Kerala

കണ്ണൂരിലെ അരും കൊലകളെ കുറിച്ച് മാത്രമല്ല, ആയുധപ്പുരകളെ കുറിച്ചു കൂടി സംസാരിക്കൂ... കെപി റഷീദ്

ആയുധങ്ങൾ കൊല്ലാനുള്ളതാണ്. മുറിവേൽപ്പിക്കാനോ എണീക്കാനാവാത്ത വിധം വീഴ്ത്താനോ ഉള്ളതാണ്. മനുഷ്യരുടെ ജീവനെടുക്കാനുള്ളതാണ്. അതിന്മേൽ അടയിരിക്കുന്നവർ ചോര മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. സമാധാന യോഗങ്ങളുടെയും ന്യായീകരണങ്ങളുടെയും ഇടയിലും ഈ സ്ഥലങ്ങളിലെല്ലാം ആയുധങ്ങൾ അനേകം മനുഷ്യരുടെ ചോര കാത്തു കിടക്കുക തന്നെയാണ്.

കണ്ണൂരിലെ അരും കൊലകളെ കുറിച്ച് മാത്രമല്ല, ആയുധപ്പുരകളെ കുറിച്ചു കൂടി സംസാരിക്കൂ... കെപി റഷീദ്

 കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഒരു പിറന്നാൾ ചിത്രം കണ്ടിരുന്നു. കണ്ണൂരിലെ ഏതോ സ്ഥലത്തെ, ഇപ്പോ പേരോർമ്മയില്ലാത്ത ഏതോ ആളുടെ എഫ് ബി പോസ്റ്റ്. അതൊരു പിറന്നാൾ ആഘോഷത്തിന്റെ ചിത്രം ആയിരുന്നു.‌ വടി വാൾ കൊണ്ട് പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ ചിത്രം.‌ ഹീറോയിസവും ധാർഷ്ട്യം കലർന്ന ആനന്ദവുമായിരുന്നു, പോസ്റ്റിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് വിശേഷിപ്പിക്കുന്ന ആ ചെറുപ്പക്കാരന്റെ മുഖത്ത്.

വടിവാൾ കൊണ്ട് പിറന്നാൾ കേക്ക് മുറിക്കുന്ന ആ ചിത്രം കണ്ണൂർ അടക്കമുള്ള സ്ഥലങ്ങൾ ഇന്നഭിമുഖീകരിക്കുന്ന പച്ചയായ യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയാണ്.ആയുധങ്ങൾ അത്രയ്ക്ക് ആരാധിക്കപ്പെടുന്ന ഇടങ്ങളുടെ നേര്. ആയുധങ്ങളും കരുതി വെച്ച് ഇരയെ കാത്ത് നിത്യജീവിതം ജീവിക്കുന്ന ഒരുപാടു പേരുടെ മനസ്സ്.

ആയുധങ്ങൾ കൊല്ലാനുള്ളതാണ്. മുറിവേൽപ്പിക്കാനോ എണീക്കാനാവാത്ത വിധം വീഴ്ത്താനോ ഉള്ളതാണ്. മനുഷ്യരുടെ ജീവനെടുക്കാനുള്ളതാണ്. അതിന്മേൽ അടയിരിക്കുന്നവർ ചോര മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. സമാധാന യോഗങ്ങളുടെയും ന്യായീകരണങ്ങളുടെയും ഇടയിലും ഈ സ്ഥലങ്ങളിലെല്ലാം ആയുധങ്ങൾ അനേകം മനുഷ്യരുടെ ചോര കാത്തു കിടക്കുക തന്നെയാണ്. ഏത് സമയവും ഉപയോഗിക്കപ്പെടാൻ ലക്ഷ്യം വെച്ച് ഇരിക്കുകയാണ്. പാർട്ടി നേതൃത്വങ്ങളുടെ അറിവോടെ തന്നെയാണ്, അക്രമണം എന്നോ പ്രതിരോധം എന്നോ പേരിട്ട്, മനുഷ്യരെ കൊല്ലാനുള്ള ആളുകളെയും ആയുധങ്ങളെയും സൂക്ഷിക്കുന്നത്. ശൂന്യതയിൽ നിന്ന് ആരോ സൃഷ്ടിക്കുന്നതല്ല ഒരു അരുംകൊലയും.

അതിനാൽ, ആദ്യം നിങ്ങളാ ആയുധങ്ങൾ എടുത്തു മാറ്റാൻ തയ്യാറാവൂ. കൊല്ലാൻ വേണ്ടി കരുതി വെച്ച ആ ചെറുപ്പക്കാരെ മറ്റു വല്ല കാര്യങ്ങളും ഏൽപ്പിക്കൂ.‌ എന്നിട്ട് നമുക്ക് സമാധാനത്തെയും ശാന്തിയെയും കുറിച്ച് സംസാരിക്കാം. അക്രമണങ്ങളെയും ചെറുത്ത് നിൽപ്പുകളെയും കുറിച്ച് തർക്കിക്കാം, ആരോപണ പ്രത്യാരോപണങ്ങൾ നടത്താം.‌

നോക്കൂ, വാളിന് ഒരു ഭാഷയേ അറിയൂ. അതിന് നിങ്ങളുടെ ഫിലോസഫിയോ പ്രത്യയശാസ്ത്രമോ മനസ്സിലാവില്ല.‌ ഏത് കഴുത്തും അതിനൊരു പോലെ. ഏത് ചോരയും ഒരു പോലെ. കാര്യങ്ങൾ വാളുകളെ ഏൽപ്പിച്ച് രാഷ്ട്രീയം ചർച്ച ചെയ്യുന്നതിലെ അസംബന്ധം പോലും അതിന് പിടികിട്ടുകയേ ഇല്ല.

advertisment

News

Super Leaderboard 970x90