ഹരീഷിന്റെ നോവൽ വായിച്ചല്ല ഈ പുകിലൊന്നും... അവർക്ക് മുന്നിൽ ഇമേജുകളേ ഉള്ളൂ... നോവലിലെ ഒരു നെഗറ്റീവ് കഥാപാത്രം പറഞ്ഞ ഡയലോഗുകൾ പ്രസിദ്ധീകരിച്ച ഭാഗം മുറിച്ചെടുത്ത ഇമേജുകൾ... കെ പി റഷീദ് എഴുതിയ കുറിപ്പ്

ഇത് എഴുത്തുകാരുടെ കന്നം തിരിവ് എന്ന് നിക്ഷ്പക്ഷരാവാനും പക്വത കാണിക്കാനും നോക്കുന്ന ഒരു പാട് പേരെ കാണും. നമ്മളാരെയും ബാധിക്കില്ല ഇതൊന്നും എന്ന തോന്നലാണ് അവരുടെ ശക്തി.

ഹരീഷിന്റെ നോവൽ വായിച്ചല്ല ഈ പുകിലൊന്നും... അവർക്ക് മുന്നിൽ ഇമേജുകളേ ഉള്ളൂ... നോവലിലെ ഒരു നെഗറ്റീവ് കഥാപാത്രം പറഞ്ഞ ഡയലോഗുകൾ പ്രസിദ്ധീകരിച്ച ഭാഗം മുറിച്ചെടുത്ത ഇമേജുകൾ... കെ പി റഷീദ് എഴുതിയ കുറിപ്പ്

സംഗതി നോവലോ എഴുത്തുകാരനോ അതിലെ സംഭാഷണമോ ഒന്നുമല്ല.

ഉന്നം, മതത്തിന്റെ അടിസ്ഥാനത്തിലുള്ള കൺസോളിഡേഷനാണ്. ഏത് വഴിക്കും അധികാരം പിടിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ ടാർഗറ്റാണ്. കേരളമാണ്.

കേരളത്തിൽ വേരുറപ്പിക്കണം. അതിന് പല ജാതികളായി, സംഘടനകളായി നിൽക്കുന്നവരെ ഒന്നിപ്പിക്കണം. സ്വത്വബോധം ഉണർത്തണം.അതിനുള്ള ഓരോ പഴുതും ഉപയോഗിക്കണം. അത് നോവലാവാം. ടെലിവിഷൻ പരിപാടിയാവാം.‌ സിനിമയാവാം. ഫേസ് ബുക്കിലെ ഒരു കമന്റു പോലുമാവാം.

വസ്തുതകൾ അതിനാവശ്യമില്ല. യുക്തി അതിനു വേണ്ടതില്ല. വെറും ബഹളം. പുകമറ.‌ പുലി വരുന്നേ എന്നുള്ള അലർച്ചകൾ. നുണകൾ, അർദ്ധ സത്യങ്ങൾ, വ്യാജ വാർത്തകൾ, കള്ള പ്രചാരണങ്ങൾ, ഫേക്ക് ഇമേജുകൾ. എന്തുമാവാം മാർഗം. ഏത് വിഷവും നിമിഷങ്ങൾ കൊണ്ട് ഏതയലത്തും എത്തിക്കാവുന്ന വാട്ട്സാപ്പും ഫേസ് ബുക്കും ഒക്കെയാണ് ആയുധങ്ങൾ.

നിങ്ങൾക്കവരെ സത്യം പറഞ്ഞ് നേരിടാനാവില്ല. വസ്തുതകൾ കൊണ്ട് ബോധ്യപ്പെടുത്താനാവില്ല. എഴുത്ത് കൊണ്ടോ സംസാരം കൊണ്ടോ ഒന്നും മനസ്സിലാക്കിക്കൊടുക്കാനുമാവില്ല.‌

ഒന്നും പഠിക്കാൻ തയ്യാറാവാത്ത ഒരാൾക്കൂട്ടമാണ് ടാർഗറ്റ്. കാണുന്നത് അപ്പടി വിശ്വസിക്കാനും കേൾക്കുന്നതെല്ലാം നേരെന്ന് കരുതാനും തട്ടിക്കൂട്ടു യുക്തികളിൽ ഒരു സംശയവുമില്ലാതെ തലവെക്കാനും നിൽക്കുന്നവരാണ് ആ ആൾക്കൂട്ടം. അവർക്ക് ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മകളില്ല. ഭാവിയെക്കുറിച്ചുള്ള ചിന്തകളും.

ദുർഗാ ദേവിയെ കുറിച്ച് അനാവശ്യം പറഞ്ഞെന്ന് പ്രചാരണം നടത്തിയാണവർ സിന്ധു സൂര്യകുമാർ എന്ന മാധ്യമ പ്രവർത്തകയ്ക്ക് നേരെ ആക്രമണം നടത്തിയത്. അവർ പറയുന്ന വീഡിയോയിൽ ഇല്ലാത്ത കാര്യങ്ങളായിരുന്നു പ്രചരിച്ചത്. ഫോട്ടോഷോപ്പ് ഇമേജുകളിലെ പച്ചക്കള്ളങ്ങൾ വെച്ചാണ് ദൈവത്തിനും മതത്തിനും വേണ്ടി ഇറങ്ങാൻ ആഹ്വാനം നടന്നത്. ഫോൺ നമ്പറുകൾ നാടു‌നീളെ സർക്കുലേറ്റ് ചെയ്ത് വിളിപ്പിക്കുകയും തെറി പറയിക്കുകയും സ്വൈര്യം കെടുത്തുകയുമായിരുന്നു അവരുടെ രീതി. അന്ന് അത് മാധ്യമ പ്രവർത്തകരുടെ കയ്യിലിരിപ്പ് എന്ന മട്ടിലൊക്കെയാണ് ബോധമുണ്ടെന്ന് കരുതിയവർ പോലും പറഞ്ഞത്.

ഹരീഷിന്റെ നോവൽ വായിച്ചല്ല ഈ പുകിലൊന്നും... അവർക്ക് മുന്നിൽ ഇമേജുകളേ ഉള്ളൂ... നോവലിലെ ഒരു നെഗറ്റീവ് കഥാപാത്രം പറഞ്ഞ ഡയലോഗുകൾ പ്രസിദ്ധീകരിച്ച ഭാഗം മുറിച്ചെടുത്ത ഇമേജുകൾ... കെ പി റഷീദ് എഴുതിയ കുറിപ്പ്

സമാനമാണ് ഹരീഷിന്റെ കാര്യത്തിലും നടന്നത്. നോവൽ വായിച്ചല്ല ഈ പുകിലൊന്നും. സാഹിത്യം എന്തെന്ന് ആലോചിച്ചുമല്ല. അവർക്ക് മുന്നിൽ ഇമേജുകളേ ഉള്ളൂ. നോവലിലെ ഒരു നെഗറ്റീവ് കഥാപാത്രം പറഞ്ഞ ഡയലോഗുകൾ പ്രസിദ്ധീകരിച്ച ഭാഗം മുറിച്ചെടുത്ത ഇമേജുകൾ. ഹരീഷ് എന്നൊരുത്തൻ ഇങ്ങനെ പറഞ്ഞു എന്ന് പ്രചരിപ്പിക്കാനുള്ള വാചകങ്ങൾ കുത്തിനിറച്ച് വാട്ട്സാപ് ഗ്രൂപ്പുകൾ വഴിയും ഫേസ് ബുക്ക് വഴിയും പ്രചരിക്കപ്പെട്ട ആ ഇമേജുകൾ കണ്ടാണ് അരിശം പുകഞ്ഞത്. പച്ചത്തെറി പരന്നത്.

ഫേസ് ബുക്ക് നിറയെ തെറികളാണ്. അത് പറയുന്നത് ആയിരമോ അയ്യായിരമോ പേരാവും. ഭൂരിഭാഗം മനുഷ്യരും അപ്പുറത്തായിരിക്കും. എന്നാൽ അവരാരും തൊള്ള തുറക്കില്ലാത്തതിനാൽ കേൾക്കുക ആ അയ്യായിരത്തിന്റെ കൊലവിളികളാവും.‌ നാട് മുഴുവൻ ഇതാണ് അഭിപ്രായമെന്ന തോന്നൽ ഉണ്ടാക്കാൻ ആ ബഹളത്തിനു കഴിയും. ആരും അത് കണ്ട് ഭയന്നു പോവും.

ആ സമയത്തും ഇത് എഴുത്തുകാരുടെ കന്നം തിരിവ് എന്ന് നിക്ഷ്പക്ഷരാവാനും പക്വത കാണിക്കാനും നോക്കുന്ന ഒരു പാട് പേരെ കാണും. നമ്മളാരെയും ബാധിക്കില്ല ഇതൊന്നും എന്ന തോന്നലാണ് അവരുടെ ശക്തി. മാധ്യമപ്രവർത്തകയല്ലേ അനുഭവിക്കട്ടെ എന്ന് മുമ്പ് സിന്ധു സൂര്യകുമാറിന്റെ കേസിൽ പക്വത കാണിച്ച അതേ മനുഷ്യർ ആണവർ. നാളെ ഇതാർക്ക് നേരെയും വരാം എന്നൊരു സാധ്യത പോലും ഉള്ളിൽ തോന്നില്ല എന്നതാണവരുടെ ശക്തി.

പക്ഷെ ആരെയും കുടുക്കുന്ന പഴുതുകൾ അന്വേഷിച്ച് നടക്കുന്നവർ ചുറ്റും ഉണ്ടെന്ന് അവരും ഓർത്താൽനന്ന്. എന്തെഴുതണമെന്നും പറയണമെന്നും ആലോചിക്കണമെന്നും ചെയ്യണമെന്നുമൊക്കെ മറ്റു ചിലർ തീരുമാനിക്കുന്ന അവസ്ഥ വന്നാൽ തങ്ങളും പെടും എന്നവർ ഓർത്താൽ നന്ന്.

ധ്രുവീകരണങ്ങൾ ലക്ഷ്യമിട്ടുള്ള പല വഴിക്കുള്ള പ്രവർത്തനങ്ങളുടെ മുനമ്പിലാണ് ഇന്ന് കേരളം. മതം ആണവരുടെ പ്രധാന ആയുധം. മനുഷ്യരെ പല കള്ളികളിലാക്കൽ. 
പ്രവാചക നിന്ദയെന്നോ ദൈവ നിന്ദയെന്നോ പുരോഹിതരെയും ആരാധനാലയങ്ങളെയും ആക്ഷേപിക്കലെന്നോ പറഞ്ഞ് കൈ വെട്ടാനും കഴുത്തു വെട്ടാനും ആക്രമണം നടത്താനും ഭയം വിതയ്ക്കാനോ അവർക്ക് പഴുതുകൾ വേണം. സംഭവങ്ങൾ വേണം. അതിലാരും ഇരയാക്കപ്പെടാം. ആരുടെ കഴുത്തും കുടുങ്ങാം.

അതിനാൽ, ഇതൊരു നോവലിസ്റ്റിന്റെ ഭയാശങ്കകളോ പാകപ്പിഴയോ ആയി മാത്രം കരുതാതിരിക്കുക.‌ എസ്‌ ഹരീഷ് എന്ന മികച്ച എഴുത്തുകാരന്റെ മാത്രം പ്രശ്നമായി കരുതാതിരിക്കുക. നമ്മളെയെല്ലാം പലതാക്കി വിഭജിച്ച് സ്വന്തം ലക്ഷ്യങ്ങൾ നടപ്പാക്കാൻ കാത്തു നിൽക്കുന്നവരെ തിരിച്ചറിയാൻ ഇനിയധികം ദൃഷ്ടാന്തങ്ങളൊന്നും ഉണ്ടാവണം എന്നില്ല എന്നുമോർക്കുക.‌

advertisment

News

Super Leaderboard 970x90