Kerala

ജയചന്ദ്രൻ സാറിൽ നിന്നും ഞാൻ പഠിച്ച ഒരു പാഠം ചെറുപ്പക്കാരെ പ്രോത്സാഹിപ്പികയും കൈത്താങ്ങ് കൊടുക്കുകയും എന്നതാണ്

ജയചന്ദ്രൻ സർ എന്നെ സംബന്ധിച്ചു മനുഷ്യപറ്റുള്ള നല്ല മനുഷ്യനാണ്. ആരും അറിയാത്ത ഒരു പയ്യന് ചായയൊക്കെ കൊടുത്തു നീ എഴുതണമെടാ എന്ന് പറയാൻ സൗമനസ്യം ഉള്ള പത്രാധിപന്മാർ കുറവുള്ള ഈ നാട്ടിൽ വ്യത്യസ്തനായ പത്രാധിപനായിരുന്നു ജയചന്ദ്രൻ സർ.

ജയചന്ദ്രൻ സാറിൽ നിന്നും ഞാൻ പഠിച്ച ഒരു പാഠം ചെറുപ്പക്കാരെ പ്രോത്സാഹിപ്പികയും കൈത്താങ്ങ് കൊടുക്കുകയും എന്നതാണ്

എനിക്ക് ജയചന്ദ്രൻ സാറിനെ നേരിട്ട് പരിചയം ഇല്ലായിരുന്നു. സാഹിത്യത്തിലോ, പത്ര പ്രവർ നത്തിലോ ഗോഡ് ഫാദർമാർ ഇല്ലായിരുന്ന അടൂരിന് അടുത്തുള്ള തുവയൂരിൽ വളർന്ന ഒരു ഗ്രാമീണ പയ്യൻ. കലാകൗമുദിയും മാതൃഭൂമിയും കഥയും സ്ഥിരം വായിക്കുന്ന വർഷങ്ങൾ. അങ്ങനെ പൂന യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ ഒരു അവധിക്കു വന്നപ്പോൾ തിരുവനന്തപുരത്തു പേട്ടയിൽ ഉള്ള അദ്ദേഹത്തിന്റെ ഓഫീസിൽ അല്പം സങ്കോചത്തോടെ പോയി. ആൾ എങ്ങനെ ഉള്ള ആളാണ് എന്നറിയില്ല. പക്ഷേ ഞാൻ പ്രതീക്ഷിച്ച ഭീകരനായിരുന്നില്ല അദ്ദേഹം.

വളരെ സ്നേഹത്തോട് കൂടി എനിക്ക് ഒരു ചായയോക്കെ തന്നിട്ട് കാര്യങ്ങൾ ഒക്കെ ചോദിച്ചിട്ട് കഥ വാങ്ങി വായിച്ചു. എന്നിട്ട് പറഞ്ഞു. തരക്കേടില്ല. We will use it. You have got a language and great potential to become a good writer. അന്ന് അദ്ദേഹം പറഞ്ഞത് ഈ രണ്ടു വാചകങ്ങൾ ആയിരുന്നു. പോകാൻ നേരത്തു പറഞ്ഞു : ജോൺ സാമുവൽ എഴുതണം. എഴുത്തു വിടരുത്. ഒരു അഡ്രസ്സും ഒരു ആളും ഒരു സാഹിത്യ വരേണ്യ ലിങ്കും ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ പയ്യന് ആ രണ്ടു മൂന്നു വചനങ്ങൾ കൊടുത്ത ആത്മ വിശ്വാസം വലുതായിരുന്നു. കഥ എന്ന ആനുകാലികത്തത്തിൽ പ്രസിദ്ധീകരിച്ചു.

അതു കഴിഞ്ഞു ഞാൻ വടക്കു കിഴക്കേ ഇന്ത്യയിൽ ഗവേഷണവും ഊരു ചുറ്റലുമായി നടന്നപ്പോൾ ' അശാന്തമായ ബ്രഹ്മ്മപുത്രാ തടങ്ങൾ 'എന്ന പേരിൽ ആസാമിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക അവസ്ഥകളെ വിശകലനം ചെയ്തു ചില ലേഖനങ്ങൾ അയച്ചു കൊടുത്തു. മറുപടി വന്നു. ലേഖനം നന്നായിട്ടുണ്ട്. പ്രസിദ്ധീകരിക്കും. വീണ്ടും എഴുതുക. അന്ന് കൊടുത്തത് മൂന്നു ലക്കങ്ങളിൽ പ്രസിദ്ധീരിച്ചു. പിന്നെ ഷില്ലോങ്ങിൽ നൊങ്തുമായിൽ ഉണ്ടായിരുന്ന ഐ സി എസ് എസ് ആർ ഗസ്റ്റ് ഹൌസ്സിൽ ഇരുന്നു 'ഫിറോസ് ഹുമയൂൺ' എന്ന കഥ എഴുതി അയച്ചു കൊടുത്തു.അതും പ്രസിദ്ധീരിച്ചു. പിന്നെയും ചിലത് എഴുതി. എഴുതിയതെല്ലാം പ്രസിദ്ധീകരിച്ചു.

അതു കഴിഞ്ഞു ഒരിക്കൽ തിരുവനന്തപുരത്തു പോയപ്പോൾ കണ്ടു. ചായയൊക്കെ തന്നു. ഒരു ചെക്ക് തന്നു. 300 രൂപയാണ് എന്ന് തോന്നുന്നു. എനിക്ക് ചെറുപ്പത്തിൽ ഉണ്ടായിരുന്ന ഏക അഡ്രസ്‌ കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ സാഹതി സംബന്ധമായ ചില സമ്മാനങ്ങളാണ്. അല്ലതെ ഒരു അഡ്രസ്സും ഇല്ലാത്ത പയ്യൻ. അങ്ങനെയുള്ള ഒരു പയ്യനെ പ്രോത്സാഹിപ്പിക്കുന്ന ഒരു മനസ്സുള്ളയാൾ നന്മയുള്ളിൽ ഉള്ള മനുഷ്യൻ ആണ്. അതു ഒരു പക്ഷെ ഞാൻ ആദ്യമായി കണ്ട ആളുകളിൽ ഒരാൾ ആണ് ജയചന്ദ്രൻ സാർ. അതുപോലെ പയ്യനായ എന്നോട് സ്നേഹത്തോടെ പെരുമാറിയ വേറൊരാൾ മാധവിക്കുട്ടി /കമലാ ദാസ് ആണ്.

ഞാൻ പുതിയ മേഖലയിലേക്ക് കൂട് മാറിയപ്പോൾ മലയാളം എഴുതുവാൻ സമയം ഇല്ലാതായി. ഇഗ്ളീഷിലായി ഭാഷ വിനിമയങ്ങൾ എല്ലാം. കേരളത്തിൽ പോകുന്നത് വല്ലപ്പോഴുമായി. പിന്നെ ജയചന്ദ്രൻ സാറിനെകാണുന്നത് ഇരുപത്തി അഞ്ചു കൊല്ലം കഴിഞ്ഞു ഞാൻ യു എൻ ഡി പി യിൽ ഉള്ളപ്പോൾ ഒരിക്കൽ കൊച്ചിയിൽ വന്നപ്പോഴാണ്. ഇരുപത്തി അഞ്ചു കൊല്ലം കഴിഞ്ഞും സാർ എന്നെ ഓർത്തിരുന്നു. എഴുത്തു നിർത്തരുതായിരുന്നു എന്ന് പറഞ്ഞു.

സാധാരണ പല പത്രാധിപരും പത്രക്കാരും അഹങ്കാരികളും അല്പൻമാരുമാണ്. എനിക്ക് അതു നേരിട്ട് കാണേണ്ടിയും അനുഭവിക്കേണ്ടിയും വന്നിട്ട് ഉണ്ട്. എം എ ക്കു പഠിക്കുന്നകാലത്തു ടൈംസ് ഓഫ് ഇൻഡ്യയുടെ പുനാ ടൈംസിൽ സ്ഥിരം ഫീച്ചറുകൾ എഴുതിയിരുന്ന ഞാൻ ഒരു പക്ഷെ മുഖ്യധാര മാധ്യമ പ്രവർത്തകൻ ആകേണ്ടയാളായിരുന്നു. പക്ഷെ അതോടു കൂടി മുഖ്യധാര മാധ്യമ പ്രവർത്തനം പറ്റിയ പണിയല്ലന്ന് മനസ്സിലായി. അതിനു ഒരു കാരണം അഹങ്കാരത്തിന്റെ ആൾ രൂപങ്ങളായ, സബ്സ്റ്റൻസ് അധികം ഇല്ലാത്ത പെറ്റി റസിഡന്റ് എഡിറ്റർ ടൈപ്പുകൾ ആണ്. എല്ലവരും അങ്ങനെ അല്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ റസിഡന്റ് എഡിറ്റർമാരാണ്.

പൂനാ ഇന്ത്യൻ എക്സ്പ്രെസ്സിൽ ഒരു ലേഖനവുമായിപ്പോയ രസകരമായ അനുഭവങ്ങൾ ഉണ്ട്. അവിടെ ഡെസ്ക്കിൽ ഉണ്ടായിരുന്ന അഹങ്കാരത്തിന്റെ ആൾരൂപമായ ഒരു എലീറ്റ്‌ വനിത ഡിസ്‌മിസ്സിവ് ആയി വായിച്ചു പോലും നോക്കാതെ തള്ളി. എന്നിട്ട് പറഞ്ഞു : Indian express will not have space for your stuff, try your luck with Maharashtra Herald !" ആ വാശിക്ക് ഞാൻ ഡൽഹിയിൽ നേരിട്ട് അയച്ചു. പിന്നെത്തെ ഇന്ത്യൻ എക്സ്പ്രസ്സ്‌ സൺഡേ മാഗസിനിൽ ലീഡ് സ്റ്റോറിയായി. When Hamlet became a Mizo എന്ന ഫീച്ചർ അടിച്ചു വന്നു . രണ്ടു കൊല്ലം കഴിഞ്ഞു ആ മാന്യ വനിതയെ ഒരു ജോലിക്ക് ഇന്റർവ്യൂ ചെയ്യണ്ട അവസ്ഥയും വന്നു. അങ്ങനെ പിന്നെ സുഹൃത്തുക്കളായി.

ജയചന്ദ്രൻ സർ എന്നെ സംബന്ധിച്ചു മനുഷ്യപറ്റുള്ള നല്ല മനുഷ്യനാണ്. ആരും അറിയാത്ത ഒരു പയ്യന് ചായയൊക്കെ കൊടുത്തു നീ എഴുതണമെടാ എന്ന് പറയാൻ സൗമനസ്യം ഉള്ള പത്രാധിപന്മാർ കുറവുള്ള ഈ നാട്ടിൽ വ്യത്യസ്തനായ പത്രാധിപനായിരുന്നു ജയചന്ദ്രൻ സർ. അദ്ദേഹത്തിൽ നിന്ന് ഞാൻ പഠിച്ച ഒരു പാഠം ചെറുപ്പക്കാരെ പ്രോത്സാഹിപ്പികയും കൈത്താങ്ങ് കൊടുക്കുകയും എന്നതാണ്. അതു ഞാൻ ഇന്നും എന്റെ ജീവിതത്തിൽ തുടരുന്ന ഒരു പാഠമാണ്

advertisment

News

Related News

    Super Leaderboard 970x90