രോഗവും രോഗവിമുക്തിയും ! എന്താണ് അവ തമ്മിലുള്ള വ്യത്യാസം? അയാള്‍ക്ക്‌ അറിയാനായില്ല... എങ്കിലും ഒരു ഒരു കാര്യം വ്യക്തമായി...“അവള്‍ തിരിച്ചു വരില്ല.” അയാള്‍ സ്വയം പറഞ്ഞു... ഒരിക്കലും വരില്ല..!!

സ്നേഹത്തിന്‍റെ സങ്കീര്‍ണ്ണതകളെക്കുറിച്ചുള്ള അജ്ഞത അയാളുടെ ദാരിദ്രത്തിനു മുകളില്‍ മഹാദാരിദ്ര്യമായി നിലകൊണ്ടു. അയാളുടെ അപകര്‍ഷതയുടെ അടിത്തട്ടുകളില്‍ പ്രവഹിക്കുന്ന കരുണയുടെ നീരുറവകളെ അവള്‍ കാണാതെപോയി. സ്നേഹത്തിന്‍റെ വിശുദ്ധിയാല്‍ സമുദ്രത്തോളം അതിനെ അവള്‍ക്ക് പെരുക്കി നിറയ്ക്കാമായിരുന്നു. പക്ഷെ ക്ഷമയോടെ കാത്തിരിക്കാന്‍ എവിടെ നേരം!

രോഗവും രോഗവിമുക്തിയും ! എന്താണ് അവ തമ്മിലുള്ള വ്യത്യാസം? അയാള്‍ക്ക്‌ അറിയാനായില്ല... എങ്കിലും ഒരു ഒരു കാര്യം വ്യക്തമായി...“അവള്‍ തിരിച്ചു വരില്ല.” അയാള്‍ സ്വയം പറഞ്ഞു... ഒരിക്കലും വരില്ല..!!

അവള്‍ യാത്രപറഞ്ഞു പോയതിന്‍റെ മൂന്നാം ദിവസമാണ് അയാള്‍ക്ക്‌ പനി ആരംഭിച്ചത്.  അസാധാരണമായിരുന്നു അതിന്‍റെ തുടക്കം. നെഞ്ചിലും നെറ്റിയിലും ചൂടുകുരുക്കള്‍ തിളച്ചു പൊന്തുന്നതിന് തൊട്ടു മുന്‍പ് അവള്‍ തിരിച്ചു വരുന്നതായി അയാള്‍ സ്വപനം കണ്ടു.  അടുത്ത ദിവസം  ആശുപത്രിയിലെത്തുമ്പോള്‍ ഡോക്ടറോട് അയാള്‍ ആദ്യം പറഞ്ഞതും അക്കാര്യമാണ്.  ദു:സ്വപ്നങ്ങള്‍ രോഗലക്ഷണളുടെ പട്ടികയില്‍പ്പെടുത്താമോ എന്ന് കുറെ നേരം ആലോചിച്ചിരുന്ന ശേഷം തന്‍റെ ഡയറിയില്‍ എന്തായാലും അത് രേഖപ്പെടുത്തിവെയ്ക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു.

പകര്‍ച്ചപ്പനിയുടെ കാര്യത്തില്‍ സൂക്ഷ്മശ്രദ്ധ വേണം.  എപ്പോഴാണ് അവ നിയമം ലംഘിച്ച് രോഗികളുമായി അപ്രത്യക്ഷമാവുന്നതെന്ന്  പറയാനാവില്ല. നനഞ്ഞുകിടക്കുന്ന രോമകൂപങ്ങളിലൂടെ പനിയുടെ ലാവ പുറത്തേക്ക് പൊട്ടിയൊഴുകാന്‍ തിടുക്കം കൂട്ടുമ്പോഴും അയാള്‍ ആലോചിച്ചത് അവളെക്കുറിച്ചാണ്.  പിരിയുന്ന നേരത്തും അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു തിരിച്ചുവരാന്‍ അയാള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അയാളുടെ ദൈന്യതയില്‍ മനസ്സുലഞ്ഞു പോയാലോ എന്ന് ഭയന്നിട്ടാവണം അവള്‍ അയാള്‍ക്ക്‌ നേരെ നോക്കിയില്ല.  അവള്‍ എല്ലാം ചിന്തിച്ചുറപ്പിച്ചിരുന്നു.  വളരെക്കാലം കൃത്യമായി പരിശോധിച്ച ശേഷം എടുത്ത  തീരുമാനമാണ്. എന്താണ് തനിക്ക് വേണ്ടതെന്ന് അവള്‍ക്കറിയാം. പക്ഷെ ഒരിക്കലും അവള്‍ അത് തുറന്നു പറഞ്ഞില്ല. അയാളുടെ പരിമിതികളെ കുറിച്ച് കൂടുതല്‍ അപകര്‍ഷത അയാളില്‍ സൃഷ്ടിക്കുവാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.  ഒരു പക്ഷെ അയാള്‍ ചോദിച്ചിരുന്നെങ്കില്‍ “നിരാസം സ്നേഹത്തിന്‍റെ മറ്റൊരു രൂപമാണെന്ന് ” അവള്‍ പറയുമായിരുന്നു.  എങ്കിലും  “എന്‍റെ വിഷാദക്കടലിലൂടെ നിന്‍റെ പ്രണയത്തിന്‍റെ വഞ്ചിക്ക് തുഴഞ്ഞുപോകാനാവില്ല” എന്ന് അവളുടെ കണ്ണുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അവളുടെ മുഖം പിടിച്ചുയര്‍ത്തി അത് വായിച്ചെടുക്കാന്‍ അയാള്‍ ശ്രമിച്ചില്ല. അവളുടെ ശരീരത്തിന്‍റെ ഭാഷയെക്കുറിച്ച്  അത്രമേല്‍ അയാള്‍ നിരക്ഷരനായിരുന്നു.  അയാള്‍ക്ക്‌ നേരെ ഉറ്റുനോക്കിയപ്പോഴൊക്കെ  അവളുടെ കണ്ണുകളിലെ ആഴങ്ങളെ തിരിച്ചറിയാനും അയാള്‍ക്ക് കഴിയാതെ പോയി. ഓരോ തവണയും തന്‍റെ ശരീരം അപമാനിക്കപ്പെടുന്നതായി അവള്‍ക്ക് തോന്നി.  പരിത്യജിക്കപ്പെട്ടവളുടെ നിരാശ ചോര്‍ന്നൊലിക്കുന്ന രക്തഞരമ്പാണ്.  രക്തം വാര്‍ന്നു തീരും മുന്‍പ് മേഘങ്ങളുടെ തണലിലെത്തി അതിനു നനഞ്ഞു നിറയണം.  ‘അനുരാഗം’ അവളുടെയുള്ളില്‍ വളര്‍ന്നു നില്‍ക്കുന്ന മറ്റൊരു വ്യക്തിയായിരുന്നു.  അയാള്‍ക്ക് അത് ഊഹിക്കാനായില്ല. അമൂര്‍ത്തവും അദൃശ്യവുമായി അവളുടെയുള്ളിലിരുന്ന് നിരന്തരം സംസാരിക്കുന്ന ഒരജ്ഞാതവ്യക്തിത്വമായിരുന്നു അവളുടെ സ്നേഹം. അതിന്‍റെ കല്പനകളെ മറികടക്കുവാന്‍ അവള്‍ക്കുമായില്ല. അവള്‍ അവളുടെ തന്നെ ‘ഇര’യാണ്. ഒരേസമയം പ്രണയിനിയും സ്വന്തം പ്രണയഭാവത്തിന്‍റെ ഇരയും.

ദരിദ്രനായ ഒരു കാമുകന്‍ ഇതൊക്കെ എങ്ങനെ അറിയാനാണ് ?  സ്നേഹത്തിന്‍റെ സങ്കീര്‍ണ്ണതകളെക്കുറിച്ചുള്ള അജ്ഞത അയാളുടെ ദാരിദ്രത്തിനു മുകളില്‍ മഹാദാരിദ്ര്യമായി നിലകൊണ്ടു. അയാളുടെ അപകര്‍ഷതയുടെ അടിത്തട്ടുകളില്‍ പ്രവഹിക്കുന്ന കരുണയുടെ നീരുറവകളെ അവള്‍ കാണാതെപോയി. സ്നേഹത്തിന്‍റെ വിശുദ്ധിയാല്‍ സമുദ്രത്തോളം  അതിനെ അവള്‍ക്ക് പെരുക്കി നിറയ്ക്കാമായിരുന്നു. പക്ഷെ ക്ഷമയോടെ കാത്തിരിക്കാന്‍  എവിടെ നേരം! കാലം ശിശിരത്തെപ്പോലെ ഇലകള്‍ കൊഴിക്കുന്നു. എല്ലാം നശ്വരം.  എങ്കിലും ഒറ്റക്കമ്പിയില്‍ തീര്‍ത്ത ഒരു കളിവീണയെപ്പോലെ ഏകതാനമായി അയാള്‍ അവളോട് മാത്രം സംസാരിച്ചുകൊണ്ടിരുന്നു. അവളെ കുറിച്ച് മാത്രം ചിന്തിച്ചു. അവള്‍ക്കായി ഒരൊറ്റ ഈണം ബാക്കിവെച്ച്, ശബ്ദങ്ങളും നിറങ്ങളും ചേര്‍ന്ന സ്വന്തം ലോകത്തെ അയാള്‍ മായ് ച്ചു കളഞ്ഞു.   “അവള്‍ തിരിച്ചുവരും. തിരിച്ചുവരും.”  അവളുടെ കൈകള്‍ നെഞ്ചില്‍ ചേര്‍ത്തുവെച്ച് മടങ്ങിവരവിനെക്കുറിച്ചു വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുമ്പോള്‍ അയാള്‍ സ്വയം ലജ്ജിക്കാതിരുന്നത്  അതുകൊണ്ടാണ്. അതിനാല്‍,  രണ്ടു ദിവസങ്ങള്‍ക്കു ശേഷം പനിയുടെ ആരംഭത്തിന് തൊട്ടുമുന്‍പുള്ള രാത്രിയില്‍  തന്‍റെ സ്വപ്നത്തിനുള്ളിലേക്ക് അവള്‍ കയറിവരുമ്പോള്‍ അയാള്‍ക്ക്‌ ഒട്ടും അത്ഭുതം തോന്നിയില്ല. അയാള്‍ അവളെ പ്രതീക്ഷിക്കുകയായിരുന്നു.

പക്ഷെ അതൊരു  സ്വപ്നം മാത്രമായിരുന്നുവെന്ന് അയാള്‍ മറന്നു. അയാള്‍ക്ക്‌ വലിയ ആശ്വാസം തോന്നി. ഒടുവില്‍ അവള്‍ തന്‍റെ മുറിയില്‍ എത്തിയിരിക്കുന്നു. അവള്‍ അരികിലേക്ക് വരുന്നത്  അയാള്‍ക്ക്‌ കേള്‍ക്കാം. ജനലുകളില്ലാത്ത ഭൂമിയിലെ ഇരുണ്ടകോണുകളിലൊന്ന്  പ്രഭാപൂരിതമാമാവുകയാണ്. വാതിലിനു മുകളിലെ വെന്‍റ്റിലേറ്ററിലൂടെ വരുന്ന വെളിച്ചം അസ്തമിച്ചു. മുറിയില്‍ പകല്‍ പോലെ നിലാവുദിച്ചു.  റോഡില്‍ നിന്നുള്ള വാഹനങ്ങളുടെ ശബ്ദം ഒച്ചുകളെപ്പോലെ മുറിക്കുള്ളില്‍ തൊട്ടുമുന്‍പ് വരെ ഇഴഞ്ഞുനടന്നിരുന്നു. അതിനു നടുവില്‍ വലിയൊരു ഒച്ചായി അയാള്‍ ചുരുണ്ടുകിടക്കുകയായിരുന്നു. പക്ഷേ, എല്ലാം ഇന്ന് അവസാനിക്കുന്നു.  സമയത്തിന് ഇനി നിശ്ചലമായിരിക്കാന്‍ കഴിയില്ല.

“പ്രിയപ്പെട്ടവളേ, വരൂ നമുക്കൊരുമിച്ചു ജീവിതം മാറ്റിയെഴുതാം.”

അവള്‍ ഇതെത്ര കേട്ടിരിക്കുന്നു.  പതിവ് ദിനചര്യകള്‍, പതിവായ സംഭാഷണങ്ങള്‍. ഒന്നും മാറില്ല. ശ്മശാനം പോലെയുള്ള അയാളുടെ മുറിപോലും.  അയാള്‍ താമസിച്ചിരുന്ന പഴയ കെട്ടിടത്തെ പല ദിക്കുകളിലേക്ക് ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന ഒരു അസ്ഥിപഞ്ജരമായാണ് അവള്‍ വിശേഷിപ്പിച്ചിരുന്നത്.  അവിടെ നിന്നും മാറിപ്പോകാന്‍ അവള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. പരിചിതമായ ഒന്നിനെയും ഉപേക്ഷിക്കാന്‍ കഴിയില്ല എന്നതാണ് അയാളുടെ ദൗര്‍ബല്യം.

“അല്ല, ഒരിക്കലുമല്ല, നീ കൂടെയുണ്ടെങ്കില്‍ എനിക്കെന്തും കഴിയും.  എനിക്ക് ഒരുറപ്പു മാത്രം മതി.  നീ എന്നെ സ്നേഹിക്കുന്നുവെന്ന ഒരൊറ്റ വാക്ക്. എനിക്കത് അറിയാനാവുന്നില്ല. എന്‍റെ ഹൃദയം വഴുതിപ്പോവുകയാണ്. എനിക്ക് ചവുട്ടി നില്‍ക്കാന്‍  ആ ഒരൊറ്റ വാക്കുമതി. പറയൂ, തുറന്നു പറയൂ. സത്യമായും അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. പ്രിയമുള്ളവളേ ഞാന്‍ പറയുന്നത്‌ നിനക്ക് മനസിലാകുന്നുണ്ടോ?”

പക്ഷെ മസ്തിഷ്ക്കത്തിനുള്ളിലെ നിഴലില്‍ നിന്ന് സ്വപ്നത്തിലേക്ക്  നടന്നുവന്ന അവളുടെ രൂപം കണ്ട് അയാള്‍ അതിശയിച്ചുപോയി. അവള്‍ ആകെ മാറിയിരിക്കുന്നു. അവളുടെ മുടി വിസ്തൃതമായ ഒരു വനം. എപ്പോഴാണ് അത് ഇത്രമാത്രം ഇടതൂര്‍ന്നു വളര്‍ന്നത്‌. മുടിയിഴകള്‍ സര്‍പ്പങ്ങളെപ്പോലെ ചലിക്കുന്നു.  കണ്ണുകള്‍ അന്തിമേഘങ്ങള്‍. അവ ചുവന്നെരിയുന്നു.  ഒന്നും മനസ്സിലാകാതെ നോക്കിയിരിക്കുന്ന അയാളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് അവള്‍ പറഞ്ഞു.

“സംശയിക്കേണ്ട, ഇത് ഞാന്‍ തന്നെ. നിങ്ങളുടെ ജ്വരബാധ.”

ആ പേര് അയാള്‍ ആദ്യം കേള്‍ക്കുകയാണ്. പക്ഷെ അതേ ഗന്ധം. അതേ ശബ്ദം. ഇതവള്‍ തന്നെ! അവള്‍ അയാളെ ഗാഢം പുണര്‍ന്നു.  അയാള്‍ വീണ്ടും അത്ഭുതപ്പെട്ടു. അവള്‍ തന്നെ സ്നേഹിക്കുന്നു. എന്തേ ഇത്രനാള്‍ താന്‍ അതറിഞ്ഞില്ല? അവളുടെ സ്നേഹത്തെ സംശയിച്ചതിന് അവളോട്‌ മാപ്പുപറയാന്‍ അയാള്‍ക്ക്‌ തോന്നി.  പക്ഷെ അയാള്‍ സംസാരിച്ചു തുടങ്ങുംമുന്‍പ് തന്നെ അയാളുടെ മുഖത്തിന് മീതേ അവളുടെ ഉച്ഛ്വാസവായു വന്നു വീണു. ഹോ, എന്തൊരു ചൂട് ! അവള്‍ തന്നെ ചുംബിക്കുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. പക്ഷെ നാവു പുറത്തേക്ക് നീട്ടി അയാളുടെ ചുണ്ടുകളെ അവള്‍ സ്പര്‍ശിക്കുക മാത്രമാണ്  ചെയ്തത്. ഒരു തീക്കനല്‍ അയാളിലൂടെ പാഞ്ഞുപോയി. പക്ഷെ ഉള്ളു പൊള്ളുന്നതിനു പകരം അയാള്‍ കുളുര്‍ന്നു വിറച്ചു. സ്വന്തം ശരീരത്തെ നിയന്ത്രിക്കാന്‍ അയാള്‍ ബുദ്ധിമുട്ടി. വിറയ്ക്കുന്ന കൈകളും കാലുകളും കൂട്ടിപ്പിടിച്ചു ആ അസുലഭനിമിഷത്തെ തന്‍റെ ശരീരത്തോടൊപ്പം ചേര്‍ത്തുനിര്‍ത്താന്‍ അയാള്‍ ശ്രമിച്ചു. ചൂട് അസഹ്യമാവുന്നു.  അയാള്‍ക്ക്‌ ശ്വാസംമുട്ടി. പെട്ടെന്നയാള്‍ ഞെട്ടിയുണര്‍ന്നു.  തണുത്ത പ്രഭാതത്തിലും അയാള്‍ വിയര്‍ത്തു കുളിച്ചിരുന്നു.

അവള്‍ എവിടെ ? അയാള്‍ കണ്ണുതുറന്നു ചുറ്റും നോക്കി. അയാളുടെ കട്ടിലിനരികില്‍ നില്‍ക്കുകയായിരുന്ന തൊട്ടടുത്ത മുറികളിലെ താമസക്കാരില്‍ ഒരാള്‍ പറഞ്ഞു.

“മാഷേ, നിങ്ങള്‍ക്ക് പനിക്കുന്നുണ്ട്.”

രാത്രി മുഴുവന്‍ അയാള്‍ പിച്ചും പേയും പറയുകയായിരുന്നു.  അയാള്‍ അവരെ തുറിച്ചു നോക്കി.

“അല്ല. അവള്‍ എന്റെയരികിലേക്ക്  വരികയാണ്. നിങ്ങള്‍ പൊയ്ക്കൊള്ളു.”

അയാളുടെ കഥകളൊക്കെ അറിയാമായിരുന്ന അവര്‍ അതിനു മറുപടിയൊന്നും പറഞ്ഞില്ല. അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അവര്‍ തിരക്കുകൂട്ടി. “വേണ്ട, അതിന്‍റെ ആവശ്യമില്ല” എന്ന് വിളിച്ചുപറഞ്ഞു കട്ടിലില്‍ നിന്ന് എഴുന്നേറ്റെങ്കിലും പെട്ടെന്ന് അയാള്‍ ബോധരഹിതനായി നിലംപതിച്ചു.

ആശുപത്രിയിലെ ഒ.പിയില്‍ വെച്ച് അയാള്‍ വീണ്ടും ഉണര്‍ന്നു. കടുത്ത പനിക്കിടയിലും അയാള്‍ സ്വസ്ഥനും സന്തുഷ്ടനുമായിരുന്നു. ഡോക്ടര്‍ അരികിലേക്ക് വരുമ്പോള്‍ അയാള്‍ ഹൃദ്യമായി ചിരിക്കുക കൂടി ചെയ്തു.  അയാളുടെ അരികിലിരുന്നു ഡോക്ടര്‍ സാവകാശം സംസാരിച്ചു തുടങ്ങി.

“സുഹൃത്തേ, നിങ്ങളെ പകര്‍ച്ചപ്പനി ബാധിച്ചിരിക്കുന്നു. നഗരത്തില്‍ പനി പടര്‍ന്നുപിടിക്കുന്നത്‌ നിങ്ങള്‍ അറിഞ്ഞില്ലേ?”

“അല്ല, ഡോക്ടര്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു.”

ഡോക്ടര്‍ ചിരിച്ചുപോയി. വാഷ്ബേസിന്‍റെ മുകളിലെ കണ്ണാടിയുടെ അരികിലേക്ക് ഡോക്ടര്‍ അയാളെ കൊണ്ടുപോയി.

“നോക്കൂ, നിങ്ങളുടെ കണ്ണുകള്‍. ചുവന്നു കലങ്ങിക്കിടക്കുന്നു. കൃഷ്ണമണിയോടു ചേര്‍ന്നു കിടക്കുന്ന ചുവപ്പു  പാട കണ്ടോ? രക്തക്കുഴലുകള്‍ പൊട്ടി ചോര കെട്ടിക്കിടക്കുകയാണ്. നെഞ്ചില്‍ നിന്ന് കഴുത്തിലേക്ക്‌ നീണ്ടു കിടക്കുന്ന പിങ്ക് പരവതാനി പോലെയുള്ള തിണര്‍പ്പുകള്‍ കണ്ടില്ലേ?  സുഹൃത്തേ, നിങ്ങളുടെ ശരീരത്തില്‍ പനിയുടെ രോഗാണുക്കള്‍ അതിക്രമിച്ചു കടന്നതിന്‍റെ ലക്ഷണങ്ങളാണ് ഇവയെല്ലാം.”

“ഡോക്ടര്‍,  നിങ്ങള്‍ക്കത് മനസിലാകില്ല. ഞങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്. അവള്‍ വീണ്ടും എന്നില്‍ ജീവിച്ചു തുടങ്ങുന്നു.  നിങ്ങളുടെ ശാസ്ത്രത്തിന് അതറിയില്ല.  ഇത് ജീവിതമാണ്.”

“സുഹൃത്തേ, ഒന്നുകില്‍ രോഗം. അല്ലെങ്കില്‍ രോഗി. രണ്ടിലൊന്നേ അവശേഷിക്കൂ. രോഗവും രോഗിയും ഒരേ സമയം ഒത്തുപോകില്ല.”

ആരാണ് രോഗി? എന്താണ് രോഗം? അയാളും അവളും പരസ്പരം രോഗികളെന്ന് പരിഹസിച്ചിരുന്നു. അതൊക്കെ  പഴയ കാര്യങ്ങള്‍.  വീണ്ടും ഓര്‍ത്തെടുത്തിട്ട് എന്തുകാര്യം !  ഒരുമിച്ചു നില്‍ക്കാനുള്ള അവസരങ്ങളെ വീണ്ടും വീണ്ടും കണ്ടെത്തുന്നതാണ്  പ്രണയം.  ഇപ്പോള്‍  അത്  പുനര്‍ജ്ജനിക്കുന്നു.

“സ്നേഹത്തെ തിരിച്ചറിയാന്‍ വൈദ്യഭാഷയുടെ ആവശ്യമില്ല.” അയാള്‍ സ്വയം പറഞ്ഞു. അത് കഠിനമായ വേദനയാണ്. അസ്ഥികളെ തുളച്ചു കടന്നുപോകുന്ന കൊടും യാതന.  നൂറു രക്തപുഷ്പങ്ങളായി അത് ശരീരത്തില്‍ മുളപൊട്ടും. ഈ ഡോക്ടര്‍മാര്‍ക്ക് അതിനെക്കുറിച്ച് എന്തറിയാം? തന്‍റെ ശരീരത്തില്‍ ഞരമ്പുകളിലൂടെ അവള്‍ അനസ്യൂതം ഒഴുകുന്നു. കണ്ണടച്ചിരുന്നാല്‍ ഓരോ കോശങ്ങളിലും അവളുടെ പ്രഭ ചോര്‍ന്നിറങ്ങുന്നത് അയാള്‍ക്ക്‌ കാണാം. ഈ അനുഭവത്തിനു വേണ്ടി എത്ര നാളായി  കാത്തിരിക്കുകയായിരുന്നു.  പ്രണയം ശരീരത്തിന്‍റെ രക്തസാക്ഷിത്വമാണ്.

ശ്ശൊ, നാശം ഈ ഡോക്ടര്‍ അവസാനിപ്പിക്കുന്ന മട്ടില്ല. അയാള്‍ക്ക്‌ മിണ്ടാതിരുന്നുകൂടെ?

“സുഹൃത്തേ, നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും. വലിയൊരു മിഥ്യാബോധത്തില്‍ നിങ്ങള്‍ അകപ്പെട്ടിരിക്കുന്നു.  എത്രയും പെട്ടെന്ന് നിങ്ങള്‍ തിരിച്ചു വരണം. ചികിത്സക്ക് അത് ആവശ്യമാണ്‌. നിങ്ങളുടെ രോഗം ഏതു നിമിഷവും ഗുരുതരമായി തീരാം. രോഗബാധയേറ്റ്  നിങ്ങളുടെ രക്തക്കുഴലുകലുകളില്‍ നീര്‍വീഴ്ചയുണ്ടായിരിക്കുന്നു. അതില്‍ തുളകള്‍ വീഴുകയാണ്. രക്തം പുറത്തേക്ക് ചോര്‍ന്നുപോയി ഹൃദയത്തിനും മസ്തിഷ്ക്കത്തിനും വൃക്കകള്‍ക്കും തകരാകള്‍ സംഭവിക്കാം. അത് മരണമാണ്.”

പക്ഷെ  അയാള്‍  യുക്തിബോധങ്ങള്‍ക്കപ്പുറത്തെക്ക്  നടന്നുമറഞ്ഞിരുന്നു. തന്‍റെ സ്നേഹത്തോട്  നീതി പുലര്‍ത്തുക മാത്രമാണ് അയാളുടെ ലക്ഷ്യം.  പരിശോധനകള്‍ക്കായി രക്തം കുത്തിയെടുക്കാന്‍ വന്ന നേഴ്സിനോട് അയാള്‍ വഴക്കുണ്ടാക്കി.  കൈയ്യിലെ സിരയിലേക്ക് കാനുല കടത്താന്‍ അനുവദിച്ചില്ല.  ഔഷധങ്ങളും ഡ്രിപ്പും നിരസിച്ചു.

ഒടുവില്‍ “ചികിത്സിക്ക് രോഗി സഹകരിക്കുന്നില്ല” എന്ന് കേസ് ഷീറ്റിന്‍റെ മുകളില്‍ എഴുതിവെച്ച് അയാളെ അഡ്മിറ്റുചെയ്യാന്‍ ഡോക്ടര്‍ തീരുമാനിച്ചു. പക്ഷെ അതിനുമുന്‍പ് തന്നെ അയാള്‍ വീണ്ടും ബോധരഹിതനായി തീര്‍ന്നു.

രോഗി പിന്മാറിയിരിക്കുന്നു. രോഗവും ഡോക്ടറും മുഖാമുഖം നിന്നു.

എന്തുകൊണ്ടാണ്  അയാള്‍ക്ക്  തുടര്‍ച്ചയായി ബോധക്ഷയമുണ്ടാവുന്നത്?  ട്രോളിയില്‍ സി.റ്റി. സ്കാന്‍ മുറിയിലേക്ക് പോകുമ്പോള്‍ അവള്‍ നടന്നുവരുന്നത് അയാള്‍ വ്യക്തമായി കണ്ടു. അതവള്‍ തന്നെയാണ്. അയാളുടെ തലച്ചോറിലെ ചതുപ്പില്‍ ജ്വരബാധയുടെ കാല്‍പ്പാടുകള്‍!  സി.റ്റി സ്കാനിന്‍റെ എക്സ്റേ കിരണങ്ങള്‍ അവയെ പിന്തുടര്‍ന്നു.  നാഡീപടലങ്ങള്‍ക്കിടയില്‍ അവളുടെ മുടിയിഴകള്‍ ഉലഞ്ഞു മറയുന്നു.

‘ഗുരുതരമായി രോഗബാധയേറ്റയാള്‍’ എന്ന് കേസ് ഷീറ്റിന്‍റെ മുകളില്‍ ചുവന്നമഷിയിലെഴുതി ഡോക്ടര്‍ അയാളെ തീവ്രപരിചരണ യൂണിറ്റില്‍ അഡ്മിറ്റ്‌ ചെയ്തു. ബോധം തിരിച്ചു വന്ന ഇടവേളകളിലൊന്നില്‍ ഐ. സി. യുവില്‍ നിന്ന് പുറത്തേക്ക് ഓടിപ്പോകാന്‍ അയാള്‍ ശ്രമിച്ചു. മോണിറ്ററുകളുടെ ലീഡുകള്‍ വലിച്ചെടുത്തു. അയാളെ നിയന്ത്രിക്കാന്‍ നെഴ്സിന് അറ്റന്‍ഡറെ വിളിക്കേണ്ടിവന്നു.

സിരകളിലൂടെ അയാളുടെ ശരീരത്തിലേക്ക് കയറിയ ഔഷധങ്ങള്‍ അതിന്‍റെ ഇരയെ അന്വേഷിച്ചു തുടങ്ങി. ജ്വരം ഒരു വനമായി വളര്‍ന്നിരിക്കുന്നു. രോഗാണുക്കള്‍ ഇലകളായി പന്തലിച്ചു.  ഔഷധക്കാറ്റില്‍ കാടുലഞ്ഞു. “വേണ്ട, വേണ്ട” എന്നയാള്‍ ഐ.സിയുവിലെ ഡോക്ടറോട് വിളിച്ചു പറഞ്ഞു. തന്‍റെ സംതൃപ്തജീവിതത്തെ ഡോക്ടര്‍ നശിപ്പിക്കുകയാണെന്ന് അര്‍ദ്ധസുഷുപ്തിയില്‍ പരാതി പറഞ്ഞു. ക്ഷീണിതമായ കൈകള്‍ ഉയര്‍ത്തി “എനിക്കവളെ വേണം” എന്ന് നിലവിളിച്ചുകൊണ്ട് ദീര്‍ഘമായ ഒരുറക്കത്തിലേക്ക് അയാള്‍ വഴുതിവീണു.

അവളും അയാളും ഇപ്പോള്‍ രണ്ടു ഉരഗങ്ങളെപ്പോലെ കെട്ടുപിണഞ്ഞു കിടക്കുകയാണ്.  ഫണം വിടര്‍ത്തി തങ്ങളുടെ വിഷപ്പല്ലുകള്‍ അവര്‍ പരസ്പരം കണ്ടു. വിഷസഞ്ചി ഒഴിയുംവരെ  ചുംബിച്ചു.  പ്രക്ഷുബ്ദമായ നീലസമുദ്രമായി, ഒന്നിനുമീതെ ഒന്നായി തിരയടിച്ചു. ഭിന്നതകള്‍ ഒടുങ്ങുകയാണ്. ഇനി ചിതയൊരുക്കണം. അന്ത്യം സമാഗമമായി. കത്തുന്ന അഗ്നിയില്‍ ഉരുകി അവര്‍ ഒറ്റജലമായി തീര്‍ന്നു. അസ്ഥികള്‍ കൂടിച്ചേര്‍ന്നു. ഒടുവില്‍ പിണക്കങ്ങളുടെ ഭസ്മത്തിനു നടുവില്‍ ‘പകുതി അവനും പകുതി അവളും’ ചേര്‍ന്ന ഒറ്റശരീരം  എഴുന്നേറ്റിരുന്നു.  ഇനി അവര്‍ക്ക് പിരിയാനാവില്ല. ഒരേ കണ്ണുകളില്‍  പരസ്പരം കാണും. ഒറ്റ ഹൃദയത്തില്‍ സ്പന്ദിക്കും.  ഒറ്റ തായ് മരത്തിന്‍റെ ശാഖകള്‍ പോലെ ഒറ്റ രക്തചംക്രമണ വ്യൂഹത്തില്‍ വളരും. ഇരു കൈകളാല്‍ ഇരുവരും പുണരും. ഒന്നിന്‍റെയുള്ളില്‍ ഒന്നായറിയും.  ഒടുവില്‍ പ്രശാന്തതയുടെ വിളക്കു തെളിഞ്ഞിരിക്കുന്നു. സ്വാസ്ഥ്യത്തിന്‍റെ ആ നിമിഷത്തില്‍ അയാള്‍ കണ്ണുതുറന്നു.

ഡോക്ടറും നേഴ്സും മെഡിക്കല്‍ വിദ്യാര്‍ഥികളും അയാളുടെ കട്ടിലിനു ചുറ്റും നില്‍ക്കുന്നതാണ് അയാള്‍ കണ്ടത്. എ.സി യുവില്‍ നിന്ന് അവര്‍ അയാളെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.  അയാള്‍ ഞെട്ടിയെഴുന്നേറ്റു തന്‍റെ ശരീരത്തിലേക്ക് നോക്കി. കൈകളും കാലുകളും ഉഴിഞ്ഞു പരിശോധിച്ചു.

‘അയാളുമവളു’മില്ല. അയാള്‍ മാത്രം.

നീയും ഞാനും എന്ന സത്യത്തില്‍ നിന്ന് ഞാന്‍ മാത്രം അവശേഷിക്കുന്നു

“അവള്‍ എവിടെ?” അയാള്‍ ഡോക്ടറോട് ചോദിച്ചു.

“സുഹൃത്തേ, നിങ്ങളുടെ സ്വപ്നം അവസാനിച്ചു. നിങ്ങള്‍ മടങ്ങിവന്നിരിക്കുന്നു.”

അയാള്‍ക്ക്‌ വിശ്വസിക്കാനായില്ല.

“ഡോക്ടര്‍,  അത്രമേല്‍ ഒന്നായ ശേഷം നിങ്ങള്‍ക്ക് എങ്ങനെ എന്നില്‍ നിന്ന് അവളെ  പിരിച്ചയക്കാന്‍ കഴിഞ്ഞു?”

ഡോക്ടര്‍ ചിരിച്ചുപോയി. പുതിയ ലബോറട്ടറി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.

“രോഗാണുക്കള്‍ നിശ്ശേഷം അപ്രത്യക്ഷമായിരിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ രോഗവിമുക്തനാണ്. ഇനി വീട്ടിലേക്ക് പോകാം.”

“വീടോ? എവിടെ?  ഇനി ആര്‍ക്കു വേണ്ടിയാണ് കാത്തിരിക്കേണ്ടത്?

അയാളുടെ ഡിസ്ച്ചാര്‍ജ്ജ്  റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുന്നതിനിടയില്‍ നേഴ്സ്  ശ്രദ്ധിച്ചു. രോഗം ഭേദമായി ആശുപത്രി വിട്ടുപോകുന്ന രോഗികളുടെയുടെ ആവേശമൊന്നും അയാളില്‍ കാണാനില്ല. അയാള്‍ പരാജിതനെപ്പോലെ തലതാഴ്ത്തി ഇരിക്കുന്നു

ആശുപത്രിയില്‍ നിന്നിറങ്ങി അയാള്‍ നഗരമധ്യത്തിലേക്ക് പോയി. എന്താണ് ചെയ്യേണ്ടത്?  എവിടെക്കാണ്‌ പോകേണ്ടത്? പായ് മരമില്ലാത്ത  ഒഴിഞ്ഞ വഞ്ചിയെപ്പോലെ നഗരത്തിനു മുകളില്‍ അയാള്‍ പൊന്തിക്കിടന്നു.  ആശുപത്രിയിലേക്ക് മടങ്ങിപ്പോയി “എന്‍റെ പനി തിരിച്ചുതരൂ” എന്ന് ഡോക്ടറോട് പറയാന്‍ അയാള്‍ ആഗ്രഹിച്ചു. ചുറ്റും ഇരുളുകയാണ്. പകര്‍ച്ചപ്പനി പടര്‍ന്നുപിടിച്ച നഗരം ശൂന്യമായിരിക്കുന്നു.

രോഗവും രോഗവിമുക്തിയും !  എന്താണ് അവ തമ്മിലുള്ള വ്യത്യാസം?

അയാള്‍ക്ക്‌ അറിയാനായില്ല.  എങ്കിലും ഒരു ഒരു കാര്യം വ്യക്തമായി.

“അവള്‍ തിരിച്ചു വരില്ല.” അയാള്‍ സ്വയം പറഞ്ഞു.

ഒരിക്കലും വരില്ല.

advertisment

News

Related News

    Super Leaderboard 970x90