Education

"വീണ്ടും ഒരു അധ്യയനവര്‍ഷം".......മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ?

രണ്ടു മാസങ്ങള്‍ കൊണ്ട് നഷ്ടപ്പെടുത്തിയ ജീവിതത്തിലെ ക്രമം തിരിച്ചു പിടിക്കേണ്ടി വരുന്നതാകണം സ്കൂള്‍ തുറക്കുന്ന കാലത്തെ ഇത്രയേറെ സമ്മര്‍ദങ്ങളുടെ പിടിയിലടക്കുന്നത്. അല്പം ചില ആസൂത്രണങ്ങളിലൂടെ നീങ്ങിയാല്‍ സ്കൂളില്‍ പോകുന്ന കിടാങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാം. സമയക്കുറവ് എന്നൊന്നില്ല എന്നറിയുക.

"വീണ്ടും ഒരു അധ്യയനവര്‍ഷം".......മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ?

പുത്തന്‍ യൂണിഫോമും ബാഗും നനച്ചു പെയ്യുന്ന മഴയിലേക്ക്‌ ഉണര്‍ന്നിറങ്ങാന്‍ അമ്മ വായ്ത്താരിയും വടിയുമായി വന്നാലും പുതപ്പിനകത്ത് നിന്ന് തലപൊക്കാന്‍ മടിച്ചിരുന്ന ജൂണ്‍ മാസത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി ഇനിയുമൊരു അധ്യയനവര്‍ഷം ആരംഭിക്കുകയാണ്. പതിവ് പോലെ എല്ലാ വര്‍ഷവും സംഭവിക്കുന്ന ഒന്നെങ്കിലും വേനലവധിയുടെ കെട്ടുപാടുകളില്‍ നിന്ന് വേര്‍പെട്ടു വണ്ടി നീങ്ങി തുടങ്ങാന്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ സംശയം തോന്നുന്ന കാലമാണിത്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പോലും ആശങ്കകളും ആവലാതികളുമാണ് എന്ന് മനസ്സിലാക്കുന്നത്‌ കൊണ്ട് അപ്പുറത്തെ വീട്ടിലും കറന്റില്ല എന്നറിയുമ്പോള്‍ കിട്ടുന്നത് പോലൊരു ആശ്വാസം ലഭിക്കുന്നു എന്ന് മാത്രം.

രണ്ടു മാസങ്ങള്‍ കൊണ്ട് നഷ്ടപ്പെടുത്തിയ ജീവിതത്തിലെ ക്രമം തിരിച്ചു പിടിക്കേണ്ടി വരുന്നതാകണം സ്കൂള്‍ തുറക്കുന്ന കാലത്തെ ഇത്രയേറെ സമ്മര്‍ദങ്ങളുടെ പിടിയിലടക്കുന്നത്. അല്പം ചില ആസൂത്രണങ്ങളിലൂടെ നീങ്ങിയാല്‍ സ്കൂളില്‍ പോകുന്ന കിടാങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാം. സമയക്കുറവ് എന്നൊന്നില്ല എന്നറിയുക. സമയത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നയിടത്താണ് കാര്യങ്ങളുടെ കിടപ്പുള്ളത്.

പുലർച്ചേ അൽപം നേരത്തേ എഴുന്നേൽക്കുന്ന ശീലമാണുത്തമം. രാവിലെ അൽപനേരം പഠിക്കുന്നതിന് ഈ രീതി സഹായിക്കുമെന്നതിന് സംശയമില്ല. കൂട്ടത്തില്‍ പത്രം ഓടിച്ചെങ്കിലും വായിക്കുന്ന ശീലം വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ലോകം മുഴുവന്‍ തിന്മയാണ്, പത്രത്തില്‍ പീഡനവും കൊലപാതകവും മാത്രമേയുള്ളൂ എന്നതിനാല്‍ മക്കള്‍ അതൊന്നും അറിയേണ്ടതില്ല എന്ന ചിന്തയുള്ളവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ലോകം എന്താണെന്ന് അറിഞ്ഞു തന്നെയാണ് മക്കള്‍ വളരേണ്ടത്. പ്രശ്നങ്ങള്‍ ഉണ്ടെന്നറിയാത്ത വ്യക്തി ഒരിക്കല്‍ പോലും അതിനുള്ള പരിഹാരങ്ങള്‍ പരിഗണിക്കുക കൂടിയില്ല. ഒടുക്കം, കൊത്തിയാട്ടാന്‍ പ്രായമാകുമ്പോള്‍ ലോകമെന്തെന്നറിയാത്തവരായി നമ്മുടെ മക്കള്‍ പുറംലോകത്ത് പകച്ചു നില്‍ക്കുന്ന അവസ്ഥ വന്നേക്കും. ചിറകിനടിയില്‍ നിര്‍ത്തി തന്നെ ചതിയും ചുഴികളും മക്കളെ പരിചയപ്പെടുത്തണം.

രാവിലെ എത്ര തിരക്കുണ്ടെങ്കിലും കുഞ്ഞിന് പ്രാതല്‍ കൊടുക്കണം. ഇത്‌ ഒരു ദിവസത്തേക്ക്‌ മുഴുവനുള്ള ഊർജമാണ്‌. കഴിക്കാന്‍ മടിയുള്ള കുഞ്ഞിന് ഒരു ഗ്ലാസ്‌ പാലിലോ ചുരുട്ടിക്കൂട്ടി കഴിക്കുന്ന ഒരു ദോശയിലോ ഈ ഭക്ഷണം ഒതുക്കരുത്‌. കാർബോഹൈഡ്രേറ്റും പ്രോട്ടീനുമടങ്ങുന്ന കൊമ്പിനേഷനുകളാണ്‌ ഉത്തമം. അച്ഛനും അമ്മയും ജോലിയുള്ളവരായ കുടുംബങ്ങളില്‍ ദിവസവും പുട്ടും കടലയും ഉണ്ടാക്കാനൊന്നും സാധിച്ചേക്കില്ല എന്നത് അംഗീകരിക്കുന്നു. പക്ഷെ, എളുപ്പപ്പണിയായി ഉണ്ടാക്കുന്ന സേമിയ ഉപ്പുമാവില്‍ കുറച്ചു നിലക്കടല ഇടുന്നതും, ഓട്സ് കൊണ്ട് ദോശ ചുടുമ്പോള്‍ കൂട്ടത്തില്‍ ഒരു ബുള്‍സ്ഐ ഉണ്ടാക്കുന്നതുമെല്ലാം ഇങ്ങനെയുള്ള ചില ബാലന്‍സിംഗ് പരിപാടികളാണ്. ഒരു ഗ്ലാസ് ജ്യൂസ് കൂടിയായാല്‍ ഉത്തമം.

രാത്രിയില്‍ പഠിക്കുമ്പോഴേ ടൈംടേബിൾ അനുസരിച്ചുള്ള പുസ്‌തകങ്ങൾ എടുത്ത്‌ വെപ്പിക്കുന്ന ശീലമുണ്ടാക്കിയാൽ രാവിലെ ആ ആശയക്കുഴപ്പം ഒഴിവാക്കാം. യൂണിഫോം ഇസ്തിരിയിടുന്നതും ഷൂ പോളിഷ് ചെയ്യുന്നതുമെല്ലാം ഈ നേരത്താക്കുന്നത് തന്നെയാണ് നല്ലത്. അല്ലെങ്കില്‍ പോകാന്‍ നേരത്ത് കണക്കിന്റെ നോട്ട്ബുക്ക് തിരഞ്ഞും സോക്സിന്റെ ഇണയെ തിരഞ്ഞും കലാപം ഉറപ്പ്. സൗകര്യത്തിന്റെ പേരിൽ മുഴുവൻ പുസ്‌തകങ്ങളും ദിവസവും കൊടുത്ത്‌ വിടരുത്‌. അഥവാ, കുട്ടി ദിവസവും ആവശ്യമുള്ള പുസ്‌തകങ്ങൾ മാത്രം കൊണ്ടു പോകുന്നു എന്നുറപ്പ്‌ വരുത്തുക. കൃത്യമായ അളവിലുള്ള സ്‌കൂൾബാഗ്‌ വാങ്ങിക്കൊടുക്കാൻ ശ്രദ്ധിക്കുക. കുഞ്ഞിന്‌ തോളുവേദനയും നടുവേദനയും വരാനുള്ള സാധ്യത കുറയും. വളഞ്ഞ് കുത്തി നില്‍ക്കുന്നതും നടക്കുന്നതും വളരുന്ന പ്രായത്തില്‍ ഒഴിവാക്കേണ്ടത് തന്നെയാണ്.

"വീണ്ടും ഒരു അധ്യയനവര്‍ഷം".......മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ?

സ്കൂളിലേക്ക് പാക്ക് ചെയ്യേണ്ട ഭക്ഷണമാണ് അടുത്ത ചര്‍ച്ചാവിഷയം. സ്‌നാക്ക്‌സായി കഴിവതും ബേക്കറി പലഹാരങ്ങൾ കൊടുക്കരുത്. പറയത്തക്ക പോഷകങ്ങള്‍ ഒന്നും ഇല്ലെന്നു മാത്രമല്ല, കുഞ്ഞുങ്ങള്‍ക്ക്‌ ആരോഗ്യത്തിന് ദോഷമായി ഭാവിക്കുന്ന പലതും അവയില്‍ അടങ്ങിയിട്ടുമുണ്ട്. അതിനു പകരം നട്ട്‌സ്‌/പഴങ്ങൾ/കടലമിഠായി തുടങ്ങി കുഞ്ഞുങ്ങളുടെ ശരീരത്തിന്‌ ആവശ്യമുള്ളത്‌ കൊടുത്തു വിടുക. വല്ലപ്പോഴും പ്രാതലിന്റെ വിഭവങ്ങള്‍ കൊടുത്തു വിട്ടാല്‍ പോലും ദോഷമില്ല. പക്ഷെ, അത് സ്ഥിരമാക്കുന്നത് കുഞ്ഞുങ്ങള്‍ക്ക്‌ ആവര്‍ത്തനവിരസതയുളവാക്കും.

ഇടവേളകളിൽ ടോയ്‌ലറ്റിൽ പോകണമെന്ന് കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. പെണ്‍കുട്ടികള്‍ക്ക് പൊതുവേ വീടിനു പുറത്തു പോയാല്‍ മൂത്രമൊഴിക്കാതിരിക്കുന്ന ശീലം കണ്ടു വരാറുണ്ട്. മൂത്രത്തില്‍ അണുബാധക്കും ശക്തമായ പനിക്കുമെല്ലാം സാധ്യതയുണ്ടാക്കുന്ന അവസ്ഥയാണിത്. ആവശ്യത്തിന്‌ കുടിവെള്ളം കൊടുത്തു വിടുക. കുഞ്ഞ്‌ കുടിക്കുന്നുണ്ടെന്നും, സ്‌കൂളിൽ മൂത്രമൊഴിക്കാൻ പോകുന്നുണ്ടെന്നും ഉറപ്പ്‌ വരുത്തുക. മാസമുറ സമയത്തെ വൃത്തിയിലും മിക്കപ്പോഴും നമ്മുടെ കുട്ടികള്‍ പുറകോട്ടാണ്. മാസമുറ തുടങ്ങും മുൻപേ കുട്ടികൾക്ക്‌ അതേക്കുറിച്ച്‌ ധാരണ കൊടുത്തിരിക്കണം. എവിടെ നിന്നെങ്കിലും ലഭിക്കുന്ന അബദ്ധധാരണകൾക്ക്‌ അവരെ വിട്ട്‌ കൊടുക്കരുത്‌. പലപ്പോഴും വീട്ടില്‍ നിന്ന് കൃത്യമായ ധാരണകള്‍ ലഭിക്കാത്തത് കാരണം മറ്റുള്ളവരോട് പോയി ചോദിച്ചു അപകടത്തില്‍ പെടുകയോ കൂട്ടുകാരുടെ കൈയില്‍ നിന്ന് ലഭിക്കുന്ന അല്പജ്ഞാനം കൊണ്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയോ ചെയ്യുന്നത് പതിവാണ്. വീട്ടില്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാതെ പോകുന്നത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ മിക്കപ്പോഴും സംഭവിക്കുന്നത്‌. കൂടെ, മാസമുറ തുടങ്ങിയ പെൺകുട്ടികൾക്ക്‌ പാഡ്‌ മാറ്റാനുള്ള സൗകര്യം സ്‌കൂളിലുണ്ടോ എന്നത്‌ രക്ഷിതാക്കൾ ശ്രദ്ധിക്കുക. രക്‌തസ്രാവം ഉണ്ടെങ്കിലും ഇല്ലെങ്കിലും എട്ട്‌ മണിക്കൂറിലധികം ഒരു പാഡ്‌ ഉപയോഗിക്കരുത്‌ എന്ന്‌ മക്കൾക്ക്‌ പറഞ്ഞ്‌ കൊടുക്കണം.

ഊണിന്‌ ചോറ്‌/ചപ്പാത്തി/റൊട്ടി/ഉപ്പുമാവ്‌ തുടങ്ങിയ കാർബോഹൈഡ്രേറ്റുള്ള ഭക്ഷണത്തോടൊപ്പം ധാതുലവണങ്ങൾക്കായി ഒരു ഭാഗം സാലഡ്‌/തോരൻ/വെജിറ്റബിൾ കറി, പയറുവർഗ്ഗങ്ങൾ/മുട്ട/മത്‌സ്യം/മാംസം എന്നിവയിൽ ഏതെങ്കിലും ഉൾപ്പെടുന്ന പ്രോട്ടീൻ എന്നീ രീതിയിൽ ടിഫിൻ സെറ്റ്‌ ചെയ്യുക. ‎ആവർത്തനവിരസതയുണ്ടാക്കുന്ന ഭക്ഷണമല്ല, പകരം രുചിയും ഭംഗിയും പുതുമയുമുള്ള പോഷകപ്രദമായ ആഹാരമാണ്‌ അവർക്ക്‌ അനുദിനം കൊടുത്തു വിടേണ്ടത്‌. ഇതിനും മാത്രം പുതുമ എവിടെയിരിക്കുന്നു എന്നാണോ ചിന്തിക്കുന്നത്? വെറുതെ ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ ലഞ്ച് ബോക്സിലേക്കുള്ള വിഭവങ്ങളുടെ വലിയ പെരുന്നാളാണ്. പോഷകത്തോടൊപ്പം കൗതുകവും സ്നേഹവും കൂടി മക്കളെ ഊട്ടാനുള്ള സൂത്രപ്പണികള്‍ ആണെന്ന് വിവേകശാലികളായ രക്ഷിതാക്കള്‍ക്ക് ആരും പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ.

വൈകുന്നേരം സ്‌കൂൾ വിട്ടു വന്ന ശേഷം അവർക്ക്‌ വയറു നിറയെ ഭക്ഷണം കഴിക്കാൻ കൊടുക്കാം. എളുപ്പത്തിന്‌ ഉച്ചയ്‌ക്കുണ്ടാക്കിയ ചോറ്‌നൽകുന്ന തെറ്റായ പ്രവണത കാണാറുണ്ട്‌. ഊര്‍ജം ആവശ്യമുള്ള പ്രായത്തില്‍ കുറച്ചു പഞ്ചസാരയോ എണ്ണയോ അടങ്ങിയ വിഭവങ്ങള്‍ നല്‍കുന്നതില്‍ തെറ്റൊന്നുമില്ല. ഇടയ്ക്കു അവല്‍ ശര്‍ക്കരയിട്ട് വിളയിച്ചത്, ചെറുപയര്‍ ശര്‍ക്കരയിട്ട് വേവിച്ചത്, ആവിയില്‍ വേവിച്ച കൊഴുക്കട്ട, രാഗി കൊണ്ട് ഉണ്ടാക്കിയ അട തുടങ്ങിയവ ആവശ്യത്തിനു പോഷകങ്ങള്‍ നല്‍കും. നൂഡില്‍സും പഫ്സുമൊക്കെ വല്ലാതെ കൊതിയാകുമ്പോള്‍ വല്ലപ്പോഴും എന്ന രീതിയില്‍ ഒതുക്കുന്നതാണ് നല്ലത്. അവിൽ, ശർക്കര, ഈന്തപ്പഴം, ഉണക്കമുന്തിരി, റാഗി, ഇലക്കറികൾ, സോയാബീൻ, നെല്ലിക്ക എന്നിവയിൽ ഏതെങ്കിലുമൊന്ന്‌ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത്‌ വിളർച്ച തടയും. അത്‌ വഴി കുട്ടികൾക്ക്‌ ക്ഷീണം കുറയുകയും പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യും. ‎ഒരു വയസ്സിന്‌ മീതെയുള്ള കുട്ടികൾക്ക്‌ ആറ്‌ മാസത്തിൽ ഒരിക്കലെങ്കിലും വിരയിളക്കുന്നതും വിളർച്ച കുറയ്‌ക്കും.

"വീണ്ടും ഒരു അധ്യയനവര്‍ഷം".......മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ?

സ്കൂളില്‍ കൊടുത്തു വിടുന്ന ഭക്ഷണം പകുതി കളഞ്ഞാണ് മിക്ക കുട്ടികളും തിരിച്ചു വരാറുള്ളത്. അത്തരക്കാര്‍ക്കുള്ള പരിഹാരക്രിയ കൂടിയാണ് വൈകുന്നേരത്തെ ഭക്ഷണം. പക്ഷേ, അതും കഴിച്ചു ടിവിയുടെ മുന്നില്‍ ചുരുണ്ടുകൂടാന്‍ വിടരുത്. വീട്ടിലുണ്ടാക്കിയ സ്‌നാക്ക്‌സിനോടൊപ്പം ഒരു ഗ്ലാസ്‌ ജ്യൂസോ ചായയോ നൽകി കളിക്കാൻ വിടുക.

‎ടിവി/ലാപ്‌ടോപ്‌/ടാബ്‌/മൊബൈൽ ഫോൺ ഏത്‌ തന്നെയായാലും ഇതെല്ലാം കൂടി ദിവസത്തിൽ രണ്ട്‌ മണിക്കൂറിലധികം നൽകരുതെന്ന് ശാസ്ത്രം അനുശാസിക്കുന്നു. അത് പോലെ, കളിസമയം മുഴുവനും ടാബിലെയും കമ്പ്യൂട്ടറുകളിലെയും ഗെയിമുകളിൽ തളച്ചിടപ്പെടാൻ അനുവദിക്കരുത്. മറിച്ച്‌ അവർ കളിസ്‌ഥലങ്ങളിൽ ചെന്ന്‌ വൈകുന്നേരം ഒന്ന്‌ പുറംലോകം കണ്ട്‌ വരട്ടെ. ഗ്രാമത്തിലായാലും നഗരവാസികളായാലും വീടിന്‌ ചുറ്റുമുള്ള'കുട്ടിക്കൂട്ടായ്‌മകൾ' കണ്ടെത്തി കുഞ്ഞുങ്ങളെ കളിക്കാൻ വിടുന്നത്‌ അവർക്ക്‌ മാനസികമായും ശാരീരികമായും വലിയ ഊർജം പകരും.

കളിച്ച്‌ വന്ന്‌ ഒന്ന്‌ കുളിച്ച ശേഷമാകട്ടെ പഠനം. അടുക്കളയിൽ ഒരു കുഞ്ഞു മേശയിട്ടാൽ അമ്മയുടെ ജോലിയും കുഞ്ഞിന്റെ പഠനവും ഒന്നിച്ച്‌ നടക്കും. അമ്മ/അച്‌ഛൻ ഉച്ചത്തിൽ ടിവി വെച്ച്‌ അപ്പുറത്ത്‌ കുഞ്ഞിനോട്‌ തനിച്ചിരുന്ന്‌ പഠിക്കാൻ പറയുന്നത്‌ തെറ്റാണ്‌. എത്ര തിരക്കുണ്ടെങ്കിലും ദിവസത്തിൽ അൽപസമയമെങ്കിലും പഠിക്കുന്ന കുട്ടിയോടൊപ്പമിരുന്ന്‌ അവരുടെ പഠനപുരോഗതി കടുപ്പത്തിന്റെ ഭാഷയിലല്ലാതെ വിലയിരുത്തണം. അവസാനം മാവേലിയെ പോലെ വര്‍ഷത്തില്‍ ഒരിക്കല്‍ പ്രോഗ്രസ് കാര്‍ഡ് വാങ്ങാന്‍ ചെല്ലുന്ന ദിവസം ടീച്ചര്‍മാരും കുട്ടിയും ഒരുപോലെ മുഖത്ത് നോക്കി കണ്ണുരുട്ടുന്ന ദൃശ്യം ഒന്ന് മനസ്സില്‍ കാണുന്നത് നന്നായിരിക്കും.

"വീണ്ടും ഒരു അധ്യയനവര്‍ഷം".......മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ?

രാത്രിഭക്ഷണം കുടുംബത്തോടൊപ്പം എന്നത്‌ ഒരു നിയമമാക്കുക. ആ നേരത്ത്‌ ഫോണും ടിവിയും നിശബ്‌ദമാക്കി കുടുംബത്തിന്‌ ശബ്‌ദിക്കാനുള്ള വേളകളാക്കുക. നേരത്തേ ഉറങ്ങി, നേരത്തേ ഉണരുന്ന ശീലം പഠിപ്പിക്കുക. ഉറങ്ങുന്നതിനു തൊട്ടുമുൻപ് വരെ മൊബൈൽ ഫോണും കമ്പ്യൂട്ടറും നോക്കിയിരിക്കാൻ അനുവദിക്കരുത്. ഇത് ആരോഗ്യകരമായ ഉറക്കത്തെ ബാധിക്കും. നല്ല ഉറക്കം സന്തോഷമുള്ള പുതുദിവസത്തിലേക്കുള്ള താക്കോലാണ്. നല്ല ചിന്തകളോടെ ഉറക്കത്തെ സമീപിക്കാന്‍ മക്കളെ വിടുക. ഒരു ഗുഡ്നൈറ്റ് ഉമ്മയൊക്കെ അവരുടെയും അവകാശമാണ്. ഉറങ്ങാന്‍ നേരത്ത് അത് നല്‍കുന്ന സുരക്ഷയും ചെറുതല്ല.

മേലെയുള്ള വരികള്‍ ഒരു വെള്ളക്കടലാസിലെ സൂചനകള്‍ മാത്രമാണ്. അവിടേക്ക് അക്ഷരങ്ങളും ആശയവുമെല്ലാം ചേര്‍ത്ത് ജീവന്‍ പകരേണ്ടത് അമ്മയും അച്ഛനും മക്കളും അധ്യാപകരുമെല്ലാം കൂടിയാണ്. ഈ വര്‍ഷത്തെ പറക്കംപാചിലും വെപ്രാളവും തുടങ്ങുകയാണ് എന്നോര്‍ത്ത് നെടുവീര്‍പ്പിട്ടിരുന്നവര്‍ അല്പമൊന്നു ആശ്വസിച്ചു കാണുമെന്നു പ്രതീക്ഷിക്കുന്നു. ഇനിയൊരു പത്ത് മാസം ഓടാനുള്ള ഊര്‍ജം നേടാന്‍ ഈ നിര്‍ദേശങ്ങളില്‍ അല്പമൊന്നു നിറം പിടിപ്പിച്ചാല്‍ മാത്രം മതി. എല്ലാ പ്രിയപ്പെട്ട അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആരോഗ്യകരമായ പുത്തന്‍ അധ്യയനവർഷം ആശംസിക്കുന്നു.

advertisment

News

Related News

    Super Leaderboard 970x90