" മരണം കച്ചവടമാക്കുന്നവർ "

രോഗിയെ നിർബന്ധമായി അവിടെനിന്ന് അടുത്തുള്ള പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് റഫർ ചെയ്തു. തിരുവനന്തപുരത്തെ മൂന്നാഴ്ചത്തെ അക്ഷീണ പരിശ്രമത്തിനു ശേഷം സ്വന്തം ജീവനുമായി തിരികെ വണ്ടി കയറിയ അവർക്ക് പരാതി കൊടുത്ത് ഇനിയൊരു സഹനത്തിനുകൂടി ശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു.

" മരണം കച്ചവടമാക്കുന്നവർ "

ശരിയായിത്തന്നെ ധരിച്ചോളൂ...ഇത് വൈദ്യനെന്ന് സ്വയം വിളിക്കുന്ന മോഹനനെക്കുറിച്ചാണ്.

ചില പോസ്റ്റുകൾ കാണുമ്പോൾ ഇതെവിടെയോ കേട്ടല്ലോ എന്ന തോന്നലുണ്ടാകില്ലേ? ചില വിവരണങ്ങൾ കേൾക്കുമ്പോൾ ആളാരാണെന്ന് പറയാതെ തന്നെ മനസിലാകില്ലേ? എനിക്ക് ഇന്ന് ആ അനുഭവം ഉണ്ടായി. ജാബിർ മാളിയേക്കൽ എന്ന ആൾ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത് കണ്ടാണ് ശ്രദ്ധിക്കുന്നത്.

വായിച്ചു വന്നപ്പോൾ സമാനമായ സംഭവം മാസങ്ങൾക്ക് മുൻപ് മറ്റൊരു വ്യക്തി എന്നോട് പറഞ്ഞിരുന്നതാണ്. ആദ്യം ജാബിറിൻ്റെ അനുഭവം പറയാം. അതിനു ശേഷം എന്നോട് പറഞ്ഞ വ്യക്തിയുടെ അനുഭവവും.

1. Jabir Maliyakkal പറഞ്ഞ സംഭവം

------------------------------------------

" അറുമുഖൻ എനിക്ക് വളരെ പ്രിയപ്പെട്ടയാളാണ്. ഒമാനിലെ സംഘടനയിലെ എന്റെ സഹ പ്രവർത്തകൻ. അടുത്ത കാലത്ത് അസുഖം ബാധിച്ച് നാട്ടിലെത്തിയ അദ്ദേഹത്തിന് കാൻസറാണെന്ന് ഡയഗ്നോസ് ചെയ്തറിഞ്ഞു കൊണ്ടാണ് മസ്കത്തിൽ നിന്നും ഇന്നു രാവിലെ ഒരേയൊരു ദിവസത്തെ തിരുവനന്തപുരം സന്ദർശനത്തിയപ്പോൾ തിരക്കിട്ട പരിപാടികൾക്കിടയിൽ അറുമുഖത്തെ കാണുക എന്നതിന് പ്രാധാന്യം കൊടുത്തത്. മലപ്പുറം സ്വദേശിയായ അറുമുഖൻ ആരുടെയൊക്കെയോ ഉപദേശമനുസരിച്ചാണ് കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ചികിത്സക്കെത്തിയിരിക്കുന്നത്. അവിടെയെത്തുന്നതു വരെയും ആ 'ചികിത്സാലയ'ത്തെ കുറിച്ചോ അതിന്റെ നടത്തിപ്പുകാരെ കുറിച്ചോ എനിക്ക് അറിയാമായിരുന്നില്ല.

ഞങ്ങൾ എത്തുമ്പോൾ 'ചികിത്സകൻ' രോഗിയോടൊപ്പമാണെന്നതിനാൽ മുറിക്ക് തൊട്ടു പുറത്ത് കസേരകളിലിരുന്നു. പുറത്തിറങ്ങിയപ്പോൾ ആളെ കണ്ടു. രണ്ടു ഗുണ്ടകളുമുണ്ട് കൂടെ. സോഷ്യൽ മീഡിയയിൽ കൂടെ ആധുനിക വൈദ്യ ശാസ്ത്രത്തെ നിരന്തരം ചോദ്യം ചെയ്യുന്നയാൾ. അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും ഉണ്ടാവുന്ന പ്രതികരണങ്ങൾക്ക് വലിയ താൽപര്യം കാണിച്ചിരുന്നില്ല. എന്നാൽ ഇനി അത് ചെയ്യേണ്ടി വരും.

ഏതാനും മിനുട്ടുകൾ നീണ്ടു നിന്ന അദ്ദേഹത്തിന്റെ ഭർത്സനം കേട്ടപ്പോൾ. ആദ്യം എന്റെ മകൾക്ക് നേരെയായിരുന്നു. അതിനു ശേഷം എന്റെ നേർക്കായി. രോഗിയെ സന്ദർശിക്കാൻ വരുന്നത് 'നെഗറ്റീവ്' ഫലം ഉണ്ടാക്കും. അതു കൊണ്ട് തിരിച്ചുപോയി കൊള്ളണം. നിങ്ങൾ ഇവിടെ വന്നു ഈ ചികിത്സയുടെ കുറ്റങ്ങൾ രോഗിയോടു പറയും. മറ്റേതെങ്കിലും പ്രമുഖ ആശുപത്രിയിൽ പോകാൻ ഉപദേശിക്കും. അതു കൊണ്ട് രോഗിയോടൊപ്പമുള്ള ബൈ സ്റ്റാൻഡർ പത്ത് മിനുട്ട് കഴിഞ്ഞ് പുറത്തിറങ്ങും. അവരോട് വിവരം തിരക്കി തിരിച്ചു പോയി കൊള്ളണം".

അറുമുഖത്തെയോർത്തു ഒരു വാക്കു പോലും പ്രതികരിച്ചില്ല. ശരി, അങ്ങിനെയാവാം എന്നു മാത്രം പറഞ്ഞു. പത്ത് മിനുട്ടു കഴിഞ്ഞപ്പോൾ ഇന്നയാളുകളാണ് പുറത്തുള്ളതെന്നറിഞ്ഞതിനാലാവണം ബൈസ്റ്റാൻഡറോടൊപ്പം അറുമുഖൻ മുറിക്ക് പുറത്ത് വന്നു. രണ്ടു മാസങ്ങൾക്കു ശേഷം ഞങ്ങൾ അന്യോന്യം കണ്ടതിന്റെ സൗഹൃദം പങ്കു വെക്കുമ്പോൾ മറ്റൊരു ഗുണ്ട ഓടി വന്നു, അറുമുഖത്തെ പുലഭ്യം ചീത്ത. അകത്തു പോയി കൊള്ളാൻ ഓർഡറും. രോഗം മൂലം (അല്ല, അവിടത്തെ ചികിത്സ മൂലം) അവശ നിലയിലായ അറുമുഖം പെട്ടന്ന് അകത്തേക്ക് കയറി. ഒരു സീൻ സൃഷ്ടിക്കാൻ താൽപര്യമില്ലാത്തതിനാൽ ഞങ്ങൾ പുറത്തേക്കും.

അതിനിടയിൽ ശ്രദ്ധിച്ച, അറിയാൻ സാധിച്ച, ചില കാര്യങ്ങൾ കൂടിയുണ്ട്. ആയിരം രൂപയാണത്രേ ഒരു ദിവസം മരുന്നിന് വേണ്ടി മാത്രം വാങ്ങിക്കുന്നത്. പുറത്തു നിന്നുള്ള ഒന്നും അനുവദിക്കില്ല. എല്ലാം അവിടെ ഉണ്ടാക്കുന്നത് മാത്രം. മറ്റു ചിലവുകൾ വേറെയും. Filthy (വൃത്തികെട്ടത്) എന്നു മാത്രം വിശേഷിപ്പിക്കാവുന്ന ചുറ്റുപാട്. മിക്കവാറും നിരക്ഷരരും സാമ്പത്തിക ശേഷി കുറഞ്ഞവരുമാണ് രോഗികൾ. പരിസരത്ത് മുഴുവൻ അധോലോകത്തെ ഓർമ്മിപ്പിക്കുന്ന ഗൂണ്ടകൾ.

അറുമുഖത്തെ ഇയാൾ കൊല്ലും. അദ്ദേഹത്തെ മാത്രമല്ല. മറ്റു രോഗികളെയും. ഇതു പോലെയുള്ള കപട ചികിത്സകരെ വെറുതെ വിട്ടു കൂടാ. ഇവർ കേരളത്തിന് അപമാനമാണെന്ന് മാത്രമല്ല, അപകടവും കൂടെയാണ്. 2017ൽ ഇയാൾക്കെതിരെ കേസ്സുണ്ടായിരുന്നുവത്രേ. ഇപ്പോഴും 'ചികിത്സ' നിർബാധം തുടരുന്നു. കടുത്ത ശിക്ഷാ നടപടികൾ തന്നെ വേണം. ഇയാളെ ജയിലലടക്കുകയാണ് വേണ്ടത്. "

2. പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി പറഞ്ഞ സംഭവം

-------------------------------------------------------------------------------------------------------------

ജാബിറിൻ്റെ അനുഭവം കേട്ടപാടെ എനിക്ക് പറയാതെ തന്നെ ആളെ മനസിലായി. വൈദ്യനെന്ന് സ്വയം വിളിക്കുന്ന മോഹനൻ. കാരണം അതേ അനുഭവം ഏതാനും മാസങ്ങൾക്ക് മുൻപ് ഞാനും കേട്ടതാണ്.

ഒരു ദിവസം വെളുപ്പിന് മൂന്ന് മണിക്കാണ് ആ ഫോൺ കോൾ വന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ആഴ്ചകളുടെ ചികിൽസയ്ക്ക് ശേഷം പിറ്റേന്ന് ഡിസ്ചാർജ് ആവാൻ പോകുന്ന ഒരാളാണ് വിളിച്ചത്.

തൈറോയ്ഡിനു ചികിൽസിക്കാനാണ് ചേർത്തല മതിലകത്ത് ഒരു വൈദ്യനുണ്ടെന്ന് ഫേസ്ബുക്കിലൂടെ അറിഞ്ഞ് അവർ അവിടെയെത്തിയത്. അയാളുടെ ക്ലാസ് ആദ്യം കേൾക്കണം. അതിനു ശേഷമാണ് " ചികിൽസ ". ക്ലാസ് കേട്ടുകഴിഞ്ഞ് ഒരു മോഡേൺ മെഡിസിൻ ഡോക്ടർ അബദ്ധത്തിലോ മറ്റോ മുന്നിൽ വന്ന് പെട്ടാൽ അയാളെ തല്ലുമെന്ന രീതിയിലാണത്രേ ക്ലാസ്. തൈറോയ്ഡിനുള്ള ചികിൽസയ്ക്ക് ശേഷം മറ്റൊരു രോഗത്തിനു ചികിൽസിക്കാമെന്നേറ്റതിനാൽ വീണ്ടും ഒരിക്കൽക്കൂടി അവിടെയെത്തി.

അത്തവണ നൽകിയിരുന്ന " മരുന്നുകൾ " കഴിച്ചുതുടങ്ങിയപ്പോൾ തൊട്ട് പ്രശ്നങ്ങൾ ആരംഭിച്ചു. ആദ്യം കാലിനു തരിപ്പായിരുന്നു പ്രശ്നം. പിന്നെപ്പിന്നെ വേദനയായിത്തുടങ്ങി. അവസാനം കാൽ നിലത്തു കുത്താൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ തിരിച്ച് ചേർത്തലയിലെ സ്ഥാപനത്തിലെത്തി.

" വൈദ്യൻ്റെ " കണ്ടെത്തൽ രോഗിയുടെ അഭിനയമാണെന്നായിരുന്നു. മനസിലെ പ്രശ്നമാണത്രേ. നിർബന്ധം മൂലമാണ് അഡ്മിറ്റ് ചെയ്തത്. അഡ്മിറ്റ് ചെയ്തുകഴിഞ്ഞപ്പോൾ മരുന്ന് തുടങ്ങണമെന്നായി. ങാ, അടുക്കളയിലാണ് ഫാർമസി, ആഹാരമാണ് മരുന്ന്, ഞാൻ ഉപദേശേ കൊടുക്കൂ എന്നൊക്കെ പറയുമ്പൊ എന്ത് മരുന്നാന്നല്ലേ? മരുന്ന് കൊടുപ്പിക്കുന്നത് അവിടെത്തന്നെയുള്ള രണ്ട് ഡോക്ടർമാരിലൂടെയായിരുന്നത്രേ. ( അവർ ചെയ്യുന്നതും നിയമവിരുദ്ധതയാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട് - പലതവണ ).

ആദ്യം ശരീരം മുഴുവൻ തിരുമ്മി " ഫിസിയോതെറാപ്പി ". അതുകഴിഞ്ഞപ്പോൾ കാലിൽ മാത്രമുണ്ടായിരുന്ന വേദന ശരീരം മുഴുവനായി...മരുന്ന് നൽകാറായപ്പോൾ പക്ഷേ ഇത്തവണ രോഗി ചോദിച്ചു...എന്ത് മരുന്നാണെന്നും അതിലെ കണ്ടൻ്റ് എന്താണെന്നുമറിയാതെ കഴിക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു..മരുന്നിൻ്റെ പേരറിഞ്ഞില്ലെങ്കിൽ ഇനി മറ്റെവിടെയെങ്കിലും പോകേണ്ടിവന്നാൽ എന്താണു കഴിച്ചതെന്ന് പോലും പറയാൻ കഴിയില്ലെന്നുള്ളതുകൊണ്ടായിരുന്നു അത്. ഇതിനിടയിൽ റെയ്ഡുകൾ നടക്കുന്നുണ്ടായിരുന്നു. റെയ്ഡ് നടക്കുമ്പൊ പൊലീസ് വരുന്നെന്ന് അറിയുമ്പൊഴേക്ക് " വൈദ്യൻ " രോഗികളെ ഇളക്കിവിട്ട് മൊത്തം അലങ്കോലമാക്കിക്കും.

ആ മരുന്ന് കഴിച്ചപ്പോൾ തുടങ്ങി ഛർദ്ദി ആരംഭിച്ചു. ഛർദ്ദിച്ച് ഛർദ്ദിച്ച് അവസാനം ഒരു മഞ്ഞ ദ്രാവകം മാത്രം പോകുന്ന അവസ്ഥയിലെത്തി. ഇടയ്ക്ക് ചികിൽസാകേന്ദ്രത്തിൽ നിന്ന് അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി ഫ്ലൂയിഡ് ഡ്രിപ് ആയി ഇടും. രാത്രി തിരിച്ച് കൊണ്ടുവരും. അതിനായി മാത്രം അവിടെ വാഹനമുണ്ടായിരുന്നെന്ന് അവർ പറഞ്ഞിരുന്നു.

അപ്പൊഴാണ് രോഗിയുടെ ബന്ധു വിദേശത്തുനിന്ന് വന്നത്. കാണാൻ ചെന്ന ബന്ധുവിനെ മേൽപ്പറഞ്ഞതുപോലെ വൈദ്യനും ഗുണ്ടാ സംഘവും ചീത്തവിളിച്ചു. ജീവിതപങ്കാളിയാണ് പ്രശ്നമെന്നും ഡിവോഴ്സ് നേടിയാലേ പൂർണസുഖമാകൂ എന്നും കൂടിയായപ്പോൾ ബന്ധുക്കളുടെ സകല നിയന്ത്രണവും വിട്ടു. അപ്പൊഴേക്ക് രോഗിയുടെ നില ഗുരുതരാവസ്ഥയിലെത്തിയിരുന്നു..

രോഗിയെ നിർബന്ധമായി അവിടെനിന്ന് അടുത്തുള്ള പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് റഫർ ചെയ്തു. തിരുവനന്തപുരത്തെ മൂന്നാഴ്ചത്തെ അക്ഷീണ പരിശ്രമത്തിനു ശേഷം സ്വന്തം ജീവനുമായി തിരികെ വണ്ടി കയറിയ അവർക്ക് പരാതി കൊടുത്ത് ഇനിയൊരു സഹനത്തിനുകൂടി ശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു.

പല തവണ ചികിൽസ നിറുത്തുന്നെന്ന് ഓലപ്പാമ്പ് കാട്ടിയ ഇയാൾ ഇപ്പൊ ഫേസ്ബുക് വഴിയുള്ള രോഗശാന്തി പരസ്യപ്പെടുത്തൽ നിറുത്തിയെങ്കിലും രഹസ്യമായി ഇപ്പോഴും തുടരുന്നെന്നാണ് ജാബിറിൻ്റെ പോസ്റ്റ് സൂചിപ്പിക്കുന്നത്.

ഇനി തീരുമാനം അധികാരികളുടേതാണ്. മറ്റൊന്നും പറയാനില്ല...

advertisment

News

Super Leaderboard 970x90