മദ്യപാനികളുടെ മാനിഫെസ്റ്റോ - നമത്

മാന്യമായ അന്തരീഷത്തിൽ കൊളളാവുന്ന ഫുഡ് സഹിതം ഇരുന്നു കഴിക്കുന്ന വിധം മദ്യപാനിയെ ഉപചരിക്കണ്ട. അഭയാർത്ഥികളു ഭക്ഷണത്തിനു കാത്തു നിൽക്കുന്നതു പോലെ ബിവറേജസ്സിനു മുന്നിൽ ക്യൂ നിൽക്കുന്നതെങ്കിലുമൊഴിവാക്കിക്കൂടെ? കാശു വാങ്ങിപോക്കറ്റിലിടുമ്പോൾ മിനിമം കസ്റ്റമർ സർവീസെങ്കിലും കാണിച്ചു കൂടെ. സബ്സിഡിയുളള റേഷനരി വാങ്ങാനാല്ല പാവപ്പെട്ട മദ്യപാനി ക്യൂ നിൽക്കുന്നത്. അഞ്ഞൂറും അറുനൂറും മടങ്ങ് നികുതി കൊടുത്ത് കൊളളവിലയ്ക്ക് വാങ്ങാനാണ്. ആ പ്രീമിയത്തോടൊരു ബഹുമാനം. മിനിമം സാമാന്യ മര്യാദ. വെയിലും മഴയും കൊളളാതെയും വളിച്ച മുഖവും തിമിരും കാണാതെയും സ്വന്തം കാശു മുടക്കാനുളള അവസരം....

 മദ്യപാനികളുടെ മാനിഫെസ്റ്റോ - നമത്

 മദ്യപാനികളുടെ മാനിഫെസ്റ്റോ. ഇതാരോ നേരത്തെ ഉപയോഗിച്ചതാണെന്നൊരോർമ്മ. പക്ഷെ മറ്റൊന്ന് ചേരില്ല. അതു കൊണ്ട് കേരള കോൺഗ്രസ്സു പോലെ ബ്രാക്കറ്റിൽ നമത് എന്നു ചേർക്കുന്നു. സർവ്വകേരള മദ്യപാനികളെ സംഘടിക്കുവിൻ സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ. നഷ്ടപ്പെടാൻ കൈവിലങ്ങു പോലുമില്ല. നേടിയെടുക്കാനാണെങ്കിൽ മദ്യപാനികളുടെ അന്തസ്സ്.

മനസ്സിലാവാത്തവർക്ക്. ദിവസം രണ്ടു ഡബിൾ ലാർജ്ജടിക്കുന്ന ശരാശരി മദ്യപാനി എന്ന വ്യക്തി കൊടുക്കുന്ന മുന്നൂറു രൂപയിൽ ഇരുനൂറ്റമ്പതിലധികവും പോകുന്നത് സർക്കാരിൻറെ ഖജനാവിലേക്കാണ് നികുതിയിനത്തിൽ. ശബരിമലയ്ക്കു പോകാൻ മാലയിട്ട വകേലും നോമ്പു പിടിച്ച വകേലും ഒരു മാസം എഴുതിത്തളളിയാലും ശിഷ്ടം മുന്നൂറ്റി മുപ്പതേ ഗുണം ഇരുനൂറ്റിയമ്പത് ശരാശരി മദ്യപാനി സർക്കാർ ഖജനാവിലേക്ക് നികുതിയടയ്ക്കുന്നുണ്ട്. ഏകദേശം എൺപത്തി മൂവായിരിത്തിച്ചിലറ രൂപ. പ്രതിവർഷം. എൺപത്തി മൂവായിരം വരുമാന നികുതിയടയ്ക്കുന്ന എത്ര സർക്കാരുദ്യോഗസ്ഥരുണ്ട്? എത്ര വ്യാപാരികളുണ്ട്? എത്ര സ്ഥാപനങ്ങളുണ്ട്? മദ്യത്തിൻറെ പ്രഖ്യാപിത ശത്രുക്കളെത്ര പളളീലച്ചൻമാരുണ്ട്? സാരോപദേശക്കാരും സദാചാരക്കാരുമുണ്ട്. പോക്കറ്റീന്നു കാശു പോവുന്നതു വരേയുളളു മിക്കവാറും തൊലിപ്പുറത്തെ ആദർശങ്ങളൊക്കെ.

അരഞ്ഞാണത്തിനും മുലയ്ക്കും മീശയ്ക്കും വരെ നികുതിയുണ്ടാരുന്ന തീവെട്ടിക്കൊളളയും ജനാധിപത്യവും തമ്മിലുളള വ്യത്യാസം സർക്കാർ ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് ഭരിക്കുന്നുവെന്നല്ലേ? മദ്യപാനികൾ ജനങ്ങളല്ലേ? അവർക്ക് പൌരാവകാശമില്ലേ? തീവെട്ടിക്കൊളളയ്ക്കു പകരം മാന്യമായ നികുതിക്കുളള അവകാശമില്ലേ? കുറഞ്ഞത് തിരുപ്പതി ദേവസ്ഥാനത്തു കാണുന്നതു പോലെ അധികം കാശു കൊടുക്കുന്നവനു പ്രീമിയം പരിഗണന. പോട്ടെ തിയറ്ററിൽ ബാൽക്കണി ടിക്കറ്റെടുക്കുന്നവനുളള പരിഗണനയെങ്കിലും?

 മദ്യപാനികളുടെ മാനിഫെസ്റ്റോ - നമത്

ഇല്ലെന്നു മാത്രമല്ല മദ്യപാനി കൃമികളിൽ കൃമിയാണ്. തൃണതുല്യനാണ്. സംശയമുണ്ടേൽ ഏതേലും ബിവറേജസ്സിൻറെ മുന്നിലൊന്നു ക്യൂ നിൽക്കണം. കൌണ്ടറിലുളള സാറിൻറെ മുതൽ വഴിയേ പോന്നവൻറേം ഓട്ടോക്കാരൻറെയും വരെ പുച്ഛം കാണണം. മദ്യപാനികളുടെ കുടുംബത്തു നിന്നും പിടിക്കുന്ന കൊളള നികുതിക്ക് ശമ്പളം വാങ്ങിക്കുന്ന സർക്കാരു വിലാസത്തിനറെ ജാഡ കാണണം. ശമ്പളം മുതൽ പെൻഷൻ വരെ കളളുകാശിൽ നിന്നും വാങ്ങുന്നവൻറെ മുഖത്തെ പുച്ഛം കാണണം.

ഗോവയിലും പോണ്ടിച്ചേരിയിലും മദ്രാസ്സിലും ബാംഗ്ലൂരുമൊക്കെ മുട്ടിനു മുട്ടിനു മദ്യഷാപ്പുകളുണ്ട്. ബാംഗ്ലൂരു മിക്കവാരും എല്ലാ തെരുവിലുമുണ്ട്. ബോംബെയിൽ ഹോട്ടലുകളിൽ മദ്യം വിളമ്പുന്നുണ്ട്. നിങ്ങളു കളളു കുടിച്ചോണ്ടിരിക്കുമ്പോൾ അപ്പുറത്ത് സകുടുംബം ആളുകൾ വന്നു ഫുഡ് കഴിച്ചേച്ചു പോവും. പ്രീമിയം ഇടങ്ങളില്ല. സാധാരണ സ്ഥലങ്ങളിലും. പിന്നെന്തു കൊണ്ടാണ് കേരളത്തിൽ മാത്രമിങ്ങനെ? അവിടാണ് പഴയ ആ മുലയ്ക്ക് നികുതി വെക്കുന്ന കള്ളു ചെത്തുന്ന കത്തിക്കും മോടത്തിനുമൊക്കെ കൊളള നികുതിയീടാക്കുന്ന സംസ്കാരത്തിൻറെ പാരമ്പര്യം. ഭരണം മാറിയപ്പോൾ പുതിയ രാജവംശങ്ങളായി പുതിയ പ്രജയും. സർക്കാരു ദാസനെന്ന പുതിയ രാജവംശത്തിൻറെ പുച്ഛം അവിടെ നിന്നാണ്.

ഫലം മദ്യപാനി നികൃഷ്ടനാണ്. ചന്തവട്ടത്തിനു കാശു കടം കൊടുക്കുന്ന ബ്ലേഡുകാരു പോലും ചെയ്യാത്ത ക്രൂരതയാണ് കളളിലെ നികുതി. കുടിശ്ശികയും അതിനു മുകളിലും ഡ്യൂ ഉളളപ്പോഴും ക്രഡിറ്റു കാർഡുകാരു പോലും കളളുനികുതിയേക്കാൾ മാന്യരാണ്. മുപ്പതു മുപ്പത്തി അഞ്ചു ശതമാനം പലിശയേ ഉളളൂ. ബാംഗ്ലൂര് പോലെ പോണ്ടിച്ചേരി പോലെ മദ്രാസ്സു പോലെ ബോംബെ പോലെ ഡൽഹി പോലെയായാൽ പണി പാളും. കൊളളപ്പലിശ നടക്കില്ല. കൊളളനികുതിയും നടക്കില്ല.

 മദ്യപാനികളുടെ മാനിഫെസ്റ്റോ - നമത്

ബാറുകളെല്ലാം വീണ്ടും തുറന്നെന്നു കേൾക്കുന്നു. പക്ഷെ ചാരായ നിരോധനത്തിനു ശേഷം ബാറുകളൊന്നും പഴയ ബാറുകളല്ല. പ്രീമിയത്തിലൊഴിച്ച് ജനം കസ്റ്റമർ സർവീസെന്നു കേട്ടിട്ടു പോലുമില്ല. വേണേ നക്കിയേച്ചു പോടാ തെണ്ടീന്നാണ് സർക്കാരിൻറെ കൊളള നികുതി കഴിഞ്ഞ് അതിൻറെ മുകളിൽ പിന്നെയും മാർജിനെടുക്കുന്ന സ്വകാര്യമേഖലയുടെ മുഖഭാവവും. തമിഴ് നാട്ടിലെ ബാറിൽ കയറിയാൽ തൊട്ടുനക്കാൻ കുറച്ചു പൊരിയോ അരക്കഷണം മുട്ടയോ കുറച്ചു കടലയോ ഡ്രിങ്കിൻറെ കൂടെ കിട്ടും. കേരളത്തിലതുമില്ല. പണ്ട് അസറ്റിക്കാസിഡൊഴിച്ച അച്ചാറിൻറെ ചാറേലുമുണ്ടാരുന്നു. തിയറ്ററിൽ കയറുന്ന പോലാണ്. ബാറിൽ കയറിയാൽ സൈഡ് ഡിഷ് പ്ലാസ്റ്റിക് പ്ലേറ്റിൽ കൊണ്ടു വെച്ചാലും ടാജിലെ വിലയാണ്. ദശയറക്കുന്ന കത്തിക്കു സർക്കാരെന്നും സ്വകാര്യമെന്നുമില്ല. സ്വന്തം കരളു വാട്ടി ഖജനാവിലേക്കു മുതൽ കൂട്ടുന്ന മദ്യപാനിയെ വിലയും.

ബിവറേജസിൽ ക്യൂ നിന്ന്, ഏതേലും കടയുടെ പുറകിലോ പറമ്പിലോ ഒളിച്ച് വെളളം പോലും ചേർക്കാതെ വാരിവലിച്ചു മോന്തി അസ്തമിക്കാനാണ് അവൻറെ വിധി. മദ്യവും മദ്യഉപയോഗവും ഒരു സത്യമാണ്. അതിനെ ആശ്രയിച്ചാണ് ഒരു ഖജനാവ് നടന്നു പോവുന്നത്. രാവിലെ എഴുതിയ പോലെ മദ്യപാനികളൊരാഴ്ച ബന്ദു പ്രഖ്യാപിച്ചാൽ എക്സ് ചെക്കറു പൂട്ടും. മുൻപൊരു കോടതി വിധി വന്നു തൽക്കാലത്തേക്കു ബാറടഞ്ഞപ്പോൾ ഖജനാവ് മുക്കറയിട്ടത് വേറാർക്കുമോർമ്മയില്ലേലും മന്ത്രിക്കേലും ഓർമ്മ കാണും.

മാന്യമായ അന്തരീഷത്തിൽ കൊളളാവുന്ന ഫുഡ് സഹിതം ഇരുന്നു കഴിക്കുന്ന വിധം മദ്യപാനിയെ ഉപചരിക്കണ്ട. അഭയാർത്ഥികളു ഭക്ഷണത്തിനു കാത്തു നിൽക്കുന്നതു പോലെ ബിവറേജസ്സിനു മുന്നിൽ ക്യൂ നിൽക്കുന്നതെങ്കിലുമൊഴിവാക്കിക്കൂടെ? കാശു വാങ്ങിപോക്കറ്റിലിടുമ്പോൾ മിനിമം കസ്റ്റമർ സർവീസെങ്കിലും കാണിച്ചു കൂടെ. സബ്സിഡിയുളള റേഷനരി വാങ്ങാനാല്ല പാവപ്പെട്ട മദ്യപാനി ക്യൂ നിൽക്കുന്നത്. അഞ്ഞൂറും അറുനൂറും മടങ്ങ് നികുതി കൊടുത്ത് കൊളളവിലയ്ക്ക് വാങ്ങാനാണ്. ആ പ്രീമിയത്തോടൊരു ബഹുമാനം. മിനിമം സാമാന്യ മര്യാദ. വെയിലും മഴയും കൊളളാതെയും വളിച്ച മുഖവും തിമിരും കാണാതെയും സ്വന്തം കാശു മുടക്കാനുളള അവസരം.

 മദ്യപാനികളുടെ മാനിഫെസ്റ്റോ - നമത്

സാമൂഹിക മദ്യപാനം റിക്രിയേഷണൽ ഡ്രിങ്കിങ്ങൊക്കെ കൂടി വരുന്ന കാലമാണ്. വൈകിട്ടടുത്ത സൂപ്പർമാർക്കറ്റീന്നൊരു കുപ്പീം വാങ്ങി വീട്ടിൽ പോവുന്നവനേറി വന്നാ ഒന്നോ രണ്ടോ കഴിക്കും. സ്വന്തമായോ പെണ്ണുമ്പിളള വെച്ചോ പാചകം ചെയ്ത്. മരത്തണലിൽ നിന്നു വലിച്ചു വാരികുടിച്ച് കരളു വാട്ടില്ല. മിച്ചറെന്ന പേരിലു കിട്ടുന്ന സാധനം വിഴുങ്ങി ഓക്കാനിക്കില്ല. എണ്ണപ്പലഹാരം തിന്നു കൊളസ്ട്രോളു കൂട്ടില്ല. സംഘം ചേർന്നുളള പ്രശ്നങ്ങളോ അമിതാഹരമോ നടക്കില്ല. തൊട്ടടുത്ത പല ചരക്കു കടയിൽ നിന്നൊരു കുപ്പി മദ്യം വാങ്ങി വീട്ടിൽ പോവുമ്പോൾ സമയം മുതൽ യാത്ര വരെ ലാഭമേറെയാണ്. റിസ്കുകളു കുറവും. തൊട്ടടുത്ത കടയിൽ നിന്നും കളളു വാങ്ങാവുന്ന അവസരമുണ്ടാക്കണം. കാശു കൊളളയടിക്കുമ്പോൾ അത്രേം മര്യാദ തിരിച്ചു മദ്യപാനിയോടു കാണിക്കണ്ടേ

വികസിത രാജ്യങ്ങളിലും സായിപ്പിൻറടുത്തുമൊന്നും പോവണ്ട. മെട്രോ നഗരങ്ങളു വരെ പോയാൽ മതി. മദ്യം കൊണ്ടു ഒരു സദാചാര ആകാശവുമിടിഞ്ഞു വീഴുന്നില്ല. സംഭവം മദ്യപൻറെ നികുതിപ്പണം കൊണ്ട് ശമ്പളവും പെൻഷനും വാങ്ങുന്ന സദാചാരപുംഗവൻമാർക്ക് മൂക്കിൽ കൈ വെച്ച് അയ്യേ പറയാനൊക്കില്ല. അത്ര തന്നെ. ജനാധിപത്യവും അവകാശങ്ങളുമൊക്കെ മദ്യപാനിക്കുമുളളതാണ്. ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട കുറ്റവാളിയല്ല മദ്യപാനി. ഗെറ്റോകളിൽ മുദ്ര കുത്തി വംശീയ ഉന്മൂലത്തിനു കാത്തു കിടക്കുന്ന ഇരയുമല്ല. മദ്യപിക്കാത്തവരെ പോലെ സാദാരണ ജീവിതം നയിക്കുന്ന, അവനവൻറെ അവസ്ഥയ്ക്കനുസരിച്ച് തിരിവെക്കുന്ന, പതിനെട്ടു വയസ്സു കഴിഞ്ഞ, സ്വന്തം പ്രവർത്തികളുടെ പരിണത ഫലത്തെക്കുറിച്ച് ബോധമുളള, സഹമദ്യപാനികൾ നിരന്തരം കൊഴിഞ്ഞു പോകുന്നത് കണ്ടു ഭയക്കുന്ന പൌരനാണ്. അവർക്കും അവകാശങ്ങളുണ്ട്. പൌരൻറെയല്ലെങ്കിൽ പോലും മാനുഷികാവകാശം.

#TAGS : namath   facebook  

advertisment

News

Super Leaderboard 970x90