Health

തലയിൽ വെച്ചാൽ പേനരിക്കും...

പേനുകൾ ഏഴു കട്ടിളപ്പടി കടക്കും എന്നാണ് പഴമക്കാർ പറയാറ്. പേൻ മുട്ടക്കൂടുകൾക്ക് (പ്രത്യേകിച്ച് ദേഹാപ്പേനുകളുടേത്) ഒരു മാസം വരെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച് ഒരു മാസക്കാലം ജീവനോടെയിരിക്കാം എന്നത് കണക്കിലെടുക്കുമ്പോൾ ഏഴ് കട്ടിളപ്പടിയല്ല ഏഴ് കടൽ വരെ കടക്കാൻ ശേഷിയുള്ളവരാണ് പേനുകൾ.നേരിട്ടുള്ള സമ്പർക്കം വഴി, തലയിൽ നിന്നും തലയിലേക്ക് പേനുകൾ പ്രയാണം നടത്തും. തലയണമന്ത്രത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു മാർച്ച് പാസ്റ്റ് നടക്കുന്നുണ്ടെന്ന് ഭർത്താക്കന്മാർ ഓർക്കുന്നത് നന്ന് ...

തലയിൽ വെച്ചാൽ പേനരിക്കും...

"തലയിൽ വെച്ചാൽ പേനരിക്കും, താഴെ വെച്ചാൽ ഉറുമ്പരിക്കും" എന്ന നമ്മുടെ പ്രചുരപ്രചാരം നേടിയ ഭാഷാശൈലിയിൽ ഇടം നേടാൻ കഴിയുംവിധം പ്രതാപശാലികളാണ് പേനുകൾ. "എവിടെ തലയുണ്ടോ, അവിടെ പേനുമുണ്ട് " എന്നും ചിന്തിക്കാം.

നാട്ടിൽ പുറത്തെ പതിവുകാഴ്ചകളിലൊന്നായിരുന്നു നിരന്നിരുന്നു പേൻ നോക്കുന്ന വിവിധ പ്രായക്കാരായ സ്ത്രീകൾ. ഒത്തിരി നാട്ടുവർത്തമാനത്തിനൊപ്പം പേനെ ഈരിയെടുക്കലും തഞ്ചത്തിൽ നഖത്തിൽ വെച്ച് മുട്ടുന്നതും ഒരു നയത്തിൽ രസത്തിലങ്ങനെ തുടരും.

സ്ത്രീ സഹജ രീതികൾ സൂചിപ്പിക്കാൻ സിനിമാ സംവിധായകരുടെ ക്ലീഷേ മാർഗങ്ങളിലൊന്ന് പേൻ ഈരൽ ആയതും വെറുതെയല്ല. ദൈവമേ കൈതൊഴാം കെ.കുമാറാകണം ... എന്ന ചിത്രത്തിലും കണ്ടു ജയറാമും കൊളപ്പുള്ളി ലീലയുമൊക്കെ ഒത്തുള്ള പേൻ നോട്ടം!

തലയിൽ വെച്ചാൽ പേനരിക്കും...

മനുഷ്യരിൽ കാണുന്ന തരത്തിലുള്ള പേനുകൾ പ്രധാനമായും മൂന്നു തരത്തിൽ പെട്ടവയാണ്. ഇവയ്ക്ക് ജീവിക്കണമെങ്കിൽ നമ്മുടെ ദേഹം തന്നെ വേണം. മറ്റു ജീവികളുടെ ദേഹത്ത് പോയി പരാദങ്ങളായി ജീവിക്കാനൊന്നും ഇവരെ കിട്ടില്ല. അഭിമാനികളാണ്!

തലയിൽ കാണുന്ന പേൻ (Head Louse), ശരീരത്തിൽ കാണുന്നവ (body Louse), ഗുഹ്യ പ്രദേശങ്ങളിൽ കാണുന്നവ (Pubic Louse) എന്നിവരാണ് ഈ വെറൈറ്റി ടീംസ്.

തലയിൽ വെച്ചാൽ പേനരിക്കും...

തലയിൽ വെച്ചാൽ പേനരിക്കും...

തലപ്പേനും ദേഹപ്പേനും സാമ്യമുള്ള ശരീരപ്രകൃതിക്കാരാണ്. 2 - 4 മില്ലിമീറ്റർ നീളമുള്ളവയാണിവ. എന്നാൽ ഗുഹ്യപ്പേനിന് 1 - 2 മി.മീ നീളമേയുള്ളൂ. ഇഷ്ടന് നീളത്തേക്കാൾ വീതിയാണ് കൂടുതൽ. പരന്ന ആകൃതിയിൽ ഞണ്ടിനെ അനുസ്മരിപ്പിക്കുന്ന ലവന് ഞണ്ട് പേൻ എന്നും പേരുണ്ട് (Crab Louse).

▪ വനിതപ്പേനുകൾ ഏതാണ്ട് ഒരു മാസക്കാലം ജീവിക്കുകയും ദിനംപ്രതി 3 -10 വരെ മുട്ടകൾ ഇടുകയും ചെയ്യും.എന്നാൽ ശരീരപ്പേനുകൾ വസ്ത്രങ്ങളുടെ അരികിലുള്ള നാരുകളിൽ മുട്ടയിടാനാണ് താൽപ്പര്യപ്പെടുന്നത്.ഈ മുട്ടകൾ മുടിയിഴയിലോ വസ്ത്ര നാരുകളിലോ ഒട്ടിച്ചേർന്ന് ഒരു കുഞ്ഞു കൂട് പോലെ ഇരിക്കും. ഒന്ന് രണ്ട് ആഴ്ചകൾ കൊണ്ട് മുട്ട വിരിഞ്ഞാലും മൂപ്പെത്താൻ ഒരാഴ്ച കൂടി പിന്നെയും എടുക്കും. മുട്ട വിരിഞ്ഞാലും ആ കൂട് അവിടെത്തന്നെ ഒഴിഞ്ഞവശേഷിക്കും. ചിലപ്പോൾ ഈര് വലിച്ചെടുത്ത് നഖത്തിൽ വെച്ച് മുട്ടാൻ നോക്കുമ്പോൾ പൊട്ടാതെ, ശബ്ദമില്ലാതെ ഇരിക്കുമ്പോൾ അമ്മ പറഞ്ഞു തരും .. "അത് പൊട്ട ഈരാണ് കുട്ടീ". അത് പൊട്ട ഈരായിരുന്നില്ല പൊന്നമ്മേ, മുട്ട വിരിഞ്ഞതിന്റെ ബാക്കിയായിരുന്നു!

▪ മുട്ടയിൽ നിന്നും വിരിഞ്ഞ പേൻ കുഞ്ഞുങ്ങൾക്ക് (ലാർവകൾ) ഇരുപത്തിനാല് മണിക്കൂറിനകം നമ്മുടെ രക്ത ഊണ് കിട്ടിയില്ലെങ്കിൽ അവ വടിയാകും. പേനുകളുടെ ആഹാരം നമ്മുടെ രക്തമാണ്. അവ നമ്മുടെ ദേഹത്ത് ഉമിനീര് കുത്തിവെച്ചും അപ്പിയിട്ടും ആർമ്മാദിക്കും!

ദേഹപ്പേനുകൾ പൊതുവേ വൃത്തിയും വെടുപ്പുമില്ലാതെ, നനയും കുളിയുമില്ലാതെ, വസ്ത്രങ്ങൾ യഥാസമയം മാറാനാവാതെ ജീവിക്കുന്നവരിലാണ് കൂടുതൽ കാണുക.

ചൊറിച്ചിലും കടിയുമാണ് പേനുകളുണ്ടായാലുള്ള പ്രധാന പ്രശ്നം. ചെറിയ വ്രണങ്ങളും അണുബാധയും പൊറ്റ കെട്ടലും, ചൊറിയും ചിരങ്ങുമെല്ലാം ഇതിന്റെ ഭാഗമായി വരാം. കുട്ടികളിൽ കഴുത്തിന് പുറകിൽ ചെറിയ കഴലകൾ കാണപ്പെടാം പേൻ ബാധയെത്തുടർന്ന്.

തലയിൽ വെച്ചാൽ പേനരിക്കും...

പേൻ സമൃദ്ധിയായി ഉണ്ടായാൽ അസ്വസ്ഥതയും ഈർഷ്യയും തലവേദനയും ഫലം!

സ്ഥിരം പേൻ വാഴ്ച എക്സിമ, ഡെർമറ്റൈറ്റിസ് എന്നിവക്കും കാരണമാകും.

തലയിൽ വെച്ചാൽ പേനരിക്കും...

പേനുകൾ ഏഴു കട്ടിളപ്പടി കടക്കും എന്നാണ് പഴമക്കാർ പറയാറ്. പേൻ മുട്ടക്കൂടുകൾക്ക് (പ്രത്യേകിച്ച് ദേഹാപ്പേനുകളുടേത്) ഒരു മാസം വരെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച് ഒരു മാസക്കാലം ജീവനോടെയിരിക്കാം എന്നത് കണക്കിലെടുക്കുമ്പോൾ ഏഴ് കട്ടിളപ്പടിയല്ല ഏഴ് കടൽ വരെ കടക്കാൻ ശേഷിയുള്ളവരാണ് പേനുകൾ.

നേരിട്ടുള്ള സമ്പർക്കം വഴി, തലയിൽ നിന്നും തലയിലേക്ക് പേനുകൾ പ്രയാണം നടത്തും. തലയണമന്ത്രത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു മാർച്ച് പാസ്റ്റ് നടക്കുന്നുണ്ടെന്ന് ഭർത്താക്കന്മാർ ഓർക്കുന്നത് നന്ന്.

വസ്ത്രങ്ങളും തലയിണക്കവറും ബെഡ് ഷീറ്റും ഒക്കെ വഴി പേൻ കൈമാറ്റം നടക്കാം.

ഗുഹ്യപ്പേൻ ലൈംഗിക ബന്ധം വഴിയും പകരാം.

തലയിൽ വെച്ചാൽ പേനരിക്കും...

ചികിത്സ

സ്ഥിരമായ പേൻ ഈരലും മുട്ടലും പേൻ ശല്യം കുറയ്ക്കും. പക്ഷേ ഇന്നത്തെ അണുകുടുംബങ്ങളിൽ ഇത് മല്ല് പിടിച്ച പണിയാണ്.

തലയിലെ പേനുകൾക്ക് പെർമെത്രിൻ 1 % ക്രീം റിൻസ്, നാച്ചുറൽ പൈറെത്രീൻ ഷാംപൂ , ലിൻഡെയ്ൻ 1 % ഷാംപൂ എന്നിവ ലഭ്യമാണ്. കുഞ്ഞുങ്ങൾക്ക് പെർമെത്രിൻ ആണ് നല്ലത്.

തല നനച്ച് പത്ത് മിനുറ്റോളം ഈ ഷാംപൂ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകിക്കളയണം.അതിന് ശേഷം ചീർപ്പുപയോഗിച്ച് (പ്രത്യേകിച്ച് ഈരു വലിച്ചീർപ്പ്) പേനും ഈരും ചീകിക്കളയണം.7-10 ദിവസങ്ങൾ കഴിഞ്ഞ് ഇത് ആവർത്തിക്കണം.

തലയിൽ വെച്ചാൽ പേനരിക്കും...

ദേഹപ്പേനെ സംബന്ധിച്ച് വസ്ത്രങ്ങളും ബെഡ്ഷീറ്റും മറ്റും പുഴുങ്ങി അലക്കുക എന്നത് പ്രധാനമാണ്.

65 ഡിഗ്രി സെൽഷ്യസ് ചൂട് 15 മുതൽ 30 വരെ മിനുട്ട് തട്ടിയാൽ പേൻ മുട്ടയും കുടുംബവുമടക്കം തട്ടിപ്പോവും.

വസ്ത്രങ്ങൾ ഇടയ്ക്കടി മാറാൻ നിർവാഹമല്ലാത്ത ആളുകൾക്ക്, യുദ്ധമുഖങ്ങളിലും മറ്റും ,വസ്ത്രങ്ങൾ അകം പുറം തിരിച്ചിട്ട് ലിൻഡെയ്ൻ 10% പൗഡർ ഇട്ടു കൊടുക്കാം.

ഗുഹ്യപ്പേനിനും പെർമെത്രിൻ തന്നെയാണ് ചികിത്സ.

എന്നാൽ നിലവിൽ ലിൻഡെയ്ൻ ഗുഹ്യപ്പേൻ ചികിത്സിക്കാൻ ഉപയോഗിക്കുന്നില്ല.

കുഞ്ഞുങ്ങളിൽ ഗുഹ്യപ്പേൻ ബാധ കൺപീലികളിൽ കാണപ്പെടാറുണ്ട്. അതിന് പെട്രോലാറ്റം ജെല്ലി ദിവസം 3 - 5 തവണ വീതം 8-10 ദിവസം പുരട്ടണം.

ഈ പേനുകൾ പരത്തുന്ന ചില രോഗങ്ങളുമുണ്ട് കേട്ടോ ..

ടൈഫസ് ഫീവർ, ട്രെഞ്ച് ഫീവർ, റിലാപ്സിംഗ് ഫീവർ എന്നിവയാണ് അവ.

Disclaimer -- സംഗതി പേനാണെങ്കിലും സ്വയം ചികിത്സ നന്നല്ല.

ഇതിലെ പേനീരലും മുട്ടലും ഒഴികെയുള്ളവ ഒരു ഡോക്ടറുടെ നേരിട്ടുള്ള നിർദ്ദേശ പ്രകാരം മാത്രം ഉപയോഗിക്കാൻ പ്രത്യേകം നിഷ്കർഷിക്കുന്നു.

Dr Sunil PK   ഇൻഫോ ക്ലിനിക് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ്  ചെയ്തത്                    

advertisment

Super Leaderboard 970x90