ഫറൂഖ് കോളേജിലെ ചില അധ്യാപക ജന്മങ്ങളോട് കുതിരവട്ടത് ചികിത്സാ തേടണമെന്ന് പറയാത്തത് കുതിരവട്ടത്തോടുള്ള സ്നേഹം കൊണ്ട് കൂടിയാണ്....

ഫറൂഖ് കോളേജിലെ ചില അധ്യാപക ജന്മങ്ങളോട് കുതിരവട്ടത് ചികിത്സാ തേടണമെന്ന് പറയാത്തത് കുതിരവട്ടത്തോടുള്ള സ്നേഹം കൊണ്ട് കൂടിയാണ്....

ഫറൂഖ് കോളേജിലെ ചില അധ്യാപക ജന്മങ്ങളോട് ബഷീറിനെ എങ്കിലും വായിക്കണമെന്നും മനസ്സിലാവാതെ പക്ഷം മാത്രം കുതിരവട്ടത് ചികിത്സ തേടണമെന്നും പറയാത്തത് കുതിരവട്ടത്തോടുള്ള സ്നേഹം കൊണ്ട് കൂടിയാണ്. കോഴിക്കോട് ഫറൂഖ് കോളേജിലെ സംഭവവികാസങ്ങള്‍ കേരളത്തിലെ മത മൗലികവാദികളുടെ അറുപഴഞ്ചന്‍ യുക്തിരാഹിത്യങ്ങള്‍ക്ക് കുറവില്ല എന്ന് തെളിയിക്കുന്നത് ആണ് . തലയില്‍ വെളിച്ചം ചൂടിയ ചിന്തകള്‍ക്ക് പകരം തങ്ങള്‍ക്ക് ഉള്ളത് മാറാല കൂട് കെട്ടിയ തലച്ചോറിലെ കാലം പുറംകാലിനു തട്ടിത്തെറിപ്പിച്ച ദുരന്തപൂര്‍ണ്ണമായ ചിന്തകൂടാരങ്ങള്‍ ആണെന്നതാണ് ചില പരമ പണ്ഡിതന്മാര്‍ കാണിച്ചു തരുന്നത് .

വിദ്യാര്‍ത്ഥികള്‍, അവര്‍ തെറ്റ് ചെയ്തിട്ടുണ്ടെകില്‍ പോലും കായികപരമായി നേരിടണം എന്ന് ആഗ്രഹിക്കുന്ന ആ ഗുരുവര്യന്മാരും. പെണ്‍കുട്ടികളുടെ മാറിടമാണ് സമൂഹത്തെ വഴിതെറ്റിക്കുന്നത് എന്ന് പ്രഖ്യാപിക്കുന്ന ശ്രേഷ്ഠനായ ആ മഹാപണ്ഡിതനുമൊക്കെ വര്‍ത്തമാനകാല കേരളം അഭിമുഖീകരിക്കുന്ന പകരം വെക്കാനില്ലാത്ത ദുരന്തങ്ങള്‍ ഏതു എന്ന ചോദ്യത്തിന്റെ ഋജുവര്‍ണ മറുപടികള്‍ ആണ് .

കുട്ടികളെ കായികപരമായി തല്ലിത്തീര്‍ത്തു നീതി നടപ്പിലാക്കുകയും അച്ചടക്കം സൃഷ്ടിക്കുകയും ചെയ്തു എന്ന് ഉറപ്പു വരുത്തി ദീര്‍ഘനിശ്വാസം എടുക്കുന്ന കാലയളവില്‍ പെണ്‍കുട്ടികള്‍ ധരിക്കുന്ന ലെഗ്ഗിങ്ങ്സും അവരുടെ ശരീരവും സമൂഹത്തിനു സൃഷ്ടിക്കുന്ന തെറ്റുവഴികളെ കുറിച്ച് മതാത്മകതയുടെ ഇഹലോക പരലോക സാധ്യതകളില്‍ ഭീഷണിപ്പെടുത്തി പരലോകപ്രവേശം ഉറപ്പിച്ചതിനു ശേഷം സമയമാപിനിയില്‍ ഇനിയും നിമിഷങ്ങള്‍ മിച്ചമുണ്ടെങ്കില്‍ മാത്രം ബഷീറിനെ ഒന്ന് വായിക്കണം സര്‍.

തേന്‍മാവ് എന്ന് വിളിപ്പേരുള്ള ഒരു കഥയുടെ സത്ത എങ്കിലും ഓര്‍മ്മിക്കണം . മതമൗലികതയുടെ തീകുണ്ഡത്തില്‍ നിന്നും മനുഷ്യരുടെ ലോകത്തിലേക്കുള്ള യാത്ര ചിലപ്പോഴെങ്കിലും സാധ്യമാവുക അപൂര്‍വ്വമായിട്ടാണെങ്കില്‍ പോലും ഒരു ബഷീര്‍ വായനയിലൂടെ ആകും എന്നതുകൊണ്ട് കൂടി ആണ് സര്‍ . ഭഗവത് ഗീതയും കുറേ മുലകളും എന്ന ബഷീറിയന്‍ ഗ്രന്ഥത്തിന്റെ തലക്കെട്ട് വായിച്ചാല്‍ അതിനു നിരോധനം ഏര്‍പ്പെടുത്തണം എന്ന് പറയുന്നവരില്‍ ഇന്നത്തെ തലമുറയിലെ ആദ്യത്തെ പേര് ഇതാ സംശയരഹിതമായി നിങ്ങള്‍ തന്നെ ആയിരിക്കും.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തത്തുല്യമായി ഉണ്ടാകണം എന്ന് പ്രഖ്യാപിച്ച മക്തി തങ്ങളുടെ പിന്മുറക്കാരുടെ ചരിത്രഓര്‍മ്മകളെ ഒന്ന് സ്പര്‍ശിക്കണം സര്‍. ഖാന്‍ അബ്ദുള്‍ ഗഫറിനെയോ, വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയെയോ ഉച്ചരിച്ചോര്‍മ്മിക്കുവാന്‍ എന്ത് അര്‍ഹതയാണ് നിങ്ങളിലുണ്ടാകുക ? ഹൃദയം കൊണ്ടാകില്ലെങ്കില്‍ പോലും നിങളുടെ ഹൃദയം നഷ്ടപെട്ട കരങ്ങള്‍ കൊണ്ടും കണ്ണുകള്‍ കൊണ്ടുമെങ്കിലും .

പക്ഷെ കലാലയങ്ങള്‍ക്ക് കീഴടങ്ങിയ ചരിത്രം ഇല്ല. തിട്ടൂരങ്ങള്‍ക്കും കൈക്കരുത്തിനും മുന്‍പില്‍ മെരുങ്ങാത്ത ആണ്‍പെണ്‍ മനസ്സുകളുടേതാണ് കലാലയങ്ങള്‍ എന്ന് ഞങ്ങള്‍ അസ്സിനിഗ്ദ്ധമായി ഇനിയുമിനിയും വിളിച്ചു പറയുകയും തെളിയിച്ചു വെയ്ക്കുകയും ചെയ്യും. നിങ്ങളുടെ മതാന്ധത ഒഴുക്ക് നിലച്ചു തളംകെട്ടികിടക്കുന്ന തലച്ചോറുകളില്‍ പ്രകാശത്തിന്റെ അലയടികള്‍ ഉയര്‍ന്നുദിക്കും വരെയും.

നിങ്ങള്‍ പരലോകസുഖം പറഞ്ഞു മോഹിപ്പിച്ചാല്‍ ബൃഹതാഖ്യാനങ്ങളുടെ അപകടപൂര്‍ണ്ണമായ സംഭാഷണത്തില്‍ വിലക്ക് കല്പിച്ചാല്‍ അത് കേട്ട് ഒതുങ്ങി തീരുന്നവര്‍ അല്ല ഞങ്ങള്‍ എന്ന് ഇനിയും കരിവളയിട്ട കൈകള്‍ നിങ്ങളുടെ യുക്തിരാഹിത്യത്തിനു തീകൊളുത്തികൊണ്ട് തെളിയിക്കുക തന്നെ ചെയ്യും . ഫറൂഖ് കോളേജില്‍ ആയാലും സംഘപരിവാര്‍ വിദ്യാമന്ദിരങ്ങളില്‍ ആയാലും നിങ്ങളുടെ പരലോക സുഖലോലുപതയില്‍ സ്വതന്ത്ര ജീവിതത്തിന്റെ ആകാശങ്ങളെയും ഭൂമികയെയും തല്ലിക്കൊഴിക്കാന്‍ വന്നാല്‍ അതിനു കീഴടങ്ങാന്‍ ബുദ്ധിശൂന്യരും ചിന്താരഹിതരുമായ ഒരു തലമുറയെ നിങ്ങളുടെ സ്വന്തം ഗൃഹങ്ങളില്‍ നിന്ന് കണ്ടെത്തും വരെ നിരാശരാകുക മാത്രമായിരിക്കും നിങ്ങള്‍ക്കുള്ള ഫലം.കാലം നിങ്ങളെയും തോല്‍പ്പിച്ച് മുന്നോട്ട് നീങ്ങുക തന്നെയാണ് തീര്‍ച്ചയായും .

advertisment

News

Related News

Super Leaderboard 970x90