Health

ചത്ത കോഴിയിൽ നിപ്പാ വൈറസ് ടെസ്റ്റ് പോസിറ്റീവ് ആയി എന്ന് വാർത്ത; എന്തിനാണ് ഇങ്ങനെ നുണകൾ പ്രചരിപ്പിച്ചു കൊണ്ട് കുറേ ജനങ്ങളുടെ വയറ്റത്തടിക്കുന്നതും പറ്റിക്കുന്നതും ? ജിനേഷ് പി എസ്

മൃഗങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ കണ്ടാൽ മൃഗസംരക്ഷണ വകുപ്പിനെയോ മൃഗഡോക്ടറെയോ അറിയിക്കുക. ദയവായി വാലും തലയുമില്ലാത്ത വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ കുടുങ്ങാതിരിക്കുക.

ചത്ത കോഴിയിൽ നിപ്പാ വൈറസ് ടെസ്റ്റ് പോസിറ്റീവ് ആയി എന്ന് വാർത്ത; എന്തിനാണ് ഇങ്ങനെ നുണകൾ പ്രചരിപ്പിച്ചു കൊണ്ട് കുറേ ജനങ്ങളുടെ വയറ്റത്തടിക്കുന്നതും പറ്റിക്കുന്നതും ? ജിനേഷ് പി എസ്

ചത്ത കോഴിയിൽ നിപ്പാ വൈറസ് ടെസ്റ്റ് പോസിറ്റീവ് ആയി എന്നാണ് വ്യാജവാർത്ത. timesnownews.com എന്ന് ചിത്രത്തിന് കീഴിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, Nipah എന്ന സ്പെല്ലിങ്ങ് എഴുതുന്നതിനു പകരം nippa എന്നാണ് എഴുതിയിരിക്കുന്നതെന്ന് മാത്രം.

ഇതുവരെ വായിച്ച ജേർണലുകളിൽ ഒന്നും കാണാത്ത കാര്യമാണിത്. വവ്വാലുകളിൽ നിന്ന് നിപ്പ വൈറസ് വേർതിരിച്ചെടുത്തിട്ടുണ്ട്. പന്നികളിൽ നിന്നും വേർതിരിച്ചെടുത്തിട്ടുണ്ട്. ഇവ രണ്ടിൽ നിന്നും മനുഷ്യന് പകർന്നതായും മനസ്സിലായിട്ടുണ്ട്.

കുതിര, നായ, പൂച്ച, ആട് എന്നീ മൃഗങ്ങളിൽനിന്ന് ആൻറിബോഡി വേർതിരിച്ചെടുത്തിട്ടുണ്ടെങ്കിലും ഇവയിൽ നിന്നും മനുഷ്യന് രോഗം പകർന്നതായി റിപ്പോർട്ടുകളില്ല.

ഇന്നേവരെ ഒരു പക്ഷിയിൽ നിന്നും ഈ വൈറസിനെ ലഭിച്ചിട്ടുള്ളതായി അറിവില്ല. കോഴികളിൽ നിന്നും ലഭിച്ചിട്ടില്ല എന്നത് പ്രത്യേകം എടുത്തു പറയണോ?

മാത്രമല്ല ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ആ ചിത്രം പക്ഷിപ്പനി (H5N1) പടർന്ന സമയത്തെ വാർത്തയുടെ ചിത്രമാണ്. 2018 ജനുവരി മൂന്നാം തീയതിയിലെ വാർത്ത.

കേരളത്തിൽ ഒരു മൃഗങ്ങളിൽ/പക്ഷികളിൽ നിന്നും ഇതുവരെ നിപ്പാ വൈറസിനെ കണ്ടുപിടിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. എങ്കിലും വാട്ട്സ്ആപ്പിലൂടെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് ആശുപത്രികൾ / ആരോഗ്യവകുപ്പ് / വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പറഞ്ഞു എന്നൊക്കെ നുണകൾ പറഞ്ഞാണ്. ഇങ്ങനെ നുണകൾ പ്രചരിപ്പിക്കുന്നവർക്ക് എന്താണ് ലക്ഷ്യം എന്ന് മനസ്സിലാവുന്നില്ല.

മുകളിൽ പറഞ്ഞ ഒന്നിനെയും ഭക്ഷിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. മനസിലാക്കാൻ സാധിച്ചിടത്തോളം എല്ലാം സുരക്ഷിതമാണ്. നന്നായി പാകം ചെയ്ത് ഭക്ഷിക്കുക. ഇതു മാത്രമല്ല പശുവിന്റെയും ആടിന്റെയും പാല് ഉപയോഗിക്കുന്നതിലും ഒരു കുഴപ്പവുമില്ല.

ആകെ ശ്രദ്ധിക്കേണ്ട ഒരു കാര്യമേയുള്ളൂ. മൃഗങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ കണ്ടാൽ മൃഗസംരക്ഷണ വകുപ്പിനെയോ മൃഗഡോക്ടറെയോ അറിയിക്കുക. ദയവായി വാലും തലയുമില്ലാത്ത വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ കുടുങ്ങാതിരിക്കുക.

ആരോഗ്യവകുപ്പിനും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കും ആശുപത്രി അധികൃതർക്കും നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവർ തീർച്ചയായും പത്രമാധ്യമങ്ങളിലൂടെ പ്രതികരിക്കും; അല്ലെങ്കിൽ തിരികെ ചോദ്യം ചോദിക്കാൻ അവസരമുള്ള ഒഫീഷ്യൽ ഫേസ്ബുക്ക് പേജുകളിലൂടെ പ്രതികരിക്കും.

അനാവശ്യമായി നുണകൾ പറഞ്ഞ് ഭീതി പടർത്തി കുറച്ച് കർഷകരുടെ വയറ്റത്തടിക്കരുത്.

advertisment

Super Leaderboard 970x90