കെട്ടുന്നില്ലേ? ഇനി എന്താ പ്ലാൻ ? നിരീശ്വരവാദിയാണോ ? വട്ടാണോ എന്നൊക്കെ ചോദിക്കുന്നവരോട് ജിലു ജോസഫിന് പറയാനുള്ളത്

കുറേ കാലമായി എന്നെ അറിയാവുന്നവർക്ക്‌ എന്റെ ജീവിതത്തിന്റെ ഗ്രാഫ്‌ നല്ല രീതിയിൽ അറിയാം.2008-2009 കാലത്ത്‌ ഒരു ദുഖപുത്രിയായിരുന്നു ഞാൻ. 2015 വരെ ആ ദുരന്തം തുടന്നു. പ്രത്യേകിച്ച്‌ ഒരു കാര്യവുമില്ല. എന്തിലും ഒരു സങ്കട factor കണ്ടുപിടിക്കാൻ ഞാൻ മിടുക്കിയായിരുന്നു.അതിനിടെ പ്രത്യേകിച്ച്‌ ഒരു യോഗ്യതയുമില്ലാതെ തന്നെ വിമാനത്താവളമില്ലാത്ത ഇടുക്കിയിൽ നിന്ന് ഇന്റർനാഷണൽ എയർലൈൻസിൽ ജോലിനേടി. രാജ്യങ്ങളിലൂടെയും, ആളുകളിലൂടെയും , സംസ്കാരങ്ങളിലൂടെയും, കാഴ്ച്ചകളിലൂടെയും അനുഭവങ്ങളിലൂടെയും പ്ലസ്റ്റുക്കാരിയായ ഞാൻ ബാക്കി ജീവിതമിതുവരെ പഠിച്ചു. എനിക്കുണ്ടായിരുന്ന ഏക യോഗ്യത, എന്റെ കുടുംബത്തിനും എനിക്കും, ഞാൻ എന്ന വ്യക്തിയിലുണ്ടായിരുന്ന പൂർണ്ണ വിശ്വാസം മാത്രമാണ്....

കെട്ടുന്നില്ലേ? ഇനി എന്താ പ്ലാൻ ? നിരീശ്വരവാദിയാണോ ? വട്ടാണോ എന്നൊക്കെ ചോദിക്കുന്നവരോട് ജിലു ജോസഫിന് പറയാനുള്ളത്

നിങ്ങളിൽ പലർക്കും എന്നെ ഒരു കവയത്രി ആയ്‌ അറിയാം. ചിലർക്ക്‌ എയർഹോസ്റ്റസായ കവിയത്രിയായ്‌ അറിയാം. മറ്റു ചിലർക്ക്‌ ഗാനരചയിതാവായ , സിനിമായിൽ ഉള്ള ഒരാളായ്‌ അറിയാം. ഞാൻ കഴിഞ്ഞ കുറേ കാലമായി സോഷ്യൽ മീഡിയയിൽ സജീവമായ്‌ ഉണ്ട്‌.

പത്തൊൻപതാം വയസ്സിലാണ് ഞാൻ ആദ്യമായി കവിത എഴുതുന്നത്‌. ഭീകരമായൊരു പ്രണയ നൈരാശ്യത്തിൽനിന്നാണ് എഴുത്തിലേക്ക്‌ ഞാൻ ചുവടു വച്ചത്‌. എന്റെ മനസ്സിൽ അന്നുണ്ടായിരുന്ന സകല ചോദ്യങ്ങളും വേദനകളും സംശയങ്ങളും ഞാനന്നെന്റെ എഴുത്തിൽ നിറച്ചു. പേരിനോ പ്രശസ്തിക്കോ വേണ്ടി ആയിരുന്നില്ലെങ്കിലും നിങ്ങളിൽ പലരും ആ എഴുത്തിനെ നെഞ്ചേറ്റി. കാരണം നിങ്ങളിൽ പലരും ആ അവസ്ഥയിലൂടെ കടന്ന്‌ പോകുന്നവരായിരുന്നു. ഞാനതിനെ ബഹുമാനിക്കുന്നു. എന്നെ ഞാൻ ആക്കിയ നിങ്ങൾക്ക്‌ നന്ദി.

കുറേ നാളുകളായി ഞാൻ കവിതയെഴുത്ത്‌ തീരെ കുറവാണ്. ഇന്ന് ഇതെഴുതുമ്പോൾ എന്റെ കവിതകൾ വായിച്ചിട്ടുള്ളവരോട്‌ ഇഷ്ടപ്പെട്ടവരോട്‌ ഞാൻ ഖേദം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. എന്റെ വാക്കുകളിൽ കണ്ണീരും പരിഭവവും പരാതികളും ദുരന്തവും നിറച്ചതിൽ ഞാൻ മാപ്പു ചോദിക്കുകയാണ്.പലരെയും സങ്കടങ്ങളെ ഇഷ്ടപ്പെടാൻ ആഹ്വാനം ചെയ്ത എന്റെ പല കവിതകളെയും ഞാൻ കാട്ടിലെറിയുകയാണ്.

എനിക്ക്‌ സമ്മാനിക്കപ്പെട്ടിരിക്കുന്നത്‌‌ ഒരേ ഒരു ജീവിതമാണ്. അതിൽ എന്ത്‌ തന്നെ നേരിടേണ്ടി വന്നാലും അതിലെല്ലാം സന്തോഷവും സമാധാനവും കണ്ടെത്തുന്നതിലാണ് യഥാർത്ഥ വിജയമെന്ന് ഞാൻ മനസ്സിലാക്കുന്നു.

ഇന്ന് ഏതൊരു പത്രമെടുത്താലും , ഏത്‌ വാർത്ത കണ്ടാലും അതിലെല്ലാം നിറയുന്നത്‌ പീഡനവും , കൊലപാതകവും, “അവിഹിതവും, sexual frustrationഉം, വിപത്തുകളും, മരണവും , യുദ്ധവുമാണ്. ചാർളിയെന്ന സിനിമയിലെ വാചകം കടമെടുത്ത്‌ ഞാൻ നിങ്ങളോട്‌ ചോദിക്കട്ടെ വാർത്തക്കാരേ, നിങ്ങൾ മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത്‌ കണ്ടിട്ടുണ്ടോ ? അല്ലെങ്കിൽ വേണ്ട , പോട്ടെ ! നിങ്ങൾ എന്നും സൂര്യോദയം കണാറുണ്ടോ ? എവിടുന്ന് ?!

നമ്മളെല്ലാവരും കണ്ണീരിന്റെയും വിലാപത്തിന്റെയും പിന്നാലെയാണ്. ഇതിനെയൊന്നും പറ്റി പരിതപിച്ചില്ലെങ്കിലും ജീവിതം മുന്നോട്ട്‌ പോവുകതന്നെ ചെയും. എങ്കിൽ പിന്നെ നമുക്ക്‌ അത്‌ സന്തോഷത്തോടെ , ചിരിയോടെ ഏറ്റുവാങ്ങിക്കൂടെ ?പാപ്പി മരിച്ചതോടെ ജീവിതത്തിൽ വന്നൊരു തിരിച്ചറിവാണ് ഇത്‌. മരിച്ച അപ്പനെ ഓർത്ത്‌ കരഞ്ഞാലും ഇല്ലെങ്കിലും എനിക്ക്‌ അതിലൊരു മാറ്റവും ഉണ്ടാക്കാനാവില്ല. എങ്കിൽ പിന്നെ എനിക്ക്‌ അദ്ദേഹത്തെ സന്തോഷത്തോടെ യാത്രയാക്കിക്കൂടെ ? അതല്ലേ യഥാർത്ഥ സ്നേഹം. പോവുന്നവരെ നമുക്കു വേണ്ടി ഒരിക്കലും പിടിച്ചു നിറുത്താൻ പാടില്ല. എവിടെ പോയാലും അവർ സന്തോഷത്തോടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുമ്പോഴാണ് നാം സ്നേഹിക്കുന്നവരാവുന്നത്‌.

കുറേ കാലമായി എന്നെ അറിയാവുന്നവർക്ക്‌ എന്റെ ജീവിതത്തിന്റെ ഗ്രാഫ്‌ നല്ല രീതിയിൽ അറിയാം.2008-2009 കാലത്ത്‌ ഒരു ദുഖപുത്രിയായിരുന്നു ഞാൻ. 2015 വരെ ആ ദുരന്തം തുടന്നു. പ്രത്യേകിച്ച്‌ ഒരു കാര്യവുമില്ല. എന്തിലും ഒരു സങ്കട factor കണ്ടുപിടിക്കാൻ ഞാൻ മിടുക്കിയായിരുന്നു.

അതിനിടെ പ്രത്യേകിച്ച്‌ ഒരു യോഗ്യതയുമില്ലാതെ തന്നെ വിമാനത്താവളമില്ലാത്ത ഇടുക്കിയിൽ നിന്ന് ഇന്റർനാഷണൽ എയർലൈൻസിൽ ജോലിനേടി. രാജ്യങ്ങളിലൂടെയും, ആളുകളിലൂടെയും , സംസ്കാരങ്ങളിലൂടെയും, കാഴ്ച്ചകളിലൂടെയും അനുഭവങ്ങളിലൂടെയും പ്ലസ്റ്റുക്കാരിയായ ഞാൻ ബാക്കി ജീവിതമിതുവരെ പഠിച്ചു. എനിക്കുണ്ടായിരുന്ന ഏക യോഗ്യത, എന്റെ കുടുംബത്തിനും എനിക്കും, ഞാൻ എന്ന വ്യക്തിയിലുണ്ടായിരുന്ന പൂർണ്ണ വിശ്വാസം മാത്രമാണ്. എന്റെ നാട്ടുകാരും എന്നെ അറിയുന്നവരും പലപ്പോഴും ഇപ്പോഴും പല രീതിയിലും പല ലേബലുകളിലും എന്നെ കാണുന്നു. അവരോട്‌ എപ്പോഴും എനിക്ക്‌ ബഹുമാനം മാത്രമേ ഉള്ളു.പ്രണയത്തിനെ , രതിയെ, സ്വാതന്ത്ര്യത്തെ , ബന്ധങ്ങളെ ,സൗഹൃദങ്ങളെ എല്ലാം ലേബലുകൾ ചാർത്തി വിലയിരുത്തുന്ന നമ്മുടെ സമൂഹത്തിൽ സ്വതന്ത്രമായി ചിന്തിക്കാൻ സാധിക്കുന്നത്‌ വലിയൊരു കാര്യമായി തന്നെയാണ് ഞാൻ കാണുന്നത്‌.

ഇന്ന് നമ്മളെല്ലാവരും ജീവിക്കുന്നത് settle ആവാനും നമ്മളെ ആശ്രയിക്കുന്നവരെ settle ആക്കാനും വേണ്ടിയാണ്. ഇന്ന് ഞാൻ പറയുകയാണ്, ഞാൻ കഴിഞ്ഞ എട്ടു വർഷമായി നിങ്ങൾ “well settled” എന്ന് കരുതപ്പെടുന്ന വിഭാഗത്തിലാണ്. പണവും , അത്യാവശ്യം പ്രശസ്തിയുമുണ്ടെങ്കിൽ ജീവിതത്തിൽ എല്ലാമായി എന്ന് കരുതിയിരുന്ന ആളാണ് ഞാൻ. പക്ഷേ എന്നും എനിക്ക്‌ എന്തോ കുറവുണ്ടായിരുന്നു. ഞാൻ ഒരിക്കലും completeness and contentment പൂർണ്ണമായി അനുഭവിച്ചിട്ടില്ലായിരുന്നു എന്നതാണ് വാസ്തവം. കൂടുതൽ കൂടുതൽ എന്ന ആവേശം മനുഷ്യസഹജമാണ്.

ഇന്നോളം ഞാൻ ജീവിച്ചത്‌ system എന്ന കൂട്ടിലാണ്. System of gender, religion, politics, commitments,judgements, rules and relationships. ഇന്ന് ഈ പറഞ്ഞ സിസ്റ്റത്തിനെല്ലാം പുറത്ത്‌ നിന്ന് ചിന്തിക്കുന്ന ആളാവാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. പെണ്ണെന്നോ, ക്രിസ്ത്യാനിയെന്നോ, സിംഗിൾ എന്നോ ഒന്നും കരുതപ്പെടാതെ എല്ലാത്തിനെയും പഠിക്കാനും കണ്ണു തുറന്ന് കാണാനും യാത്രചെയ്യാനും ആഗ്രഹിച്ച്‌ ,അതിനുവേണ്ടി ശ്രമിക്കുന്നു.കാണപ്പെടാത്ത പറഞ്ഞു പഠിപ്പിച്ച ഒന്നിനെയും കണ്ണടച്ച്‌ വിശ്വസിക്കാതെ , കണ്മുന്നിൽ കാണുന്ന വലിയ സത്യങ്ങളെ മനസ്സിലാക്കി , എന്നെയും പ്രകൃതിയെയും അകമഴിഞ്ഞ്‌ സ്നേഹിച്ച്‌ ഒരിക്കലും settle ആവാതെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്‌.

എനിക്ക്‌ കണ്മുന്നിൽ കാണുന്നതാണ് എന്റെ പാഠപുസ്തകം. ഞാൻ തന്നെയാണ് എന്റെ പ്രണയം. എന്റെ സന്തോഷവും സമാധാനവും കളയുന്ന ഒന്നും ഒരിക്കലും ഞാൻ ചെയ്യില്ല. പകരം ജീവിതത്തിന്റെ എല്ലാ surpriseകളെയും ഇരുകൈ നീട്ടി , ഏതവസ്ഥയിലും ചിരിച്ച്‌ ജീവിക്കാൻ ഞാൻ എന്നെ പഠിപ്പിക്കുന്നു.

ആറു മാസങ്ങൾക്ക്‌ മുന്നെ ഞാൻ എന്റെ എയർഹോസ്റ്റസ്‌ തൊഴിൽ നിറുത്തി. എനിക്ക്‌ അത്‌ എന്റെ വീട്ടുകാരോടല്ലാതെ മറ്റാരോടും പറയാൻ ധൈര്യമില്ലായിരുന്നു. അഥവാ അത്‌ അറിഞ്ഞ പുറമേയുള്ള , എന്റെ കൂടെ നിൽക്കുന്ന സകലരും എന്നെ വിഡ്ഡിയെന്ന് മുദ്രകുത്തി. അതെ എല്ലാവരും സ്വപ്നം കാണുന്ന അത്ര നല്ല ജോലിയായിരുന്നു അത്‌. അത്‌ ചെയ്തിടത്തോളം കാലം ഭംഗിയായി തന്നെ അത്‌ ചെയ്തു. പക്ഷെ എനിക്ക്‌ ഇനിയും കൂടുതൽ ജീവിതത്തെ പറ്റി പഠിക്കണമായിരുന്നു. എനിക്ക്‌ എന്നെ തന്നെ അറിയണമായിരുന്നു. എനിക്ക്‌ സ്വതന്ത്രമായി, ചങ്ങലകളില്ലാതെ യാത്ര ചെയ്യണമായിരുന്നു.

വലിയോരു ജോലി ചെയ്ത്‌ കുറേ സമ്പാദിച്ച ആർക്കും ഇങ്ങനെയിരുന്ന് ഡയലോഗ്ഗ്‌ അടിക്കാൻ അറിയാമെന്ന് എനിക്ക്‌ വളരെ നന്നായി അറിയാം. പക്ഷേ ഇന്നോളം ഞാൻ സമ്പാദിച്ചതെല്ലാം ഞാൻ എന്റെ വീട്ടുകാരെ സുരക്ഷിതരാക്കാൻ വേണ്ടിയാണ്. കാരണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം അതായിരുന്നു. അത്രത്തോളം അവരോട്‌ ഞാൻ കടപ്പെട്ടിരിക്കുന്നു. എന്നെ ഞാൻ ആക്കിയതിൽ അവർക്ക്‌ വേണ്ടി ഞാൻ മരണം വരെ കൂടെയുണ്ടാവുമെന്ന ഉറപ്പാണ് എന്റെ ജീവിതത്തിന്റെ പ്രധമ ഉദ്ദേശം.

ഇനി ഞാൻ യാത്ര ചെയ്ത്‌ തുടങ്ങുകയാണ്. കയ്യിലുള്ളത്‌ എന്നിലുള്ള പൂർണ്ണ വിശ്വാസവും, Settle ആയിരുന്നപ്പോഴുള്ളതിലും നൂറിരട്ടി സന്തോഷവും ആവേശവും മാത്രമാണ്. അതിനെപ്പറ്റി നിങ്ങൾ എങ്ങനെ വിലയിരുത്തുമെന്ന വിചാരം എന്നെ തെല്ലും ഈ നിമിഷം അലട്ടുന്നില്ല. കഴിഞ്ഞ ആറുമാസത്തിൽ ഞാൻ ഒരുപാട്‌ യാത്രചെയ്തു. തനിച്ചും , കൂടെയുമൊക്കെ. പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷമാണ് ഇന്നെന്റെ വരുമാനം. ജീവിതത്തെ അളവറ്റ്‌ സ്നേഹിക്കുമ്പോ, പ്രണയിക്കുമ്പോ, നമ്മൾ വീണ്ടും വീണ്ടും തളിർക്കും.. പൂവിടും. ഇതൊന്നും മനസ്സിലാക്കാതെ വെറുതെയീ ഭൂമിയിൽ വന്ന് ആരൊക്കെയോ തെറി വിളിച്ച്‌ , പരിഭവിച്ച്‌ ,നന്നാക്കാൻ നോക്കി, ഉള്ള സമാധാനമെല്ലാം കളഞ്ഞ്‌ വെറുതെ മരിച്ച്‌ പോവുന്നൊരാളാവാൻ എനിക്ക്‌ മനസ്സില്ല.

കെട്ടുന്നില്ലേ? ഇനി എന്താ പ്ലാൻ ? നിരീശ്വരവാദിയാണോ ? വട്ടാണോ എന്നൊക്കെ ചോദിക്കാൻ വരുന്നവരോട്‌ എനിക്ക്‌ കൃത്യമായ മറുപടിയുമുണ്ട്‌.
No plan is my plan. I want to live my life as the happiest human being. When I die, I should die with my heart filled with happiness. My simple bible is , “live and let live as long as it doesn’t hurt or harm anyone.”

ഈ കുറിപ്പ്‌ അതിന്റേതായ അർത്ഥത്തിൽ മനസ്സിലാക്കുന്നവരോട്‌ നന്ദി.

advertisment

News

Super Leaderboard 970x90