Life Style

തിരുവനന്തപുരത്തെ കോൺസെപ്റ്റ് ഗ്രൂപ്പിന്റെ ഉടമ ഫിറോസ് ഖാൻ എന്ന യുവസംരംഭകന്റെ ജീവിതകഥ

ഏതാനും വർഷം മുമ്പ് വായ്പ കുടിശ്ശിക അടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് ബൈക്ക് വിൽക്കേണ്ടി വന്ന ഒരു യുവാവ്. സ്വപ്രയത്‌നത്തിലൂടെ ആ യുവാവ് ഇന്ന് 250 കോടി രൂപ വിറ്റുവരവുള്ള തിരുവനന്തപുരത്തെ കോൺസെപ്റ്റ് ഗ്രൂപ്പിന്റെ ഉടമയാണ്. ഫിറോസ് ഖാൻ എന്ന ഈ യുവസംരംഭകൻ ജീവിതവിജയം ആഗ്രഹിക്കുന്ന ഏവർക്കും പ്രചോദനമാണ്.

തിരുവനന്തപുരത്തെ കോൺസെപ്റ്റ് ഗ്രൂപ്പിന്റെ ഉടമ ഫിറോസ് ഖാൻ എന്ന യുവസംരംഭകന്റെ ജീവിതകഥ

കുട്ടിക്കാലം തൊട്ടേ ഫിറോസിന്റെ മനസ്സിൽ ആകാശമുണ്ടായിരുന്നു, മാനം മുട്ടെ സ്വപ്‌നങ്ങളും. മറ്റു കുട്ടികൾ കൊച്ചുകളികളുമായി ഒതുങ്ങിക്കഴിയാൻ ആഗ്രഹിച്ചപ്പോൾ കുഞ്ഞു ഫിറോസ് താൽപര്യപ്പെട്ടത് ഉയരത്തിൽ പറക്കാനും വേഗത്തിൽ സഞ്ചരിക്കാനുമാണ്. ഒരു പൈലറ്റാകണമെന്നായിരുന്നു ഫിറോസ് ഖാന്റെ മോഹം. വെറും പൈലറ്റല്ല, ഒരു യുദ്ധവിമാനത്തിന്റെ പൈലറ്റ്! തിരുവനന്തപുരത്ത് പോത്തൻകോട് എന്ന ഗ്രാമത്തിൽ സൈക്കിളിൽ മിഠായിക്കച്ചവടം നടത്തുകയും പിൽക്കാലത്ത് അവിടെ തന്നെ ചെറിയൊരു പലചരക്കുകട ആരംഭിക്കുകയും ചെയ്ത തോട്ടത്തിൽ അബ്ദുൾ ലത്തീഫിന് പക്ഷേ മകൻ ഫിറോസ് ഖാൻ സ്വപ്‌നം കാണുന്ന ആ ഉയരങ്ങൾ ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല. കടയിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ട് എങ്ങനെയാണ് മകനെ പൈലറ്റ് പരിശീലനത്തിന് അയക്കാനാകുക?

പോത്തൻകോട് സർക്കാർ യു പി സ്‌കൂളിലും ലക്ഷ്മി വിലാസം സ്‌കൂളിലുമൊക്കെ പഠിക്കുന്ന കാലത്ത് കണക്കിൽ മിടുമിടുക്കനായിരുന്ന ഫിറോസ് സമയം കിട്ടുമ്പോഴൊക്കെ വാപ്പയുടെ കടയിൽ പോയിരിക്കുമായിരുന്നു. മാനംമുട്ടെ സ്വപ്‌നങ്ങൾ കാണുമ്പോഴും ഭൂമിയിലെ യാഥാർത്ഥ്യങ്ങളെപ്പറ്റിയും അതിനാൽ ഫിറോസ് പഠിച്ചു. മാർക്കറ്റിങ്ങിന്റെ ബാലപാഠങ്ങൾ അറിയാതെ മനസ്സിൽ പിച്ചവച്ചത് അവിടെ നിന്നുമാണ്. ചെമ്പഴന്തി എസ് എൻ കോളെജിൽ നിന്നും പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പെടുത്തെടുത്ത് പഠിച്ചശേഷം കേരള ഏവിയേഷൻ ട്രെയിനിങ് സെന്ററിൽ പൈലറ്റ് പരിശീലനത്തിനുള്ള പരീക്ഷ ഒന്നാം റാങ്കിൽ പാസ്സായെങ്കിലും പക്ഷേ പണമില്ലാത്തതു മൂലം കോഴ്‌സിന് ചേരാനായില്ല. മോഹം ഉപേക്ഷിച്ച് ബി എസ് സി മാത്തമാറ്റിക്‌സിനു തന്നെ ചേർന്നു. പക്ഷേ പൈലറ്റാകാനുള്ള മോഹം ഫിറോസിന്റെ മനസ്സിൽ തന്നെ കിടന്നു. 

തിരുവനന്തപുരത്തെ കോൺസെപ്റ്റ് ഗ്രൂപ്പിന്റെ ഉടമ ഫിറോസ് ഖാൻ എന്ന യുവസംരംഭകന്റെ ജീവിതകഥ

ആ മോഹം യാഥാർത്ഥ്യമായില്ലെങ്കിലും ഫിറോസ് ഖാൻ എ എന്ന ചെറുപ്പക്കാരൻ ഇന്ന് മറ്റൊരു രീതിയിൽ ആകാശം കീഴടക്കിയിരിക്കുന്നു 240 കോടി രൂപ പ്രതിവർഷ വിറ്റുവരവുള്ള കോൺസെപ്റ്റ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും എന്ന നിലയിൽ! ഓട്ടോമൊബൈൽ മേഖലയിലെ എല്ലാ ആവശ്യങ്ങളും സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച എളിയ പ്രസ്ഥാനം ഇന്ന് 750ൽ അധികം ജീവനക്കാരുള്ള, ഓട്ടോമോട്ടീവ്‌സിലും ഹോസ്പിറ്റാലിറ്റിയിലും അസറ്റ് മാനേജ്‌മെന്റിലും പ്രോജക്ട് മാനേജ്‌മെന്റിലും കൃഷിയിലും വിദ്യാഭ്യാസത്തിലും പരിശീലനത്തിലുമെല്ലാം മുദ്ര പതിപ്പിച്ചിരിക്കുന്ന വലിയൊരു സംരംഭമായി കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ പടർന്നു പന്തലിച്ചിരിക്കുന്നു. വാഹനസംബന്ധിയായ എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുന്ന ഓട്ടോമൊബൈൽ ഹബ്ബ് എന്ന ആശയം ഇന്ന് വൈവിധ്യമാർന്ന എത്രയോ ബിസിനസുകളിലേക്കാണ് വഴിതിരിഞ്ഞിരിക്കുന്നത്. കേരളത്തിലെ ഏതൊരു ചെറുപ്പക്കാരനും നേടാൻ ആഗ്രഹിക്കുന്ന അസുലഭമായ ആ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് സത്യസന്ധതയും സുതാര്യതയും ആത്മാർത്ഥതയും കഠിനാധ്വാനവുമാണെന്നത് വേറെ കാര്യം.

തിരുവനന്തപുരത്ത് കഴക്കൂട്ടത്തുള്ള കോൺസെപ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഓഫീസിലേക്ക് പ്രവേശിക്കുമ്പോൾ നമ്മെ എതിരേൽക്കുന്നത് ലോകപ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ബിസിനസ് കൺസൾട്ടന്റുമായ ശിവ് ഖേരയുടെ വാക്കുകളാണ്. 'Winners don't do different things. They do things differently!'' (വിജയികൾ വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നില്ല, അവർ കാര്യങ്ങൾ വ്യത്യസ്തമായാണ് ചെയ്യുന്നത്). എ ഫിറോസ് ഖാൻ എന്ന യുവ ബിസിനസ് സംരംഭകനെ നയിക്കുന്നതെന്താണെന്ന് ശിവ് ഖേരയുടെ ആ വാക്കുകൾ കോൺസെപ്ക്ട് ഗ്രൂപ്പിന്റെ റിസപ്ഷനിൽ കാണുമ്പോൾ തന്നെ നമുക്ക് ബോധ്യപ്പെടും. ഫിറോസ് ഖാൻ മുൻഗാമികൾ വെട്ടിത്തെളിച്ച പാതകളിലൂടെ പോകുന്നയാളല്ല, മറിച്ച് സ്വന്തം വീക്ഷണഗതികൾക്ക് അനുസരിച്ച് പുതിയ പാതകൾ വെട്ടിത്തുറക്കാൻ ശ്രമിക്കുകയും 24 മണിക്കൂറും ഉണർന്നിരിക്കുന്ന മനസ്സുമായി സ്വപ്‌നം കാണുന്നയാളുമാണ്. അതുകൊണ്ടു തന്നെ ആ ചെറുപ്പക്കാരൻ നമ്മോട് പറയുക ഇന്നത്തെ വളർച്ചയുടെ കഥ മാത്രമല്ല, നാളേയ്ക്ക് തന്റെ സംരംഭവും കേരളവും എങ്ങനെയൊക്കെയാണ് വളരാൻ പോകുന്നതെന്നു കൂടിയാണ്.

തിരുവനന്തപുരത്തെ കോൺസെപ്റ്റ് ഗ്രൂപ്പിന്റെ ഉടമ ഫിറോസ് ഖാൻ എന്ന യുവസംരംഭകന്റെ ജീവിതകഥ

'Time is Life' അഥവാ സമയമാണ് ജീവിതം എന്നു വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതിനാൽ ഒരു നിമിഷം പോലും പാഴാക്കാനില്ല. ചെറിയൊരു ഡിസ്‌കഷൻ ഏരിയയോടു കൂടിയ ഫിറോസിന്റെ ഓഫീസ് കാബിനിലെ ത്തിയാൽ നിറഞ്ഞ പുഞ്ചിരിയോടെ ഫിറോസ് നമ്മെ സ്വീകരിക്കുമെങ്കിലും ഇടതടവില്ലാതെ ഫോണുകൾ ശബ്ദിച്ചുകൊണ്ടേയിരിക്കും, പലരും കാണാനെത്തിക്കൊണ്ടിരിക്കും, ഒരായിരം കാര്യങ്ങൾ ഒരു മേശക്കപ്പുറവും ഇപ്പുറവും സംഭവിച്ചുകൊണ്ടിരിക്കും. മാരുതി സുസുക്കിയുടേയും ബി എം ഡബ്ല്യുവിന്റെയും ജാഗ്വറിന്റേയുമൊക്കെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവായിരുന്ന ഫിറോസ് ഖാൻ ഇന്ന് സഞ്ചരിക്കുന്നത് ബി എം ഡബ്ല്യു എക്‌സ് 5 എന്ന ആഢംബര വാഹനത്തിലാണെന്നത് അതുകൊണ്ടൊക്കെതന്നെയാണ്.

ആരേയും അതിശയിപ്പിക്കുന്ന ആ കഥ അറിയുന്നതിനും വായനക്കാരെ അറിയിക്കുന്നതിനുമായാണ് സ്മാർട്ട് ഡ്രൈവ് തിരുവനന്തപുരത്ത് കഴക്കൂട്ടത്തുള്ള കോൺസെപ്റ്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിലേക്കെത്തിയത്. പൈലറ്റ് മോഹിയായിരുന്ന ചെറുപ്പക്കാരൻ ആകാശമാണ് തന്റെ അതിരെന്ന് വെളിവാക്കിയ ഒരു അഭിമുഖമായിരുന്നു അത്. ആ കഥ ഫിറോസ് തന്നെ പറയട്ടെ. 

''ബി എസ് സി മാത്തമാറ്റിക്‌സ് ബിരുദം മൂന്നാം വർഷത്തിലെത്തിയ സമയത്താണ് ആദ്യമായി ഞാൻ ഒരു ബിസിനസ് രംഗത്തേക്കിറങ്ങിയത്. ട്യൂഷൻ അധ്യാപകനായിരുന്ന മനു സ്വാമി പ്ലസ് ടു വിദ്യാർത്ഥികൾക്കായി തയാറാക്കിയ 15 വർഷത്തെ സോൾവ്ഡ് ക്വസ്റ്റ്യൻ പേപ്പറുകളുടെ പുസ്തകം തിരുവനന്തപുരത്തേയും കൊല്ലത്തേയും സ്‌കൂളിൽ വിപണനം ചെയ്തുകൊണ്ടായിരുന്നു അത്. എനിക്ക് 60 രൂപയ്ക്ക് ലഭിക്കുന്ന പുസ്തകം 110 രൂപയ്ക്കാണ് ഞാൻ വിറ്റുകൊണ്ടിരുന്നത്. ഓരോ പുസ്തകത്തിലും 50 രൂപയുടെ ലാഭം. ഈ പുസ്തകവിൽപന ശരിക്കും ഞാൻ നന്നായി ആസ്വദിച്ചു. മാർക്കറ്റിങ് ഒരു കലയാണെന്നും നാം പരിചയപ്പെടുന്ന ഓരോ ആൾക്കാരും ഓരോ അവസരമാണെന്നും ആദ്യമായി ഞാൻ മനസ്സിലാക്കിയത് പഠനകാലത്തെ ആ പുസ്തകവിൽപനയിലൂടെയായിരുന്നു,'' ഫിറോസ് ഖാൻ ഓർക്കുന്നു.

തിരുവനന്തപുരത്തെ കോൺസെപ്റ്റ് ഗ്രൂപ്പിന്റെ ഉടമ ഫിറോസ് ഖാൻ എന്ന യുവസംരംഭകന്റെ ജീവിതകഥ

ബിരുദമെടുത്തശേഷം എച്ച് ഡി എഫ് സിയുടെ പാരന്റ് കമ്പനിയായ എച്ച് ബി എല്ലിൽ 4500 രൂപ ശമ്പളത്തിലാണ് ഫിറോസ് തന്റെ തൊഴിൽ ജീവിതം ആരംഭിച്ചത്. 2003ൽ. യുലിപ് അടിസ്ഥാനത്തിലുള്ള ഇൻഷുറൻസായിരുന്നു വിൽക്കേണ്ടിയിരുന്നത്. ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പിടിച്ചാൽ 40,000 രൂപ വരെ കമ്മീഷൻ ലഭിക്കുന്ന തൊഴിൽ. ഒന്നര വർഷത്തോളം ആ തൊഴിലിൽ തുടർന്നു ഫിറോസ്. ആളുകളെ സ്വാധീനി ക്കാനുള്ള കഴിവും കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കാനുള്ള പാടവവുമൊക്കെ ഫിറോസ് ആർ ജ്ജിച്ചത് ആ കാലത്താണ്.

 എന്തുകൊണ്ട് സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചു കൂടാ എന്നായി പിന്നീടുള്ള ചിന്ത. പൈലറ്റാകാൻ പണം സമ്പാദിക്കാൻ ബിസിനസ് ചെയ്യണമെന്ന മോഹമായിരുന്നു അപ്പോഴും മനസ്സിൽ. സ്വന്തമായി ഒരു കമ്പനി ആരംഭിക്കണമെന്ന മോഹം ശക്തമായപ്പോഴാണ് അതിനായുള്ള ആശയങ്ങളെപ്പറ്റി ചിന്തിച്ചുതുടങ്ങിയത്. പൊട്ടറ്റോ ചിപ്‌സ് 'ലേസ്' എന്ന പേരിൽ പെപ്‌സികോ ഇന്ത്യ വിപണിയിലെത്തിച്ചു തുടങ്ങിയ സമയമായിരുന്നു അത്. എന്തുകൊണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ ലഭ്യമാകുന്ന നേന്ത്രയ്ക്കാ ചിപ്‌സ് ഇതുപോലെ സുന്ദരമായ പായ്ക്കറ്റിലാക്കി വിപണനം ചെയ്തുകൂടാ എന്നായി ഫിറോസിന്റെ ആലോചന. 

കാനറാ ബാങ്കിൽ നിന്നും ഒന്നേ കാൽ ലക്ഷം രൂപ വായ്പ എടുത്തായിരുന്നു സംരംഭത്തിന് തുടക്കം. ഫിറോസ് എന്ന തന്റെ പേര് തിരിച്ചിട്ട് 'സോറിഫ് ഫുഡ് ഇന്റർനാഷണൽ' എന്ന കമ്പനി ആരംഭിച്ച്, ഹൈദരാബാദിൽ നിന്നും അതിമനോഹരമായി അതിന്റെ കവർ പ്രിന്റ് ചെയ്തു കൊണ്ടുവന്ന് സൈപ്‌സ് എന്ന പേരിൽ നേന്ത്രൻ ചിപ്‌സ് വിപണനം ആരംഭിച്ചു ആ ചെറുപ്പക്കാരൻ. ചിപ്‌സിന്റെ നിർമ്മാണവും പായ്ക്കിങ്ങും മാർക്കറ്റിങ്ങും ഡോർ ടു ഡോർ ട്രാൻസ്‌പോർട്ടേഷനു മൊക്കെ ഫിറോസ് തന്നെ. അതിനായി ഒരു ബജാജ് കാലിബർ ബൈക്കും വാങ്ങി. ''പക്ഷേ ഇന്നത്തെപ്പോലെ അത്തരം ഉൽപന്നങ്ങൾക്ക് അന്ന് വിപണന സാധ്യത ഉണ്ടായിരുന്നില്ല. 

തിരൂരുള്ള ഒരു റെയിൽവേ ഫുഡ് കരാറുകാരനുമായി ചേർന്ന് അത് വിപണനം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ 20 രൂപയുടെ പായ്ക്കറ്റ് 10 രൂപയ്ക്ക് വിപണനം ചെയ്താലേ വിൽക്കാനാ കൂവെന്ന് അയാൾ പറഞ്ഞതോടെ വീണ്ടും കവർ അച്ചടിക്കാനുള്ള പണം പോലുമില്ലാതായി. അങ്ങനെ മുടക്കുമുതൽ പോലും നഷ്ടപ്പെട്ട ആ ബിസിനസ് തകർന്നു. മോഹിച്ചു വാങ്ങിയ ബജാജ് കാലിബർ പോലും സിസി അടയ്ക്കാനാകാതെ നഷ്ടപ്പെട്ടു,'' ബിസിനസിന്റെ ബാലപാഠങ്ങൾ എപ്പോഴും പരാജയത്തിൽ നിന്നാണെന്ന് തുറന്നുപറയുകയാണ് ഫിറോസ്.

ബിസിനസ് രംഗത്ത് എന്താണ് തന്റെ ശക്തിയും ദൗർബല്യവുമെന്ന് 24കാരനായ ഫിറോസ് വിലയിരുത്തിയത് ആ പരാജയത്തെ തുടർന്നാണ്. തന്റെ ശക്തി മാർക്കറ്റിങ്ങും ഡ്രൈവിങ്ങും സഞ്ചാരവുമാണെന്നും ദൗർബല്യം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടാണെന്നും ഫിറോസ് മനസ്സിലാക്കി. നല്ല ആരോഗ്യമുള്ളതിനാൽ അവസരങ്ങൾ കണ്ടെത്തി നടപ്പാക്കാനാകുമെന്നും വാപ്പയുടെ കടയിൽ നിന്നും ലഭിച്ച ബാലപാഠങ്ങൾ മനസ്സിലുണ്ടെന്നും വീട്ടിൽ നിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം പുതിയ മേഖലകൾ പരീക്ഷിക്കുന്നതിന് സഹായിക്കുമെന്നും ഫിറോസ് മനസ്സിലാക്കി.

 പൈലറ്റാകണമെന്ന ചിന്ത തന്നെയാണ് ഓട്ടോമൊബൈൽ ഡീലർഷിപ്പിൽ തൊഴിലെടുക്കാനുള്ള തീരുമാനത്തിനും പിന്നിൽ പ്രവർത്തിച്ച ഘടകം. ''2006ൽ മാരുതിയുടെ ഡീലറായ ഇൻഡസ് ഗ്രൂപ്പിൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവായി ജോലിയിൽ ചേർന്നു. എച്ച് ഡി എഫ് സിയിൽ ലഭിച്ചിരുന്നതിനേക്കാൾ ആയിരം രൂപ കുറഞ്ഞ ശമ്പളത്തിൽ 3500 പ്രതിമാസ ശമ്പളത്തിലായിരുന്നു നിയമനം. മൂന്നു മാസത്തോളം ജോലിയിൽ ഒന്നും ചെയ്യാനാകാതെ ഞാൻ കുഴങ്ങി. പിന്നെയാണ് മാർക്കറ്റിങ്ങിന്റെ സ്ട്രാറ്റജി പഠിച്ചെടുത്തത്.'' ശരിയായ ട്രാക്കിലേക്ക് വീണതോടെ 2007-2008ൽ പ്രതിമാസം 33 മാരുതി കാറുകൾ വരെ വിറ്റ് സെയിൽസിൽ റണ്ണർഅപ്പായി മാറി ഫിറോസ് ഖാൻ.

തിരുവനന്തപുരത്തെ കോൺസെപ്റ്റ് ഗ്രൂപ്പിന്റെ ഉടമ ഫിറോസ് ഖാൻ എന്ന യുവസംരംഭകന്റെ ജീവിതകഥ

''ആ സമയത്താണ് ബാല്യകാല സുഹൃത്തായ വിനു യു കെയിൽ എം ബി എ പഠിക്കാൻ പോയി തിരിച്ചെത്തിയത്. മാരുതിയുടെ ട്രെയിനർ ആകണമെന്ന മോഹം മൂലം വിദേശത്ത് പോയി എം ബി എ പഠിക്കാൻ തീരുമാനിച്ചു. ജോലിക്കൊപ്പം ഐ ഇ എൽ ടി എസിന്റെ ക്ലാസിനൊക്കെ പോകാൻ തുടങ്ങി, പക്ഷേ വാൾട്രീറ്റ് തകർച്ച വിദേശത്തു പോകുന്നതിൽ നിന്നും വിലക്കി. പഴയതുപോലെ, പാർട്ട് ടൈം ജോലി ചെയ്തുകൊണ്ട് അവിടെ പഠിക്കുക അസാധ്യമാണെന്ന് മനസ്സിലാക്കിയതോടെ ആ മോഹം ഉപേക്ഷിച്ചു. ഇൻഡസിൽ അസിസ്റ്റന്റ് മാനേജറായി. ആ സമയത്താണ് ആദ്യമായി ഒരു കാർ വാങ്ങിയത്-മിത്‌സുബിഷി ലാൻസർ.

കേരളത്തിൽ ആദ്യമായി ബി എം ഡബ്ല്യു കാറിന്റെ ഡീലർഷിപ്പ് ആരംഭിക്കുന്നത് അപ്പോഴാണ്. ഫിറോസിന്റെ കഴിവ് അവർക്ക് ബോധ്യപ്പെട്ടു. 2008 സെപ്തംബറിൽ ബി എം ഡബ്ല്യു ഡീലർഷിപ്പിൽ ജോലിയിൽ പ്രവേശിച്ചു. ''വടക്കൻ കേരളത്തിലെ ആറ് ജില്ലകളിലായിരുന്നു പ്രവർത്തനം. ആദ്യത്തെ മൂന്നു മാസം ഒന്നും നടന്നില്ല. ലാൻസറിന് ടയർ മാറ്റിയിടാൻ പോലും കൈയിൽ പണമില്ലാത്ത അവസ്ഥ. ഞാനാകട്ടെ കാസർകോട്ടു നിന്നും മലപ്പുറത്തു നിന്നും തൃശുരൂ നിന്നും കണ്ണൂരു നിന്നുമെല്ലാം അവിടത്തെ പ്രീമിയം കാർ ഉപഭോ ക്താക്കളുടെ വിവരങ്ങളും ബാങ്കുകളിൽ നിന്നും സ്ഥിരനിക്ഷേപകരുടെ വിവരങ്ങളുമെല്ലാം കണ്ടെത്തി. 

പക്ഷേ ഒരു കാറും വിൽക്കാൻ കഴിയാതെ വന്നതോടെ നിരാശ പെരുകി. നിരാശനായിരിക്കുന്ന ആ സമയത്താണ് ലാൻസർ ലോറിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ഞാൻ ആശുപത്രിയിലാകുന്നത്. ലാൻസർ ടോട്ടൽ ലോസ്സാകുകയും ചെയ്തു. കമ്പനിയിൽ നിന്നും റിലീവാകുന്നതിന് വേഗം എഴുതി നൽകി രക്ഷപ്പെടാമെന്ന ചിന്തയായി മനസ്സിൽ. എന്നാൽ തെക്കൻ കേരളത്തിൽ ജോലി ചെയ്‌തോളാനായിരുന്നു കമ്പനിയുടെ നിർദ്ദേശം. അതാണ് എല്ലാം മാറ്റിമറിച്ചത്,'' ഫിറോസ് ഖാൻ പറയുന്നു.

2009 ഏപ്രിലിൽ തിരുവനന്തപുരം റിജീയൺ ഏറ്റെടുത്തതു മുതൽ ബി എം ഡബ്ല്യു പ്ലാറ്റിനോ ക്ലാസിക്കിൽ ഫിറോസ് ഖാന്റെ ജീവിതം അടിമുടി മാറുകയായിരുന്നു. തിരുവനന്തപുരത്തെത്തിയ ആദ്യമാസം തന്നെ ആറ് ബി എം ഡബ്ല്യുകളുടെ ബുക്കിങ് സാധ്യമാക്കി ചരിത്രം സൃഷ്ടിച്ചു. രണ്ടര വർഷത്തിനിടയ്ക്ക് മൊത്തം 192 ബി എം ഡബ്ല്യു കാറുകളുടെ വിൽപന. പൈലറ്റ് മോഹം സാക്ഷാൽക്കരിക്കുന്നതിനാവശ്യ മായ പണം കൈയിലെത്തിയതോടെ ഉത്തരപ്രദേശിലെ പ്രശസ്തമായ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിൽ പൈലറ്റ് പ്രവേശന പരീക്ഷയെഴുതി സെലക്ഷൻ നേടി. പക്ഷേ വീട്ടുകാർ ഒരേയൊരു ആൺതരിയേ ഉള്ളുവെന്ന് പറഞ്ഞ് ജോലി സ്വീകരിക്കുന്നത് എതിർത്തപ്പോൾ ഇനിയൊരിക്കലും ആ മോഹം സാധ്യമാവില്ലെന്ന് ഫിറോസ് ഖാന് മനസ്സിലായി. 

ആകാശം അതിരാക്കാനിരുന്ന ഫിറോസ് ഖാൻ ബിസിനസിന്റെ പുതിയ ആകാശങ്ങൾ വെട്ടിപ്പിടിക്കാനുള്ള തീരുമാനമെടുത്തത് അപ്പോഴാണ്. ബി എം ഡബ്ല്യു ഡീലർഷിപ്പിൽ തൊഴിലെടുക്കുന്ന സമയത്തു തന്നെ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സിന്റെ യൂസ്ഡ് കാർ ഷോറൂം തുടങ്ങാൻ തീരുമാനിച്ചത് അങ്ങനെയാണ്. ''ഒരു യൂസ്ഡ് കാർ വിറ്റപ്പോൾ 25,000 രൂപയോളം കൈയിൽ വന്നതോടെയാണ് അതിനുള്ള തീരുമാനമെടുത്തത്. 2010 ഏപ്രിലിൽ നൗഫൽ എന്ന സുഹൃത്താണ് ഫസ്റ്റ് ചോയ്‌സ് യൂസ്ഡ് കാർ ഫ്രാഞ്ചൈസി തുടങ്ങാനുള്ള വിവരം നൽകിയത്. ഞാനും യു കെ യിൽ നിന്നും മടങ്ങിയെത്തിയ വിനുവും ചേർന്ന് കൊല്ലത്ത് മാടൻനടയിൽ 950 ചതുരശ്ര അടിയിൽ കോൺസെപ്റ്റ് കാർസ് എന്ന പേരിൽ മഹീന്ദ്ര ഫസ്റ്റ് ചോയിസിന്റെ ഫ്രാഞ്ചൈസി ആരംഭിച്ചു. ഓരോരുത്തരുമെടുത്ത 10 ലക്ഷം രൂപ വീതം 30 ലക്ഷം രൂപയായിരുന്നു പ്രവർത്തന മൂലധനം. 2010 ജൂലൈ 12നായിരുന്നു ഉൽഘാടനം,'' ഫിറോസ് പറയുന്നു.

തിരുവനന്തപുരത്തെ കോൺസെപ്റ്റ് ഗ്രൂപ്പിന്റെ ഉടമ ഫിറോസ് ഖാൻ എന്ന യുവസംരംഭകന്റെ ജീവിതകഥ

ഷോറൂമിന് 10 ലക്ഷം രൂപയോളം ചെലവായതിനാ ൽ 20 ലക്ഷം രൂപ മാത്രമായിരുന്നു പ്രവർത്തനമൂലധനമായി ഉണ്ടായിരുന്നത്. പക്ഷേ ആദ്യത്തെ നാലു മാസങ്ങളിൽ കാര്യമായി കച്ചവടം നടക്കാതെ വന്നതോടെ സുഹൃത്തുക്കൾക്കിടയിൽ അസ്വാരസ്യമുണ്ടായി. സ്വന്തമായി ബിസിനസ് തുടങ്ങിയ വിവരം ബി എം ഡബ്ല്യു ഡീലർഷിപ്പ് അറിഞ്ഞതിനെ തുടർന്ന് അവിടെ നിന്നും രാജിവയ്‌ക്കേണ്ടി വന്നു. ആകെ ജീവിതം വഴിമുട്ടി നിന്ന സമയം. സുഹൃത്തുക്കളുടെ വീതമായ പത്തു ലക്ഷം രൂപ മടക്കിക്കൊടുത്ത് ബിസിനസ് സ്വന്തമായി ഏറ്റെടുക്കാനായിരുന്നു ഫിറോസിന്റെ തീരുമാനം. 

വാപ്പ അബ്ദുൾ ലത്തീഫ് തന്നെയാണ് അപ്പോൾ സഹായത്തിനെത്തിയത്. 18 സെന്റ് സ്ഥലവും വീടുമടങ്ങിയ വസ്തുവിന്റെ ആധാരം പണയം വച്ച് ഫെഡറൽ ബാങ്കിൽ നിന്നും 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു കിട്ടി. മഹീന്ദ്ര ഫസ്റ്റ് ചോയ്‌സിന്റെ നടത്തിപ്പ് കെ ആർ ബിന്നിയെ ഏൽപിച്ചശേഷം ഫിറോസ് മുത്തൂറ്റിന്റെ ലാൻഡ് റോവർ ജാഗ്വറിൽ മാർക്കറ്റിങ് ജോലിയും തുടങ്ങി. ''കേരളത്തിൽ ജാഗ്വർ എക്‌സ് ജെ ലോഞ്ച് ചെയ്യുന്ന ചടങ്ങ് 2011 ജനുവരിയിൽ സംഘടിപ്പിച്ചുകൊണ്ട്, ഒരേ സമയം ആറു കാറുകൾ കോവളം താജിൽ വച്ച് ഡെലിവറി നടത്തിക്കൊണ്ടാണ് തകർപ്പൻ അരങ്ങേറ്റം ഞാൻ നടത്തിയത്. 

സ്വന്തം കഴിവിൽ ആത്മവിശ്വാസം വർധിച്ച സമയമായിരുന്നു അത്. മാസം രണ്ടു ലക്ഷം രൂപ വരെ വരുമാനം. കൊല്ലത്തെ കോൺസെപ്റ്റ് കാർസും ലാഭത്തിലായി. മൂന്നു ലക്ഷം വരെ മൊത്തം ലാഭം വന്നു. അങ്ങനെയാണ് തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് പ്രീമിയം കോൺസെപ്റ്റ് എന്ന പേരിൽ ബിസിനസ് വികസിപ്പിക്കാൻ തീരുമാനിച്ചത്. ഉപഭോക്താവിന് താങ്ങാനാകുന്ന നിരക്കിൽ ആഢംബര കാറുകൾ വിൽക്കുന്ന തിരുവനന്തപുരത്തെ ആദ്യ യൂസ്ഡ് കാർ ഷോറൂമായി മാറി അത്. ട്രൂ ആന്റ് ട്രാൻസ്പരന്റ് റിലേഷൻഷിപ്പ് എന്ന് കോൺസെപ്റ്റ് കാർസിന് ടാഗ് ലൈൻ നൽകപ്പെട്ടത് അപ്പോഴാണ്. 6000 ചതുരശ്ര അടിയിൽ കവേഡ് പാർക്കിങ്ങോടെയായിരുന്നു ഷോറൂം,'' ഫിറോസ് ഖാൻ പറയുന്നു. 2011 നവംബർ 11നാണ് പ്രീമിയം കോൺസെപ്റ്റിന് തുടക്കമായത്.

ബിസിനസ് ശക്തിപ്പെടുമെന്ന് ഉറച്ച വിശ്വാസം വന്നതോടെ മുത്തൂറ്റിൽ നിന്നും ജോലി രാജിവച്ച് പൂർണസമയവും സ്വന്തം ബിസിനസിനായി മാറ്റി വയ്ക്കാൻ ഫിറോസ് തീരുമാനിച്ചു. ആ സമയത്താണ് ഫിറോസ് വിവാഹമാലോചിക്കാൻ തുടങ്ങിയത്. ലുലു ഗ്രൂപ്പിൽ എച്ച് ആർ ഡിവിഷനിൽ തൊഴിലെടുത്തിരുന്ന ഹസീനയെ പെണ്ണു കാണാൻ പോയെങ്കിലും, പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു ഫിറോസ്. 2012 നവംബർ എട്ടിനായിരുന്നു വിവാഹം. സർവ ഐശ്വര്യങ്ങളുമായിട്ടായിരുന്നു ഹസീനയുടെ വരവ്.

തിരുവനന്തപുരത്തെ കോൺസെപ്റ്റ് ഗ്രൂപ്പിന്റെ ഉടമ ഫിറോസ് ഖാൻ എന്ന യുവസംരംഭകന്റെ ജീവിതകഥ

കോൺസെപ്റ്റ് ഗ്രൂപ്പിന് വച്ചടിവച്ചടി കയറ്റമായിരുന്നു പിന്നീട്. ''വിവാഹത്തിനു മുമ്പ് 2012 ജൂലൈയിലാണ് റോയൽ എൻഫീൽഡ് ഷോറൂം എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന തോന്നൽ ഉണ്ടാകുന്നത്. റോയൽ എൻഫീൽഡിന്റെ വിൽപന ശക്തിപ്പെട്ടു തുടങ്ങിയ കാലമായിരുന്നു അത്. എൻഫീൽഡിന്റെ ഷോറൂം ഏറ്റവും മികച്ച രീതിയിൽ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന ആലോചന വന്നത് അപ്പോഴാണ്. ഞങ്ങൾ വലിയൊരു ഷോറൂം ഡിസൈൻ ചെയ്ത് എൻഫീൽഡിന് നൽകി. 

ഞങ്ങളുടെ ഷോറൂം പ്രൊപ്പോസൽ ലഭിച്ച കമ്പനി ഞങ്ങളോട് അൽപം കാക്കാൻ ആവശ്യപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി റോയൽ എൻഫീൽഡിന്റെ പുതിയ രൂപത്തിലും ഡിസൈനിലുമുള്ള ഷോറൂം അങ്ങനെ കോൺസെപ്റ്റ് ഗ്രൂപ്പിന്റേതായി മാറി. 2013 ഡിസംബർ 27ന് ആദ്യ റോയൽ എൻഫീൽഡ് ഷോറൂം യാഥാർത്ഥ്യമായി,'' വ്യത്യസ്തമായ ബിസിനസ് രീതി എങ്ങനെ വേറിട്ട മാതൃക സൃഷ്ടിച്ചുവെന്ന് വെളിവാക്കുകയാണ് ഫിറോസ് ഖാൻ. ഇന്ന് കോൺസെപ്റ്റ് ബൈക്ക്‌സിന് കഴക്കൂട്ടത്തിനു പുറമേ ആറ്റിങ്ങലും നെടുമങ്ങാടും കിളിമാനൂരുമട ക്കം നാല് റോയൽ എൻഫീൽഡ് ഷോറൂമുകൾ തിരുവനന്തപുരത്തു തന്നെയുണ്ട്.

വാഹനങ്ങളിൽ തന്നെയാണ് തന്റെ ഭാഗ്യമുറങ്ങിക്കിടക്കുന്നതെന്ന് ഫിറോസിന് പൂർണബോധ്യമായി. 2013 ജൂലായിൽ കോൺസെപ്റ്റ് വെഹിക്കിൾസ് ആന്റ് സർവീസസ് സുഹൃത്തായ സജിത്ത് ഡയറക്ടറായി ആരംഭിച്ചു. കോൺസെപ്റ്റ് ടി വി എസ് എന്ന പേരിൽ ടി വി എസ് ഓട്ടോറിക്ഷകളുടെ വിപണനമായിരുന്നു തുടക്കം. ഉള്ളൂരും കഴക്കൂട്ടത്തും കോൺസെപ്റ്റ് ടി വി എസിന് ഇന്ന് ബ്രാഞ്ചുകളുണ്ട്. 2015 സെപ്തംബർ മൂന്നിനാണ് വൺ സ്റ്റോപ്പ് സെല്യൂഷൻ ഫോർ ഓട്ടോമൊബൈൽസ് എന്ന ലക്ഷ്യത്തിനായുള്ള തുടക്കമെന്ന നിലയിൽ കഴക്കൂട്ടത്ത് പ്രീമിയം കോൺസെപ്റ്റിന് എതിർവശത്തായി കോൺസ്‌പെറ്റ് ഓൺ വീൽസ് അഥവാ കോൺസെപ്റ്റ് ടയേഴ്‌സിന് തുടക്കമായത്.

 എം ആർ എഫ് ഒഴികെയുള്ള എല്ലാ ടയർ ബ്രാൻഡുകളും വീൽ അലൈൻമെന്റും വീൽ ബാലൻസിങ്ങും മൾട്ടി ആക്‌സിൽ ട്രക്കുകളുടേയും ബസ്സുകളുടേയും വീൽ അലൈൻമെന്റും (കേരളത്തിൽ ഇത് ചെയ്യുന്നത് ഇവിടെ മാത്രമാണ്) പീറ്റ്‌സിന്റെ എഞ്ചിൻ ട്യൂണിങ്ങും സ്മാർട്ട് വാക്‌സിങ്ങുമെല്ലാം ഇവിടെ ഒരു കുടക്കീഴിലാണ് ഇന്ന്. ''ഒരു ബിസിനസ് മറ്റൊന്നിനെ കൂടി വളർത്താൻ സഹായിക്കുന്ന തരത്തിലാണ് ഈ ഓട്ടോ ഹബ്ബ് രൂപകൽപന ചെയ്തിട്ടുള്ളത്. ടയറിനു വേണ്ടിയോ മറ്റെന്തെങ്കിലും വാഹനസംബന്ധിയായ ആവശ്യത്തിനായും വരുന്ന ഒരാൾ ഇവിടത്തെ മറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നു.

 2017ൽ കോൺസെപ്റ്റ് ഹബ്ബിൽ തന്നെ കോൺസെപ്റ്റ് കളേഴ്‌സ് എന്ന പേരിൽ അന്താരാഷ്ട്ര നിലവാരമുള്ള പെയിന്റ് ബൂത്തും ഞങ്ങൾ ആരംഭിച്ചു. ഷോറൂം നിലവാരത്തിലുള്ള പെയിന്റിങ്ങാണ് ഞങ്ങൾ നൽകുന്നത്. ഓഫ് റോഡ് വാഹനങ്ങളുടെ കസ്റ്റമൈസേഷനും ഹാർഡ് റൂഫ് ടോപ്പുകളുടെ നിർമ്മാണവും സ്‌പെഷ്യലി മോൾഡഡ് വീൽ ആർച്ചുകളുമെല്ലാം ഇവിടെ ലഭ്യമാകും. 2017 തന്നെ മൈ കോൺസെപ്റ്റ് എന്ന പേരിൽ മോഡിഫിക്കേഷൻ / റിനോവേഷൻ സ്റ്റുഡിയോയും കോൺസെപ്റ്റ് ആരംഭിച്ചു. ഓരോ വിഭാഗവും പരമാവധി പേരെ ആകർഷിക്കുകയെന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,' ഫിറോസ് ഖാൻ പറയുന്നു.

തിരുവനന്തപുരത്തെ കോൺസെപ്റ്റ് ഗ്രൂപ്പിന്റെ ഉടമ ഫിറോസ് ഖാൻ എന്ന യുവസംരംഭകന്റെ ജീവിതകഥ

പക്ഷേ ഇതുകൊണ്ടൊന്നും ഫിറോസ് ഖാന്റെ ബിസിനസ് വ്യാപന പദ്ധതികൽ അവസാനിക്കുന്നില്ല. ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും തന്നെ ഏറ്റവും അറിയപ്പെടുന്ന ബ്രാൻഡായി കോൺസെപ്റ്റ് ഗ്രൂപ്പിനെ വളർത്തി വലുതാക്കുകയെന്ന വലിയ മോഹമാണ് അദ്ദേഹത്തിനുള്ളത്. വാഹനത്തിന്റെ അതിവേഗ സർവീസും ബോഡിഷോപ്പുമടക്കം എല്ലാ വാഹനസംബന്ധിയായ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന ഓട്ടോമൊബൈൽ ഹബ്ബ് ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം. 

2018ൽ തന്നെ ബൈപാസ്സിൽ കഴക്കൂട്ടത്തെ ഹബ്ബിന്റെ മറ്റൊരു രൂപം ഉണ്ടാക്കുമെന്നും ഫിറോസ് പറയുന്നു. ''തിരു വനന്തപുരം നഗരിയുടെ വളർച്ചയ്‌ക്കൊപ്പം തന്നെയാണ് കോൺസെപ്റ്റിന്റെ വളർച്ചയും. കഴക്കൂട്ടമെന്ന സ്ഥലം വിവിധ ഇടങ്ങളിൽ നിന്നുള്ള പാതകൾ ഒന്നിക്കുന്നതായ തിനാൽ വലിയ വളർച്ചാസാധ്യതയാണ് ആ പ്രദേശത്തി നുള്ളത്. കേരളത്തിലുടനീളം കോൺസെപ്റ്റിന്റെ ഇത്തരം ഹബ്ബുകളാണ് ഇനി ലക്ഷ്യമിടുന്നത്,'' ഫിറോസ് ഖാൻ. 

ഇതിനു പുറമേ ഇപ്പോൾ തന്നെ ഗൾഫ് ഓയിൽ ലൂബ്രിക്കന്റ്‌സിന്റെ വിപണനത്തിനായി ഫാ മാർക്കറ്റിങ്, ഡിജിറ്റലൈസ്ഡ് സർവേയ്ക്കായി സ്മാർട്ട് ലൈൻ കോൺസെപ്റ്റ് എന്ന പേരിൽ ഉന്നത നിലവാരമുള്ള ലാൻഡ് സർവേ സെല്യൂഷൻസ് സ്ഥാപനം, ഗ്ലൂടൈക് കൺസെപ്റ്റ് ടെക്‌നോളജീസ് എന്ന പേരിൽ വെബ്‌സൈറ്റ് ഡവല്‌മെന്റിനും സർവർ മെയിന്റനൻസിനുമായി കമ്പനി, സ്ലൈസ് ഓഫ് സ്‌പെയ്‌സ് എന്ന പേരിൽ 
സ്‌പൈസി കോൺസെപ്റ്റിന്റെ മേൽനോട്ടത്തിൽ കഴക്കൂട്ടത്ത വ്യത്യസ്ത ഭക്ഷണമൊരുക്കുന്ന റസ്റ്റോറന്റ്, ഫൺ സ്റ്റിക്ക് എന്ന പേരിൽ നാച്ചുറൽ ഐസ്‌ക്രീം നിർമ്മിക്കുന്ന കിൻഫ്രയിലെ ഫാക്ടർ കോൺസെപ്റ്റ്, കൊല്ലത്ത് മാടൻനടയിൽ അൺയൂഷ്വൽ ഡെലിക്കസീസ് എന്ന പേരിൽ വേറിട്ട ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നയിടം എന്നിവയൊക്കെ തന്നെ ഫിറോസിന്റെ കോൺസെപ്റ്റ് സാമ്രാജ്യത്തിലെ താരങ്ങളാണ്.

തിരുവനന്തപുരത്തെ കോൺസെപ്റ്റ് ഗ്രൂപ്പിന്റെ ഉടമ ഫിറോസ് ഖാൻ എന്ന യുവസംരംഭകന്റെ ജീവിതകഥ

''അർപ്പണബോധവും കഠിനാധ്വാനിയുമായ ഫിറോസിന് കാര്യങ്ങളെ വ്യത്യസ്തമായി സമീപിക്കാനുള്ള കഴിവാണ് ഏറ്റവും പ്രധാനമായി എനിക്ക് തോന്നുന്നത്,'' കോൺസെപ്റ്റ് വെഹിക്കിൾസിന്റെ ഡയറക്ടറും ബാല്യകാല സുഹൃത്തുമായ സജിത്ത് സി എം പറയുന്നു. ''ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിലും അവരുടെ കാര്യശേഷി കണ്ടെത്തുന്നതിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഫിറോസിനുള്ള പാടവം അപാരമാണ്. മറ്റു പലർക്കും അത് അസാധ്യമാണ്,' ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റൊണാൾഡ് ലിയോ പെരേര സാക്ഷ്യപ്പെടുത്തുന്നു. 

ഒരു പരസ്യം രൂപപ്പെടുത്തുമ്പോൾ പോലും അതിൽ കോൺസെപ്റ്റ് ഗ്രൂപ്പ് പുലർത്തുന്ന മൂല്യങ്ങൾ ഉൾച്ചേർന്നിരിക്കണം എന്നു വിശ്വസിക്കുന്നയാളാണ് ഫിറോസ് ഖാൻ. എന്തു സഹായവും ചെയ്യാൻ സന്നദ്ധരായ പുഞ്ചിരിക്കുന്ന മുഖമുള്ള ജീവനക്കാർ, ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന ഇടപെടലുകൾ, സത്യസന്ധതയും സഹവർത്തിത്വവും സുതാര്യതയുമൊക്കെ അതിൽ പ്രതിഫലിക്കുന്നത് അതുകൊണ്ടാണ്. വിവിധ കോർ പ്പറേറ്റ് സ്ഥാപനങ്ങളിൽ പ്രവർത്തിച്ച് വർഷങ്ങളുടെ അനുഭവ പരിചയമുള്ള പെരേരയാണ് സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ. 

സുഹൃത്തുക്കളെപ്പോലെ ഇടപഴകാനാകുന്ന സമർത്ഥരായ ഡയറക്ടർമാർ. എന്തിനും ഏതിനും തണലായി നിൽക്കുന്ന വാപ്പ അബ്ദുൾ ലത്തീഫും ഉമ്മ റസീനാ ബീവിയും ഭാര്യ ഹസീനയും 4 വയസ്സുകാരിയായ മകൾ എസ്സാ ഖാനും 5 മാസം പ്രായമുള്ള എഫാ ഖാനും. വിദഗ്ധരായ ജീവനക്കാർ-ഫിറോസ് ഖാന്റെ കോൺസെപ്റ്റ് സാമ്രാജ്യത്തിന്റെ വളർച്ചയുടെ ചാലകശക്തികളാണ് ഇവയെല്ലാം തന്നെ. ഇതിനെല്ലാം പുറമേ, പോത്തൻകോട്ടെ ശാന്തിഗിരി ആശ്രമത്തിലേക്ക് ആശ്രമം സംഘാടക സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വിയെ കാണാൻ ഇടയ്ക്കിടെ ഫിറോസ് ഖാൻ യാത്രയാകുന്നു. 

''ഉറങ്ങാതെ കാണുന്നതാണ് യഥാർത്ഥ സ്വപ്‌നങ്ങൾ'' എന്നു വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം മാനംമുട്ടെ പുതിയ പുതിയ സ്വപ്‌നങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുകയാണ്. പോത്തൻകോടിൽ ഉയരാനിരിക്കുന്ന പതിനെട്ട് നിലകളും ഹെലിപാഡുമുള്ള കോർപ്പറേറ്റ് ഓഫീസ് അതിലൊന്നു മാത്രം

advertisment

News

Related News

    Super Leaderboard 970x90