Cinema

ആരുടെ തോന്നലായിരുന്നു ശ്രീദേവി? - കെപി റഷീദ്

എല്ലാവരും ആരാധിച്ചു. വിഗ്രഹമാക്കി. വിഗ്രഹമായി പുലരാൻ പ്രേരിപ്പിച്ചു. ഒടുക്കം ആരാധകർ ശേഷിച്ചു. ദൈവം മറഞ്ഞു.ഇത് ശ്രീദേവിയുടെ മാത്രം കഥയല്ല. നമ്മുടെ നടികളുടെ, താരങ്ങളുടെ മാത്രം കഥയല്ല. നമ്മുടെ കാലത്തെ മനുഷ്യരുടെ മൊത്തം കഥയാണ്....

ആരുടെ തോന്നലായിരുന്നു ശ്രീദേവി? - കെപി റഷീദ്

മറ്റുള്ളവർക്ക് ശ്രീദേവി ഒരു ശരീരം മാത്രമായിരുന്നു. അഴകളവുകൾ തെറ്റിക്കാതെ ചിരിയും പ്രണയവും മധുരവുമായി തിരശ്ശീലയിലും തിരശ്ശീലയ്ക്ക് പുറത്തും പ്രത്യക്ഷപ്പെടേണ്ട ഒരു പെണ്ണുടൽ. ആരാധന കൊണ്ടോ പ്രേമം കൊണ്ടോ അസൂയ കൊണ്ടോ ചുറ്റുമുള്ളവർ അവരെ സദാ വരവേറ്റു. കാണികളുടെ കണ്ണിനെ വശീകരിക്കുന്നൊരു കാഴ്ചയായി സിനിമാ ലോകവും അവരെ നിരന്തരം അടയാളപ്പെടുത്തി.

ശ്രീദേവിക്കോ?

കാണികളുടെ ആഗ്രഹങ്ങളെ, കാഴ്ചയുടെ ആസക്തികളെ, ഇൻഡസ്ട്രിയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തേണ്ട ഒരുടലായി മാത്രം സ്വയം കാണാൻ അവരും ശീലിച്ചു. മുഖത്തൊരു ചുളിവ് വീണാൽ, ഇത്തിരി തടി കൂടിയാൽ, ശരീരഭാഷയിലൊരു നേരിയ വ്യതിയാനം വന്നാൽ അവർ സമ്മർദ്ദത്തിലായി.ശസ്ത്രക്രിയകളും ആശുപത്രികളും ഡയറ്റും വ്യായാമവും കൊണ്ട് ആ സമ്മർദ്ദത്തെ അതിജയിക്കാൻ നിരന്തരം ഓടി. പ്രായത്തെ തോല്പിച്ച ചാരുത എന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാൻ അവർ തന്നെത്തന്നെ ബലി നൽകി. അവസാന കാലങ്ങളിൽ, അഴകളവുകളിൽ കൃത്യത കാണിക്കുമ്പോഴും അവർ അകമേ അവശയാവുന്നത് കണ്ടവരാരും ഒന്നും പറഞ്ഞില്ല.

എല്ലാവരും ആരാധിച്ചു. വിഗ്രഹമാക്കി. വിഗ്രഹമായി പുലരാൻ പ്രേരിപ്പിച്ചു. ഒടുക്കം ആരാധകർ ശേഷിച്ചു. ദൈവം മറഞ്ഞു.

ഇത് ശ്രീദേവിയുടെ മാത്രം കഥയല്ല. നമ്മുടെ നടികളുടെ, താരങ്ങളുടെ മാത്രം കഥയല്ല. നമ്മുടെ കാലത്തെ മനുഷ്യരുടെ മൊത്തം കഥയാണ്. മറ്റുള്ളവരുടെ കണ്ണിലെ കാഴ്ച മാത്രമായി, മറ്റാരോ തീരുമാനിക്കുന്ന ഫാഷൻ വിപണിയിലെ കൃത്യമനുപാതങ്ങളിലുള്ള ഫ്രെയിമായി, ശരീരം മാത്രമായി ജീവിച്ചു മരിക്കേണ്ടി വരുന്നവരുടെ കഥ. എല്ലാവരും അവരവരിലേക്ക് കൂടുതൽ കൂടുതൽ ഒതുങ്ങുന്ന, അകമേ കൂടുതൽ കൂടുതൽ ഒറ്റയ്ക്കാവുന്ന നമ്മുടെ കാലത്ത് ശരീരമാവുക എന്നത് തന്നെയേ നമുക്ക് മുന്നിലും ഓപ്ഷൻ ഉള്ളൂ.

ആരുടെ തോന്നലാണ് നാമെന്ന്, ആരുടെ ധാരണയാണ് നമ്മുടെ സൗന്ദര്യ സങ്കൽപ്പമെന്ന്, ആരുടെ കാഴ്ചയാണ് നമ്മുടെ ജീവിതത്തെ നിർണയിക്കുന്നതെന്ന് പറയാതെ പറയുന്നുണ്ട്, ശ്രീദേവിയുടെ വിയോഗം.

#TAGS : sridevi  

advertisment

News

Super Leaderboard 970x90