പകൽ ,നഗരം തുടങ്ങിയ ചില ചിത്രങ്ങളുടെ, റിയലിസ്റ്റിക് സംവിധായകൻ എന്ന് വിശേഷിപ്പിക്കാവുന്ന എം എ നിഷാദ് സംവിധാനം ചെയ്ത പുതിയ ചിത്രം 'കിണർ' (തമിഴ് ചിത്രം 'കേണി') ജല രാഷ്ട്രീയത്തിന്റെ ചില സൂക്ഷ്മതലങ്ങൾ സ്പർശിക്കുന്നുണ്ട്. ജലക്ഷാമം എന്നത് ഒരു പൊള്ളുന്ന പ്രശ്നമായും വിങ്ങുന്ന അനുഭവമായും സിനിമ നമ്മളിൽ എത്തിക്കുന്നത്, കേരള -തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമം പശ്ചാത്തലമാക്കിയാണ്.
ജയപ്രദ, രേവതി, അർച്ചന, പശുപതി, പാർവതി നമ്പ്യാർ എന്നിവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നു. അതേസമയം ഒരു വെളുപ്പ് കറുപ്പ് അബോധത്തിൽ, സംവിധായകനും പെട്ടു പോയോ എന്നു തോന്നി ജയപ്രദയുടെ കാസ്റ്റിംഗ് കണ്ടപ്പോൾ! അധികാരത്തിന്റെ അധമവും നിരാർദ്രവുമായ തരിശിടങ്ങളിലേക്ക്, ആഴത്തിലും ആഘാതത്തിലും പതിക്കുന്ന ഒരു ജൈവ വിലാപം കൂടിയായി 'കിണർ' മാറുന്നുണ്ട്- ചിത്രത്തിന്റെ ആഖ്യാനത്തിനായി സ്വീകരിച്ച മാധ്യമാവിഷ്കാരങ്ങൾ അതിഭാവുകത്വമായി അനുഭവപ്പെടുമ്പോഴും ..! (കുറച്ചുകൂടി പ്രേക്ഷകർ ഇത്തരം ചിത്രങ്ങൾക്ക് ഉണ്ടായെങ്കിൽ എന്നും തോന്നുകയുണ്ടായി!)