Kerala

നിപ്പയും ഓഖിയും കേരളത്തിന് നല്‍കുന്ന 'ഫ്യൂച്ചര്‍ ഷോക്ക്!'.... ജോസഫ് ആന്റണി എഴുതുന്ന ലേഖനം

കേരളത്തില്‍ സമീപകാലത്ത് രേഖപ്പെടുത്തിയ ആദ്യ ചുഴലിക്കൊടുങ്കാറ്റാണ് ഓഖി (Cyclone Ockhi), മാരകവൈറസായ നിപ്പ (Nipah Virus) കേരളത്തെ ദുരിതത്തിലാഴ്ത്തുന്നതും ആദ്യമായാണ്.

നിപ്പയും ഓഖിയും കേരളത്തിന് നല്‍കുന്ന 'ഫ്യൂച്ചര്‍ ഷോക്ക്!'.... ജോസഫ് ആന്റണി എഴുതുന്ന ലേഖനം

ആല്‍വിന്‍ ടോഫ്‌ളര്‍ തന്റെ പ്രശസ്തമായ ഗ്രന്ഥത്തിനിട്ട പേരാണ് 'ഫ്യൂച്ചര്‍ ഷോക്ക്' (Future Shock) എന്നത്. പ്രതീക്ഷിക്കാത്ത വേഗത്തില്‍ നമുക്ക് മുന്നില്‍ ഭാവി വന്നു പെടുമ്പോള്‍, അതിനെ ഉള്‍ക്കൊള്ളാനാകാതെ സംഭ്രമത്തിലാകുന്ന അവസ്ഥയ്ക്ക് ടോഫ്‌ളര്‍ നല്‍കിയ വിശേഷണമാണിത്. കേരളം ഒരര്‍ഥത്തില്‍ 'ഫ്യൂച്ചര്‍ ഷോക്കി'ന്റെ അവസ്ഥയിലൂടെ കടന്നു പോവുകയാണിപ്പോള്‍!

കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെയും, ഇപ്പോള്‍ ഉത്ക്കണ്ഠയോടെ നേരിടുന്ന നിപ്പാ വൈറസ് ബാധയുടെയും കാര്യം പരിശോധിച്ചാല്‍ മതി മേല്‍പ്പറഞ്ഞ സംഗതി അതിശയോക്തിയല്ലെന്ന് മനസിലാക്കാന്‍. കേരളത്തില്‍ സമീപകാലത്ത് രേഖപ്പെടുത്തിയ ആദ്യ ചുഴലിക്കൊടുങ്കാറ്റാണ് ഓഖി (Cyclone Ockhi), മാരകവൈറസായ നിപ്പ (Nipah Virus) കേരളത്തെ ദുരിതത്തിലാഴ്ത്തുന്നതും ആദ്യമായാണ്. ആഗോളതാപനം വഴിയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന രണ്ടു സംഗതികളെ ഓഖിയും നിപ്പായും പ്രതിനിധീകരിക്കുന്നു എന്നതാണ് ഇവയെ തമ്മില്‍ ബന്ധപ്പെടുത്തുന്ന ഘടകം.

കഠിനമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ (extreme weather events) അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുക എന്നത് കാലാവസ്ഥാ മാറ്റത്തിന്റെ സൂചനകളിലൊന്നാണ്. ഇതുവരെ ഉണ്ടാകാത്തിടത്ത് ചുഴലിക്കൊടുങ്കാറ്റുകള്‍ നാശം വിതയ്ക്കുക, പ്രതീക്ഷിക്കാത്ത സ്ഥലത്ത് പേമാരിയും പ്രളയവും ഉണ്ടാവുക, നല്ല മഴ കിട്ടുന്ന പ്രദേശം കഠിന വരള്‍ച്ചയുടെ വറുതിയില്‍ പെടുക-ഇതൊക്കെ ഉദാഹരണങ്ങളാണ്. 2017 നവംബര്‍ 29 ന് തെക്കന്‍ കേരളതീരത്ത് ഓഖി രൂപപ്പെട്ടതോടെ, ചുഴലിക്കൊടുങ്കാറ്റുകള്‍ നാശംവിതയ്ക്കുന്ന പ്രദേശങ്ങളിലൊന്നായി കേരളവും മാറി!

ഇതുപോലെ തന്നെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യക്ഷ സൂചനയായി കണക്കാക്കുന്ന മറ്റൊരു സംഗതിയാണ്, പുതിയ പകര്‍ച്ചവ്യാധികള്‍ ഒരു പ്രദേശത്ത് പൊട്ടിപ്പുറപ്പെടുക എന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ അസുഖം ബാധിച്ചവര്‍ക്ക് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ മെയ് 20 നാണ്. ഇതിനകം ഒരു ഡസനിലേറെപ്പേര്‍ വൈറസ് ബാധ മൂലം മരിച്ചു. നിപ്പാ വൈറസിനെ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞതും, വൈറസ് ബാധ നിയന്ത്രിക്കാനുള്ള നടപടികള്‍ ധ്രുതഗതിയില്‍ കൈക്കൊള്ളാന്‍ അധികൃതര്‍ക്ക് സാധിച്ചതുമാണ് രോഗവ്യാപനം കുറയ്ക്കാന്‍ സഹായിച്ചത്.

നിപ്പയും ഓഖിയും കേരളത്തിന് നല്‍കുന്ന 'ഫ്യൂച്ചര്‍ ഷോക്ക്!'.... ജോസഫ് ആന്റണി എഴുതുന്ന ലേഖനം

കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയായി പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമായല്ല. 2007 ല്‍ തെക്കന്‍ കേരളത്തില്‍ ദുരിതം വിതച്ച ചിക്കുന്‍ഗുനിയ (Chikungunya) നിയന്ത്രിക്കാന്‍ പട്ടളത്തിന്റെ സഹായം തേടേണ്ടി വന്ന അനുഭവം നമുക്കുണ്ട്. കൊതുകുകള്‍ പരത്തുന്ന രോഗമാണ് ചിക്കുന്‍ഗുനിയ. ആഫ്രിക്കയില്‍ അരനൂറ്റാണ്ടു മുമ്പ് പ്രത്യക്ഷപ്പെട്ട രോഗം. യു.എസില്‍ കൊളംബിയ സര്‍വകലാശാലയിലെ സ്റ്റീഫന്‍ മോഴ്സ് അഭിപ്രായപ്പെട്ട സംഗതി ഇവിടെ ഉദ്ധരിച്ചോട്ടെ: 'പഴയരോഗങ്ങള്‍ പുതിയ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് പരിസ്ഥിതിയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട സംഗതിയാണ്'. കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനി, ജപ്പാന്‍ ജ്വരം തുടങ്ങിയ വൈറസ് രോഗങ്ങള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കേരളത്തില്‍ വ്യാപകമായതും യാദൃശ്ചികമല്ല.

ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ അംഗമാണ് നിപ്പാ വൈറസ്. 1998 ല്‍ മലേഷ്യയിലാണ് Paramyxoviridae കുടുംബത്തില്‍ പെട്ട നിപ്പാ വൈറസ് ആദ്യമായി മനുഷ്യരെ ബാധിക്കുന്നത്. സണ്‍ഗായ് നിപ്പാ (Sungai Nipah) എന്ന ഗ്രാമത്തിലാണ് വൈറസ് ബാധ കൂടുതലുണ്ടായത്. അതുകൊണ്ട് വൈറസിന് നിപ്പാ എന്ന പേര് ലഭിച്ചു. വവ്വാലുകളിലെ വൈറസുകള്‍ പന്നികള്‍ വഴി മനുഷ്യരില്‍ ബാധിക്കുകയായിരുന്നു. പന്നിഫാമുകളില്‍ ജോലിചെയ്യുന്നരാണ് നിപ്പാ വൈറസ് ബാധിച്ചവരില്‍ ഭൂരിപക്ഷവും. മലേഷ്യയില്‍ 265 പേരെ ബാധിച്ചതില്‍ 105 പേര്‍ മരിച്ചു. വൈറസ് ബാധ നിയന്ത്രിക്കാന്‍ 11 ലക്ഷം പന്നികളെ അധികൃതര്‍ കൊന്നൊടുക്കി. മലേഷ്യയിലെ പന്നിയിറച്ചി വ്യവസായം തന്നെ തകര്‍ന്നു. ദേശീയവരുമാനത്തില്‍ വലിയ ഇടിവുണ്ടായി.

ജീവിവര്‍ഗങ്ങളുടെ അതിര്‍ത്തി ഭേദിച്ച് വൈറസുകളും മറ്റ് രോഗാണുക്കളും സാധാരണഗതിയില്‍ മനുഷ്യരെ ബാധിക്കാറില്ല. എന്നാല്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ അനുഭവം നോക്കിയാല്‍, പ്രകൃതിയില്‍ അടങ്ങിക്കഴിയുന്ന പല മാരക വൈറസുകളും കൂടുതലായി മനുഷ്യരെ ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്നുകാണാം. ഉദാഹരണത്തിന്, 2002 നവംബര്‍ 16 ന് തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ് മേഖലയില്‍ പ്രത്യക്ഷപ്പെട്ട വിചിത്രമായ ന്യുമോണിയയുടെ കാര്യമെടുക്കുക. അവിടെ അഞ്ചുപേര്‍ മരിക്കുകയും മുന്നൂറിലേറെ പേര്‍ക്ക് പകരുകയും ചെയ്ത ആ രോഗം, ലോകത്തിന്റെ ഉറക്കംകെടുത്തിയ 'സാര്‍സ്' ('സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം' - SARS) ആയിരുന്നു. 30 രാജ്യങ്ങള്‍ സാര്‍സിന്റെ ദുരിതം നേരിട്ട് അനുഭവിച്ചു.

സാധാരണ ജലദോഷപ്പനിക്ക് കാരണമായ, നിരുപദ്രവകാരിയെന്ന് കരുതിയ 'കൊറോണാവൈറസി'ന്റെ ഒരു വകഭേദമാണ് 'സാര്‍സ്' എന്ന മാരകരോഗത്തിന് കാരണമായതെന്ന കാര്യം ആരോഗ്യവിദഗ്ധരെ അമ്പരപ്പിച്ചു. വെരുകുകളില്‍ വെച്ച് ജനിതഭ്രംശം (മ്യൂട്ടേഷന്‍) സംഭവിച്ച വൈറസ് മനുഷ്യരെ ബാധിക്കുകയായിരുന്നു എന്ന് പഠനങ്ങളില്‍ വ്യക്തമായി. സാര്‍സ് പോലെ സമീപകാലത്ത് മനുഷ്യരെ തേടിയെത്തിയ വൈറസുകളില്‍ എബോള, ഐവറികോസ്റ്റ്, ആന്‍ഡീസ് വൈറസ്, ഹെപ്പറ്ററ്റിസ്-എഫ്, ജി, ബ്ലാക്ക് ലഗൂണ്‍ വൈറസ്, ഒസ്‌കാര്‍ വൈറസ് ഒക്കെ പെടുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും മാരകമായ വൈറസുകളുടെ പട്ടികയിലാണ് നിപ്പാ പെടുന്നത്.

നിപ്പയും ഓഖിയും കേരളത്തിന് നല്‍കുന്ന 'ഫ്യൂച്ചര്‍ ഷോക്ക്!'.... ജോസഫ് ആന്റണി എഴുതുന്ന ലേഖനം

നിപ്പാ പോലുള്ള പുതിയ വൈറസുകള്‍ എന്തുകൊണ്ട് മനുഷ്യന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് പ്രത്യക്ഷപ്പെടുന്നു? ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന കൊളംബിയ സര്‍വകലാശാലയിലെ ഡോ. സ്റ്റീഫന്‍ മോഴ്സ് മുമ്പ് അഭിപ്രായപ്പെട്ട കാര്യം ഇപ്പോഴും പ്രസക്തമാണ്. ഭാവിയിലേക്കുള്ള സൂചനയാണ് ഇത്തരം വൈറസുകള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ രോഗാണുക്കള്‍ കൂടുതല്‍ ആളുകളെ ബാധിക്കാനും ആഗോളതലത്തില്‍ വ്യാപിക്കാനുമുള്ള സാഹചര്യങ്ങള്‍ ഏറി വരികയാണ്.

ഇരുപതാം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ ഭൂമുഖത്ത് ആകെയുണ്ടായിരുന്നത് 150 കോടി ജനങ്ങളാണ്. ഇന്നത് 700 കോടിയിലേറെയായി. പുതിയ രോഗാണുക്കള്‍ക്ക് മനുഷ്യരെ 'കണ്ടെത്താനുള്ള' സാധ്യത നാലിരട്ടിയിലേറെ വര്‍ധിച്ചിരിക്കുന്നു. ജനസംഖ്യ വര്‍ധിച്ചതിനൊപ്പം പരിസ്ഥിതിയിലും വലിയ മാറ്റങ്ങള്‍ വന്നു. വനങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍, കാലവസ്ഥയില്‍ മാറ്റം വന്നപ്പോള്‍, ഇത്രകാലവും പ്രകൃതിയില്‍ അടങ്ങിക്കഴിഞ്ഞിരുന്ന പല മാരകവൈറസുകളും മനുഷ്യരില്‍ 'ആശ്രയം' കണ്ടെത്താന്‍ ആരംഭിച്ചു. നിപ്പയും അങ്ങനെയാണ് മനുഷ്യരിലേക്ക് എത്തിയത്.

1997-1998 കാലം മലേഷ്യയ്ക്ക് അത്ര നല്ലതായിരുന്നില്ല. പ്ലാന്റേഷനുകള്‍ക്കായി ഇന്‍ഡൊനീഷ്യയിലെ 120 ലക്ഷം ഏക്കര്‍ മഴക്കാടുകള്‍ വെട്ടി തീയിട്ടത്, തെക്കുകിഴക്കനേഷ്യന്‍ മേഖലയെ ആകെ പുകകൊണ്ട് മൂടി. പുകമൂടലില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യത കുറഞ്ഞത് മലേഷ്യയിലെ കൃഷിയേയും ഫലവൃക്ഷങ്ങളുടെ വിളവിനെയും പ്രതികൂലമായി ബാധിച്ചു. അതോടൊപ്പം, ആ സമയത്ത് ശക്തിപ്പെട്ട എല്‍നിനോ (El Nino) മൂലമുണ്ടായ കടുത്ത വരള്‍ച്ച കാര്യങ്ങളെ കൂടുതല്‍ വഷളാക്കി. 1998 ല്‍ നിപ്പാ വൈറസ് ബാധ പൊട്ടിപ്പുറപ്പെടാന്‍ ഇതെല്ലാം വഴിയൊരുക്കിയെന്നാണ് പിന്നീട് പഠനങ്ങളില്‍ തെളിഞ്ഞത്.

പഴയ രോഗങ്ങള്‍ പുതിയ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് പരിസ്ഥിതി മാറ്റത്തിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ പറയുമ്പോള്‍ കേരളം അതില്‍ നിന്ന് പലതും മനസിലാക്കാനുണ്ട്. ഭയന്നും ആശങ്കപ്പെട്ടും പിന്‍മാറി നില്‍ക്കുകയല്ല ഇത്തരം പ്രതിസന്ധികളില്‍ വേണ്ടത്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയിട്ടുള്ള ജനതയാണ് കേരളീയര്‍. പലകാര്യത്തിലും ഇന്ത്യയ്ക്കാകെ മാതൃകയായിട്ടുള്ള നമ്മള്‍, കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഇത്തരം ഭീഷണികളെ നേരിടുന്നതിലും മറ്റുള്ളവര്‍ക്ക് വഴികാട്ടിയാകണം.

കാലാവസ്ഥാ മാറ്റം മൂലമുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഒരു പ്രത്യേക വകുപ്പ് തന്നെ കേരളത്തിന് വേണം. നിപ്പയും ഓഖിയും പോലുള്ള പ്രതിസന്ധി ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ബഹുമുഖ തന്ത്രങ്ങള്‍ വകുപ്പ് ആവിഷ്‌ക്കരിക്കണം. പ്രകൃതിപ്രതിഭാസങ്ങളാണെങ്കിലും നിപ്പ വൈറസ് ബാധ പോലുള്ള മെഡിക്കല്‍ എമര്‍ജന്‍സികളാണെങ്കിലും, അവയെ കൈകാര്യം ചെയ്യാനുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട ചുമതല ആ വകുപ്പിനായിരിക്കണം. കാര്യനിര്‍വഹണം മാത്രമാകരുത് നടക്കേണ്ടത്, ഗൗരവതരമായ പഠനങ്ങളും ബോധവത്ക്കരണവും നടത്താനുള്ള സംവിധാനവും വേണം. ലോകത്തെവിടെയും, വിശേഷിച്ചും ഊഷ്ണമേഖലാ പ്രദേശങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാനും പഠിക്കാനും തയ്യാറാകണം.

ഇന്നലെ വരെ ചുഴലിക്കൊടുങ്കാറ്റുകളും നിപ്പാ വൈറസ് ബാധയുമൊക്കെ ലോകത്തിന്റെ മറ്റേതോ കോണില്‍ സംഭവിച്ച സംഗതി മാത്രമായിരുന്നു നമുക്ക്. എത്ര വേഗമാണത് അവ നമ്മുടെ ആശങ്കയും ഉത്ക്കണ്ഠയുമായി മാറിയതെന്ന് നോക്കുക. 'ഫ്യൂച്ചര്‍ ഷോക്കാ'ണിത്, ഇതിനെ നമ്മള്‍ അതിജീവിച്ചേ തീരൂ. 

advertisment

News

Related News

    Super Leaderboard 970x90