Cinema

കഥ പറഞ്ഞ കഥ... തിയേറ്ററിൽ തന്നെ കാണേണ്ട ഒരു ഫീൽ ഗുഡ് സിനിമ - രഞ്ജിത് എ.ആർ

ഓർമകളിൽ ചെമ്പകപ്പൂവിന്റെ ഗന്ധം നിറയ്ക്കുന്ന, കണ്ണുകൾക്ക് ഹരിതഭംഗിയുടെ കുളിർമ നേരുന്ന, മനസിന് നന്മയുടെ നേർക്കാഴ്ചകൾ നൽകുന്ന ഈ സിനിമ അതിനെയെല്ലാം കവച്ചു വെയ്ക്കുന്നു....

കഥ പറഞ്ഞ കഥ... തിയേറ്ററിൽ തന്നെ കാണേണ്ട ഒരു ഫീൽ ഗുഡ് സിനിമ - രഞ്ജിത് എ.ആർ

ഇന്നലെ കഥ പറഞ്ഞ കഥ എന്ന സിനിമ കണ്ടു. ഒട്ടും പ്രതീക്ഷകൾ വെയ്ക്കാതെയാണ് പോയത്! പക്ഷെ ആദ്യ ഫ്രെയിം മുതലേ, ഒരു വ്യത്യസ്തത തോന്നിയിരുന്നു... ആദ്യ അര മണിക്കൂറു കൊണ്ട് ഇതൊരു കണ്ടിരിക്കാവുന്ന ഫീൽ ഗുഡ് സിനിമയാണെന്ന് തോന്നും, ഇൻറർവെൽ ആകുമ്പോഴേക്കും സിനിമ നമ്മെ ചിന്തിപ്പിച്ചു തുടങ്ങും, രണ്ടാം പകുതിയിലെ ഓരോ നിമിഷത്തിലും സംവിധായകൻ ക്ലൈമാക്സിലേയ്ക്കുള്ള ഒരു വമ്പൻ ട്വിസ്റ്റ് കരുതി വെയ്ക്കുന്നുണ്ട്! കഴിയാറാകുമ്പോഴേയ്ക്കും, ഈ അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല ക്ലൈമാക്സുമായി നമ്മുടെ ഹൃദയത്തിലേയ്ക്ക് ഈ സിനിമ പ്രവേശിച്ചിട്ടുണ്ടാകും.

പതിയെ ആരംഭിച്ച് കൊട്ടിക്കയറി, ക്ലൈമാക്സിൽ അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് എത്തുന്ന തിരക്കഥ, സ്നേഹത്തിലൂടെയും സൗഹൃദത്തിലൂടെയും പ്രണയത്തിലൂടെയും പ്രതികാരത്തിലൂടെയും കടന്നുപോയി ഒരു കിടിലൻ ത്രില്ലർ ആയി മാറുന്നതു കാണാം.
എല്ലാം തികഞ്ഞ കലാസൃഷ്ടിയാവില്ല, കഥ പറഞ്ഞ കഥ. പക്ഷെ, ഒരു കലാമൂല്യവുമില്ലാതെ മാർക്കറ്റിങ്ങ് ഗിമ്മിക്കുകൾ കൊണ്ടു മാത്രം നമ്മൾ കണ്ടു തള്ളുന്ന ന്യൂജെൻ ചവറുകളേക്കാൾ നൂറിരട്ടി നല്ലതാകും ഇത്..!

റോക്ക്സ്റ്റാറിനു ശേഷം സിദ്ധാർഥ് മേനോൻ നായകനാകുന്ന ചിത്രത്തിൽ, സിദ്ധാർഥ് പഴയ ചിത്രത്തിൽ നിന്നും ഏറെ മുന്നോട്ടു പോയിരിക്കുന്നു! എടുത്തു പറയേണ്ടത്, പുതുമുഖ നായിക താരുഷിയുടെ അഭിനയമാണ്. ജെന്നിഫറായി ജീവിക്കുകയായിരുന്ന താരുഷി, സിനിമ എന്ന കലയുടെ ഭാവി വാഗ്ദാനമാണെന്നുറപ്പ്. ഷഹീൻ സിദ്ധിക്കിന്റെ കാലം വരുന്നതേയുള്ളൂ. അച്ഛനെപ്പോലെത്തന്നെ മലയാള സിനിമയുടെ ഭാവിയിലെ ഏറ്റവും versatile ആയ നടനാകും അയാൾ! ദിലീഷ് പോത്തൻ, ശ്രീകാന്ത് മുരളി, പ്രവീണ, മഞ്ജു എന്നിവർ എന്നത്തേയും പോലെ മികച്ചു നിന്നു. ജെന്നിയുടെ കുട്ടിക്കാലം അഭിനയിച്ച വലിയ കണ്ണുകളുള്ള ആ കുട്ടിയും ഓർമ്മയിൽ നിന്ന് മായാതെ നിൽക്കുന്നു. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയ ലോക ചാമ്പ്യൻ ജോബിയെ സിനിമയിൽ അത്തരമൊരു വേഷത്തിൽ അവതരിപ്പിച്ചതും ഏറെ സന്തോഷം നൽകുന്നു! ആദ്യമായി കാമറയ്ക്കു മുന്നിലെത്തുന്നു എന്ന ഫീലില്ലാതെ, തന്റെ റോൾ ഭംഗിയാക്കിയ ഡോ.രാജേഷിനും അഭിമാനിക്കാം.

ജെയ്സൺ ജെ നായരുടെ പാട്ടുകൾ, കേട്ടിട്ടില്ലെങ്കിൽ യു ട്യൂബിൽ സെർച്ച് ചെയ്ത് കേൾക്കണം. ശബ്ദകോലാഹലങ്ങളുടെ തല തിരിഞ്ഞ സിനിമാസംഗീത ലോകത്തെ വേറിട്ട ശബ്ദമാണ് അദ്ദേഹം. മെല്ലെ മെല്ലെ, അരികിലെൻ, കണ്ണോളം എന്നീ പാട്ടുകൾക്ക് വരികളൊരുക്കിയ ഡോ.ലക്ഷ്മി, കാവ്യാത്മകമായ ചിന്തകൾ കൊണ്ട് അവയെ അതിമനോഹരമാക്കിയിരിക്കുന്നു!

ടെക്നിക്കൽ ഭാഗങ്ങൾ അല്പം കൂടി നന്നാക്കാമായിരുന്നു എന്നു തോന്നി. എന്നിരുന്നാലും, ഓർമകളിൽ ചെമ്പകപ്പൂവിന്റെ ഗന്ധം നിറയ്ക്കുന്ന, കണ്ണുകൾക്ക് ഹരിതഭംഗിയുടെ കുളിർമ നേരുന്ന, മനസിന് നന്മയുടെ നേർക്കാഴ്ചകൾ നൽകുന്ന ഈ സിനിമ അതിനെയെല്ലാം കവച്ചു വെയ്ക്കുന്നു.

തിരക്കഥാകൃത്തും, സംവിധായകനുമായ ഡോ. സിജു ജവഹറിന് എഴുന്നേറ്റ് നിന്നൊരു കയ്യടി! ആദ്യ സിനിമയുടെ അങ്കലാപ്പുകളില്ലാതെ, സിനിമയുടെ രസച്ചരട് പൊട്ടാതെ ഞങ്ങളിലേയ്ക്ക് എത്തിച്ചതിന് ...പ്രതിസന്ധികളിൽ തളരാതെ തന്റെ പാഷൻ നെഞ്ചോട് ചേർത്തു പിടിച്ചതിന് !!

കച്ചവടസിനിമയുടെ ഈ യുഗത്തിൽ, ഈ കൊച്ചു സിനിമ തീർച്ചയായും അംഗീകരിക്കപ്പെടേണ്ടതാണ്... ധൈര്യമായി പൊയ്ക്കോളൂ.,.മുൻവിധികളില്ലാതെ സിനിമയിൽ അലിഞ്ഞോളൂ.... ഒരല്പം ഈറനുള്ള കണ്ണുകളും, ആർദ്രമായ മനസും, സുഖമുള്ള നോവുമായി തിയറ്ററിൽ നിന്നിറങ്ങാം!

advertisment

News

Super Leaderboard 970x90