പണ്ട് സവർണ്ണർ മാത്രം അമ്പലത്തിൽ പോയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അന്ന് അവർണ്ണരെ അമ്പലത്തിൽ കയറ്റണം എന്നു പറഞ്ഞവരെയൊക്കെ ഭീകരരാക്കി. ഭൂരിഭാഗവും ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞു. പക്ഷെ വർഷങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ, നമ്മളിലേറെയും ഇന്ന് അതിനെ അനുകൂലിക്കുന്നു.
പണ്ട് മാറു മറച്ചു സ്ത്രീകൾ നടന്നപ്പോൾ അതും ദൈവകോപം ഉണ്ടാക്കുമെന്ന് പറഞ്ഞവരാണ് ഏറെയും. പക്ഷെ ഇന്നിപ്പോൾ നമ്മളിലാർക്കും മാറു മറക്കുന്നതിന് എതിരെ ഒരു വിയോജിപ്പുമുണ്ടാകില്ല.
തൊട്ടു കൂടായ്മക ഇന്ന് നമ്മളിൽ ആരെങ്കിലും അംഗീകരിക്കുമോ? സവർണ്ണനെ അവർണ്ണൻ തൊടരുതെന്ന് ഇന്ന് ആരും പറയില്ല.
സതി എന്ന ആചാരം നിർത്തലാക്കിയപ്പോഴും ഒരുപാട് എതിർപ്പുകളുണ്ടായി. പക്ഷെ ഇന്നത് ശെരിയെന്നു നാമെല്ലാവരും തിരിച്ചറിയുന്നു.
ഹിന്ദു മതത്തിൽ ഒരുപാട് ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്. നല്ലതെന്ന് പിന്നീട് കാലം തെളിയിച്ച മാറ്റങ്ങൾ.
ഇന്ന് സ്ത്രീകൾക്ക് ശബരിമലയ്ക്ക് പോകാമെന്ന സുപ്രീംകോടതി വിധി കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ എല്ലാവരും അംഗീകരിക്കും. ഇല്ലെങ്കിലും കുഴപ്പമില്ല. അയ്യപ്പ സ്വാമിയേ lkg പഠിക്കുമ്പോൾ ഞാൻ കണ്ടിരുന്നു. അന്ന് അവിടുത്തെ തന്ത്രി എന്നെയടുത്തു വിളിച്ചു പ്രസാദം തന്നത് ഇന്നും ഞാൻ മറന്നിട്ടില്ല. ഇനിയുമാ പ്രസാദം ഇരുകൈയ്യും നീട്ടി വാങ്ങുമ്പോൾ കുരു പൊട്ടുന്ന എല്ലാവർക്കും മലയ്ക്ക് പോകുമ്പോൾ ഫോട്ടോ കാണിച്ചു തരാം.
നിങ്ങൾ മലയ്ക്ക് പോകുകയോ പോകാതെയിരിക്കുകയോ ചെയ്യാം. തികച്ചും വ്യക്തിപരമായ കാര്യം. പക്ഷെ മലയ്ക്ക് പോകുമെന്ന് പറയുന്ന സ്ത്രീകളെ അധിക്ഷേപിക്കുവാൻ ഏത് മതമാണ് നിങ്ങൾക്ക് അനുവാദം തരുന്നത്?
അയ്യപ്പ സ്വാമി തന്റെ ക്രൂരയായ രണ്ടാനമ്മയ്ക്ക് വേണ്ടി പുലിപ്പാൽ തേടി കാട്ടിൽ പോയവനാണ്.
ഞാൻ ആരോടും അമ്പലത്തിൽ പോകരുത് എന്നു പറഞ്ഞിട്ടില്ല. പ്രാർത്ഥിക്കരുതെന്ന് പറഞ്ഞിട്ടില്ല. ഒരു മതത്തെയും അവഹേളിച്ചിട്ടില്ല. പേട്ട തുള്ളുന്ന, വാവർ പള്ളിയും എരുമേലി അമ്പലവും സ്ഥിതി ചെയ്യുന്ന നാട്ടിൽ വളർന്ന എന്നെയാരും ശബരിമലയെന്തെന്നും, അയ്യപ്പ സ്വാമിയാരെന്നും ഇനി പറഞ്ഞു തരേണ്ടതുമില്ല.
ഭരണഘടനാപരവും നിയപരവുമായ ഒരു വിധിയെ സ്ത്രീയെന്ന നിലയിൽ മാത്രമല്ല, ഒരു മതവിശ്വാസി എന്ന നിലയിലും പൂർണ്ണ മനസ്സോടെ അംഗീകരിക്കുന്നു.
സ്വാമി ശരണം