതം തിരിച്ചു പിടിച്ചു. സെല്ലിലൂടെ കാണാനാവുമായിരുന്നത് വെറും ഒരു ആകാശക്കീറായിരുന്നു. ആ ഒരൊറ്റ ആകാശക്കീറിനെ വെച്ച് ആ മനുഷ്യന്‍ സങ്കല്‍പ്പം മെനഞ്ഞു. ആകാശത്തിനു കീഴെ, ജയില്‍ വളപ്പില്‍ പൂ ചെടികളുടെ വിത്ത് പാകുന്നത് സങ്കല്‍പ്പിച്ചു. ഓരോ ദിവസവും അതിനു വെള്ളമൊഴിക്കുന്നതും വളമിടുന്നതും സങ്കല്‍പ്പിച്ചു. അതില്‍ മൊട്ടിടുന്നതും അത് വിരിയുന്നതും പൂവാകുന്നതും പല പൂമ്പാറ്റകള്‍ വരുന്നതുമെല്ലാം. മാസങ്ങള്‍ എടുക്കുന്നൊരു പ്രോസസ് ആയിരുന്നു അത്. ആ പൂച്ചെടികളുടെ ചുറ്റും മനസ്സ് വെച്ച് ആ മനുഷ്യന്‍ ഭാവന കൊണ്ട്, സ്വപ്നം കൊണ്ട്, ഒരിക്കലും നടക്കില്ലെന്നുറപ്പിക്കാവുന്ന സാധ്യത മായ്ക്കുന്ന പാഴ് വിശ്വാസം കൊണ്ട് ആ ഏകാന്തവാസത്തെ അതിജയിച്ചു.

രണ്ട് കാലങ്ങളില്‍ രണ്ട് ദേശങ്ങളില്‍ രണ്ട് മനുഷ്യര്‍ പീഡനങ്ങളെ, നരകങ്ങളെ അതിജീവിച്ച അനുഭവങ്ങളാണിത്. എന്നാല്‍, ഈ അനുഭവങ്ങള്‍ അവിടെ നില്‍ക്കുന്നില്ല. അതേത് ദേശത്തും ഏത് കാലത്തും ബാധകം. പീഡനങ്ങള്‍. മുറിവുകള്‍. വ്രണങ്ങള്‍. അത് മാറുന്നില്ല. നമ്മെയത് തേടിയെത്തും. അതില്‍ മാത്രം കുടുക്കിയിടും. അബോധത്തിലെങ്കിലും ശ്വാസം കഴിക്കാനുള്ള ഇടം പോലും നല്‍കാതെ പൂട്ടിയിടും.

എങ്കിലും അന്നേരത്തും, ഏത് നേരത്തും അതിജീവിക്കാന്‍ ഒരു മാര്‍ഗമേയുള്ളു. സ്വപ്നം. ഭാവന. അയഥാര്‍ത്ഥം ആയിരിക്കാം.ലോജിക്കല്‍ ആയിരിക്കില്ല. എങ്കിലും, അതിജീവനത്തിന്റെ നിഘണ്ടുവിലെ ആദ്യ വാക്ക് അതുതന്നെയാണ്. സ്വപ്നാടനം. സങ്കല്‍പ്പത്തില്‍, മറ്റൊരു ലോകം സൃഷ്ടിക്കല്‍. പ്രതീക്ഷകള്‍ നിറക്കല്‍. സ്വപ്നം കാണല്‍. സ്വപ്നത്തിനെ പൂട്ടിയിടാനുള്ള ചങ്ങല ഇനിയും യാഥാര്‍ത്ഥ്യമല്ലാത്തതിനാല്‍, അതേയുള്ളു ഏറ്റവും പ്രായോഗികമാര്‍ഗം.

ജീവിതം നരകക്കുഴികളില്‍ ചെന്നു വീഴും. അതു സ്വാഭാവികമാണ്. അതിലങ്ങനെ, പൂണ്ടുകിടക്കുമ്പോള്‍ പ്രതീക്ഷിക്കാന്‍ ഒന്നുമുണ്ടാവണമെന്നില്ല. എങ്കിലും തോറ്റു പോകാതിരിക്കാന്‍, വീണു പോവാതിരിക്കാന്‍ ഇതേയുള്ളൂ മാര്‍ഗം. സ്വപ്നം കാണല്‍. മറ്റൊരു ഇടം സൃഷ്ടിക്കല്‍. ശ്വസിക്കാനുള്ള ഒരിടം ആരുമറിയാതെ നിലനിര്‍ത്തല്‍.

advertisment

News

Related News

    Super Leaderboard 970x90