Kerala

മദ്യ മുതലാളിയും കൊള്ളപ്പലിശ മുതലാളിയും പള്ളിക്കും പട്ടക്കാരനും പ്രിയങ്കരരാവുന്ന ഇക്കാലത്ത് തെമ്മാടിക്കുഴി തന്നെ വലിയൊരു ഔദാര്യമല്ലേ?

ആരാണ് സത്യം പറയുന്നത് ആര് കളവു പറയുന്നു എന്നത് വ്യക്തമല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. സിറോ മലബാര്‍ സഭ ഒരു വലിയ പ്രതിസന്ധിയെ തന്നെയാണ് അഭിമുഖീകരിക്കുന്നത്. ഇതിനു കാരണമായത് സ്വത്തു തര്‍ക്കം ആണെന്നത് ഏതൊരു ക്രൈസ്തവ വിശ്വാസിയെയും ഏറെ കുത്തിനോവിക്കുന്ന ഒരു വസ്തുതയും!

മദ്യ മുതലാളിയും കൊള്ളപ്പലിശ മുതലാളിയും പള്ളിക്കും പട്ടക്കാരനും പ്രിയങ്കരരാവുന്ന ഇക്കാലത്ത് തെമ്മാടിക്കുഴി തന്നെ വലിയൊരു ഔദാര്യമല്ലേ?

വാര്‍ത്താ മാധ്യമങ്ങളില്‍ കുറച്ചു ദിവസമായി പ്രത്യക്ഷപ്പെടുന്ന പ്രധാന വാര്‍ത്തകളിലൊന്ന് അങ്കമാലി – എറണാകുളം അതിരൂപതയേയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൂടി ഉള്‍പ്പെട്ട ഭൂമിക്കച്ചവടത്തെയും ഇത് സംബന്ധിച്ച് സിറോ മലബാര്‍ സഭയില്‍ ഉയര്‍ന്നിട്ടുള്ള അതിരൂക്ഷമായ തര്‍ക്കത്തെയും കുറിച്ചുള്ളതാണ്. സഭാ വിശ്വാസികള്‍ മാത്രമല്ല അതിരൂപതക്ക് കീഴിലുള്ള പുരോഹിതന്മാര്‍ തന്നെ ഈ വിഷയത്തില്‍ രണ്ടു ചേരിയിലായിരിക്കുന്നുവെന്നതാണ് ഭൂമിക്കച്ചവടവിവാദവുമായി ബന്ധപ്പെട്ട ഈ കലഹത്തെ കൂടുതല്‍ ത്രീവ്രമാക്കുന്നത്.അതിരൂപതക്ക് കീഴില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ കോളേജ് തുടങ്ങുക എന്ന ലക്ഷ്യത്തോടെ മറ്റൂരില്‍ 23.22 ഏക്കര്‍ ഭൂമി വാങ്ങുകയും പിന്നീട് ലാഭകരമല്ലെന്നു കണ്ട് പ്രസ്തുത പ്രൊജക്റ്റ് വേണ്ടെന്നു വെക്കുകയും ഭൂമി വാങ്ങാനായി ബാങ്കില്‍ നിന്നും 58 കോടി രൂപ വായ്പയെടുത്ത വകയിലുണ്ടായ കട ബാധ്യത തീര്‍ക്കാന്‍ വേണ്ടി അത് ചെറിയ വിലക്ക് മറിച്ചുവില്‍ക്കുകയും ചെയ്യുന്നിടത്തു നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് തോന്നാമെങ്കിലും ഭൂമിക്കച്ചവടത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നവര്‍ ഉന്നയിക്കുന്ന മറ്റൊരു ഗുരുതരമായ ആരോപണം കടബാധ്യത തീര്‍ക്കാനെന്ന വ്യാജേന അതിരൂപതയ്ക്ക് പൈതൃകമായി കിട്ടിയ കൊച്ചിയിലെ തൃക്കാക്കര, മരട്, വെണ്ണല, കാക്കനാട് എന്നിവിടങ്ങളിലെ കണ്ണായ ഭൂമി ചിലര്‍ ചേര്‍ന്ന് കള്ളക്കച്ചവടം നടത്തി സഭയെയും വിശ്വാസികളെയും ഒരുപോലെ വഞ്ചിച്ചു സ്വാര്‍ത്ഥലാഭം നേടിയെന്നതാണ്. ഇതിനു കൂട്ടുനിന്നുവെന്നതിന്റെ പേരിലാണ് അതിരൂപത സംരക്ഷണ ക്യാമ്പയിന്‍ നടത്തുന്നവര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിസ്ഥാനത്തു നിറുത്തുന്നത്.

ഭൂമിക്കച്ചവടങ്ങള്‍ ഒട്ടും സുതാര്യമായിരുന്നില്ലെന്നതാണ് വിമര്‍ശകരുടെ പ്രധാന വാദം. ആലോചന സമിതി, സാമ്പത്തിക സമിതി, വൈദിക സമിതി, പാസ്റ്റര്‍ സമിതി എന്നിവയെ അറിയിക്കാതെ കോടിക്കണക്കിനു വിലവരുന്ന ഭൂമിക്കച്ചവടം എന്തിനു നടത്തിയെന്നാണ് അവരുടെ ചോദ്യം.

ആര്‍ച്ച് ബിഷപ്പ് മാര്‍ കര്‍ദിനാള്‍ ആലഞ്ചേരി ചങ്ങനാശ്ശേരിക്കാരന്‍ ആയതിനാല്‍ അങ്കമാലി -എറണാകുളം അതിരൂപതയില്‍ പെട്ട ചില പാതിരിമാര്‍ അദ്ദേഹത്തെ മനഃപൂര്‍വം ദ്രോഹിക്കാന്‍ ശ്രമിക്കുകയാണെന്നും ഇപ്പോള്‍ നടക്കുന്ന പ്രചാരണം അതിന്റെ ഭാഗമാണെന്നുമാണ് ആലഞ്ചേരി പിതാവിനെ അനുകൂലിക്കുന്നവരുടെ വാദം. തന്നെയുമല്ല എല്ലാ ഇടപാടുകളും അതാതു സമിതികളില്‍ അതാത് സമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ഈ വസ്തുത മറച്ചുവെച്ചാണ് ചിലര്‍ സഭയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തുവന്നിരിക്കുന്നതെന്നുമാണ് ഇവര്‍ പറയുന്നത്.

ആരാണ് സത്യം പറയുന്നത് ആര് കളവു പറയുന്നു എന്നത് വ്യക്തമല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. സിറോ മലബാര്‍ സഭ ഒരു വലിയ പ്രതിസന്ധിയെ തന്നെയാണ് അഭിമുഖീകരിക്കുന്നത്. ഇതിനു കാരണമായത് സ്വത്തു തര്‍ക്കം ആണെന്നത് ഏതൊരു ക്രൈസ്തവ വിശ്വാസിയെയും ഏറെ കുത്തിനോവിക്കുന്ന ഒരു വസ്തുതയും! ബൈബിള്‍ വിശുദ്ധ ഗ്രന്ഥമായി കൊണ്ടുനടക്കുകയും അതിലൂടെ യേശുവിനെയും അവന്റെ വചനങ്ങളെയും പ്രഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പൗരോഹിത്യം തന്നെയാണ് ബൈബിളിനു നിരക്കാത്ത ഒരു പ്രവര്‍ത്തിയുടെ പേരില്‍ ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത് എന്നത് വിരോധാഭാസമായി തോന്നിയേക്കാം.

സ്വത്തു സമ്പാദനത്തെക്കുറിച്ചു യേശു പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്ന മത്തായിയും ലൂക്കയുമൊക്കെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഭൂമിയില്‍ നിക്ഷേപം കരുതിവെക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവെക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല ; കള്ളന്മാര്‍ മോഷ്ട്ടിക്കുകയില്ല. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും’ – മത്തായി 6 : 19

യേശു വീണ്ടും പറയുന്നു: ‘രണ്ടു യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമനെയും (ധനം) സ്‌നേഹിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. – മത്തായി – 6 : 24.

അല്ലെങ്കിലും യേശുവിന്റെ ജീവിതവും വചനങ്ങളും മെത്രാന്മാര്‍ക്കും പാതിരിമാര്‍ക്കും സഭയോട് ഒട്ടിനില്‍ക്കുന്ന ധനവാന്മാര്‍ക്കും പാലിക്കാനുള്ളതല്ലല്ലോ. അതൊക്കെ പാവപ്പെട്ട അല്മായര്‍ക്കു ഉള്ളതല്ലേ. അവര്‍ നെറ്റിയിലെ വിയര്‍പ്പു ചിന്തി അപ്പം വില്‍ക്കട്ടെ. സഭാ നിയമങ്ങള്‍ വള്ളിപുള്ളി വിടാതെ പാലിക്കട്ടെ. പട്ടിണി കിടന്നു പള്ളിക്കു പതാരവും ഓഹരിയും നല്കട്ടെ. അല്ലെങ്കില്‍ അവര്‍ മഹോറോണ്‍ കൊല്ലപ്പെടുകയും തെമ്മാടിക്കുഴിക്ക് അര്‍ഹരാവുകയും ചെയ്യപ്പെടും. തീര്‍ച്ച. മദ്യ മുതലാളിയും കൊള്ളപ്പലിശ മുതലാളിയും ഒക്കെ പള്ളിക്കും പട്ടക്കാരനും ഏറെ പ്രിയങ്കരാവുന്ന ഇക്കാലത്തു ഈ തെമ്മാടിക്കുഴി തന്നെ വലിയൊരു ഔദാര്യമല്ലേ ?

കെ എ ആന്റണി അഴിമുഖത്തിൽ പോസ്റ്റ് ചെയ്തത്

advertisment

News

Super Leaderboard 970x90