Health

പാരസെറ്റമോൾ നേരിടുന്ന പാരകൾ

മരുന്നുകൾ മനുഷ്യരെപ്പോലെയാണ്. അവ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ചില മരുന്നുകൾ വളരെക്കുറച്ചുകാലം ജീവിച്ച് അകാല ചരമമടയുന്നു. മറ്റു ചിലവയാകട്ടെ ദുരന്തം വരുത്തി എന്നെന്നേക്കും വെറുക്കപ്പെട്ടവയാകുന്നു. ആന്റീബയോട്ടിക്കുകളെപ്പോലെ ഇനിയും ചിലത് അദ്ഭുതകരമായി മൃത്യുവിനെ തുരത്തിയോടിച്ചു നീണ്ടകാലം പ്രശസ്തിയാർജ്ജിച്ചു വാഴുന്നു. ചിലതാകട്ടെ കുപ്പത്തൊട്ടിയിലെ രത്നത്തെപ്പോലെ, തന്റെ തിളക്കം മാനവരാശി തിരിച്ചറിയുന്നതു കാത്തുകാത്തിരിക്കുന്നു....

 പാരസെറ്റമോൾ നേരിടുന്ന പാരകൾ

ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മരുന്നുകളിൽ ഒന്നാകുമ്പോഴും ഏറ്റവും വെറുക്കപ്പെടുന്ന മരുന്നായിരിക്കാനാണ് പാരസെറ്റമോളിന്റെ വിധി. എലിവിഷത്തിൽ തുടങ്ങിയ ദുഷ്പ്രചാരണം ഇപ്പോൾ ഗർഭസ്ഥശിശുക്കളുടെ പ്രത്യുൽപാദനശേഷിയിൽ എത്തിനിൽക്കുകയാണ്. എന്തായാലും പാരസെറ്റമോളിന്റെ പുരാണം നമുക്കു വായിച്ചുനോക്കാം. ആരോപണങ്ങളുടെ സത്യാവസ്ഥയും പരിശോധിക്കാം.മരുന്നുകൾ മനുഷ്യരെപ്പോലെയാണ്. അവ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ചില മരുന്നുകൾ വളരെക്കുറച്ചുകാലം ജീവിച്ച് അകാല ചരമമടയുന്നു. മറ്റു ചിലവയാകട്ടെ ദുരന്തം വരുത്തി എന്നെന്നേക്കും വെറുക്കപ്പെട്ടവയാകുന്നു. ആന്റീബയോട്ടിക്കുകളെപ്പോലെ ഇനിയും ചിലത് അദ്ഭുതകരമായി മൃത്യുവിനെ തുരത്തിയോടിച്ചു നീണ്ടകാലം പ്രശസ്തിയാർജ്ജിച്ചു വാഴുന്നു. ചിലതാകട്ടെ കുപ്പത്തൊട്ടിയിലെ രത്നത്തെപ്പോലെ, തന്റെ തിളക്കം മാനവരാശി തിരിച്ചറിയുന്നതു കാത്തുകാത്തിരിക്കുന്നു. 

നമ്മുടെ കഥാനായകനായ പാരസെറ്റമോൾ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗർഭഗൃഹമായ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ 1877ലാണു പിറന്നുവീണത്. പല പരീക്ഷണങ്ങൾക്കിടയിൽ യാദൃശ്ചികമായി ഉണ്ടായ ഒരു രാസവസ്തു എന്നതിനുപരി ഒരു പ്രാധാന്യം പാരസെറ്റമോളിനു തുടക്കത്തിൽ നൽകപ്പെട്ടില്ലെങ്കിലും, സ്വാഭാവികമായും മനുഷ്യശരീരത്തിൽ ആ മരുന്നിനു ചെലുത്താൻ സാധിക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനങ്ങൾ അധികം വൈകാതെതന്നെ ആരംഭിച്ചു. എന്നാൽ പാരസെറ്റമോളിന്റെ വേദന കുറയ്ക്കാനുള്ള കഴിവു കണ്ടെത്തുന്നതിന് 1886 വരെ കാത്തിരിക്കേണ്ടിവന്നു. അസെറ്റാനിലൈഡ് എന്ന രാസവസ്തുവിനു വേദനാസംഹാരിയായി പ്രവർത്തിക്കാനാകും എന്നായിരുന്നു ശാസ്ത്രജ്ഞർ തുടക്കത്തിൽ കണ്ടെത്തിയത്. എന്നാൽ വളരെയധികം പാർശ്വഫലങ്ങളുള്ള ഒരു രാസവസ്തുവായിരുന്നു അസെറ്റാനിലൈഡ്. ഈ സാഹചര്യത്തിലാണ് രാസഘടനയിൽ അസെറ്റാനിലൈഡിന്റെ ബന്ധുവായ പാരസെറ്റമോളിലേക്കു ഗവേഷണം നീളുന്നത്. അന്നു വേദനാസംഹാരിയായി ലഭ്യമായിരുന്ന ഫിനാസെറ്റിൻ എന്ന മരുന്നിനോടു പാരസെറ്റമോളിനെ താരതമ്യപ്പെടുത്തിയായിരുന്നു പഠനം. 1887ൽ തുടങ്ങി ആറു വർഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ 1893ഇൽ ഗവേഷകനായ ജോസഫ് മെറിങ് തന്റെ പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചു. രക്തത്തിലെ ഓക്സിജൻ വഹിക്കുന്ന പ്രോട്ടീനായ ഹീമോഗ്ലോബിനെ "മെത് ഹീമോഗ്ലോബിൻ" എന്ന ഉപയോഗശൂന്യമായ പ്രോട്ടീനാക്കി മാറ്റാൻ പാരസെറ്റമോളിനു കഴിവുണ്ടെന്നായിരുന്നു മെറിങ്ങിന്റെ കണ്ടെത്തൽ. ഇത്തരത്തിലുള്ള ഒരു മാറ്റം ഹീമോഗ്ലോബിന്റെ ഓക്സിജൻ വഹിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുകയും കൂടിയ അളവിലായാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ പാരസെറ്റമോൾ മരുന്നായി ഉപയോഗിക്കുന്നതു സുരക്ഷിതമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പഠനം അഭിപ്രായപ്പെട്ടത്. എന്നാൽ ജോസഫ് മെറിങ് തന്റെ പരീക്ഷണത്തിന് ഉപയോഗിച്ച പാരസെറ്റമോൾ സാമ്പിളിൽ കടന്നുകൂടിയ മറ്റു രാസവസ്തുക്കളാണ് ഈ തെറ്റായ ഫലം നൽകിയത് എന്നു കണ്ടെത്താൻ വീണ്ടും അറുപതു കൊല്ലങ്ങൾ ലോകത്തിനു കാത്തിരിക്കേണ്ടിവന്നു. അതുവരെ പാരസെറ്റമോൾ ഉപയോഗശൂന്യമായ ഒരു രാസവസ്തു എന്ന നിലയിൽ അവഗണിക്കപ്പെട്ടു കിടന്നു.

പാരസെറ്റമോളിനു പറ്റിയ ക്ഷീണം വളമായത് ഫിനാസെറ്റിൻ എന്ന മരുന്നിനാണ്. വിവിധ പഠനങ്ങളിലൂടെ തന്റെ കഴിവും സുരക്ഷയും തെളിയിച്ച് അംഗീകൃതമായ വേദനാസംഹാരിയായി ഫിനാസെറ്റിൻ പെട്ടെന്നു പ്രചാരം നേടി. ഫിനാസെറ്റിന്റെ പ്രീതി മുതലെടുത്ത് അതു നിർമ്മിക്കുന്ന കമ്പനിയായ ബെയർ അതിവേഗം വളർന്നു പന്തലിച്ചു. ലോകത്തിലേക്കുംവച്ച് ഏറ്റവും വലിയ മരുന്നുകമ്പനിയാകാനും ബെയറിനെ ഫിനാസെറ്റിൻ തുണച്ചു. 1899 ത്തിൽ രംഗത്തെത്തിയ, മറ്റൊരു വേദനാസംഹാരിയായ ആസ്പിരിൻ, ഫിനാസെറ്റിന്റെ അപ്രമാദിത്വത്തിൽ വിള്ളൽ വീഴ്ത്തിയെങ്കിലും പിന്നീടുവന്ന ഏതാനും ദശകങ്ങൾ ഫിനാസെറ്റിന്റേതുതന്നെയായിരുന്നു. തലവേദനയ്ക്ക് ഡോക്റ്ററുടെ കുറിപ്പടിയില്ലാതെ ലഭിക്കുന്ന (Over the Counter) ഫിനാസെറ്റിൻ - ആസ്പിരിൻ കോമ്പിനേഷനുകൾ വിപണി വാണു.

ജോസഫ് മെറിങ് പാരസെറ്റമോളിനെക്കുറിച്ച് നടത്തിയ ഗവേഷണത്തെ അര നൂറ്റാണ്ടോളം ആരും ചോദ്യം ചെയ്തില്ല. എന്നാൽ 1947ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണപ്രബന്ധത്തിൽ അസെറ്റാനിലൈഡ്, ഫിനാസെറ്റിൻ എന്നീ അനിലീൻ മരുന്നുകളെല്ലാംതന്നെ മനുഷ്യശരീരത്തിൽ പാരസെറ്റമോളായി രൂപം പ്രാപിക്കുന്നു എന്നും ഈ പാരസെറ്റമോളാണു മറ്റു രണ്ടു മരുന്നുകളുടേയും വേദനാസംഹാരീ ഫലത്തിനു കാരണമെന്നും ഗവേഷകർ വാദിച്ചു. 1949ൽ ഈ ദിശയിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. രക്തത്തിലെ ഹീമോഗ്ലോബിനെ മെത് ഹീമോഗ്ലോബിൻ ആക്കി മാറ്റുന്നതിൽ പാരസെറ്റമോൾ പങ്കു വഹിക്കുന്നില്ല എന്നും സംശയലേശമെന്യേ തെളിയിക്കപ്പെട്ടു. അരനൂറ്റാണ്ടു നീണ്ടുനിന്ന ഗ്രഹണം അതിജീവിച്ച പാരസെറ്റമോളിന്റെ തിരിച്ചുവരവാണ് പിന്നീടുണ്ടായത്.

ഈ ഗവേഷണഫലങ്ങളുടെ ബലത്തിൽ 1950ൽ ആദ്യമായി പാരസെറ്റമോൾ അമേരിക്കയിൽ മാർക്കറ്റ് ചെയ്യപ്പെട്ടു. എന്നാൽ "ട്രയാജെസിക്" എന്ന പേരിൽ പുറത്തിറങ്ങിയ ഈ മരുന്നിനേയും ദുർവിധി വിടാതെ പിന്തുടർന്നു. ഈ മരുന്ന് ഉപയോഗിച്ച മൂന്നുപേർക്ക് രക്തത്തിലെ കോശങ്ങളുടെ എണ്ണം കുറയുന്ന മാരകരോഗമായ "അഗ്രാനുലോസൈറ്റോസിസ്" ബാധിച്ചു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അതിവേഗം ഈ മരുന്ന് വിപണിയിൽ നിന്നു പിന്വലിക്കുകയാണുണ്ടായത്. വീണ്ടും രണ്ടുവർഷം നീണ്ട ഗവേഷണങ്ങളിൽ പാരസെറ്റമോൾ അഗ്രാനുലോസൈറ്റോസിസിനു കാരണമാകുന്നില്ല എന്നു സംശയാതീതമായി തെളിയുകയും അഗ്നിശുദ്ധി വരുത്തി വീണ്ടും 'പാൻഡോൾ' എന്ന പേരിൽ വിപണിയിൽ തിരിച്ചെത്തുകയും ചെയ്തു . കുട്ടികളീലും ഉദര രോഗങ്ങളുള്ളവരിലും ആസ്പിരിനേക്കാൾ സുരക്ഷിതം എന്ന ഖ്യാതി പാരസെറ്റമോളിനു തുണയായി. 1955-ൽ കുട്ടികൾക്കുള്ള ആദ്യ പാരസെറ്റമോൾ കുപ്പിമരുന്ന് ടൈലിനോൾ എന്ന പേരിൽ പുറത്തിറങ്ങി. ഈ ബ്രാൻഡ് നാമം പിന്നീട് ലോകപ്രശസ്തമായി. സുരക്ഷയെപ്പറ്റിയുള്ള ആശങ്കകൾ തുടക്കത്തിൽ പാരസെറ്റമോളിന്റെ വിപണനത്തെ പിന്നോട്ടടിച്ചെങ്കിലും 1980കളിൽ ആസ്പിരിനെപ്പോലും മറികടന്ന് ലോകത്തിലെങ്ങും ഏറ്റവുമധികം വിൽക്കപ്പെടുന്ന വേദനാസംഹാരിയായി പാരസെറ്റമോൾ സ്ഥാനമുറപ്പിച്ചു. ഇതു ഫിനാസെറ്റിന്റെ അന്ത്യം കുറിക്കുകയും ചെയ്തു.

1959 മുതൽ ഡോക്റ്ററുടെ പ്രിസ്ക്രിപ്ഷൻ ആവശ്യമില്ലാതെ പാരസെറ്റമോൾ ലഭ്യമാണ്. ഉയർന്ന ഡോസിൽ അകത്തുചെന്നാൽ കരൾ തകർന്നു പോകുന്നതടക്കമുള്ള ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാമെങ്കിലും സാധാരണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡോസിൽ പാരസെറ്റമോൾ പൂർണ്ണമായും സുരക്ഷിതമാണ്. മദ്യപാനികളിലും കരൾ രോഗമുള്ളവരിലും ഈ മരുന്നിന്റെ ഉപയോഗം സൂക്ഷിച്ചുവേണം എന്നുമാത്രം. കരളിൽ വച്ചാണ് ഈ മരുന്നിന്റെ വിഘടനം എന്നതും മദ്യം വിഘടിപ്പിക്കാൻ ഉപയോഗിക്കുന്ന അതേ എൻസൈമാണ് ഈ മരുന്നിന്റെ വിഘടനത്തിനും ഉപയോഗിക്കുന്നത് എന്നതുമാണു കാരണം. മുതിർന്ന ഒരു വ്യക്തിയിൽ പാരസെറ്റമോളിന്റെ സാധാരണ ഡോസേജ് ദിവസം രണ്ടു ഗ്രാമോളമാണ്. അതിന്റെ അഞ്ചു മുതൽ പത്തുവരെ ഇരട്ടി അളവിൽ പൊടുന്നനെ അകത്തു ചെന്നാലേ മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകൂ. കൃത്യമായ സമയത്ത് പാരസെറ്റമോൾ വിഷബാധ കണ്ടെത്താനായാൽ കൊടുക്കാനുള്ള മറുമരുന്നും (N-Acetylcysteine ) നമുക്കുണ്ട്.

ഈ മരുന്നിന്റെ സാർവ്വജനീനത കൊണ്ടുതന്നെയാകണം എപ്പോഴും പാരസെറ്റമോൾ വിവാദങ്ങളിൽ മുങ്ങി നിൽക്കുന്നത്. ഏറ്റവും പുതിയതായി ഉണ്ടായിരിക്കുന്ന വിവാദം ഗർഭിണികളുടെ പാരസെറ്റമോൾ ഉപയോഗം ഗർഭസ്ഥ ശിശുവിന്റെ അണ്ഡാശയത്തെ തകരാറിലാക്കും എന്നതാണ്. ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്ന വാർത്തയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രചരണം നടക്കുന്നത്. എന്നാൽ റിപ്പോർട്ടിനാധാരമായ പഠനം പരിശോധിച്ചാൽ ഇത്തരത്തിലുള്ള ഭീതിയ്ക്കു യാതൊരടിസ്ഥാനവും ഇല്ല എന്നു മനസ്സിലാകും. എലികളിൽ വളരെ ചുരുങ്ങിയ തോതിൽ നടത്തിയ മൂന്നു പഠനങ്ങളുടെ ഒരു മെറ്റാ അനാലിസിസ് ആണു പത്രറിപ്പോർട്ടിന് ആധാരമായ പഠനം. ഈ മൂന്നു പഠനങ്ങളിലൊന്നിൽ വെറും എട്ട് എലികളിലാണ് പരീക്ഷണം നടത്തിയത്. നൽകിയ പാരസെറ്റമോളിന്റെ അളവാകട്ടെ മനുഷ്യരിൽ സുരക്ഷിതമായ പരമാവധി ഡോസിന്റെ പത്തിരട്ടി വരെയാണ്. ഈ രീതിയിൽ ആലോചിച്ചുനോക്കുക, നിങ്ങൾ രണ്ടു ലിറ്റർ വെള്ളമാണ് ഒരുദിവസം കുടിക്കേണ്ടത്. പകരം 20 ലിറ്റർ വെള്ളം തുടർച്ചയായി കുടിക്കേണ്ട അവസ്ഥ വന്നാലോ ? അണ്ഡാശയമല്ല അണ്ഡകടാഹം വരെ അടിച്ചുപോയി എന്നു വരും. എല്ലാത്തിനും സുരക്ഷിതമായ ഒരു ഡോസ് ഉണ്ട്. അധികമായാൽ അമൃതും വിഷം എന്നാണല്ലോ. അതുതന്നെയാണ് പാരസെറ്റമോളിന്റെയും കാര്യം. ഏതു ദിശയിലാണ് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതെന്നു മനസ്സിലാക്കുന്നതിന് ഈ പഠനം സഹായിച്ചേക്കുമെങ്കിലും ഗർഭിണികളിൽ പാരസെറ്റമോളിന്റെ ഉപയോഗം നിർത്താൻ യാതൊരുതരത്തിലും ഇതൊരു കാരണമല്ല. പലപ്പോഴും അനിയന്ത്രിതമായ പനി ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്ന കാര്യം കൂടി കണക്കിലെടുത്താൽ പാരസെറ്റമോൾ ഉപയോഗിക്കുന്നതാകും ഏറ്റവും സുരക്ഷിതമായ മാർഗം. അനിയന്ത്രിതമായ ഉപയോഗം പാടില്ല എന്നുമാത്രം.

ഗർഭിണികളിൽ മാത്രമല്ല, നവജാത ശിശുക്കളിൽ പോലും സുരക്ഷിതമാണ് പാരസെറ്റമോൾ. പനി മുതൽ ഹൃദയത്തിന്റെ സങ്കീർണമായ ഘടനാ തകരാറുകളിൽ വരെ (Patent Ductus Arteriosus) ഉപയുക്തമായ ഒരു മരുന്നാണ് ഇത്. കണ്ടുപിടിച്ച് ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞതിനാൽ പാരസെറ്റമോളിന്റെ പേറ്റന്റുകാലാവധികളൊക്കെ അവസാനിച്ചു. അതിനാൽ വിലകുറഞ്ഞ ജനറിക് മരുന്നായി ലോകമെമ്പാടുമുള്ള വിപണികളിൽ പാരസെറ്റമോൾ സുലഭവുമാണ്. ഇന്നും ലോകത്ത് ഒന്നാംസ്ഥാനത്തുനിൽക്കുന്ന പനിമരുന്നും വേദനാസംഹാരിയും പാരസെറ്റമോൾ തന്നെ.

വാൽക്കഷ്ണം: ഇന്ത്യയും ബ്രിട്ടണുമടക്കം മിക്കരാജ്യങ്ങളിലും പാരസെറ്റമോൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ മരുന്ന് അമേരിക്ക, കാനഡ, ജപ്പാൻ, കൊളംബിയ, വെനിസ്വേല എന്നീ രാജ്യങ്ങളിൽ മാത്രം അറിയപ്പെടുന്നത് അസെറ്റാമിനോഫെൻ എന്ന പേരിലാണ്. ഈ പേരുവ്യത്യാസമുണ്ടാക്കിയ തെറ്റിദ്ധാരണ മുതലെടുത്താണ് "അമേരിക്കയിൽ നിരോധിച്ച മരുന്നാണ് പാരസെറ്റമോൾ" എന്ന വ്യാജപ്രചാരണം കൊഴുക്കുന്നത് !

Dr Arun Mangalath ഇൻഫോ ക്ലിനിക് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്

advertisment

Super Leaderboard 970x90