'കള്ളത്തരം അറിയാത്ത പ്രായത്തിൽ ,ക്ഷമയോടെ വാർത്തെടുക്കാൻ പറ്റിയാൽ.., വ്യക്തിയുടെകൗമാരം നന്ന്.. യൗവനം നന്ന്.. ഓരോ കാലഘട്ടവും നല്ലത്..' - കലാ ഷിബു

ജോലി ചെയ്താൽ പോരെ..?എന്തിനാണ് അമിതമായി കേസുകളിൽ ഇറങ്ങി ചെല്ലുന്നത് ..?ഈ ചോദ്യം കൗൺസിലോർ ആയ ഞാൻ നിരന്തരം കേൾക്കാറുണ്ട്..എനിക്കെന്റെ ജോലി പ്രാണവായു പോലെ ആണ്..

'കള്ളത്തരം അറിയാത്ത പ്രായത്തിൽ ,ക്ഷമയോടെ വാർത്തെടുക്കാൻ പറ്റിയാൽ.., വ്യക്തിയുടെകൗമാരം നന്ന്.. യൗവനം നന്ന്.. ഓരോ കാലഘട്ടവും നല്ലത്..' - കലാ ഷിബു

രണ്ടു ചെറിയ ആണ്മക്കളെയും കൊണ്ട് കഷ്ട്ടപ്പെടുന്ന ‘അമ്മ ഉണ്ട്..

ഭാര്തതാവ് ഉപേക്ഷിച്ചു പോയ ഒരുവൾ..
”അവത്തുങ്ങളെ പൂട്ടി ഇട്ടിട്ടാണ് ചേച്ചി ഞാൻ ജോലിക്കു ഇറങ്ങുന്നത്..
കുരുത്തക്കേടിനു കയ്യും കാലും വെച്ചതാ..
പക്ഷെ എന്താ ചെയ്ക..?
അരി വാങ്ങേണ്ടേ.!?
പതം പറഞ്ഞു ശ്രീദേവി എന്നും കരയും…

ഇന്നലെ , അവളുടെ രണ്ടര വയസ്സ് ഉള്ള ഇളയ മോനെ അഞ്ചു വയസ്സുകാരൻ അലമാരയിൽ എടുത്ത് വെച്ചങ്ങു പൂട്ടി..
”അവനെ ഏതെങ്കിലും ട്യൂഷന് വിടാൻ പറഞ്ഞാൽ ‘അമ്മ കേൾക്കില്ല
ഭയങ്കര കുരുത്തക്കേട്..
ഞാൻ അതോണ്ട് അലമാരയിൽ സൂക്ഷിച്ചു പൂട്ടി വെച്ചിട്ടുണ്ട്..”
ഇളയ കുഞ്ഞു വന്നു എന്നത് കൊണ്ട് അഞ്ചു വയസ്സുകാരൻ പക്വത എത്തണം എന്നില്ല.
അവൾ അതിനെ അടിച്ചു പൊട്ടിച്ചു കാണും..
സംഭവം അറിഞ്ഞു പെട്ടന്ന് അതാണ് ഞാൻ ഓർത്തത്..!

മുപ്പത്തി എട്ടു വര്ഷം മുൻപ്..
ചെറിയ ഓർമ്മ ഇന്നും ഉണ്ട്..
തുണി തൊട്ടിലിൽ കിടന്നു കരയുന്ന അനിയൻ..
എന്റെ കൂടെ കളിച്ചു കൊണ്ടിരുന്ന അമ്മയുടെ സഹായി കുട്ടി ,ലൈല ,അവനെ ആട്ടി ഉറക്കാൻ അങ്ങോട്ട് പോയി..
എന്തായിരുന്നു എന്റെ മനസ്സിൽ എന്നൊന്നും ഓർക്കുന്നില്ല..
പിന്നാലെ ചെന്ന് , പിറകു വശത്ത് ആഞ്ഞു കടിച്ചതും അവൾ അമ്മയുടെ അടുത്ത് പറയുന്നതും ,
എനിക്ക് അടി കിട്ടിയതുമേ ഓർക്കുന്നുള്ളു..
കടിക്കുക , നുള്ളുക ..ഇതായിരുന്നു പ്രധാന ആയുധം പിന്നെയും..
ഈ അടുത്ത് , എന്റെ നാത്തൂനോട് അനിയൻ ആ കാര്യം പറഞ്ഞു..
”ഇവൾക്ക് ഞാൻ ചില്ലറ അടി അല്ല അമ്മയുടെ അടുത്ത് നിന്നും വാങ്ങി കൊടുത്തിട്ടുള്ളത്..
ഞാൻ ഇടിക്കും..
അടിക്കും..
അവള് സഹിക്കാതെ എന്നെ നുള്ളും , കടിക്കും..
എന്റെ മേലെ പാട് വീഴും..
‘അമ്മ വന്നു ഇവളെ അടിക്കും..”.
മദ്ധ്യവയസ്സിൽ എത്തിയ എനിക്ക് ഇത് ചിരിച്ചു കളയേണ്ട കാര്യമാണ്..
പക്ഷെ ഉള്ളിൽ ഒരു നീറ്റല് ഉണ്ടായി..
അന്നത്തെ കാലത്ത് ഉണ്ടായ അതേ പൊള്ളൽ..
നിനക്ക് നാണമില്ലല്ലോ ഇതൊക്കെ ഓർത്തു വെയ്ക്കാൻ..?
‘അമ്മ സ്ഥിരമായി പറയാറുണ്ട്..
എന്ന് പറഞ്ഞാൽ മനഃപൂർവം അല്ലന്നേ..!

” നോക്കിയേ ഞങ്ങളുടെ കൊച്ചിന്റെ കയ്യിലെ പാട്..
ഇത് ശെരി ആകില്ല..’
കുടുംബത്തിലെ ഒത്തു ചേരലിൽ മുതിർന്ന ഒരു സ്ത്രീ അമ്മയോട് പറഞ്ഞു..
അവരുടെ കയ്യിൽ അനിയന്റെ തൊലി പോയ കയ്യും പിടിച്ചു വെച്ചിട്ടുണ്ട്..
മൂക്കള ഒളിപ്പിച്ചു കരയുന്ന അവനെ കണ്ടിട്ട് എനിക്കും സഹതാപം ഉണ്ട്..
പക്ഷെ..അടയാളം ഉണ്ടാക്കാതെ വേദനിച്ചു കൊണ്ടിരിക്കുന്ന എന്റെ ശരീരമോ..?
എന്നെ ചെയ്യുന്നത് ആരും കാണുന്നില്ല..!!

ആ നിമിഷം വൈരാഗ്യം അല്ല..
അവനെ കാൾ, നാല് വയസ്സിനു മൂത്ത കുട്ടിക്ക് അതിശയം ആണ് തോന്നിയത്..!

അതൊരു നിത്യ സംഭവം ആയി മാറി..
കാലത്തിന്റെ ഒഴുക്കിൽ , അതെന്റെ സ്വഭാവത്തിന്റെ സ്വാധീനിച്ചു..
വാശിയും വൈരാഗ്യവും ആണ് ഏതു പിണക്കത്തിലും ആദ്യം ഉണ്ടാകുക..
അനിയൻ അതേ സമയം..
സമാധാനപ്രിയൻ.., ശുഭാപ്തി വിശ്വാസക്കാരൻ..!

അതിനെ കുറിച്ച് ഞാൻ ബോധവതി ആണ് എന്നത് മാത്രമാണ് ആകെ ഒരു ആശ്വാസം..!

വല്യമ്മയുടെ മകൾ നിഷ ചേച്ചി , ഒരിക്കൽ എന്റെയും അനിയന്റെയും വഴക്കിനു സാക്ഷി ആയി..
”അവള് വെറുതെ അല്ല നുള്ളുന്നത്..
മുടിയിൽ പിടിച്ചു വലിച്ചു വെച്ചിരിക്കുക ആയിരുന്നു..
എന്തൊരു ഇടിയാണ് കൊടുക്കുന്നത്..!
ഭൂമിയിൽ ആദ്യത്തെ വാചകം അതായിരുന്നു..
എന്നെ പിന്തുണച്ച എനിക്ക് മനസ്സിലായ ഭാഷ..!
പക്ഷെ അവരുടെ പതിഞ്ഞ ശബ്ദം ആരും കേട്ടില്ല..
എന്നാലും ഇന്നും എന്റെ ഉള്ളിൽ എനിക്ക് വേണ്ടി സംസാരിച്ച ആ നന്ദി തീർത്താൽ തീരാതെ ഉണ്ട്..

‘അമ്മ വീട്ടിലെ നല്ല കുഞ്ഞുങ്ങൾക്ക് ഇടയിൽ ഞാൻ ഒരു റിബൽ ആയി വളർന്നു..
ഓർമ്മയിൽ ആരും എന്നെ പറ്റി നല്ലത് പറയുന്നത് കേട്ടിട്ടില്ല..!
ഞാൻ പോലും എന്നെ ദുഷിച്ചു പറയാനേ ശ്രമിച്ചിട്ടുള്ളു..
അതിനു ആകെ എന്നെ വിലക്കിയത് അമ്മായി ഗിരിജ ആയിരുന്നു..
സ്വയം താഴ്ത്തി കെട്ടരുത്..
അവർ പലപ്പോഴും വഴക്കു പറഞ്ഞു..
പക്ഷെ ,
സ്വഭാവ വൈകല്യങ്ങളുടെ കൂമ്പാരം ആയിരുന്നു എന്നിലെ കൗമാരക്കാരി..
ഒരു വിധം ക്ലാസ്സിൽ നന്നായി പഠിച്ചിരുന്ന കുട്ടി എന്ത് കൊണ്ട് താഴേയ്ക്ക് വന്നു എന്ന് ചോദിയ്ക്കാൻ ഒരു ടീച്ചർ , ഒരു കൗൺസിലോർ ഒന്നും ഉള്ള കാലഘട്ടം അല്ല..
ശിക്ഷയും ഒറ്റപ്പെടലും..!

‘അമ്മ ശാന്ത സ്വരൂപി ആണ്..
എന്ത് ഭാഗ്യം ചെയ്തിട്ടാണ് നിങ്ങള്ക്ക് ഇങ്ങനെ ഒരു മകനെ ലഭിച്ചത്..
അക്കയുടെ അതേ പ്രകൃതം..
ഇവള് പിന്നെ അളിയൻ തന്നെ..!!
ഇളയ അമ്മാവന്റെ വാക്കുകൾ കേട്ട് ഞാൻ അച്ഛനെയും അമ്മയെയും നോക്കി..
അവർക്കു എതിർപ്പില്ല.
എന്നെ പോലെ അടിപൊളി സ്വഭാവം ആണ് അച്ഛനും എന്ന്..!
കലക്കി..!
വാ മച്ചാ..!!

പിന്നെ ഒരു നല്ല കുട്ടി ചിത്രം ജീവിതത്തിൽ കൊണ്ട് വരാൻ ശ്രമിച്ചിട്ടേ ഇല്ല..
തോന്നിയത് വിളിച്ചു പറയാനും ചെയ്യാനും ഭയങ്കര ഇഷ്‌ടമായിരുന്നു..
കൂട്ടുകാരും ഇല്ല..
കൂട്ടുകാരെ സ്വാധീനിക്കാനുള്ള സ്വഭാവ ഗുണം അന്നൊന്നും ഉണ്ടായിരുന്നില്ല..
അനിയൻ നേരെ തിരിച്ചും..
നല്ല ഗുണങ്ങളുടെ ചട്ടക്കൂടിനുള്ളിൽ കിടന്നു അവൻ ശ്വാസം മുട്ടി കാണും…
പാവം..!

ജോലി ചെയ്താൽ പോരെ..?
എന്തിനാണ് അമിതമായി കേസുകളിൽ ഇറങ്ങി ചെല്ലുന്നത് ..?
ഈ ചോദ്യം കൗൺസിലോർ ആയ ഞാൻ നിരന്തരം കേൾക്കാറുണ്ട്.
.എനിക്കെന്റെ ജോലി പ്രാണവായു പോലെ ആണ്..
എന്റെ നിയോഗം ഇതാണ്..
ക്ലാസ്സിലെ ചട്ടമ്പി ആയിരിക്കും എന്റെ പ്രിയപ്പെട്ടവൻ..
നല്ല ഒരു കുഞ്ഞായി അവനെ , അല്ലേൽ അവളെ വാർത്തെടുക്കാൻ പരമാവധി നോക്കാറുണ്ട്..
കാരണം ആ കുരുത്തക്കേടിനും അനുസരണക്കേടിനും പിന്നിൽ ഒരു കഥയുണ്ട്..
കഥയ്ക്ക് പിന്നിൽ മറ്റൊരു കഥ ഉണ്ട്.,.
ജീവിതം സാക്ഷി..!!

”അവനെ എന്തെങ്കിലും ചെയ്താൽ ‘അമ്മ അടിക്കും..
എന്നെ ഉപദ്രവിക്കുമ്പോൾ എനിക്ക് നോവില്ലേ..
ശല്യം സഹിക്കാൻ വയ്യാതെ ആണ് ഞാൻ അലമാരയിൽ വെച്ച് പൂട്ടിയത്..!”’
ശ്രീദേവിയുടെ മകന്റെ വാക്കുകളിലെ നിഷ്കളങ്കത..!

എന്ത് എഴുതാൻ ആണ് കൂടുതൽ….?
ആത്മാവിനു ഒരു തിളക്കം വേണം..
പതിനഞ്ചും പതിനാറും വയസ്സിൽ വ്യക്തിത്വ വികസന ക്ലാസ്സിൽ പോയിരുന്നാൽ കിട്ടുന്ന ഒന്നല്ല അത്..
അറിവില്ലാത്ത പ്രായത്തിൽ..
കള്ളത്തരം അറിയാത്ത പ്രായത്തിൽ ,
ക്ഷമയോടെ
വാർത്തെടുക്കാൻ പറ്റിയാൽ..,
വ്യക്തിയുടെ
കൗമാരം നന്ന്..
യൗവനം നന്ന്..
ഓരോ കാലഘട്ടവും നല്ലത്..!

#TAGS : kala-shibu  

advertisment

News

Related News

    Super Leaderboard 970x90