Science

ഇന്ത്യയുടെ അസ്‌ട്രോസാറ്റും ആകാശത്തെ 'ജെല്ലിഫിഷും'

നിലവിലെ ഏത് ബഹിരാകാശ നിരീക്ഷണാലയത്തോടും കിടപിടിക്കുന്ന നൂതനമായ ഒന്നാണ് അസ്‌ട്രോസാറ്റ്. ചില പാശ്ചാത്യവിദഗ്ധര്‍ 'മിനി ഹബ്ബിള്‍ ടെലസ്‌കോപ്പ്' എന്ന് വിശേഷിപ്പിക്കുന്ന അസ്‌ട്രോസാറ്റിന്, എക്‌സ്‌റേ മുതല്‍ അള്‍ട്രാവയലറ്റ് വരെയുള്ള പരിധികളില്‍ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ കഴിയും.

ഇന്ത്യയുടെ അസ്‌ട്രോസാറ്റും ആകാശത്തെ 'ജെല്ലിഫിഷും'

അസ്‌ട്രോസാറ്റ് എന്ന സ്‌പേസ് ഒബ്‌സര്‍വേറ്ററി 2015 ല്‍ ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ചത് പല കാരണങ്ങളാല്‍ ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു. ബഹിരാകാശ ടെലസ്‌കോപ്പ് സ്വന്തമായുള്ള അപൂര്‍വ്വം രാജ്യങ്ങളിലൊന്നായി അതോടെ ഇന്ത്യ മാറി. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ജപ്പാന്‍ എന്നിവയ്ക്കായിരുന്നു അതുവരെ സ്വന്തമായി സ്‌പേസ് ഒബ്‌സര്‍വേറ്ററികള്‍ ഉള്ളത്.

നിലവിലെ ഏത് ബഹിരാകാശ നിരീക്ഷണാലയത്തോടും കിടപിടിക്കുന്ന നൂതനമായ ഒന്നാണ് അസ്‌ട്രോസാറ്റ്. ചില പാശ്ചാത്യവിദഗ്ധര്‍ 'മിനി ഹബ്ബിള്‍ ടെലസ്‌കോപ്പ്' എന്ന് വിശേഷിപ്പിക്കുന്ന അസ്‌ട്രോസാറ്റിന്, എക്‌സ്‌റേ മുതല്‍ അള്‍ട്രാവയലറ്റ് വരെയുള്ള പരിധികളില്‍ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ കഴിയും.

ദേശീയ വികസനത്തിന് കരുത്തു പകരുക എന്നതാണ് തുടക്കം മുതല്‍ ഇന്ത്യന്‍ ബഹിരാകാശ പരിപാടിയുടെ മുഖ്യലക്ഷ്യം. ഇന്ത്യയെപ്പോലൊരു വികസ്വര രാഷ്ട്രത്തിന് സ്‌പേസ് റിസേര്‍ച്ച് എന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഉപാധിയാകണം എന്ന്, 'ഇന്ത്യന്‍ ബഹിരാകാശ പദ്ധധിയുടെ പിതാവ്' വിക്രം സാരാഭായി 1960 കളില്‍ പ്രഖ്യാപിച്ചത് ഇത്രകാലവും തുടര്‍ന്നുപോന്നു. വികസനത്തിനൊപ്പം, മൗലിക ശാസ്ത്രപഠനത്തിലേക്കും ഇന്ത്യന്‍ സ്‌പേസ് പ്രോഗ്രാം ചുവടുവെയ്ക്കുന്നു എന്നതിന്റെ സൂചനയായി അസ്‌ട്രോസാറ്റിന്റെ വിക്ഷേപണം.

ജ്യോതിശാസ്ത്രരംഗത്ത് മൗലികമായ നിരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്താന്‍ ഇന്ത്യയിലെ ഗവേഷകര്‍, അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും മറ്റും ഒബ്‌സര്‍വേറ്ററികളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. അസ്‌ട്രോസാറ്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ കഥ മാറി. ഇപ്പോള്‍, മറ്റു രാജ്യങ്ങളിലെ ഗവേഷകര്‍ സഹകരിക്കാന്‍ തയ്യാറായി ഇങ്ങോട്ട് വരുന്നു!

ഇന്ത്യയുടെ അസ്‌ട്രോസാറ്റും ആകാശത്തെ 'ജെല്ലിഫിഷും'

അസ്‌ട്രോസാറ്റ് ഡേറ്റ ഉപയോഗിച്ച് ബാംഗ്ലൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിലെ (IIA) മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. കോശി ജോര്‍ജും സംഘവും ഏറ്റവുമൊടുവില്‍ നടത്തിയ പഠനം നോക്കിയാല്‍ മതി മേല്‍പ്പറഞ്ഞ കാര്യം അതിശയോക്തിയല്ല എന്ന് മനസിലാക്കാന്‍. 'മന്ത്‌ലി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി' (MNRAS) പ്രസിദ്ധീകരിക്കാന്‍ പോവുന്ന പഠനപ്രബന്ധത്തിന്റെ 19 രചയിതാക്കളില്‍ ഇന്ത്യക്കാരെ കൂടാതെ, ഇറ്റലി, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, മെക്‌സിക്കോ, ചിലി, കാനഡ എന്നിവിടങ്ങളിലെ ഗവേഷകരും ഉള്‍പ്പെടുന്നു!

അസ്‌ട്രോസാറ്റിലെ 'യുവി ടെലസ്‌കോപ്പ്' (UV telescope) ഉപയോഗിച്ച് JO201 എന്ന 'ജെല്ലിഫിഷ് ഗാലക്‌സി'യുടെ ഉന്നത റെസല്യൂഷന്‍ അള്‍ട്രാവയലറ്റ് ദൃശ്യം (UV image) പകര്‍ത്തിയാണ് ഡോ.കോശി ജോര്‍ജും സംഘവും പഠനം നടത്തിയത്.

അസ്‌ട്രോസാറ്റ് ഡേറ്റ ഉപയോഗിച്ച് മുപ്പതിലേറെ പഠനപ്രബന്ധങ്ങള്‍ ഇന്ത്യന്‍ ഗവേഷകര്‍ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വിദൂര ഗാലക്സികളും എക്സ്റേ ഉറവിടങ്ങളും തമോഗര്‍ത്തങ്ങളും മുതല്‍ നക്ഷത്രജനനം വരെ നിരീക്ഷിക്കാന്‍ ശേഷിയുള്ള അഞ്ച് ഉപകരണങ്ങള്‍ (പേലോഡുകള്‍) അസ്‌ട്രോസാറ്റിലുണ്ട്. ആ നിരീക്ഷണോപകരണങ്ങള്‍ എത്ര മികച്ച സാധ്യതയാണ് ഇന്ത്യയിലെ ജ്യോതിശാസ്ത്ര ഗവേഷകര്‍ക്ക് നല്‍കുന്നതെന്ന് വ്യക്തമാക്കുന്നു ഈ പ്രബന്ധങ്ങളില്‍ പലതും. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ജെല്ലിഫിഷ് ഗാലക്‌സിയെക്കുറിച്ചുള്ളത്.

പ്രപഞ്ചത്തിന്റെ അതിവിശാലതയില്‍ ഗാലക്‌സികള്‍ തിങ്ങിനിറഞ്ഞ മേഖലകളുമുണ്ട്, തിരക്കുകുറഞ്ഞ ഒറ്റപ്പെട്ട മേഖലകളുമുണ്ട്. നമ്മുടെ മാതൃഗാലക്‌സിയായ ആകാശഗംഗ അഥവാ ക്ഷീരപഥം, ഒറ്റപ്പെട്ട ഒരു മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, നമ്മുടെ ഗാലക്‌സി അയല്‍പക്കത്തെ ആന്‍ഡ്രോമിഡ ഗാലക്‌സിയുമായി കൂട്ടിയിടിച്ച് ഒത്തുചേര്‍ന്നേക്കാം. അതില്‍ കൂടുതല്‍ നാടകീയ സംഭവങ്ങളൊന്നും സമീപഭാവിയില്‍ പ്രതീക്ഷിക്കുക വയ്യ!

ഇന്ത്യയുടെ അസ്‌ട്രോസാറ്റും ആകാശത്തെ 'ജെല്ലിഫിഷും'

തിരക്കേറിയ പ്രപഞ്ചമേഖലകളില്‍ പക്ഷേ, കഥ ഇങ്ങനെയല്ല. സംഘര്‍ഷഭരിതമായ ഒട്ടേറെ രംഗങ്ങള്‍ ഗാലക്‌സീ ക്ലസ്റ്ററുകളിലും മറ്റും അരങ്ങേറുന്നു. 'നമ്മുടെ ഭൂമിയില്‍ ആള്‍പ്പാര്‍പ്പ് കൂടിയ നഗരങ്ങളുണ്ടല്ലോ. അതിന് സമാനമായി കണക്കാക്കാം ആയിരക്കണക്കിന് ഗാലക്‌സികള്‍ തിങ്ങിനിറഞ്ഞ ഗാലക്‌സീക്ലസ്റ്ററുകളെ. അത്തരമൊരു ക്ലസ്റ്ററിനകത്തേയ്ക്ക് ക്ഷീരപഥം പോലൊരു സ്‌പൈറല്‍ ഗാലക്‌സി വന്നു വീഴുമ്പോഴാണ് 'ജെല്ലിഫിഷ് ഗാലക്‌സി' (Jellyfish Galaxy) രൂപപ്പെടുന്നത്'- ഡോ.കോശി ജോര്‍ജ് പറയുന്നു.

ഗുരുത്വബലത്താല്‍ പരസ്പരം ആകര്‍ഷിക്കപ്പെട്ടാണ് ഗാലക്‌സികള്‍ ക്ലസ്റ്ററുകളായി സ്ഥിതിചെയ്യുക. ആയിരക്കണക്കിന് ഗാലക്‌സികള്‍ വരെ ഒരു ക്ലസ്റ്ററിലുണ്ടാകാം. അത്തരം ക്ലസ്റ്ററുകളില്‍ ഗാലക്‌സികള്‍ക്കിടയില്‍ നിറഞ്ഞിരിക്കുക അത്യുന്നത ഊഷ്മാവിലുള്ള അയണീകരിക്കപ്പെട്ട വാതകങ്ങളായിരിക്കും. പത്തുകോടി കെല്‍വിന്‍ വരെയാകാം വാതക ഊഷ്മാവ് (നമ്മുടെ സൂര്യന്റെ പ്രതല ഊഷ്മാവ് 5700 കെല്‍വിന്‍ മാത്രമാണെന്നോര്‍ക്കുക!).

ഒരു അന്യഗാലക്‌സി ഗുരുത്വബലത്താല്‍ ക്ലസ്റ്ററിലേക്ക് ആകര്‍ഷിക്കപ്പെടുമ്പോള്‍, ഈ ചൂടന്‍ വാതകത്തിലൂടെ അതിന് കടന്നുപോകേണ്ടി വരും. വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു സൈക്കിള്‍ സവാരിക്കാരന് ഏതിര്‍ദിശയിലുള്ള കാറ്റേല്‍ക്കേണ്ടി വരുന്നതുപോലത്തെ അനുഭവമാണ്, ക്ലസ്റ്ററില്‍ പതിക്കുന്ന ഗാലക്‌സിക്ക് ഉണ്ടാവുക. ഗാലക്‌സിയിലെ വാതകധൂളീപടലങ്ങള്‍ എതിര്‍ദിശയിലുള്ള ശക്തമായ ചൂടുകാറ്റില്‍ ഗാലക്‌സിയുടെ പിടിവിട്ട് പുറത്താകും.

ഇത്തരത്തില്‍, വാതകധൂളീപടലങ്ങള്‍ അലകളായി പിന്നിലേക്ക് മാറുമ്പോള്‍ ഗാലക്‌സി ഒരു ജെല്ലിഫിഷിനെ അനുസ്മരിപ്പിക്കും. 'കത്തിതീരുന്ന സമയത്ത് മെഴുകുതിരി ഹൃസ്വനേരത്തേക്ക് ആളിക്കത്തില്ലേ, അത്തരമൊരു അവസ്ഥയാകും ക്ലസ്റ്ററില്‍ വന്നുവീഴുന്ന ഗാലക്‌സിക്കുണ്ടാകുക. സ്‌പൈറല്‍ ഗാലക്‌സിയെന്ന രൂപം മാറി അത് വെറുമൊരു വാര്‍ത്തുള ഗാലക്‌സി (elliptical galaxy) ആയി പരിണമിക്കും. വളരെ പ്രായമേറിയ നക്ഷത്രങ്ങള്‍ മാത്രമാകും ജെല്ലിഫിഷ് ഗാലക്‌സികളില്‍ അവശേഷിക്കുക. ഗാലക്‌സിയുടെ ഉള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റപ്പെടുന്ന വാതകപടലങ്ങള്‍ പുതിയ നക്ഷത്രങ്ങളുടെ പിറവിക്ക് വേദിയാകും'-ഡോ. കോശി ജോര്‍ജ് വിശദീകരിക്കുന്നു.

ഇന്ത്യയുടെ അസ്‌ട്രോസാറ്റും ആകാശത്തെ 'ജെല്ലിഫിഷും'

ഭൂമിയില്‍ നിന്ന് 81.5 കോടി പ്രകാശവര്‍ഷമകലെ 'ഏബല്‍ 85' (Abell 85) ഗാലക്‌സീക്ലസ്റ്ററില്‍ വന്നു വീണ JO201 ജെല്ലിഫിഷ് ഗാലക്‌സിയെ ആണ് അസ്‌ട്രോസാറ്റിന്റെ സഹായത്തോടെ ഗവേഷകര്‍ പഠിച്ചത്. അസ്‌ട്രോസാറ്റ് പകര്‍ത്തിയ അത്യന്തം മികവാര്‍ന്ന അള്‍ട്രാവയലറ്റ് ദൃശ്യത്തില്‍, ജല്ലിഫിഷ് ഗാലക്‌സിയില്‍ നിന്ന് പുറത്തുവന്ന ധൂളീപടലങ്ങളില്‍ പുതിയ നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്നത് മനസിലാക്കാന്‍ കഴിഞ്ഞു. ജെല്ലിഫിഷ് ഗാലക്‌സിക്ക് പുറത്ത് നക്ഷത്രങ്ങള്‍ രൂപപ്പെടുന്ന 80 ഇടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി.

'ചിലിയിലെ അറ്റകാമ മരുഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ 'വെരി ലാര്‍ജ് ടെലസ്‌കോപ്പ്' (VLT) ഉപയോഗിച്ച് നടത്തിയ നിരീക്ഷണവും ഈ പഠനത്തിന് സഹായകമായിട്ടുണ്ട്'-ഡോ.കോശി ജോര്‍ജ് അറിയിക്കുന്നു. ചെങ്ങന്നൂര്‍ സ്വദേശിയായ കോശി, കോട്ടയം അതിരമ്പുഴയില്‍ എം ജി യൂണിവേഴ്‌സിറ്റി കാമ്പസിലെ 'സ്‌കൂള്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സി'ല്‍ നിന്ന് എം എസ് സി പാസായ ശേഷം, നെതര്‍ലന്‍ഡ്‌സില്‍ ഗ്രോനിഞ്ചന്‍ സര്‍വകലാശാലയിലെ 'കാപ്റ്റന്‍ അസ്‌ട്രോണമിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടി'ല്‍ (Kapteyn Astronomical Institute) നിന്ന് പിഎച്ച്ഡി എടുത്തു. അതിനു ശേഷമാണ് ബാംഗ്ലൂരില്‍ ഐ.ഐ.എ.യില്‍ ചേര്‍ന്നത്.

ഇതിനു മുമ്പും ജെല്ലിഫിഷ് ഗാലക്‌സികളെക്കുറിച്ച് മറ്റ് ഗവേഷകര്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍, അതിനെയൊക്കെ അപേക്ഷിച്ച് കൂടുതല്‍ മികവാര്‍ന്ന അള്‍ട്രാവയലറ്റ് ദൃശ്യമാണ് അസ്‌ട്രോസാറ്റ് നല്‍കിയത്. അതിനാല്‍, ജെല്ലിഫിഷ് ഗാലക്‌സിയില്‍ അരങ്ങേറുന്ന നാടകീയ സംഭവങ്ങളെ കൂടുതല്‍ വിശദാംശങ്ങളോടെ മനസിലാക്കാന്‍ കഴിഞ്ഞു. കൂടുതല്‍ ജെല്ലിഫിഷ് ഗാലക്‌സികളെ അസ്‌ട്രോസാറ്റ് ഉപയോഗിച്ച് തങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ പഠനഫലങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.

പത്തുവര്‍ഷംകൊണ്ട് ഐ.എസ്.ആര്‍.ഒ. രൂപകല്‍പ്പന ചെയ്ത അസ്‌ട്രോസാറ്റിന്റെ ആയുസ്സ് അഞ്ചുവര്‍ഷമെന്നാണ്, 2015 ല്‍ വിക്ഷേപിക്കുമ്പോള്‍ നിശ്ചയിച്ചത്. അതുപ്രകാരം 2020 വരെയേ അസ്‌ട്രോസാറ്റ് പ്രവര്‍ത്തിക്കൂ. അസ്‌ട്രോസാറ്റിന്റെ ദൗത്യം തുടരാന്‍ അതിന്റെ പിന്‍ഗാമിയായ 'അസ്‌ട്രോസാറ്റ്-2' നിര്‍മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണിപ്പോള്‍.

ഇന്ത്യയില്‍ ജ്യോതിശാസ്ത്ര മേഖലയില്‍ തത്പ്പരരായ ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇവിടെ തന്നെ മികച്ച അവസരം ലഭ്യമാകുന്ന കാലമാണിതെന്ന് സാരം!

advertisment

Super Leaderboard 970x90