Kerala

'ഇനി ഒരാൾക്കും എന്റെ മകളുടെ ഗതിയുണ്ടാവരുത്...' ജിഷയുടെ അമ്മ

തന്‍റെ മകളെ അതി ക്രൂരമായാണ് പ്രതി കൊന്നത്. തന്റെ മകള്‍ക്ക് മാത്രമല്ല, ജിഷ്ണു ഉള്‍പ്പടെ എല്ലാ വധക്കേസുകളിലും അമ്മമാര്‍ക്ക് നീതി ലഭിക്കണം.

'ഇനി ഒരാൾക്കും എന്റെ മകളുടെ ഗതിയുണ്ടാവരുത്...' ജിഷയുടെ അമ്മ

എറണാകുളം: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ ലഭിച്ച വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി ഉണ്ടാവരുത്.തന്‍റെ മകളെ അതി ക്രൂരമായാണ് പ്രതി കൊന്നത്. തന്റെ മകള്‍ക്ക് മാത്രമല്ല, ജിഷ്ണു ഉള്‍പ്പടെ എല്ലാ വധക്കേസുകളിലും അമ്മമാര്‍ക്ക് നീതി ലഭിക്കണമെന്നും അവർ പറഞ്ഞു.അന്വേഷണ സംഘത്തിനോട് നന്ദിയുണ്ടെന്നും വിധി പ്രഖ്യാപിച്ച ജഡ്ജ് ദൈവതുല്യനാണെന്നും രാജേശ്വരി പറഞ്ഞു.

എറണാകുളം സെഷൻസ് കോടതിയാണ് പെരുമ്പാവൂർ ജിഷ വധ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന് വധ ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 19 മാസം പിന്നിടുമ്പോഴാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി പറഞ്ഞു. അതിക്രൂരമായ കൊലപാതകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും, ജിഷയെ കൊന്നത് ആരാണെന്ന് അറിയില്ലെന്നും ശിക്ഷാ പ്രഖ്യാപനത്തിനായി കോടതിയില്‍ എത്തിച്ചപ്പോള്‍ അമീറുള്‍ ഇസ്ലാം ഇന്നും ആവര്‍ത്തിച്ചിരുന്നു.കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കരുതെന്നും പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്ത് കരുണ കാണിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ദൃക്‌സാക്ഷികളില്ലാത്ത കേസാണിത്. ‘നിര്‍ഭയ’ കേസിന് സമാനമല്ല. ഡി.എന്‍.എ. പരിശോധനാഫലം എന്ന പുകമറ സൃഷ്ടിച്ച് പ്രോസിക്യൂഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. മറുനാട്ടുകാരനായ തന്റെ കക്ഷിക്കെതിരേ പൊലീസ് ഈ കേസ് കെട്ടിച്ചമച്ചതാണ്. ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം വാദിച്ചു.

കേസിൽ അമിറുൾ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.ബലാത്സംഗം, കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ അടക്കമുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയിരുന്നത്. ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച അമിറുള്‍ ഇസ്‌ലാമിന്റെ ഉമിനീര്‍, കത്തിയില്‍നിന്നും ലഭിച്ച രക്തം,ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് ശേഖരിച്ചിരുന്നത്.ആദ്യമായി ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ തെളിയിച്ച കേസ് കൂടിയായാണ് ജിഷ വധക്കേസ്.

പ്രതിക്കെതിരെ പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് വിധി പ്രഖ്യാപനം കേള്‍ക്കാനായി കോടതിയലെത്തിയപ്പോള്‍ ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞിരുന്നു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിധം അതിക്രൂരമായ കൊലപാതകമായിരുന്നു ജിഷയുടേത്. ആന്തരിക അവയവങ്ങള്‍ വരെ കൊലയാളിയുടെ മര്‍ദ്ദനത്തില്‍ പുറത്തുവന്നിരുന്നു. ഏറെ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ തമിഴ്‌നാടില്‍ നിന്നാണ് പിടികൂടിയത്.

advertisment

News

Related News

    Super Leaderboard 970x90