Science

ന്യൂട്രിനോ നിരീക്ഷണശാലയെ ആര്‍ക്കാണ് പേടി!

ശരിയായ ചര്‍ച്ചകള്‍ നടത്താനോ, യുക്തിപൂര്‍വമായ നിഗമനങ്ങളിലെത്താനോ അല്ല ന്യൂട്രിനോ പദ്ധതി എതിര്‍ക്കുന്നവര്‍ക്ക് താത്പര്യമെന്ന് പകല്‍ പോലെ വ്യക്തമാണ്. തങ്ങളുണ്ടാക്കുന്ന ആരോപണങ്ങള്‍ക്കിടയില്‍ പെട്ട് ശരിയായ വസ്തുതകള്‍ ആരും ശ്രദ്ധിക്കാതെ പോകണം എന്ന ഗൂഢതന്ത്രമാണവര്‍ പ്രയോഗിക്കുന്നത്. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ 'വെടക്കാക്കി തനിക്കാക്കുന്ന' ഏര്‍പ്പാട്.

ന്യൂട്രിനോ നിരീക്ഷണശാലയെ ആര്‍ക്കാണ് പേടി!

 ഏതാനും ദിവസം മുമ്പ് എനിക്കൊരു വാട്‌സ്ആപ്പ് മെസേജ് കിട്ടി. മെസേജിന്റെ തുടക്കം ഇങ്ങനെ: 'ഇടുക്കി, എറണാകുളം ജില്ലകളെ മാത്രമല്ല, കേരളത്തെ തന്നെ തകര്‍ക്കാന്‍ കാരണമായേക്കാവുന്ന അമേരിക്കന്‍ ആണവപരീക്ഷണശാലയുടെ പണി ഇടുക്കിയില്‍ വീണ്ടും തുടങ്ങി'.

തമിഴ്‌നാട്ടില്‍ തേനി ജില്ലയിലെ പൊട്ടിപ്പുറം ഗ്രാമത്തില്‍ ബോഡി മലയ്ക്കുള്ളില്‍ സ്ഥാപിക്കുന്ന 'ന്യൂട്രിനോ നിരീക്ഷണശാല'യ്ക്ക് കഴിഞ്ഞ മാര്‍ച്ച് 26 ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയും രണ്ടാമതും അനുമതി നല്‍കിയിരുന്നു. അതിന്റെ വെളിച്ചത്തില്‍ തയ്യാറാക്കപ്പെട്ടതാണ് എഴുതിയ ആളിന്റെ വന്യഭാവന പ്രതിഫലിക്കുന്ന ഈ മെസേജെന്ന് വ്യക്തം.

'ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് തല്ലിക്കൊല്ലുക' എന്ന് പറയാറില്ലേ. ന്യൂട്രിനോ നിരീക്ഷണപദ്ധതിക്ക് എതിരായി പ്രചരിപ്പിക്കപ്പെടുന്ന വസ്തുതകള്‍ കാണുമ്പോള്‍ ഈ ചൊല്ല് ഓര്‍മവരും. 'ആണവപരീക്ഷണശാല', 'കണികാപരീക്ഷണം', 'അമേരിക്കയ്ക്ക് വേണ്ടി ആണവായുധ നിര്‍മാണം', 'പശ്ചിമഘട്ടത്തെ തകര്‍ക്കാന്‍ പോന്ന കിലോമീറ്ററുകള്‍ നീളമുള്ള ഭൂഗര്‍ഭ ടണല്‍ നിര്‍മാണം', അതീവനാശം വിതയ്ക്കുന്ന 'കൃത്രിമ ന്യൂട്രിനോകള്‍', 'ഫാക്ടറി നിര്‍മിത ന്യൂട്രിനോകള്‍'- എന്നുവേണ്ട സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരെ പോലും തോല്‍പ്പിക്കും വിധമുള്ള വന്യഭാവനകളാണ് ഇക്കാര്യത്തില്‍ ഉയരുന്നത്!

ബോഡി വെസ്റ്റ് ഹില്‍സ് പ്രദേശത്ത് സ്ഥാപിക്കുന്നത് ഒരു ന്യൂട്രിനോ നിരീക്ഷണകേന്ദ്രം (ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി) മാത്രമാണ്. തമിഴ്‌നാട്ടില്‍ തന്നെ കാവലൂരിലെ ഭീമന്‍ ടെലിസ്‌കോപ്പിന്റെ കാര്യമെടുക്കുക. പ്രകാശത്തിന്റെ സഹായത്തോടെ ആകാശനിരീക്ഷണം നടത്തുകയാണ് ടെലിസ്‌കോപ്പ് ചെയ്യുന്നത്. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ പോലൊരു മൗലിക കണമാണ് ന്യൂട്രിനോയും. കാവലൂരില്‍ ഫോട്ടോണുകളാല്‍ ആകാശനിരീക്ഷണം നടത്തുമ്പോള്‍, ന്യൂട്രിനോ നിരീക്ഷണാശാലയില്‍ ന്യൂട്രിനോകളാല്‍ ആകാശനിരീക്ഷണം നടത്തുന്നു! ഒരു ടെലിസ്‌കോപ്പിന്റെ റോള്‍ മാത്രമേ ന്യൂട്രിനോ നിരീക്ഷണശാലയ്ക്കുള്ളൂ എന്നുസാരം!

അങ്ങനെയെങ്കില്‍ ഭൂമിക്കടിയില്‍ മലയ്ക്കുള്ളില്‍ എന്തിനത് സ്ഥാപിക്കണം? ന്യൂട്രിനോ കണങ്ങളുടെ സ്വഭാവം മനസിലാക്കിയാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരമായി. ഫോട്ടോണുകള്‍ കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന കണങ്ങളാണ് ന്യൂട്രിനോകള്‍. ന്യൂട്രിനോകളുടെ ഏറ്റവും വിചിത്രമായ സവിശേഷത, മറ്റ് പദാര്‍ഥകണങ്ങളുമായി വളരെ വളരെ കുറഞ്ഞ തോതില്‍ മാത്രമേ അവ ഇടപഴകൂ എന്നതാണ്. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ഥരൂപങ്ങളും ന്യൂട്രിനോകള്‍ക്ക് സുതാര്യം (transparent) ആണ്. ഭൂമിയിലൂടെയും ജീവികളിലൂടെയുമൊക്കെ ഇവ കടന്നു പോകുന്നു. ഓരോ സെക്കന്‍ഡിലും ഏതാണ്ട് നൂറ് ലക്ഷം കോടി ന്യൂട്രിനോകള്‍ നമ്മുടെ ശരീരത്തിലൂടെ കടന്നു പോകുന്നുണ്ട്! എങ്കിലും, ന്യൂട്രിനോകള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ദോഷമുണ്ടാക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഇതര പദാര്‍ഥരൂപങ്ങളുമായി അവ വളരെ കുറച്ച് മാത്രമേ ഇടപഴകൂ എന്ന് സൂചിപ്പിച്ചല്ലോ. അതാണ് ഇവയെ നിരീക്ഷിക്കുന്നതിലെ പ്രധാന വൈതരണി. കോസ്മിക് കിരണങ്ങളുടെ ആധിക്യമുള്ള സ്ഥലങ്ങളില്‍ ന്യൂട്രിനോകളെ കണ്ടെത്താനും പഠിക്കാനും കഴിയില്ല. അതുകൊണ്ട്, അത്തരം ശല്യം ഒഴിവാക്കാന്‍ ഭൂമിക്കടിയിലെ ഖനികളിലോ മലകള്‍ക്കുള്ളിലെ ഗുഹകളിലോ ന്യൂട്രിനോ ഡിറ്റൈക്ടറുകള്‍ സ്ഥാപിക്കേണ്ടി വരുന്നു.

ബോഡി മലകള്‍ ന്യൂട്രിനോ പദ്ധതിക്ക് ഏറ്റവും അനുകൂലമാണ്. കാരണം 'ചാര്‍നോകൈറ്റ് ശില' (Charnockite rock) ആണ് ആ മലകളിലുള്ളത്. എല്ലാ വശത്തുനിന്നും 1200 മീറ്റര്‍ പാറയുടെ മറവ് ന്യൂട്രിനോ ഡിറ്റക്ടറ്ററിന് കിട്ടും. കോസ്മിക് കിരണങ്ങളുടെ ശല്യംകൂടാതെ ന്യൂട്രിനോ നിരീക്ഷണം നടത്താം.

ബോഡി മലയുടെ മധ്യഭാഗത്തുണ്ടാക്കുന്ന ഗുഹയിലാണ് ന്യൂട്രിനോ ഡിറ്റെക്ടര്‍ സ്ഥാപിക്കുക. അങ്ങോട്ടെത്താന്‍ പൊട്ടിപ്പുറം ഗ്രാമത്തിലെ മലയടിവാരത്തുനിന്ന് മലയ്ക്കുള്ളിലൂടെ പാറതുരന്ന് രണ്ടുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ടണല്‍ നിര്‍മിക്കണം. അതാണ് വിമര്‍ശകരുടെ ഏറ്റവും വലിയ പിടിവള്ളി. രണ്ട് കിലോമീറ്റര്‍ ടണല്‍ നിര്‍മിക്കാന്‍ പാറ പൊട്ടിക്കുമ്പോള്‍, ഇടുക്കിയിലെ ഡാമുകള്‍ മാത്രമല്ല, പശ്ചിമഘട്ടം ഒന്നോടെ തകര്‍ന്നുപോകും എന്ന മട്ടിലാണ് പ്രചാരണം! ടണല്‍ ഇടുക്കി ജില്ലയുടെ അടിയിലൂടെ കടന്നുപോകുമത്രേ. പ്രകമ്പനങ്ങളും ശബ്ദശല്യവും ഏറ്റവും കുറച്ചുണ്ടാക്കുന്ന തരത്തില്‍ നിയന്ത്രിതമായ രീതിയിലാകും ടണല്‍ നിര്‍മാണം എന്ന് പദ്ധതിയുടെ നടത്തിപ്പുകാര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും രക്ഷയില്ല.

പശ്ചിമഘട്ടത്തില്‍ എത്രയോ ഖനികള്‍ പ്രവര്‍ത്തിക്കുന്നു. അവയില്‍ ഒരെണ്ണമുണ്ടാക്കുന്ന പരിസ്ഥിതിപ്രശ്‌നത്തിന്റെ ഒരംശമെങ്കിലും രണ്ട് കിലോമീറ്റര്‍ ടണലുണ്ടാക്കുമ്പോള്‍ സംഭവിക്കുമോ എന്നാലോചിച്ച് നോക്കുക. അതല്ലെങ്കില്‍, 738 കിലോമീറ്റര്‍ നീളമുള്ള കൊങ്കണ്‍ റെയില്‍വെയുടെ കാര്യമെടുക്കുക. പശ്ചിമഘട്ടം മലനിരകളില്‍ ആ റെയില്‍പാതയ്ക്ക് വേണ്ടിയുണ്ടാക്കിയത് 92 തുരങ്കങ്ങളാണ്. എല്ലാ തുരങ്കങ്ങള്‍ക്കും കൂടി 83.6 കിലോമീറ്റര്‍ നീളം. ആറര കിലോമീറ്റര്‍ നീളമുള്ള കര്‍ബുദെ ടണല്‍ ആണ് അതില്‍ ഏറ്റവും വലുത്! ഇതുമായി രണ്ടുകിലോമീറ്റര്‍ മാത്രം നീളമുള്ള തുരങ്കത്തെ താരതമ്യം ചെയ്തുനോക്കുക!

ശരിയായ ചര്‍ച്ചകള്‍ നടത്താനോ, യുക്തിപൂര്‍വമായ നിഗമനങ്ങളിലെത്താനോ അല്ല ന്യൂട്രിനോ പദ്ധതി എതിര്‍ക്കുന്നവര്‍ക്ക് താത്പര്യമെന്ന് പകല്‍ പോലെ വ്യക്തമാണ്. തങ്ങളുണ്ടാക്കുന്ന ആരോപണങ്ങള്‍ക്കിടയില്‍ പെട്ട് ശരിയായ വസ്തുതകള്‍ ആരും ശ്രദ്ധിക്കാതെ പോകണം എന്ന ഗൂഢതന്ത്രമാണവര്‍ പ്രയോഗിക്കുന്നത്. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ 'വെടക്കാക്കി തനിക്കാക്കുന്ന' ഏര്‍പ്പാട്. അങ്ങനെയൊരു തന്ത്രത്തിത്തിന്റെ പേരില്‍ രാജ്യത്തെ ഒരു പ്രധാന ശാസ്ത്രപദ്ധതി നഷ്ടപ്പെടാന്‍ അനുവദിക്കണമോ.

#TAGS : neutrino  

advertisment

Related News

    Super Leaderboard 970x90