Cinema

ഐതിഹ്യവും ഭാവനയും അതികഥയും : കായംകുളം കൊച്ചുണ്ണി സിനിമ വിശകലനം - രഘുനാഥൻ പറളി

സ്വ സമയത്തേക്കാണെങ്കിലും, ഇത്തിക്കരപ്പക്കി ആയുളള മോഹന്‍ലാലിന്റെ സാന്നിധ്യം സിനിമയുടെ ചലനാത്മകത വര്‍ദ്ധിപ്പിക്കുകയും ചിത്രത്തിന് ഒരു നവ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നുവെന്നത്, ആ കഥാപാത്രം പിന്‍വാങ്ങുമ്പോളാണ് നമ്മള്‍ കൂടുതലായി തിരിച്ചറിയുക..

 ഐതിഹ്യവും ഭാവനയും അതികഥയും : കായംകുളം കൊച്ചുണ്ണി സിനിമ വിശകലനം - രഘുനാഥൻ പറളി

റോഷന്‍ ആന്‍ഡ്രൂസ് (ബോബന്‍-സ‍ഞ്ജയ് ടീമിന്റെ തിരക്കഥയില്‍) തയ്യാറാക്കിയ പുതിയ ചിത്രം 'കായംകുളം കൊച്ചുണ്ണി' ചില ചിന്തകള്‍ ഉണ്ടാക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ജനിച്ച് നാല്പത്തിയൊന്നാം വയസ്സില്‍ മരിച്ചുപോയ കായംകുളം കൊച്ചുണ്ണി, ഒരു ചരിത്ര പുരുഷന്‍ എന്നതിനേക്കാള്‍ ഐതിഹ്യ പുരുഷന്‍ എന്ന നിലയിലാണ് പൊതുവില്‍ നിലകൊള്ളുന്നത് എന്നതുതന്നെ കൗതുകകരമായ കാര്യമാണ്. 

ഐതിഹ്യമാല മുതല്‍ വിവിധ നാടകങ്ങളും കഥകളും സിനിമയും സീരിയലുമായി അത് എന്നും സജീവമായിരുന്നു. മുമ്പ് ജഗതി എന്‍ കെ ആചാരി തിരക്കഥയെഴുതി പി എ തോമസ് സംവിധാനം ചെയ്ത 'കായംകുളം കൊച്ചുണ്ണി' എന്ന സിനിമ വന്ന് അരനൂറ്റാണ്ടോളം കഴിഞ്ഞാണ് ഇപ്പോള്‍ അതേ പേരില്‍‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ സിനിമ പുറത്തിറങ്ങുന്നത്. 

യേശുദാസ് പാടി അഭിനയിക്കുകകൂടി ചെയ്ത, സത്യന്‍ നായകനായുളള ആദ്യ സിനിമ ഇറങ്ങിയത് 1966 ല്‍ ആയിരുന്നു. നായക-പ്രതിനായക ഘടകങ്ങളുളള കായംകുളം കൊച്ചുണ്ണിയില്‍, പക്ഷേ മുന്നിട്ടുനിന്നത് ജനമനസ്സുകളില്‍ ചിരംജീവിതമുളള പ്രവര്‍ത്തനങ്ങള്‍ തന്നെയാകണം. പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠപോലുമാകുന്നതിലെ അന്ത:സ്സാരം, അര്‍ഹരായ ആളുകള്‍ക്കുവേണ്ടി ചെയ്ത സല്‍വൃത്തികള്‍ തന്നെ ആയിരിക്കണമല്ലോ. ‍

അക്കാലത്ത്-പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍-‍ സാമ്പത്തികമായും ജാതീയമായും നിരന്തരം അവശതയും ചൂഷണവും അനുഭവിച്ചിരുന്ന സാധാരണക്കാരായ മനുഷ്യരോടുളള അവസാനമില്ലാത്ത കരുണയായിരിക്കണം കായംകുളം കൊച്ചുണ്ണിയുടെ ജീവചരിത്രത്തെ ഒരു ഐതിഹ്യമോ മിത്തോ ആക്കി ഉയര്‍ത്തിയത്. സമകാലികരും പലപ്പോഴും സഹചാരികളുമായി നിലകൊണ്ട ഇത്തിക്കര പക്കി എന്ന മുഹമ്മദ് അബ്ദുള്‍ ഖാദറും ഐതിഹാസിക ജീവിതം അടയാളപ്പെടുത്തിയിട്ടുളളതായാണ് കഥകള്‍. 

സമ്പന്നരായ ഫ്യൂഡല്‍-ജന്മി പ്രഭുക്കന്‍മാരെ കൊള്ളയടിച്ച് പാവങ്ങള്‍ക്ക് സമ്പത്ത് വിതരണം ചെയ്യാന്‍ കാണിച്ച‍ ജാഗ്രതയും മനോഭാവവും ആണ് നിശ്ചയമായും കായം കുളംകൊച്ചുണ്ണിയേയും ഇത്തിക്കര പക്കിയേയും വ്യത്യസ്തരും ആളുകള്‍ക്കിടയില്‍ ദൈവ സമാനരും ആക്കുന്നത്. ഒപ്പം, ഒരു ശൂദ്ര സ്ത്രീയെ ഒരു മൂഹമ്മദീയന്‍ പ്രണയിക്കുന്നതിലെ വിപ്ലവാത്മകതയും അന്നത്തെ സമൂഹത്തെ പ്രക്ഷുബ്ധമാക്കിയിരിക്കാം. ഐതിഹ്യമാലയില്‍, കൊച്ചുണ്ണിക്ക് നിരവധി സ്ത്രീ ബന്ധങ്ങളുണ്ടായിരുന്നു എന്നു പറഞ്ഞിട്ടുണ്ടെങ്കിലും സിനിമ അത് അഭിസംബോധന ചെയ്യുന്നില്ല.

റോഷന്‍ ആന്‍ഡ്രൂസ് തന്റെ കൊച്ചുണ്ണി ചിത്രത്തില്‍ ഒരു സമ്പൂര്‍ണ്ണ നായക പ്രതിഷ്ഠ തന്നെയാണ് നടത്തുന്നത്. അനശ്വരതയിലേക്ക് കുതിച്ചുപായുന്ന ഒരു കൊച്ചുണ്ണി‍, സിനിമയുടെ അവസാന ഫ്രെയിമാകുന്നതിന്റെ സാംഗത്യവും മറ്റൊന്നല്ല. കഥാപാത്രത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉത്തമവും ഉദാത്തവും ഉജ്ജ്വലവുമായി നിലകൊള്ളുന്നത് അതുകൊണ്ടാണ്. കഥാപാത്രത്തില്‍ നാട്ടിലെ ആദ്യത്തെ നക്സലൈറ്റിനേയോ, സോഷ്യലിസ്റ്റിനേയോ പോലും നാം എണ്ണുന്ന വിധം കൊച്ചുണ്ണിയെ നമ്മുടെ മനസ്സില്‍ അവശേഷിപ്പിക്കാന്‍ സംവിധായകനു കഴിയുന്നുണ്ട്. 

സ്വാഭാവികമായും കഥയുടെ പുതുമ കൊണ്ടല്ല, ആവിഷ്കാരത്തിന്റെ ശക്തികൊണ്ടാണ് അത് സൃഷ്ടമാകുന്നത് എന്ന് പ്രത്യേകം പറയട്ടെ. ആ അര്‍ത്ഥത്തില്‍, നിവിന്‍ പോളിയുടെ പ്രകടനം ഏറെ കരുത്തുറ്റതായിത്തന്നെ അനുഭവപ്പെടുന്നുണ്ട്. എല്ലാത്തരം സാമൂഹിക വിവേചനങ്ങളെയും ചോദ്യം ചെയ്യുന്ന കഥാപാത്രമാണ് സിനിമയിലെ കൊച്ചുണ്ണി. കൊച്ചുണ്ണിയിലേക്കുളള ഈ പരകായപ്രവേശം, കുറെക്കൂടി സ്പഷ്ടമാക്കുന്ന ഒരു വൈകാരികലോകം സിനിമയില്‍  വേണ്ടതായിരുന്നു എന്നുകൂടി തോന്നുകയുണ്ടായി. 

ഹ്രസ്വ സമയത്തേക്കാണെങ്കിലും, ഇത്തിക്കരപ്പക്കി ആയുളള മോഹന്‍ലാലിന്റെ സാന്നിധ്യം സിനിമയുടെ ചലനാത്മകത വര്‍ദ്ധിപ്പിക്കുകയും ചിത്രത്തിന് ഒരു നവ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നുവെന്നത്, ആ കഥാപാത്രം പിന്‍വാങ്ങുമ്പോളാണ് നമ്മള്‍ കൂടുതലായി തിരിച്ചറിയുക..! അഥവാ ഈ കഥാപാത്രം ചുരുങ്ങിയ സമയത്തേക്ക് സിനിമയെ ഹൈജാക്ക് ചെയ്യുന്നുണ്ട് എന്നു കൂടിയാണ് അതിനര്‍ത്ഥം. 

എതിരാളിയായ കേശവന്‍ എന്ന സണ്ണി വെയ്ന്‍, ഗുരുക്കളുടെ പ്രൗഢഭാവത്തിലെത്തുന്ന ബാബു ആന്‍റണി, നായികയായെത്തുന്ന പ്രിയ ആനന്ദ് എന്നിവരും സിനിമയില്‍ ശ്രദ്ധേയമായ വിധത്തില്‍ തങ്ങളുടെ ഭാഗം പൂര്‍ത്തിയാക്കുന്നു. ഗോപി സുന്ദറിന്‍റെ സംഗീതവും ബിനോദ് പ്രധാന്റെ ക്യാമറയും ഈ ചിത്രത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ തന്നെ. ഒരു വാമൊഴിക്കഥയെ ഒന്നുകൂടി കഥാവത്കരിച്ചും നായകനെ ഒന്നുകൂടി വീരനായകനാക്കിയും നീങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആസ്വാദനം ഒരു 'മാസ് എന്റര്‍ടെയ്ന്‍മെന്റ്' എന്ന നിലയില്‍ മാത്രമാണ് പ്രസക്തമാകുന്നത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ- അഥവാ ചരിത്രപരമായ സൂക്ഷ്മാന്വേഷണങ്ങള്‍ ഈ സിനിമയ്ക്കുമുന്നില്‍ റദ്ദായിപ്പോകുക തന്നെ ചെയ്യും എന്നു ചുരുക്കം..!

advertisment

News

Related News

    Super Leaderboard 970x90