നാഗമാണിക്യം അഥവാ cobra pearl - യാഥാർഥ്യം ഇതാണ് !

സത്യത്തില്‍ ഇങ്ങനെ ഒരു നാഗമാണിക്യം ലോകത്തില്‍ എവിടെയും ഇല്ല. ഒപ്പം കൊടുത്തിരിക്കുന്ന സ്ക്രീന്ഷോട്ട് സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി പ്രചരിക്കുന്ന ഒരു വീഡിയോക്ലിപ്പില്‍ നിന്നാണ്. സമാനമായ വീഡിയോകള്‍ യുട്യൂബില്‍ ഏറെ കാണാം. ഇതില്‍ പാമ്പിന്റെ തല ഭാഗത്ത് നിന്ന് എടുക്കുന്നു എന്ന് കാണിക്കുന്നത് കടയില്‍ നിന്ന് നിസാര വിലയ്ക്കു വാങ്ങാവുന്ന കറുത്ത മുത്താണ്. ഇത് പാമ്പിന്റെ തലഭാഗത്തുള്ള തൊലിയില്‍ ചെറിയ സുക്ഷിരം ഉണ്ടാക്കി ഒളിപ്പിച്ചു വയ്ക്കുകയും....

നാഗമാണിക്യം അഥവാ cobra pearl - യാഥാർഥ്യം ഇതാണ് !

കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സൈബര്‍ ലോകത്തിലൂടെ പ്രചരിക്കുന്ന ഹോക്സുകളുടെ അഥവാ വ്യാജ സന്ദേശങ്ങളുടെ സത്യാവസ്ഥ #KeralaHoaxBurst എന്ന ടാഗ്ഗില്‍ എഴുതുന്ന ലേഖനങ്ങളിലൂടെ തുറന്നു കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്, അതിനു മുന്‍പ് ഹാഷ് ടാഗ് ഇല്ലാതെയും ചിലത് എഴുതിയിരുന്നു. ഓരോ ദിവസവും അനേകം വ്യാജസന്ദേശങ്ങളാണ് നിര്‍മ്മിക്കപ്പെടുന്നത് ഇവയെ എല്ലാം പൊളിച്ചു എഴുതുക എന്നത് ഒരുപാട് സമയവും ഊര്‍ജ്ജവും അവിശ്യമുള്ള കാര്യമാണ്. അത് മാത്രമല്ല വ്യാജസന്ദേശങ്ങളുടെ സത്യാവസ്ഥ തുറന്നു കാണിക്കുന്ന ലേഖനങ്ങള്‍ നൂറോ, ഇരുനൂറോ ആളുകളില്‍ മാത്രം എത്തുമ്പോള്‍ വ്യാജസന്ദേശങ്ങള്‍ ലക്ഷക്കണക്കിനും കോടിക്കണക്കിനും ആളുകളാണ് കാണുന്നതും പരസ്പരം പങ്കുവയ്ക്കുന്നതും. എന്തായാലും അണ്ണാന്‍ കുഞ്ഞിനും തന്നാല്‍ ആയത് എന്ന ചിന്തയില്‍ ആണ് ശാസ്ത്രീയമായ വിശദീകരണത്തോടെ ഹോക്സുകളെ പൊളിച്ചു കാണിക്കുന്നത് ലേഖനങ്ങള്‍ ഞാന്‍ തയ്യാര്‍ ആകുന്നത് .

#KeralaHoaxBurst എഴുതികളില്‍ കേരളത്തില്‍ ശരാശരി എല്ലാര്‍ക്കും അന്ധവിശ്വാസം എന്ന് അറിയാവുന്ന കാര്യങ്ങള്‍ വിശദീകരിച്ചു സമയം കളയില്ല എന്നൊരു തീരുമാനം എനിക്ക് ഉണ്ടായിരുന്നു. നാഗമാണിക്യം ഒകെ ഞാന്‍ അങ്ങനെ മിക്കവാറും എല്ലാര്‍ക്കും അന്ധവിശ്വാസം എന്ന് അറിയാവുന്ന ഒന്നാണെന്ന ധാരണയില്‍ ഇരിക്കുകയായിരുന്നു. ഈ അവസരത്തിലാണ് വ്യാപകമായി പാമ്പില്‍ നിന്ന് നാഗമാണിക്യം അഥവാ cobra pearl എടുക്കുന്ന വീഡിയോ എന്ന തരത്തില്‍ ചിലത് സര്‍ക്കുലേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുന്നത്. ധാരാളം ആളുകള്‍ അവയുടെ സത്യാവസ്ഥ ഇന്‍ബോക്സില്‍ ചോദിക്കയും ചെയ്തു. മുന്‍പ് ഉണ്ടായിരുന്ന വാര്‍ത്തകള്‍ പരിശോധിച്ചപോള്‍ അഞ്ചൂറ് രൂപ മുതല്‍ അമ്പതു കോടിയ്ക്കു വരെ കേരളത്തില്‍ നാഗമാണിക്യവില്പനങ്ങള്‍ നടന്നിട്ടുണ്ട് എന്ന് മനസ്സില്‍ ആയി. മുത്തു മണികളും, വജ്രവും, തുടങ്ങി എല്‍.ഇ.ഡി ബള്‍ബുകള്‍ വരെയുള്ള പലതും നാഗമാണിക്യം എന്ന പേരില്‍ ഇങ്ങനെ വ്യാപാരം ചെയ്തിട്ടുണ്ട്.

മൂർഖൻ പാമ്പിന്റെ വിഷം കാലപ്പഴക്കത്താൽ ഉറഞ്ഞുകട്ടിയായി നാഗമാണിക്യം മാറുന്നുവെന്നും അത് പാമ്പ് ശിരസ്സില്‍ വഹിക്കുന്നുവെന്നും അമാവാസി, പൌര്‍ണമി ദിവസങ്ങളില്‍ മൂര്‍ഖന്‍ നാഗമാണിക്യത്തെ മണ്ണില്‍ വച്ച് പൂജിക്കും ഈ അവസരത്തില്‍ അതിനെ കൈക്കലാക്കാം എന്നും നാഗമാണിക്യം നഷ്ടമായ സര്‍പ്പം പാറകളില്‍ തല തള്ളി മരിക്കും എന്നുമാണ് വിശ്വാസം. ഈ നാഗമാണിക്യം ഭാഗ്യം നല്‍കുകയും, സര്‍വ്വരോഗ സംഹാരിയായി മാറുകയും ചെയ്യും എന്നുമാണ് വിശ്വാസം. മരണം ഇല്ലാതെ അനശ്വരമായി ജീവിക്കാനുള്ള മരുന്നും ഇതില്‍ ഉണ്ടെന്നാണ് ചിലരുടെ വിശ്വാസം. മല്ലിക ഷെരാവത് ഒകെ തകര്‍ത്തു അഭിനയിച്ച ഹിസ് എന്ന ഹിന്ദി സിനിമ ഇത്തരം ഒരു നാഗമാണിക്യം തേടിയുള്ള യാത്രയാണ് കാണിക്കുന്നത്.

സത്യത്തില്‍ ഇങ്ങനെ ഒരു നാഗമാണിക്യം ലോകത്തില്‍ എവിടെയും ഇല്ല. ഒപ്പം കൊടുത്തിരിക്കുന്ന സ്ക്രീന്ഷോട്ട് സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി പ്രചരിക്കുന്ന ഒരു വീഡിയോക്ലിപ്പില്‍ നിന്നാണ്. സമാനമായ വീഡിയോകള്‍ യുട്യൂബില്‍ ഏറെ കാണാം. ഇതില്‍ പാമ്പിന്റെ തല ഭാഗത്ത് നിന്ന് എടുക്കുന്നു എന്ന് കാണിക്കുന്നത് കടയില്‍ നിന്ന് നിസാര വിലയ്ക്കു വാങ്ങാവുന്ന കറുത്ത മുത്താണ്. ഇത് പാമ്പിന്റെ തലഭാഗത്തുള്ള തൊലിയില്‍ ചെറിയ സുക്ഷിരം ഉണ്ടാക്കി ഒളിപ്പിച്ചു വയ്ക്കുകയും. ശേഷം സദസ്സിന്റെ മുന്നില്‍ നിന്ന് അത് എടുത്ത് കാണിക്കയും ആണ് ചെയ്യുന്നത്. ഇങ്ങനെ ഉപയോഗിക്കുന്ന പാമ്പുകളെ ഇവര്‍ തന്നെ കൊന്നുകളയുകയോ അത് ക്ഷതങ്ങള്‍ കൊണ്ട് മരിക്കയോ ആണ് ചെയ്യുന്നത്.

പാമ്പിന്റെ കവിളില്‍ തലയ്ക്കുള്ളില്‍ കണ്ണിനു താഴെ സ്ഥിതിചെയ്യുന്ന മോഡിഫയ്ഡായ ഒരുതരം ഉമിനീര്‍ ഗ്രന്ഥിയാണ് ( parotid salivary gland ) പാമ്പിന്റെ വിഷഗ്രന്ഥി. പാമ്പിന്റെ വിഷം ഉറഞ്ഞു കല്ല്‌ ആകുക ഒന്നും ചെയ്യില്ല. ഭക്ഷിക്കാനുള്ള ഇരകളെ നിശ്ചലം ആകാനും, ശത്രുകളെ ആക്രമിക്കാനും ഇത് ഉപയോഗിക്കുന്നു. വിഷം ( venom) കുത്തി വയ്ക്കുന്ന സിറഞ്ചുകളായി വിഷപല്ലുകളെ കാണാം. ചില പാമ്പാട്ടികളും, വ്യാജ നാഗമാണിക്യ കച്ചവടകാരും ഈ വിഷപല്ലുകള്‍ നീക്കം ചെയ്യാറുണ്ട് എങ്കിലും അവയുടെ വായില്‍ ഉള്ള മറ്റ്‌ പല്ലുകള്‍ കൂടിയുള്ള കടിയില്‍ നിന്ന് വായില്‍ വിഷം എത്തിച്ചിട്ടുണ്ട് എങ്കില്‍ കടിയേറ്റ ആളില്‍ അപകടം സംഭവിക്കാം . ചിലര്‍ വിഷഗ്രന്ഥിയെ നശിപ്പിക്കാന്‍ എന്ന വിധം ചുട്ടു പഴുത്ത ഇരുമ്പ് കബി പാമ്പിന്റെ വായില്‍ തിരുക്കി കയറ്റാറുമുണ്ട്. ഏറെ യാതനകള്‍ അനുഭവിച്ചു പാബ് ക്രമേണ മരിക്കും.

മൂര്‍ഖന്‍ പാമ്പിനു എന്നല്ല ലോകത്തില്‍ ഒരു പാമ്പിനും ഇങ്ങനെ മാണിക്യങ്ങള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല. ഈ പേരില്‍ കാണുന്ന അവകാശവാദങ്ങള്‍ എല്ലാം പൂര്‍ണ്ണമായും വ്യാജമാണ്.

പാമ്പുകളെ കൊല്ലുന്നതും, നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതും എല്ലാം വന്യജീവി സംരക്ഷണനിയമം പ്രകാരം ഏഴുവര്‍ഷം വരെ തടവും ഇരുപത്തിയായിരം രൂപയോളം പിഴയും വരാവുന്ന കുറ്റങ്ങളാണ്. നാഗമാണിക്യം നല്‍കാം എന്ന പേരില്‍ ആരെങ്കിലും നിങ്ങളുടെ അടുക്കല്‍ വന്നാല്‍ എത്രയും വേഗം വനവകുപ്പില്‍ അറിയുക. 

ആഷിഷ് ജോസ് അമ്പാട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Super Leaderboard 970x90