കീഴാറ്റൂരിലെ സമരമുയര്‍ത്തുന്ന വിഷയമെന്താണ്?

കീഴാറ്റൂര്‍, നെല്‍വയലുകളുടെ നിലവിളിയാണ്. അതിനുമേല്‍ തീ വിതച്ച് അക്രമിസംഘങ്ങള്‍ യുദ്ധം കുറിച്ചിരിക്കുന്നു. അതിനാല്‍ ഒരു പിന്‍യാത്ര സാധ്യമല്ല. ഇനിയും പാതയുടെ നീളത്തില്‍ പടരുന്ന സമരങ്ങള്‍ക്കൊപ്പം വയലുകളിലെ കടന്നുകയറ്റങ്ങള്‍ക്കെതിരായ പ്രക്ഷോഭവും പടരും. ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ അതിക്രമങ്ങളെ നേരിടുന്ന മുന്നേറ്റങ്ങളെ ഒന്നിപ്പിക്കുന്ന സമരോര്‍ജ്ജമുണ്ട് കീഴാറ്റൂരിലെ ചെറുത്തുനില്‍പ്പിന്. അത് കക്ഷി രാഷ്ട്രീയത്തിന്റെ അനുകൂലവും പ്രതികൂലവുമായ വാഗ്വാദങ്ങളില്‍ മുക്കിക്കളയാമെന്ന് ആരും മോഹിക്കരുത്.​

കീഴാറ്റൂരിലെ സമരമുയര്‍ത്തുന്ന വിഷയമെന്താണ്?

കീഴാറ്റൂരിലെ സമരമുയര്‍ത്തുന്ന പ്രധാന വിഷയമെന്താണ്? നെല്‍വയലുകള്‍ നിലനിര്‍ത്തണമെന്നല്ലേ? അതോ ദേശിയപാത വേണ്ടെന്നാണോ? രണ്ടാമത്തേതാണ് അവിടത്തെ സമര മുദ്രാവാക്യമായി സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുള്ളത്. അതങ്ങനെയാണ്. ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരായ ആവശ്യകതകളോ യുക്തികളോ പരിഗണിക്കപ്പെടാറില്ല. അതെത്ര ജീവല്‍പ്രധാനമാണെങ്കിലും അത്തരം വിഷയമുയര്‍ത്തുന്നവര്‍ യുദ്ധസമാനമായ അതിക്രമങ്ങളെ നേരിടേണ്ടി വരും.

നെല്‍വയലുകള്‍ നികത്താതെ റോഡുവികസനം അസാധ്യമാണോ? പുതിയ റോഡുനിര്‍മാണത്തിനല്ല ഇപ്പോഴത്തെ നീക്കം. നിലവിലുള്ളത് വീതികൂട്ടാനും നാലുവരിപ്പാതയായി മാറ്റാനുമാണ്. ഇരു പുറങ്ങളിലേയ്ക്ക് വീതികൂട്ടാന്‍ അവിടെ പടര്‍ന്നു കിടക്കുന്ന വ്യാപാര വ്യവഹാര ശൃംഖല അഴിച്ചു പണിയണം. വീടുകള്‍ മാറ്റി നിര്‍മ്മിക്കണം. തിരക്കുള്ള നഗരങ്ങളില്‍ മേല്‍പ്പാലമോ ബൈപ്പാസോ നിര്‍മ്മിക്കണം. അതിന്റെ സാധ്യതകളും പരിമിതികളുംതന്നെ ഗവണ്‍മെന്റ് വേണ്ടത്ര പരിഗണിക്കുകയോ പരിശോധിക്കുകയോ ഉണ്ടായിട്ടില്ല. അലൈന്‍മെന്റ് നിശ്ചയത്തില്‍ ആള്‍ബലമോ ധനബലമോ ഉള്ളവര്‍ ഇടപെട്ട് അനുകൂലമാംവിധം റോഡ് മാറ്റിയിട്ടുണ്ട്. സ്വത്ത് സംരക്ഷിച്ചിട്ടുണ്ട്. വളച്ചൊടിച്ച അലൈന്‍മെന്റിന് വെന്നിയൂരും കീഴാറ്റൂരും ഉള്‍പ്പെടെ ചെറുതും വലതുമായ എത്രയോ ഉദാഹരണങ്ങളുണ്ട്. എങ്കിലും അലൈന്‍മെന്റ് തര്‍ക്കം തീരെ സഹിക്കാനാവാത്ത ഇടങ്ങളില്‍ മാത്രമേ ജനം ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുള്ളു. അതുപോലും പരിഗണിക്കാന്‍ ഗവണ്‍മെന്റ് തയ്യാറല്ല.

കീഴാറ്റൂരിലെ സമരമുയര്‍ത്തുന്ന വിഷയമെന്താണ്?

എങ്കില്‍ നിലവിലുള്ള ഏറ്റവും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനമിറക്കൂ എന്ന് ജനങ്ങള്‍ ന്യായമായ ആവശ്യമാണ് ഉന്നയിച്ചത്. 2013ല്‍ ലോകസഭ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനു വിധേയമായി നടപടികള്‍ സ്വീകരിക്കാന്‍ എന്താണ് തടസ്സം? ജനങ്ങള്‍ക്കുവേണ്ടി ജനപ്രതിനിധികള്‍ നിര്‍മിച്ച നിയമം അവര്‍ക്കുതകേണ്ടേ? പഴയ ദേശീയപാതാ നിയമത്തിന്റെ അടിസ്ഥാനത്തിലെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ജനവഞ്ചനയാണ്. അത് ബി ഒ ടി മുതലാളിമാരെ തടിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ദേശീയ പാതയ്ക്കിരുപുറവും ഈ പെരും വഞ്ചനയ്ക്കിരയായ ജനങ്ങള്‍ ജനവിരുദ്ധ വികസനത്തിനെതിരെ സമര രംഗത്താണ്. ഇരകളില്ലാത്ത വികസനം സാധ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പുതു മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്കപ്പുറം കണ്ണെത്താത്ത ഭരണകൂടങ്ങള്‍ക്ക് ജനങ്ങള്‍ ഒരു പ്രശ്നമേയല്ല.

കീഴാറ്റൂരിലെ സമരമുയര്‍ത്തുന്ന വിഷയമെന്താണ്?

ഈ സമരത്തിന്റെ ഒരു മുഖമാണ് കീഴാറ്റൂര്‍. അവിടെ നല്ല നെല്‍വയലുകള്‍ നികത്തിയുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം. നെല്‍വയലുകള്‍/നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ നിയമമുണ്ടാക്കിയവര്‍ നഗ്നമായ നിയമ ലംഘനം നടത്തുന്നു. നിയമ ലംഘനവും നീതി നിഷേധവും മറയ്ക്കാന്‍ പുതിയ ഓര്‍ഡിനന്‍സുകള്‍ മതിയെന്നു ധരിയ്ക്കുന്നു. മാത്രമല്ല പ്രദേശത്തെ ഭൂരിപക്ഷം കര്‍ഷകരും സമ്മതിച്ചാല്‍ നെല്‍വയലുകള്‍ നികത്താമെന്ന തെറ്റായ സന്ദേശം നല്‍കുന്നു. എം എസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു നടപ്പാക്കാന്‍ രാജ്യത്താകെ സമരം ചെയ്യുന്നവര്‍ ഇവിടെ സ്വാമിനാഥനെ പിടിച്ചുകെട്ടി കോര്‍പറേറ്റു രാജാക്കന്മാര്‍ക്കു മുന്നില്‍ ഹാജരാക്കുന്നു. ഒറ്റുകാരുടെ റോളിലാണ് ജനാധിപത്യ സര്‍ക്കാറും അതിന്റെ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളും.

കീഴാറ്റൂരിലെ സമരമുയര്‍ത്തുന്ന വിഷയമെന്താണ്?

ദേശീയപാതാ ഭൂമിയേറ്റെടുക്കല്‍ വികസന ആവശ്യകതയെ മറികടന്ന് മറ്റു താല്‍പ്പര്യങ്ങളിലേയ്ക്കു കടന്നിരിക്കുന്നു. പാതാ വികസനം ഗതാഗത നയത്തെയാണ് ആശ്രയിക്കേണ്ടത്? എന്താണ് നമ്മുടെ ഗതാഗത നയം? വാഹന വ്യവസായം ആവശ്യപ്പെടുന്ന സകല സൗകര്യങ്ങളും ഒരുക്കിക്കൊടുക്കലോ? അങ്ങനെ തോന്നും പാതവികസന നയം കാണുമ്പോള്‍. ഫിസിബിലിറ്റി പഠനങ്ങളെല്ലാം അപ്രായോഗികമെന്നു വിധിച്ചിട്ടും അതുതന്നെ നടപ്പാക്കാനാണ് ഉത്സാഹം. അതു ജനങ്ങള്‍ക്കും പ്രകൃതിക്കും വരുത്തുന്ന ക്ഷതങ്ങള്‍ ആരു നോക്കുന്നു!! ആദ്യം സംസ്ഥാനത്തിനു യോജിച്ച ഗതാഗത നയം അംഗീകരിക്കണം. അനുഗുണ സാധ്യതകള്‍ -ജല റയില്‍ ഗതാഗതങ്ങള്‍ ഉള്‍പ്പെടെ - വിശകലനം ചെയ്തു തീരുമാനിക്കണം. അല്ലെങ്കില്‍ നാം ഏച്ചുകൂട്ടലുകളും വെട്ടിയൊട്ടിക്കലുകളുമായി നമ്മുടെ പുരോഗതിയെ നിര്‍ണയിച്ചുകൊണ്ടിരിക്കും.

കീഴാറ്റൂരിലെ സമരമുയര്‍ത്തുന്ന വിഷയമെന്താണ്?

കീഴാറ്റൂര്‍, നെല്‍വയലുകളുടെ നിലവിളിയാണ്. അതിനുമേല്‍ തീ വിതച്ച് അക്രമിസംഘങ്ങള്‍ യുദ്ധം കുറിച്ചിരിക്കുന്നു. അതിനാല്‍ ഒരു പിന്‍യാത്ര സാധ്യമല്ല. ഇനിയും പാതയുടെ നീളത്തില്‍ പടരുന്ന സമരങ്ങള്‍ക്കൊപ്പം വയലുകളിലെ കടന്നുകയറ്റങ്ങള്‍ക്കെതിരായ പ്രക്ഷോഭവും പടരും. ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ അതിക്രമങ്ങളെ നേരിടുന്ന മുന്നേറ്റങ്ങളെ ഒന്നിപ്പിക്കുന്ന സമരോര്‍ജ്ജമുണ്ട് കീഴാറ്റൂരിലെ ചെറുത്തുനില്‍പ്പിന്. അത് കക്ഷി രാഷ്ട്രീയത്തിന്റെ അനുകൂലവും പ്രതികൂലവുമായ വാഗ്വാദങ്ങളില്‍ മുക്കിക്കളയാമെന്ന് ആരും മോഹിക്കരുത്.

advertisment

News

Super Leaderboard 970x90