Kerala

സിനിമയും അവിടുത്തെ ആൺ കൊയ്മയും ചോദ്യം ചെയ്യപ്പെടണം.....അതോടൊപ്പം നാട്ടിലും പാർട്ടികളിലും വീടുകളിലും മാധ്യമങ്ങളിലും നടക്കുന്ന പുരുഷ മേധാവിത്വവും......ജെ എസ് അടൂർ എഴുതിയ കുറിപ്പ്

കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഗാർഹിക പീഡനങ്ങൾ കൂടുന്നുണ്ട്. റിപ്പോർട്ട് ചെയ്യാത്തവ അതിന്റെ എത്രയോ ഇരട്ടി. കേരളത്തിൽ കൂടി കൊണ്ടിരിക്കുന്ന മദ്യപാനത്തിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നത് വീട്ടിലെ സ്ത്രീകൾ തന്നെയാണ്. സിനിമ മാത്രമല്ല പ്രശ്നം. ആ സിനിമകൾക്കു പുറകിൽ ഉള്ള മൂല്യ വ്യവസ്ഥയും കൂടിയാണ്.

സിനിമയും അവിടുത്തെ ആൺ കൊയ്മയും ചോദ്യം ചെയ്യപ്പെടണം.....അതോടൊപ്പം നാട്ടിലും പാർട്ടികളിലും വീടുകളിലും മാധ്യമങ്ങളിലും നടക്കുന്ന പുരുഷ മേധാവിത്വവും......ജെ എസ് അടൂർ എഴുതിയ കുറിപ്പ്

കഴിഞ്ഞ മുപ്പത് കൊല്ലത്തെ മലയാള സിനിമയിൽ ഉള്ള സ്ത്രീ വിരുദ്ധ ഡയലോഗുകൾ മാത്രമൊർക്കുക. കൂടെവിടെയിൽ മമ്മൂട്ടി അഭിനയിച്ച മേജർ സുഹാസിനിയോട് പറയുന്ന " കാഞ്ഞരപള്ളി ക്രിസ്ത്യാനി " മുതൽ ഒരുപാട് സിനിമകളിൽ കുത്തി നിറച്ചിരിക്കുന്നത് സ്ത്രീ വിരുദ്ധതയും, ആൺകോയ്മയും, അളിഞ്ഞ ഫ്യുഡൽ മൂല്യങ്ങളുമാണ്. കിംഗ്, കമീഷണർ, ആറാം തമ്പുരാൻ, കൃസ്ത്യൻ ബ്രതേർസ് പോലുള്ള സിനിമകളെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ച ഒരു സമൂഹമാണ് നമ്മടേത്.

സമൂഹത്തിലോ രാഷ്‌ട്രീയത്തിലോ പ്രത്യേകിച്ച് വലിയ സംഭാവനകൾ ചെയ്യാത്ത സിനിമ നടന്മാരെ തിരെഞ്ഞെടുപ്പിനു നിർത്തി ജയിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സന്ദേശം എന്താണ്? ഇന്നസെന്റും മുകേഷുമൊക്കെ പാർലമെന്റിലും നിയമ സഭയിലും എന്ത് വലിയ കാര്യങ്ങൾ ആണ് ചെയ്യുന്നത്? ഡൊമസ്റ്റിക് വയലന്സിന് തെളിവ് സഹിതം ഗണേഷിന് എതിരെ അയാളുടെ മുൻ ഭാര്യ പരാതി കൊടുത്തിട്ട് എന്ത് സംഭവിച്ചു.? കഴിഞ്ഞ ചില ആഴ്ചകൾക്ക് മുന്നെയാണ് അയാൾ ഒരു സ്ത്രീക്കെതിരെ അസഭ്യ വര്ഷം നടത്തിയത്. എന്നിട്ട് എന്ത് പറ്റി?

അതുപോലെ നമ്മുടെ സീരിയലുകൾ കാണിക്കുന്ന മൂല്യ വ്യവസ്ഥയെന്താണ്? മാഫിയയെയും കൊട്ടേഷൻ സംഘങ്ങളെയും മഹത്വവൽക്കരിക്കുന്ന സിനിമകൾ നിറഞ്ഞു ഓടുന്നതും നമ്മുടെ തീയേറ്ററുകളിൽ ആണ്. നടന്മാരിലും സിനിമയിലെ പുരുഷ കേസരി മാരിലും തന്നെ വൃത്തികെട്ട ആൺകോയ്മയും വർഗീയ രാഷ്ട്രീയവും ജാതി ചിന്തയും ഉള്ളവർ അനേകം. ഇവരുടെ ഒക്കെ സംഘടന എങ്ങനെ നന്നാകും. അതിൽ നിന്ന് എന്ത് കുന്തമാണ് പ്രതീക്ഷിക്കാൻ?

ഒരാശ്വാസമുള്ളത് റീമയെ പോലെയുള്ള ആത്മവിശ്വാസവും വിവരവും സ്ത്രീ പക്ഷ കാഴ്ചപ്പാടുമുള്ള സ്ത്രീകൾക്ക് " പോടാ പുല്ലേ " എന്നു പറയാൻ ഉള്ള ആർജവം ഉണ്ടെന്നുള്ളതാണ്.

സിനിമകൾ ഒരു പരിധി വരെ സമൂഹത്തിന്റെ അനുരണനങ്ങളാണ്. സ്ത്രീ വിരുദ്ധ സിനിമകൾ പലതും ബോക്സ് ഓഫീസ് ഹിറ്റായത് ഇവിടെയാണ്. സിനിമയും അവിടുത്തെ ആൺ കൊയ്മയും ചോദ്യം ചെയ്യപ്പെടുന്നതും നല്ലതാണ്. അതോടൊപ്പം നാട്ടിലും പാർട്ടികളിലും വീടുകളിലും മാധ്യമങ്ങളിലും നടക്കുന്നത് കൂടി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങണം. പലർക്കും വീട്ടു കാര്യം പറയുമ്പോൾ സുഖിക്കില്ല. പക്ഷെ അത് പറയാതെ നിവർത്തിയില്ല. കാരണം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഗാർഹിക പീഡനങ്ങൾ കൂടുന്നുണ്ട്. റിപ്പോർട്ട് ചെയ്യാത്തവ അതിന്റെ എത്രയോ ഇരട്ടി. കേരളത്തിൽ കൂടി കൊണ്ടിരിക്കുന്ന മദ്യപാനത്തിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നത് വീട്ടിലെ സ്ത്രീകൾ തന്നെയാണ്. സിനിമ മാത്രമല്ല പ്രശ്നം. ആ സിനിമകൾക്കു പുറകിൽ ഉള്ള മൂല്യ വ്യവസ്ഥയും കൂടിയാണ്. അതിനെ നാട്ടിലും വീട്ടിലും പാർട്ടിയിലുമൊക്കെ നിരന്തരം വിമര്ശിക്കപ്പെടേണ്ടത് മനസ്ഥിതിയിലും സമൂഹത്തിലും മാറ്റത്തിന് ആവശ്യമാണ്.

advertisment

News

Super Leaderboard 970x90