Kerala

പൊതിഞ്ഞുകെട്ടി ആരുമറിയാതെ സൂക്ഷിക്കേണ്ട വിശുദ്ധവസ്തുക്കളല്ല ഇന്ത്യൻ ജുഡീഷ്യറിയിൽ പുഴുക്കുത്തുകൾ, അസംബന്ധത്തിന്റെയും അഹങ്കാരത്തിന്റെയും അപൂർവ്വ സങ്കലനങ്ങൾ പൂണ്ടുവിളയാടിയിരുന്ന നമ്മുടെ കോടതിമുറികൾ തുറന്നുവയ്ക്കപ്പെടട്ടെ.........കെ ജെ.

ഭരണഘടനയും ഭരണഘടന നിർമ്മാണ സമിതിയും ഡോ അംബേദ്കറും ഇത്ര കൃത്യമായി പറഞ്ഞിട്ടും ജഡ്ജിമാരുടെ നിയമനം ഭരണാഘടനാവിരുദ്ധമായി, നിയമവിരുദ്ധമായി കൈക്കലാക്കിയ ഒരു സംവിധാനമാണ് നമ്മുടെ ജുഡീഷ്യറി, കൃത്യമായി പറഞ്ഞാൽ സുപ്രീം കോടതി.....

പൊതിഞ്ഞുകെട്ടി ആരുമറിയാതെ സൂക്ഷിക്കേണ്ട വിശുദ്ധവസ്തുക്കളല്ല ഇന്ത്യൻ ജുഡീഷ്യറിയിൽ പുഴുക്കുത്തുകൾ, അസംബന്ധത്തിന്റെയും അഹങ്കാരത്തിന്റെയും അപൂർവ്വ സങ്കലനങ്ങൾ പൂണ്ടുവിളയാടിയിരുന്ന നമ്മുടെ കോടതിമുറികൾ തുറന്നുവയ്ക്കപ്പെടട്ടെ.........കെ ജെ.

ജനാധിപത്യത്തിന്റെ പ്രാഥമിക ഘടകമായ സുതാര്യത അൽപ്പം പോലും ഇല്ലാത്ത, അതിനുള്ള സാധ്യതകളെ മനഃപൂർവ്വം അടച്ചുകളഞ്ഞ അപൂർവ്വം സ്‌ഥാപനങ്ങളിലൊന്നാണ് ഇന്ത്യൻ ജുഡീഷ്യറി. അതിന്റെ ഏറ്റവും നല്ല ലക്ഷണമാണ് ജഡ്ജിമാരെ ജഡ്ജിമാർ നിയമിക്കുന്ന കൊളീജിയം സമ്പ്രദായം.നമ്മുടെ ഭരണഘടനയിലോ ലോകത്തെവിടെയെങ്കിലുമോ ഉള്ളതോ സാമാന്യബുദ്ധിയ്ക്കു യോജിക്കുന്നതോ അല്ല ഈ പരിപാടി.

നമ്മുടെ ഭരണഘടനയനുസരിച്ച് സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിന് മുൻപ് പ്രസിഡന്റ് ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ ഉപദേശം തേടണം; അതുമതി. ബ്രിട്ടനിലാണെങ്കിൽ ആ അധികാരം രാജാവിൽ മാത്രമാണ്; അമേരിക്കയിൽ കോൺഗ്രസിന്റെ അനുമതി നിര്ബന്ധമാണ്. നമ്മുടെ ഭരണഘടന പക്ഷെ സ്വീകരിച്ചത് രണ്ടിനും ഇടയിലുള്ള ഒരു വഴിയാണ്.

ജഡ്ജിമാരെ നിയമിക്കുന്ന കാര്യം ഭരണഘടനാ നിർമ്മാണ സമിതിയിൽ ചർച്ചയ്ക്കുവന്നപ്പോൾ ചീഫ് ജസ്റ്റിസിന് വീറ്റോ പവർ നൽകുന്നതിനെ ഡോ. അംബേദ്‌കർ എതിർത്തു. അപകടകരമായ ഒരു നിർദേശമായിരിക്കും അതെന്നാണ് അദ്ദേഹം പറഞ്ഞത്. ( “With regard to the question of the concurrence of the Chief Justice, it seems to me that those who advocate that proposition seem to rely implicitly both on the impartiality of the Chief Justice and the soundness of his judgment. I personally feel no doubt that the Chief Justice is a very eminent person. But after all, the Chief Justice is a man with all the failings, all the sentiments and all the prejudices which we as common people have; and I think, to allow the Chief Justice practically a...veto upon the appointment of Judges is really to transfer the authority to the Chief Justice which we are not prepared to vest in the President or the Government of the day. I therefore, think that that is also a dangerous proposition )

ഭരണഘടനയും ഭരണഘടന നിർമ്മാണ സമിതിയും ഡോ അംബേദ്കറും ഇത്ര കൃത്യമായി പറഞ്ഞിട്ടും ജഡ്ജിമാരുടെ നിയമനം ഭരണാഘടനാവിരുദ്ധമായി, നിയമവിരുദ്ധമായി കൈക്കലാക്കിയ ഒരു സംവിധാനമാണ് നമ്മുടെ ജുഡീഷ്യറി, കൃത്യമായി പറഞ്ഞാൽ സുപ്രീം കോടതി. ജഡ്ജിമാരുടെ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉള്ള പങ്ക് കൊളീജിയം സമ്പ്രദായം വഴി അട്ടിമറിക്കപ്പെട്ടതു തിരുത്താനായി കൊണ്ടുവന്ന, ലോക്‌സഭയും രാജ്യസഭയും പകുതിയിലധികം നിയമസഭകളും അംഗീകരിച്ച 99-ആം ഭരണഘടനാ ഭേദഗതിയും നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ്സ് കമ്മീഷൻ നിയമവും റദ്ദാക്കിയ സ്‌ഥാപനമാണ് അത്.

ആ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന നാല് ജഡ്ജിമാരാണ് അവിടെ നടക്കുന്നതായി നമ്മൾ കുറേകാലമായി സംശയിക്കുന്ന അസുഖകരമായ കാര്യങ്ങളെക്കുറിച്ച് അത്യസാധാരണമായ ഒരു പത്രസമ്മേളനത്തിലൂടെ നമ്മളോട് പറയുന്നത്. അതിൽ പങ്കെടുത്ത നാല് ജഡ്ജിമാരും സത്യസന്ധതയിലും നീതിനിർവ്വഹണമികവിലും ഏറ്റവും മികച്ച റിക്കോർഡ് ഉള്ളവർ തന്നെ. (ജുഡീഷ്യൽ കമ്മീഷൻ നിയമം തള്ളിക്കളഞ്ഞ വിധിയോട് യോജിക്കാതിരുന്ന ആളാണ് ജസ്റ്റിസ് ചെലമേശ്വർ; ജസ്റ്റിസ് കുര്യൻ ജോസഫും ജസ്റ്റിസ് മദൻ ലോകൂറും പക്ഷെ ചീഫ് ജസ്റ്റിസ് കേഹാറിനൊപ്പമായിരുന്നു).

ഈ നാലു ജഡ്ജിമാരും പറയുന്നതനുസരിച്ച് സുപ്രീം കോടതിയിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുന്നു. കൂടുതൽ പറയാൻ ആ സ്‌ഥാപനത്തോടും രാജ്യത്തോടുമുള്ള കൂറ് അവരെ അനുവദിക്കുന്നില്ല.

ഇത് അത്യധികം അസാധാരണമായ അവസ്‌ഥയാണ്‌; അതുകൊണ്ടുതന്നെ ജഡ്ജിമാരുടെ പ്രവർത്തനവും അത്യസാധാരണമായി കാണാൻ എനിക്ക് ബുദ്ധിമുട്ടില്ല. വരച്ച വരയിൽ നിയമം നടപ്പാക്കുന്ന യന്ത്രങ്ങളെക്കാൾ നമുക്ക് വേണ്ടത് ഉയർന്ന നീതിബോധത്താൽ നിയ്രന്തിക്കപ്പെടുന്ന മനുഷ്യരെയാണ്, നീതിപതികളെയാണ്.

അവർ പറയുന്നതിനനുസരിച്ച് ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യത കളഞ്ഞുകുളിക്കുന്ന നടപടികൾ ചീഫ് ജസ്റ്റിസ് തുടങ്ങിയിട്ട് കുറച്ചു കാലമായി, അതിനെതിരെയുള്ള പ്രവർത്തനങ്ങളും അതുപോലെത്തന്നെ. നമുക്ക് ഊഹിക്കാൻ പറ്റുക അതൊരു ക്രിട്ടിക്കൽ പോയിന്റിൽ എത്തിയിട്ടുണ്ടാകും എന്ന് തന്നെയാണ്. ഇനിയുംഇതങ്ങോട്ടു അനുവദിച്ചുകൊടുത്താൽ ഈ സ്‌ഥാപനം തന്നെ ഇല്ലാതാകും എന്ന ഘട്ടത്തിലായിരിക്കും അവർ പുറത്തിറങ്ങി വർത്തമാനം പറഞ്ഞിരിക്കുക.

പത്രലേഖകരിലൂടെ അവർ സംസാരിക്കുന്നത് ഈ രാജ്യത്തെ ജനങ്ങളോടാണ്; നമുക്ക് നീതിനടത്തിത്തരാൻ അധികാരവും ഉത്തരവാദിത്തവും കൊടുത്ത് നമ്മൾ നിശ്ചയിച്ചിരിക്കുന്ന ആളുകൾ തിരികെ നീതിനടത്തിത്തരാൻ നമ്മളോട് ആവശ്യപ്പെടുന്ന അത്യധികം സങ്കീർണമായ അവസ്‌ഥയാണ്‌ നമ്മൾ കാണുന്നത്.

ഞാനിതു വളരെ പോസിറ്റിവ് ആയ കാര്യമായാണ് കാണുന്നത്. ആളുകൾക്ക് തെരഞ്ഞെടുക്കപ്പെടാൻ സുതാര്യമായ ഒരു രീതിയില്ലാത്ത, തെരഞ്ഞെടുക്കപ്പെട്ടാൽ സുതാര്യത നിലനിർത്തേണ്ട ബാധ്യതയില്ലാത്ത, ആരോടും ഉത്തരം പറയേണ്ടാത്ത ഒരേയൊരു സംവിധാനത്തിൽ കുറച്ചു കാറ്റ്കയറുന്നത് നല്ലതാണ്.

ഇതെങ്ങിനെ തീരും എന്നെനിക്കു അറിയില്ല. പക്ഷെ ഒരുകാര്യം ഉറപ്പ്: പൊതിഞ്ഞുകെട്ടി ആരുമറിയാതെ സൂക്ഷിക്കേണ്ട വിശുദ്ധവസ്തുക്കളല്ല ഇന്ത്യൻ ജുഡീഷ്യറിയിൽ പുഴുക്കുത്തുകൾ. അസംബന്ധത്തിന്റെയും അഹങ്കാരത്തിന്റെയും അപൂർവ്വ സങ്കലനങ്ങൾ പൂണ്ടുവിളയാടിയിരുന്ന നമ്മുടെ കോടതിമുറികൾ തുറന്നുവയ്ക്കപ്പെടട്ടെ, അവിടെയവർ വിചാരണ ചെയ്യപ്പടട്ടെ, പട്ടുപോകേണ്ടത് പോകട്ടെ, സജീവമായതും സുതാര്യമായതും നിലനിൽക്കട്ടെ.

നിയമ-നീതി സംവിധാനം അട്ടിമറിക്കപ്പെടും എന്ന തിരിച്ചറിവിൽ സ്വന്തം താൽപ്പര്യങ്ങൾ വെടിഞ്ഞു എണീറ്റ് നിന്ന നാലുന്യായാധിപൻമാർക്കും ഉള്ളിത്തട്ടിയ അഭിവാദ്യം. ഭരണഘടനാ വിഭാവനം ചെയ്ത രൂപത്തിൽ നമ്മുടെ ജുഡീഷ്യറിയെ കുറച്ചുകൂടെ സുതാര്യമാക്കാനുള്ള ശ്രമത്തിലാണ് അവർ എന്നാണ് എന്റെ തോന്നൽ. ഉടനടി ജയം നടക്കണമെന്നില്ല പക്ഷെ അവർ ആ പ്രക്രിയ തുടങ്ങിവച്ചു എന്ന തോന്നലാണ് എനിക്കുള്ളത്.

ഫാലി എസ് നരിമാൻ മുതൽ എന്റെ സുഹൃത്തുക്കൾ വരെ ഒട്ടേറെപ്പേർ ഇത്തരം നടപടി സ്‌ഥാപനത്തിന്റെ അച്ചടക്കത്തെ ബാധിക്കുമോ എന്ന് സംശയം പ്രകടിപ്പിക്കുന്നു. അസാധാരണമായ സാഹചര്യങ്ങൾ അസാധാരണമായ നടപടികൾ ആവശ്യപ്പെടുന്നു. അവ ചില പ്രതിസന്ധികൾ ഉണ്ടാക്കിയേക്കാം; പക്ഷെ ജനാധിപത്യത്തിൽ പ്രതിസന്ധികൾക്കുള്ള പ്രതിവിധികൾ ജനങ്ങളുടെ കൈയിലുണ്ട്. അതോർത്തു ഭയപ്പെടേണ്ട.

(പിന്കുറിപ്പ്:

ഒന്ന്: സാധാരണ ഗതിയിൽ നല്ല സെന്സിബിളായി പെരുമാറുന്ന നേതാവാണ് സി പി ഐ യിലെ ഡി രാജ.പിന്നെന്തിനാണ് ആദ്യം കിട്ടിയ കാറിൽ ജഡ്ജിയെ കാണാൻ പോയതെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. ആസ്‌ഥാന കുഴലൂത്തുകാരന് ഒരുരാത്രിയിലേക്കു ഇരയായി എന്നല്ലാതെ അതുകൊണ്ടു മറ്റു ഗുണമോ ദോഷമോ കണ്ടില്ല

രണ്ട്: മലയാളം ടി വി ചർച്ചകൾ പലതും ഭാഗങ്ങളായി കണ്ടു. അഡ്വ. പി എസ് ശ്രീധരൻ പിള്ളയുടെ പ്രകടനം ഗംഭീരം. അനാവശ്യമായി ഒട്ടും ഡിഫൻസീവായില്ല, ജഡ്ജിമാരെ തെറിവിളിച്ചല്ല, ചീഫ് ജസ്റ്റിസിനെ ന്യായീകരിക്കാൻ നിന്നില്ല. ഇതുപോലുള്ള സന്ദർഭത്തിൽ അങ്ങിനെ ആളുകൾ പെരുമാറുക സാധാരണമല്ല.

advertisment

News

Super Leaderboard 970x90