Travel

അച്ഛന് കണ്ണുകാണില്ല, അമ്മയ്ക്ക് ചലനശേഷിയില്ല; പക്ഷേ ഈ മകൾ അവരെ ലോകം ചുറ്റിച്ചു

സ്വന്തമായുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഓഫിസിൽ നിന്നു കയ്യും വീശി ഇറങ്ങുമ്പോൾ നേഹയുടെ മുന്നിൽ നീണ്ടുനിവർന്നൊരു വഴി കിടന്നു; പെരുവഴി. യാത്രകൾ ഇഷ്ടപ്പെട്ട അവൾ അതുവഴി സന്തോഷത്തോടെ നടന്നു; നിനക്കു വട്ടാണെന്നു പറഞ്ഞ സുഹൃത്തുക്കളെ നോക്കി ചിരിച്ചു! ആശയറ്റ ഒട്ടേറെ ജീവിതങ്ങൾക്കു വഴിയൊരുക്കാനുള്ള യാത്രയുടെ തുടക്കമായിരുന്നു അത്....

അച്ഛന് കണ്ണുകാണില്ല, അമ്മയ്ക്ക് ചലനശേഷിയില്ല; പക്ഷേ ഈ മകൾ അവരെ ലോകം ചുറ്റിച്ചു

പർവതനിരകൾക്കു മുകളിലൂടെ ആകാശപ്പാതയിൽ തൂങ്ങി നീങ്ങവേ, അഹമ്മദാബാദ് സ്വദേശി ഭൂപേന്ദർ അലറിവിളിച്ചു… ‘നേഹ ഒരായിരം നന്ദി; നീ എന്നെ ലോകത്തിന്റെ നെറുകയിലെത്തിച്ചു!’ കണ്ണുകളിൽ ഇരുൾവീണ ഭൂപേന്ദറിനെ ജീവിതത്തിലെ ഏറ്റവും സുന്ദരനിമിഷത്തിലേക്കു പറത്തിവിട്ട്, നിറകണ്ണോടെ നേഹ കൈകൾ വീശി. റോപ് വേയുടെ അങ്ങേത്തലയ്ക്കൽ ഭൂപേന്ദർ ചെന്നു നിന്നപ്പോൾ, ഇക്കരെ നിന്നു നേഹ വിളിച്ചു പറഞ്ഞു: ‘ഭൂപേന്ദർ, താങ്കൾക്കു മുന്നിൽ വൈകല്യം തോറ്റു’!

ഭൂപേന്ദറിനെപ്പോലെ ഭിന്നശേഷിക്കാരായ നൂറുകണക്കിനാളുകൾക്കു നേഹ അറോറ മാലാഖയാണ്. നിശ്ചലമായ ജീവിതങ്ങൾക്കു ചിറകു നൽകിയ മാലാഖ! വർഷങ്ങൾ വീൽചെയറിൽ കഴിഞ്ഞ വീട്ടമ്മ, നേഹയെ കെട്ടിപ്പിടിച്ചിരുന്ന് കുത്തിയൊലിക്കുന്ന ഗംഗയിലൂടെ കുതിച്ചു പാഞ്ഞു. ഒരടിപോലും നടക്കാനാവാത്ത ബ്രസീലുകാരൻ ഉത്തരേന്ത്യയിലും നേപ്പാളിലും തന്റെ വീൽചെയറിൽ കറങ്ങി; കാഴ്ച നഷ്ടമായ ബാങ്ക് ഉദ്യോഗസ്ഥൻ അവൾക്കൊപ്പം ഹിമാലയൻ മലനിരകൾക്കു മുകളിലേക്കു നടന്നുകയറി!

ഭിന്നശേഷിക്കാരെ കാണാക്കാഴ്ചകളിലേക്കു കൂട്ടിപ്പോകാൻ ‘പ്ലാനറ്റ് ഏബിൾഡ്’ എന്ന സ്റ്റാർട്ടപ് സംരംഭത്തിനു രൂപം നൽകിയ നോയിഡ സ്വദേശിയായ നേഹ പറയുന്നു: ‘വൈകല്യം ഒന്നിനും തടസ്സമല്ല; വരൂ നമുക്കൊരു യാത്രപോകാം.’
സാഹസികതയിലേക്ക് ശുഭയാത്ര

സ്വന്തമായുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഓഫിസിൽ നിന്നു കയ്യും വീശി ഇറങ്ങുമ്പോൾ നേഹയുടെ മുന്നിൽ നീണ്ടുനിവർന്നൊരു വഴി കിടന്നു; പെരുവഴി. യാത്രകൾ ഇഷ്ടപ്പെട്ട അവൾ അതുവഴി സന്തോഷത്തോടെ നടന്നു; നിനക്കു വട്ടാണെന്നു പറഞ്ഞ സുഹൃത്തുക്കളെ നോക്കി ചിരിച്ചു! ആശയറ്റ ഒട്ടേറെ ജീവിതങ്ങൾക്കു വഴിയൊരുക്കാനുള്ള യാത്രയുടെ തുടക്കമായിരുന്നു അത്. ‘പ്ലാനറ്റ് ഏബിൾഡി’ന്റെ യാത്ര രണ്ടാം വർഷത്തിലേക്കെത്തുമ്പോൾ എന്തുനേടി എന്നു ചോദിച്ചാൽ നേഹ പറയും; മനസ്സുകൾ നേടി! ഭിന്നശേഷിക്കാരായ മുന്നൂറിലധികം പേർ പ്ലാനറ്റ് ഏബിൾഡിന്റെ കരംപിടിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു യാത്രപോയി. നാലു ചുവരുകൾക്കുള്ളിൽ ജീവിതം അവസാനിച്ചെന്നു കരുതിയവർ ഹിമാലയത്തിനു മുകളിൽവരെ എത്തി.

ഭിന്നശേഷിക്കാർക്കായി നേഹ ഒരുക്കുന്ന യാത്രകൾക്ക് ഒരു പ്രത്യേകതയുണ്ട്. വിനോദസഞ്ചാര കേന്ദ്രം കണ്ടുമടങ്ങുന്ന വെറും യാത്രകളല്ല അവ; മനസ്സും ശരീരവും കോരിത്തരിക്കുന്ന സാഹസിക യാത്രകൾ. മറ്റുള്ളവരെപ്പോലെ യാത്ര ചെയ്യാൻ ഭിന്നശേഷിക്കാർക്കും അവകാശമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന നേഹ, രാജ്യത്തെ സഞ്ചാര ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള പോരാട്ടത്തിലാണ്. ‘ലോകത്തിലെ ഏറ്റവും മനോഹര കാഴ്ചകളും അനുഭവങ്ങളും അവർക്കുകൂടി അവകാശപ്പെട്ടതല്ലേ?’–പ്ലാനറ്റ് ഏബിൾഡ് തുടങ്ങാനുള്ള കാരണം അന്വേഷിച്ചപ്പോൾ നേഹ തിരിച്ചു ചോദിച്ചു.

അച്ഛന് കണ്ണുകാണില്ല, അമ്മയ്ക്ക് ചലനശേഷിയില്ല; പക്ഷേ ഈ മകൾ അവരെ ലോകം ചുറ്റിച്ചു

മാതാപിതാക്കളുടെ കരംപിടിച്ച്

‘ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ അവരുടെ മനസ്സ് നിറഞ്ഞു തുളുമ്പുന്നതു ഞാൻ എത്രയോ തവണ കണ്ടിരിക്കുന്നു. ആ കാഴ്ചയ്ക്കു പകരമായി ഈ ലോകത്തു മറ്റൊന്നില്ല’ – വൈകല്യമുള്ളവർക്കായി ഒരുക്കിയ സാഹസിക യാത്രകളെക്കുറിച്ചു നേഹ വാതോരാതെ പറയുമ്പോൾ, നോയിഡയിലെ വീട്ടിൽ അതിനു കാതോർത്ത് അച്ഛൻ സതീഷ് ചന്ദ്രയും അമ്മ അച്‌ലയും ഒപ്പമിരുന്നു. സതീഷിനു കണ്ണു കാണില്ല; അച്‌ലയുടെ അരയ്ക്കു താഴെ ചലനശേഷിയില്ല. മുപ്പതാം വയസ്സിൽ ജോലി ഉപേക്ഷിച്ചു പെരുവഴിയിലേക്കിറങ്ങാൻ നേഹയ്ക്കു പ്രചോദനമായത് ഇവരാണ്. സ്വന്തം സംരംഭം ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ, അത് ഭിന്നശേഷിയുള്ളവരുടെ സന്തോഷത്തിനു വേണ്ടിയാകണമെന്നു മകളെ ഓർമിപ്പിച്ച അച്ഛനും അമ്മയും.

വൈകല്യത്തിൽ ജീവിതം വഴിമുട്ടിയപ്പോഴും തന്നെ മിടുക്കിയായി വളർത്തിയ മാതാപിതാക്കൾക്കുള്ള നേഹയുടെ സ്നേഹസമ്മാനമാണു ‘പ്ലാനറ്റ് ഏബിൾഡ്’. ൈവകല്യത്തിന്റെ വേദന കണ്ടുവളർന്ന നേഹ, വലുതായപ്പോൾ വൈകല്യ ബാധിതർക്കെല്ലാം മകളായി; അവരുടെ സഹയാത്രികയായി. പ്ലാനറ്റ് ഏബിൾഡ് എന്ന ആശയത്തിന്റെ ആപ്പിൾ തലയിൽ വീണത് എപ്പോഴാണ്? കേരളത്തിൽ വച്ച് – നേഹ ചിരിയോടെ പറഞ്ഞു. വർഷങ്ങൾക്കു മുൻപ് മാതാപിതാക്കൾക്കൊപ്പം കേരളത്തിലേക്കു നടത്തിയ യാത്ര നേഹ മറക്കില്ല; ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള യാത്രയിൽ ദൈവത്തിനു മുന്നിൽ നിന്ന് അവൾ ഒരു തീരുമാനമെടുത്തു!
കേരളത്തിലേക്ക് ഫ്ലാഷ്ബാക്ക്

മാതാപിതാക്കൾ ഭിന്നശേഷിക്കാരായതിനാൽ, നേഹയ്ക്കും സഹോദരിക്കും കുടുംബസമേതമുള്ള യാത്രകൾ ക്ലേശകരമായിരുന്നു. രണ്ടായിരം കിലോമീറ്റർ വരെ സഞ്ചരിച്ചു ലക്ഷ്യസ്ഥാനത്തെത്തുമ്പോഴാവും അറിയുക അവിടേക്കു വീൽചെയർ കയറില്ലെന്ന്. വീൽചെയറിലുള്ള അമ്മയുടെ കണ്ണീർ തുടച്ചും കാഴ്ചയില്ലാത്ത അച്ഛനെ ചേർത്തു പിടിച്ചും പലപ്പോഴും പലയിടത്തുനിന്നും നിരാശരായി മടങ്ങി. വൈകല്യമുള്ളവരുമായി യാത്രകൾ ചെയ്തു മറ്റുള്ളവരെ എന്തിനു ബുദ്ധിമുട്ടിക്കുന്നുവെന്നു പലരും ചോദിച്ചിട്ടുണ്ട്.

2009ലായിരുന്നു ഇവരുടെ കേരള യാത്ര. യാത്രയ്ക്കിടെ പ്രസിദ്ധമായ ക്ഷേത്രത്തിലെത്തി. തൊഴാൻ ഏറെ ഉൽസാഹത്തോടെയെത്തിയ കുടുംബത്തിനു മുന്നിൽ പക്ഷേ, ക്ഷേത്രത്തിലേക്കുള്ള വഴിയടഞ്ഞു. വീൽചെയർ കയറ്റാനുള്ള സൗകര്യമില്ലാത്ത ക്ഷേത്രത്തിൽ പ്രവേശിക്കാനാവാതെ അമ്മ വിതുമ്പി. അന്ന് മടങ്ങുമ്പോൾ നേഹ മനസ്സിലുറപ്പിച്ചു; ഒരമ്മയ്ക്കും ഇനി ഈഗതി വരരുത്!

പുതുവർഷത്തിൽ പിറവി

തന്റെ മാതാപിതാക്കളെപ്പോലെ യാത്രകൾ ഇഷ്ടപ്പെടുന്ന, എന്നാൽ ഭിന്നശേഷിയുള്ളതിനാൽ വീടുകളിൽ ഒതുങ്ങിക്കൂടേണ്ടി വരുന്നവർക്കായി എന്തു ചെയ്യാമെന്ന് അവൾ ചിന്തിച്ചു. ഒരു തടസ്സങ്ങളുമില്ലാതെ അവരെ യാത്രകൾക്കു കൊണ്ടുപോകണമെന്നു മനസ്സിലുറപ്പിച്ചു. കോളജ് പഠനം പൂർത്തിയാക്കി സ്വകാര്യകമ്പനിയിൽ ജോലിചെയ്യുമ്പോഴും മനസ്സിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ–ഭിന്നശേഷിക്കാരെ അവർ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്കു യാത്ര കൊണ്ടുപോവുക. ഒടുവിൽ, മൂന്നുവർഷത്തെ ജോലിയോടു നമസ്കാരം പറഞ്ഞ്, ഭീമമായ ശമ്പളം ഉപേക്ഷിച്ച് നേഹ ലക്ഷ്യത്തിലേക്കു നടന്നു. 2016ലെ പുതുവർഷ ദിനത്തിൽ ‘പ്ലാനറ്റ് ഏബിൾഡ്’ പിറവിയെടുത്തു.

വരൂ, നമുക്കൊരു യാത്രപോകാം

2016 ജനുവരി 30: ജീവിതത്തിലെ ഏറ്റവും സുന്ദര ദിനങ്ങളിലൊന്നായി നേഹ തന്റെ ഡയറിയിൽ കുറിച്ചിട്ട തീയതി. പ്ലാനറ്റ് ഏബിൾഡിന്റെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ദിനം. ഭിന്നശേഷിക്കാരായ 20 പേരെ ഡൽഹിയിലെ സ്മാരകങ്ങളിലേക്കു നേഹ അന്നു കൂട്ടിക്കൊണ്ടുപോയി. അന്ധർ, ബധിരർ, ചലനശേഷിയില്ലാത്തവർ… വൈകല്യങ്ങൾ തളർത്തിയവർ രാജ്യ തലസ്ഥാനനഗരിയുടെ പ്രൗഢി അനുഭവിച്ചറിഞ്ഞു. യാത്രയിൽ കൂട്ടായി ഓരോരുത്തർക്കും സഹായികളെ (ട്രാവൽ ബഡ്ഡി) ഏർപ്പാടാക്കിയിരുന്നു. കാഴ്ചയില്ലാത്തവർക്കായി ഡൽഹിയിലെ കാഴ്ചകൾ അവർ വാക്കുകളിൽ വർണിച്ചു; ചെവി കേൾക്കാത്തവരുമായി ആംഗ്യ ഭാഷയിൽ സംസാരിച്ചു; ചലനശേഷിയില്ലാത്തവരുടെ കൈകൾ ചരിത്ര സ്മാരകങ്ങളിൽ ചേർത്തുവച്ചു. തിരികെ മടങ്ങുമ്പോൾ, അന്ധർ നേഹയുടെ കവിളിൽ തൊട്ട് ൈകകൾ കൂപ്പി. ബധിരർ ഇരുകൈകളും മുകളിലേക്കുയർത്തി ചലിപ്പിച്ചു. ചലനശേഷിയില്ലാത്തവർ അവളോടു ചേർന്നുനിന്ന് ഉറക്കെ ചിരിച്ചു; സന്തോഷത്തിന്റെ നിഷ്കളങ്ക ഭാവങ്ങൾ അന്നു നേഹയുടെ കൺമുന്നിൽ നിറഞ്ഞു.

ബ്രസീലിൽ നിന്നു സ്നേഹപൂർവം

അച്ഛന് കണ്ണുകാണില്ല, അമ്മയ്ക്ക് ചലനശേഷിയില്ല; പക്ഷേ ഈ മകൾ അവരെ ലോകം ചുറ്റിച്ചു

ബ്രസീലിൽ എയ്റോസ്പേസ് എൻജിനീയറായ സെർജിയോ ഏതാനും മാസം മുൻപാണു നേഹയെ ബന്ധപ്പെടുന്നത്. സെർജിയോ ആവശ്യം പറഞ്ഞു: ‘എനിക്ക് ഇന്ത്യയും നേപ്പാളും കാണണം. ഞാൻ ഇന്നുവരെ ബ്രസീലിനു പുറത്തു പോയിട്ടില്ല. എനിക്ക് അരയ്ക്കുതാഴെ ചലനശേഷിയില്ല’. ആവശ്യം കേട്ടപാടെ നേഹയുടെ മറുപടി: ‘ധൈര്യമായി ഇന്ത്യയിലേക്കു വന്നോളൂ; ഞാനുണ്ടിവിടെ’. കഴിഞ്ഞ ജൂലൈയിൽ ജീവിതത്തിൽ ആദ്യമായി സെർജിയോ ബ്രസീലിനു പുറത്തേക്കു പറന്നു. സഹപ്രവർത്തകനും തിരുവനന്തപുരം സ്വദേശിയുമായ റെൻസി തോമസിനെ നേഹ സെർജിയോയുടെ ട്രാവൽ ബഡ്ഡിയായി നിയോഗിച്ചു. 23 ദിവസം നീണ്ട യാത്രയിൽ തന്റെ വീൽചെയറിലിരുന്നു സെർജിയോ ഇന്ത്യയും നേപ്പാളും കൺനിറയെ കണ്ടു. ഡൽഹി, ജയ്പുർ, ആഗ്ര, അമൃത്‌സർ, ഖജുരാഹോ, ബോധ്ഗയ, വാരാണസി, ധർമശാല, പട്ന, നളന്ദ, ലുംബിനി എന്നിവിടങ്ങൾ കണ്ടു ബ്രസീലിലേക്കു മടങ്ങുമ്പോൾ സെർജിയോ നേഹയോടു പറഞ്ഞു: ‘ഞാൻ വീണ്ടും വരും; ഇന്ത്യ അത്രമേൽ സുന്ദരിയാണ്!’

ഇന്ത്യയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള അക്ഷീണ പ്രയത്നത്തിലാണു നേഹ. ഇതിനായി കേന്ദ്രസർക്കാരുമായി സഹകരിച്ചു വിവിധ പദ്ധതികളുടെ പണിപ്പുരയിലാണ്. സഞ്ചാര ഇടങ്ങളിലെ ശുചിമുറികൾ ഭിന്നശേഷി സൗഹൃദമാക്കുകയാണ് അതിൽ പ്രധാനം. ഭിന്നശേഷിയുള്ളവർ പരസഹായമില്ലാതെ യാത്ര ചെയ്യട്ടെ; അവർ പറക്കട്ടെ. ലക്ഷ്യം വിദൂരമാണെന്നറിയാമെങ്കിലും പിന്തിരിയാൻ താൻ ഒരുക്കമല്ലെന്നു നേഹ. ഒരു നാൾ വരും; നേഹയുടെ വാക്കുകളിൽ ആത്മവിശ്വാസമുണ്ട് വാനോളം. ഭിന്നശേഷിക്കാരുടെ മുഖത്തു ചിരി വിടർത്താനുള്ള ദൗത്യത്തിൽ നേഹയ്ക്കു നേരാം; ശുഭയാത്ര!

advertisment

Super Leaderboard 970x90