പൊണ്ണത്തടി : ഞങ്ങൾ ലാലേട്ടന്റെ സൈഡാ !

പൊണ്ണത്തടി ഉള്ളവരിൽ പ്രമേഹം , അമിത രക്ത സമ്മർദം , ഉയർന്ന കൊളസ്റ്ററോൾ , മറ്റു രക്ത കൊഴുപ്പംശങ്ങൾ എന്നിവ ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതൽ ആണെന്ന് ഉറപ്പായി തന്നെ പറയാൻ സാധിക്കും . ഇതെല്ലാം ഹൃദ്രോഗം , രക്ത കുഴലുകൾ അടയുന്നു മൂലം ഉണ്ടാകുന്ന മസ്തിഷ്കാഘാതം എന്നിവയുടെ പ്രധാന കാരണങ്ങൾ ആണ് . ഹൃദ്രോഗവും സ്ട്രോക്കും ആണ് ലോകത്തിലെ ഇന്നത്തെ മരണകാരി അസുഖങ്ങളിൽ മുമ്പന്മാർ....

പൊണ്ണത്തടി : ഞങ്ങൾ ലാലേട്ടന്റെ സൈഡാ !

ഇതെന്താണ് ഇന്ഫോക്ലിനിക്കിന്‌ ലാലോഫോബിയ എന്നു ചോദിക്കാൻ വരട്ടെ. ഇതിൽ ഞങ്ങൾ ലാലേട്ടന് ഒപ്പം തന്നെയാ. ഏതു മനുഷ്യനും കൂടുതൽ ആരോഗ്യവാനാകാൻ സ്വയം ശ്രമിക്കാൻ ഉള്ള അവകാശം ഉണ്ട്. പൊണ്ണത്തടി ഉണ്ടെങ്കിൽ അത് കുറക്കാൻ ശ്രമിക്കുന്നത് തെറ്റാണോ ? അല്ല. മോഹൻലാലിന് നന്നായി തടി കുറഞ്ഞിട്ടുണ്ട് എന്ന് ഫോട്ടോകളിൽ നിന്ന് വളരെ വ്യക്തമാണ്. പൊണ്ണത്തടി ഉള്ളവർ അത് കുറക്കേണ്ടതാണ്. ആധുനിക വൈദ്യ ശാസ്ത്രത്തിൽ അത് കുറക്കാനുള്ള ശാസ്ത്രീയമായ വഴികളും ഉണ്ട്.

ഇത് വളരെ ലളിതമായ ഒരു ലേഖനമാണ്.ലളിതവത്കരണത്തിന്റെ ചില പ്രശ്നങ്ങൾ കണ്ടേക്കാം. കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് നോക്കാനായി ചില ആധികാരിക സൈറ്റുകൾ കമന്റിൽ നൽകാം. കൂടാതെ ഭക്ഷണക്രമത്തെ പറ്റി അല്പം കമന്റിൽ ഉണ്ട്.

പൊണ്ണത്തടി അഥവാ തടി കൂടുതൽ ഉള്ളവരെ കളിയാക്കുന്ന ഒരു പ്രവണത ഉണ്ട്. ഇതിനെ ഇൻഫോ ക്ലിനിക് ശക്തിയായി എതിർക്കുന്നു. സ്വല്പം തടി കൂടുന്നതും രോഗാവസ്ഥ ആയ പൊണ്ണത്തടിയും തമ്മിൽ വ്യത്യാസം ഉണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം എന്നത് കൊണ്ടാണ് പൊണ്ണത്തടി ചികിൽസിക്കേണ്ട ഒരു രോഗം ആണെന്ന് പറയുന്നത്.

വണ്ണം അളക്കാൻ ഒരു വഴി വേണം. ചില പോരായ്മകൾ ഉണ്ടെങ്കിലും അതിനുള്ള ഒരു എളുപ്പ വഴി ആണ് ബി എം ഐ. നമ്മുടെ ഭാര (കിലോഗ്രാമിൽ ) ത്തെ ഉയരത്തിന്റെ square കൊണ്ട് (മീറ്ററുകളിൽ ) ഹരിച്ചാൽ കിട്ടുന്നതാണ് ബി എം ഐ . ഉദാഹരണത്തിന് - (ഉദാ:നിങ്ങളുടെ പൊക്കം 180cm ഉം ഭാരം 83kg ആണെന്നും വെക്കുക. അപ്പോൾ bmi എന്നത് 83/1.8*1.8 = 25.6 ആണ്.)
ലോകാരോഗ്യ സംഘടനാ വിദഗ്ദർ പറയുന്നത് അനുസരിച്ചു, ഒരാളുടെ ബി എം ഐ 18 .5 നും 24 .9 നും ഇടക്ക് ആയിരിക്കുന്നത് ആണ് ഉചിതം. 25 മുതൽ മുപ്പതു വരെ അമിത വണ്ണം ആയി കണക്കാക്കുന്നു. അത് ഒരു രോഗം ആയി കണക്കാക്കുന്നില്ല.
30 നു മേലെ പൊണ്ണത്തടി അഥവാ ഒബീസിറ്റി എന്ന് പറയുന്ന ഒരു രോഗം ആണെന്ന് പറയാം. 35 നു മേലെ ആണെങ്കിലോ ? ഗുരുതര പൊണ്ണത്തടി അഥവാ സിവിയർ ഒബീസിറ്റി ആണ്. സന്തോഷിക്കാൻ വരട്ടെ, നമ്മൾ ഇന്ത്യക്കാർ ഉൾപ്പെടുന്ന ഏഷ്യാക്കാരിൽ ഈ തോതിനു വ്യത്യാസമുണ്ട്. നമ്മുടെ സാധരണ BMI 18.5-22.9 ആണ്. 23-25 വരെ അമിതവണ്ണവും, 25ന് മുകളിൽ പൊണ്ണത്തടിയുമായി കണക്കാക്കണം എന്നാണ് പറയുന്നത്. അമിത വണ്ണം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ് എന്നുള്ള പഠനങ്ങളുടെ വെളിച്ചത്തിലാണ് നമുക്ക് ഈ കുറഞ്ഞ തോത്.
അമിതവണ്ണം കണ്ടെത്താനുള്ള മറ്റൊരു മാർഗ്ഗം ഇടുപ്പിന്റെ ചുറ്റളവാണ്‌. ഇടുപ്പസ്ഥിയുടെ ഏറ്റവും മുകൾഭാഗം ഇരുവശത്തും ടച്ച് ചെയ്യുന്ന രീതിയിലാണ് ടേപ്പ് ഉപയോഗിച്ച് അളവെടുക്കേണ്ടത്. സാധാരണ ആണുങ്ങളിൽ 102cm, പെണ്ണുങ്ങളിൽ 88cm ലും കൂടുതലാണേൽ അബ്‌ഡോമിനൽ /സെൻട്രൽ ഒബീസിറ്റി എന്ന് പറയും . ഇവിടെയും നമ്മൾ ഇന്ത്യക്കാർ പെട്ടു, നമ്മളുടെ അളവ് ആണുങ്ങൾക്ക് 90cm പെണ്ണുങ്ങൾക്ക് 80cm ഉം ആണ്. ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യാക്കാരിൽ അബ്‌ഡോമിനൽ ഒബീസിറ്റി സാധ്യത കൂടുതലാണ് എന്ന കണ്ടെത്തലാണ് ഈ കുറഞ്ഞ തോതിനു അടിസ്ഥാനം.

എന്താണ് ഈ പൊണ്ണത്തടി കൊണ്ടുള്ള കുഴപ്പം ?

കോട്ടയം, പത്തനംതിട്ട, എറണാകുളം ഭാഗത്തു ഉള്ളവർക്ക് ഒക്കെ പൊതുവെ തോന്നുന്ന സംശയമാണിത് . നല്ല പൊക്കവും , ഇത്തിരി തടിയും ,പിന്നെ ചെറിയ വയറുമൊക്കെ ഉള്ള , മുണ്ടുടുത്ത അച്ചായന്മാരെ കാണാൻ എന്താ ഭംഗി എന്നായിരിക്കും ഇവരുടെ വാദം. കുമ്പയും കഷണ്ടിയുമില്ലാതെന്ത് പ്രൗഢിയെന്നല്ലേ?(കഷണ്ടിയെ പറ്റി പിന്നീടാകാം! )

പ്രശ്‌നം ഇതാണ് , പൊണ്ണത്തടി ഉള്ളവരിൽ പ്രമേഹം , അമിത രക്ത സമ്മർദം , ഉയർന്ന കൊളസ്റ്ററോൾ , മറ്റു രക്ത കൊഴുപ്പംശങ്ങൾ എന്നിവ ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതൽ ആണെന്ന് ഉറപ്പായി തന്നെ പറയാൻ സാധിക്കും . ഇതെല്ലാം ഹൃദ്രോഗം , രക്ത കുഴലുകൾ അടയുന്നു മൂലം ഉണ്ടാകുന്ന മസ്തിഷ്കാഘാതം എന്നിവയുടെ പ്രധാന കാരണങ്ങൾ ആണ് . ഹൃദ്രോഗവും സ്ട്രോക്കും ആണ് ലോകത്തിലെ ഇന്നത്തെ മരണകാരി അസുഖങ്ങളിൽ മുമ്പന്മാർ . അതിനു ശേഷമേ വേറെ കാരണങ്ങൾ വരുന്നുള്ളു . വളരെയധികം അധികം പഠനങ്ങൾ കാണിക്കുന്നത് 20 നും 25 നും മദ്ധ്യേ ബി എം ഐ ഉള്ളവരിൽ ആണ് മരണ നിരക്ക് ഏറ്റവും കുറവ് എന്ന് തന്നെ ആണ് . 32 നു മേലെ ബി എം ഐ ഉള്ളവരിൽ മരണനിരക്ക് ഇരട്ടിയാകുന്നുണ്ട് എന്ന് 16 വര്ഷം നീണ്ടു നിന്ന വളരെ നല്ല ഒരു പഠനം പറയുന്നു .

ഇത് കൂടാതെ സ്തനാർബുദം പോലെയുള്ള ചില കാൻസറുകൾ , മദ്യം മൂലം അല്ലാത്ത കരൾ രോഗം , സന്ധികളിലെ തേയ്മാനം എന്നിവ ആണ് പൊണ്ണത്തടി മൂലം സാധ്യത കൂടുന്ന മറ്റു പ്രധാന രോഗങ്ങൾ . കൂടാതെ അമിത വണ്ണമുള്ളവർക്കു മറ്റുള്ളവരെപ്പോലെ ജീവിതം ആസ്വദിക്കാനും , ഓടി ചാടി നടക്കാനുമൊക്കെ പാടാണ് . മാനസിക സംഘർഷങ്ങളും , അപകർഷതാ ബോധവും , വെപ്രാളം , വിഷാദം തുടങ്ങിയ മാനസിക രോഗങ്ങളും ഇവരിൽ കൂടുതലാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് .

അമിതവണ്ണം ചികില്സിക്കുന്നത് ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ആണ് .പൊണ്ണത്തടിയുടെ ചികിത്സയും അടിസ്ഥാന പരമായി ഇത് തന്നെ ( ഇത് രണ്ടും ചെയ്യാതെ തൈലം തടവിയും, പൊടി കലക്കിയും തടി കുറയ്ക്കാൻ പറ്റുന്നത് പരസ്യങ്ങളിൽ മാത്രമാണ്! ) .ഗുരുതര പൊണ്ണത്തടിക്ക് ശസ്ത്രക്രിയ ആവശ്യം ആയേക്കാം . ഈ മാർഗ്ഗങ്ങളിലൂടെ അമിത വണ്ണം കുറക്കുന്നതുവഴി പ്രമേഹം , രക്തസമ്മർദം എന്നിവ നിയന്ത്രിക്കാനും ,ചിലപ്പോൾ മരുന്നുകൾ തന്നെ വളരെ കുറക്കാനും സാധിക്കും. ഒപ്പം ഹൃദ്രോഗം , പക്ഷാഘാതം തുടങ്ങിയവ ഉണ്ടാക്കനുള്ള സാധ്യത നന്നേ കുറയുകയും ചെയ്യും .ഈ പഠനഫലങ്ങൾ വിരൽ ചൂണ്ടുന്നതും , രോഗങ്ങൾ വരുത്തുന്നതിൽ അമിത വണ്ണത്തിനുള്ള പങ്കിലേക്കാണ് .അതുകൊണ്ടാണ് അമിതവണ്ണം പ്രശ്നക്കാരനാകുന്നത്.

ശ്രദ്ധിക്കണം ഈ കണക്കുകൾ

അതിവേഗം ലോകമാകമാനം വർധിച്ചു വരുന്ന ഒരു അസുഖം ആണ് പൊണ്ണത്തടി . 97 ൽ , ലോകാരോഗ്യ സംഘടനാ , പൊണ്ണത്തടിയെ ഒരു എപിഡെമിക് ആയി പ്രഖ്യാപിക്കുകയുണ്ടായി . 18 വയസിനു മുകളിൽ ഉള്ളവരിൽ 39 ശതമാനം 2016 ലെ WHO കണക്കുകൾ പ്രകാരം അമിതവണ്ണം ഉള്ളവരാണ് . ഇതിൽതന്നെ 13 % പൊണ്ണത്തടി ക്കാരാണ് .5 വയസിൽ താഴെയുള്ള കുട്ടികളിൽ 41 മില്യണും , 5തൊട്ടു 19 വയസുവരെ ഉള്ളവരിൽ 340 മില്യണും , അമിത വണ്ണം ഉള്ളവരാണ് . നമ്മൾ ഇന്ത്യക്കാർ പല കാര്യങ്ങളിലും പുറകോട്ടാണേലും ഈ കാര്യത്തിൽ നമ്മളെ നിരാശപ്പെടുത്തിയിട്ടില്ല. നാഷണൽ ഫാമിലി ഹെൽത്ത് സർവേ -4 കണക്കു പ്രകാരം ആണുങ്ങളിൽ 18.9% ഉം , പെണ്ണുങ്ങളിൽ 20.7% ഉം അമിതവണ്ണം ഉള്ളവരാണ്.
ഇന്ത്യയിൽ പല കാര്യങ്ങളിലും കേരളമാണല്ലോ ഒന്നാമത് , ഈ വിഷയത്തിലും ഇഞ്ചോടിഞ്ചു പോരാട്ടം നടത്തി ചെറിയ വ്യത്യാസത്തിൽ ഡൽഹിക്കു പിന്നിലായി രണ്ടാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നമ്മുടെ കണക്കു ആണുങ്ങളിൽ 28.4 %ഉം പെണ്ണുങ്ങളിൽ 32.4 %ഉം ആണ് . അങ്ങനെ നമ്മുടെ മലയാളക്കര അമിതവണ്ണത്തിന്റെ കാര്യത്തിലും വികസിത രാജ്യങ്ങൾക്കു ഒപ്പം എത്തിയിട്ടുണ്ട് . ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത് വരാനിരിക്കുന്ന വലിയ ഒരു വിപത്തിലേക്കാണ് . പ്രത്യേകിച്ചും നമ്മുടെ കുട്ടികളിലെ കണക്കുകൾ .

ഇനി ലിങ്കുകൾ ഇടേണ്ട, വാട്ട്സാസിപ്പിലെ പശുവിനെ പുല്ലും തീറ്റിക്കണ്ട! - ചുരുക്കം ചില പഠനങ്ങളിൽ ശരീരഭാരം കൂടിയവരിൽ മരണ നിരക്ക് കുറഞ്ഞതായി കണ്ടിട്ടുണ്ട് . വളരെ അധികം തെളിവുകൾ നേരെ തിരിച്ചാണ് . വിദഗ്ദ്ധർ ഈ പഠനങ്ങളിൽ ചില ഗുരുതര പിഴവുകൾ ചൂണ്ടി കാട്ടിയിട്ടുണ്ട് . ഒന്ന് - പുകവലി വിശപ്പിനെ കെടുത്തും . പുകവലിക്കാർ പലരും മെലിഞ്ഞിട്ടാണ് . എന്നാൽ മരണനിരക്ക് കൂടുതൽ ആയിരിക്കും . പല പഠനങ്ങളിലും പുകവലിയുടെ തോത് ശരിയായി അളന്നിട്ടില്ല .
രണ്ട് - ക്രോസ്സ് സെക്ഷണൽ ആയി നോക്കുമ്പോൾ, പഠനം ശരിയല്ലെങ്കിൽ , ഗുരുതര അസുഖങ്ങൾ മൂലം മെലിയുന്ന ആളുകളും ഡാറ്റ യിൽ പെടും .
ഈ കാരണങ്ങൾ കൊണ്ട് , ചില പഠനങ്ങൾ വിശ്വാസ യോഗ്യം അല്ല . നല്ല പഠനങ്ങൾ എല്ലാം കാണിക്കുന്നത് , അമിത ശരീരഭാരവും , പൊണ്ണത്തടി പ്രത്യേകിച്ചും , ആരോഗ്യത്തിനു നല്ലതല്ല എന്ന് തന്നെ ആണ് .

എന്താണ് പൊണ്ണത്തടിക്കു കാരണം ?

വളരെ ചുരുക്കമായി പറഞ്ഞാൽ , , സാധാരണ ജീവിത പ്രക്രിയക്ക് വേണ്ടതുമായ (ബേസൽ മെറ്റബോളിക് റേറ്റ് ), ഭക്ഷണത്തേക്കാൾ കൂടുതൽ തിന്നാൽ അത് കൊഴുപ്പായി ശരീരം സൂക്ഷിച്ചു വക്കും . ഇതാണ് പൊണ്ണത്തടിയുടെ പ്രധാന കാരണം . ഈ ഒരു അവസ്ഥ എങ്ങനെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു ? അതിനുള്ള കാരണങ്ങൾ ഇതാണ് .

1. ജനിതക കാരണങ്ങൾ : കഴിക്കുന്ന പോഷകങ്ങളെ കൊഴുപ്പാക്കി മാറ്റി സൂക്ഷിക്കാനുള്ള കഴിവ് ചിലരിൽ ജനിതകമായി ഉണ്ടാവാറുണ്ട് . അതുകൊണ്ടാണ് ചിലർ കുറച്ചു കഴിച്ചാലും പെട്ടന്ന് വണ്ണം വെക്കുന്നു എന്ന് പരാതിപറയുന്നത് .

2. പാരിസ്ഥിക കാരണങ്ങൾ : ജനിതക കാരണങ്ങൾ കൊണ്ടുമാത്രം ഇത്രയുമധികം അമിതവണ്ണം ഉള്ളവർ എങ്ങനെ ഉണ്ടാകുന്നു എന്ന് വിശദീകരിക്കാൻ സാധിച്ചിട്ടില്ല . അപ്പോളാണ് ഇങ്ങനെ ഒരു വാദം ഉണ്ടായതു . മനുഷ്യന് ആദ്യ കാലങ്ങളിൽ എന്തെങ്കിലും കഴിക്കണമെങ്കിൽ ,പ്രകൃതിയോടും വന്യജീവികളോടും പടപൊരുതി വേണമായിരുന്നു കണ്ടെത്താൻ . അങ്ങനെ കണ്ടെത്തുന്ന പോഷകങ്ങൾ ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ള പട്ടിണിയെ കുറിച്ച് ഓർത്തു സംരക്ഷിച്ചു വെക്കുന്ന ശീലം നമ്മുടെ ശരീരത്തിന് ഉണ്ടായി . അതിനായി ഊർജ്ജം നഷ്ടപ്പെടുന്ന കാര്യങ്ങൾ വളരെ കുറച്ചു , മടി നമ്മുടെ ഒരു പ്രധാന സവിശേഷതയായി വളർന്നു . പിന്നീട് വ്യവസായ വിപ്ലവം ഒക്കെ കഴിഞ്ഞതോടെ ഭക്ഷണം മിക്കവർക്കും ഇഷ്ടംപോലെ ലഭിച്ചു തുടങ്ങി , പക്ഷെ ഊർജ്ജം സൂക്ഷിക്കുന്ന കാര്യവും മടിയും മാത്രം മാറിയില്ല . ഒപ്പം ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും വരവ് നമ്മുടെ ഊർജ്ജ ഉപയോഗം നന്നേ കുറച്ചു. ഊർജ്ജം കളയണമെങ്കിൽ നമ്മൾ ബോധപൂർവം വ്യായാമം ചെയ്യേണ്ടി വന്നു , എന്നാൽ നമ്മൾക്കൊപ്പം വളർന്ന മടി ഇതിനു തടസ്സമായി . ഇപ്രകാരം ഭക്ഷണത്തിന്റെ ലഭ്യത കൂടിയതും , ചിലവാക്കൽ കുറഞ്ഞതും പൊണ്ണത്തടി ഉണ്ടാക്കുന്ന ഒരു ചുറ്റുപാട് ഉണ്ടാക്കി . വ്യവസായ വിപ്ലവത്തിന് ശേഷം അമിതവണ്ണക്കാരുടെ എണ്ണം കുത്തനെ കൂടാനുള്ള കാരണം ഇതാണെന്നാണ് കരുതുന്നത് .

3. ഭക്ഷണരീതിയും , ചില തീറ്റ രോഗങ്ങളും : കാലം പുരോഗമിച്ചത് അനുസരിച്ചു നമ്മുടെ ഭക്ഷണ രീതിയിൽ വന്ന മാറ്റം വളരെ വലുതാണ് . ഊർജ്ജം നിറഞ്ഞ, രുചികരമായ ഭക്ഷണ സാധനങ്ങൾ ഒരു പതിവായി . അതേ സാധനം തന്നെ വീണ്ടും വീണ്ടും കഴിക്കാനുള്ള ആഗ്രഹം ആസക്തി പോലെ ചിലരിൽ ഉണ്ടാവും, ഫുഡ് അഡിക്ഷൻ എന്നാണ് ഇതറിയപ്പെടുന്നത് . ഇതും അമിതവണ്ണത്തിന് കാരണമാകും . അതുപോലെ നൈറ്റ് ഈറ്റിംഗ് സിൻഡ്രോം , ഗ്രേസ് ഈറ്റിംഗ് സിൻഡ്രോം , anxiety ,വിഷാദം , തുടങ്ങിയ അവസ്ഥകൾ ഉള്ളവരിലും അമിതവണ്ണം ഉണ്ടാകാനുള്ള സാദ്യത വളരെ കൂടുതലാണ്.

4. ഭക്ഷണവുമായി ബന്ധമില്ലാതെ നമ്മുടെ മെറ്റബോളിസത്തെ ബാധിക്കുന്ന ചില അസുഖങ്ങൾ പൊണ്ണത്തടി ഉണ്ടാക്കാം .

എങ്ങനെ അമിതവണ്ണം നിയന്ത്രിക്കാം ?

വളരെ ബുദ്ധിമുട്ടേറിയ പരിപാടിയാണ് ഇത് . ഓരോ വ്യക്തിയുടെയും അമിത വണ്ണത്തിന്റെ തീവ്രത , മറ്റു അസുഖങ്ങൾ , എത്ര ഭാരം കുറക്കണം ഈ ഘടകങ്ങൾ അനുസരിച്ചു ചികിത്സയിൽ വ്യത്യാസം വരുത്താം . മാർഗ്ഗങ്ങൾ ഇവയാണ്

1.ബിഹേവിയറൽ weight മാനേജ്‌മെന്റ് : അമിത വണ്ണത്തിലേക്കു നയിക്കുന്ന സ്വഭാവ സവിശേഷതകൾ , ഭക്ഷണ രീതിയിലെ പ്രശ്നങ്ങൾ ,ജീവിത ചര്യ പ്രശനങ്ങൾ ഇവയിൽ മാറ്റം വരുത്താനായുള്ള പദ്ധതിയാണ് ഇത് . ഏറ്റവും ആദ്യം ആരഭിക്കേണ്ടതും തുടരേണ്ടതുമായ കാര്യവും ഇതുതന്നെ.

2.ഭക്ഷണ ക്രമീകരണം : ഭാരം കുറയ്ക്കാൻ അത്യന്താപേക്ഷിതമാണ്. പലതരം ഡയറ്റ് പ്ലാനുകൾ ഇന്ന് ലഭ്യമാണ്.

3. വ്യായാമം : അധിക ഊർജ്ജം കത്തിച്ചു തീർക്കാൻ ഇതേ വഴിയുള്ളൂ. പക്ഷെ മുന്നേ പറഞ്ഞ മടി ഒരു തടസ്സമാണ്. ഇത്തിരി മനക്കരുത്ത് ഒക്കെ ഉണ്ടെങ്കിൽ ഈ മടിയെ പരാജയപ്പെടുത്തി മുന്നോട്ട് പോകാൻ പറ്റും.

4.മരുന്ന് ചികിത്സ: മുകളിൽ പറഞ്ഞ മാർഗങ്ങൾ പ്രതീക്ഷിച്ചപോലെ ഫലം നല്കാത്തപ്പോളാണ് മരുന്നുകൾ തുടങ്ങുന്നത്. വിശപ്പ് കുറക്കുന്ന, കഴിച്ച ഭക്ഷണത്തിൽ നിന്നു പോഷകങ്ങളുടെ ആഗീരണം തടയുന്ന, ഊർജ്ജ ഉപയോഗം കൂട്ടുന്ന അങ്ങനെ വിവിധ തരത്തിൽ മരുന്നുകളുണ്ട്.

5. ശസ്‌ത്രക്രിയകൾ :മറ്റു മാർഗ്ഗങ്ങൾ പരാജയപ്പെടുമ്പോഴും , ഗുരുതര പൊണ്ണത്തടി ഉള്ളവർക്കും .

വ്യക്തി അടിസ്ഥാനത്തിലാണ് ചികിത്സ മാർഗ്ഗങ്ങൾ നിശ്ചയിക്കുക . ചിലരിൽ ഒന്നിലധികം പദ്ധതികൾ ഒരുമിച്ചു ഉപയോഗിക്കേണ്ടതായും വരാം . അമിത ശരീര ഭാരം ഉള്ള രോഗികളുടെ പ്രമേഹം പൂർണമായും കുറെ നാളത്തേക്ക് മാറ്റാൻ ശരീര ഭാരം നന്നായി കുറക്കുന്നതിലൂടെ സാധിക്കും എന്ന് അടുത്ത കാലത്തെ പഠനങ്ങൾ കാണിക്കുന്നു . ഇതേ കാരണം കൊണ്ടാണ് നാച്ചുറോപ്പതി മൂലം പൂർണമായി പ്രമേഹം മാറി എന്നൊക്കെ പറയുന്നത് . രക്താതിമർദവും പൊണ്ണത്തടി നിയന്ത്രിക്കുന്നതിലൂടെ കുറക്കാൻ പറ്റും .

എഴുതിയത്: ഡോ. ജിമ്മി മാത്യു, ഡോ. ജിതിൻ ടി. ജോസഫ്, ഡോ. അൻജിത് ഉണ്ണി
കടപ്പാട്  : ഇൻഫോ ക്ലിനിക്

advertisment

News

Super Leaderboard 970x90