Health

എല്ലാദിവസവും എന്തോരം കയ്യും കാലുമാണ് വെറുതെ മുറിച്ചു കളയുന്നത്? ഈ മോഡേൺ മെഡിസിൻ ഡോക്ടർമാരെല്ലാം കൊടും ക്രൂരന്മാർ തന്നെ....

ശാസ്ത്രീയമായി വിശകലനം ചെയ്തതിനുശേഷം ഒരു അവയവം മുറിച്ചു മാറ്റുന്നതാണ് നല്ലത് എന്ന് തീരുമാനത്തിലെത്തിച്ചേർന്നാൽ അതിൽ നിന്നു പിന്നോട്ട് പോകുന്നത് രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനു ദോഷമേ ചെയ്യൂ. എന്നാൽ അണുബാധ നിയന്ത്രിക്കാനുള്ള പുതിയ മരുന്നുകളുടെയും രക്തയോട്ടം പുനസ്ഥാപിക്കാനുള്ള പുതിയ ശസ്ത്രക്രിയകളുടെയും സാന്നിധ്യത്തിൽ പല മുറിച്ചുമാറ്റലുകളും ഭാവിയിൽ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ നമുക്കുണ്ട്....

എല്ലാദിവസവും എന്തോരം കയ്യും കാലുമാണ് വെറുതെ മുറിച്ചു കളയുന്നത്? ഈ മോഡേൺ മെഡിസിൻ ഡോക്ടർമാരെല്ലാം കൊടും ക്രൂരന്മാർ തന്നെ....

എന്തൊരു നിസ്സാരമാണ് ! കൈയും കാലും മുറിച്ചു കളയുക. ഒരു പൂവിറുക്കുന്ന ലാഘവത്തിൽ. ഈ മോഡേൺ മെഡിസിൻ ഡോക്ടർമാരെല്ലാം കൊടും ക്രൂരന്മാർ തന്നെ. എല്ലാദിവസവും എന്തോരം കയ്യും കാലുമാണ് വെറുതെ മുറിച്ചു കളയുന്നത്?! മെഡിക്കൽ കോളേജിന്റെ കളിസ്ഥലത്ത് നിന്നു വരെ പാക്കറ്റിലാക്കിയ കയ്യും കാലും കിട്ടി എന്ന വാർത്ത പത്രത്തിൽ വന്നിട്ടു കൊല്ലം ഒന്നായില്ല. ഇവന്മാരുടെ കൈയിൽ പോയിപ്പെടുന്നത് ബുദ്ധിയല്ല. കയ്യും കാലും വേണമെന്നുള്ളവർക്ക് പുതിയ ഒരു ആശകേന്ദ്രമുണ്ട്. വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്തയാണ്. എന്നാൽ അങ്ങോട്ടു വച്ചു പിടിക്കുകയല്ലേ ?

കയ്യും കാലും മുറിച്ചു മാറ്റുക എന്നത് ഒരു നിസ്സാരമായ കാര്യമല്ല എന്ന് ഏറ്റവും നന്നായി അറിയുന്നത് ഡോക്ടർക്കു തന്നെയാണ്. ചികിത്സ തുടങ്ങുന്നതു മുതൽ അവയവങ്ങൾ മുറിച്ചു മാറ്റേണ്ടി വരുന്ന ആളുകൾക്ക് കൃത്രിമ അവയവങ്ങൾ പിടിപ്പിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാനുള്ള ശേഷിയും ആധുനിക വൈദ്യശാസ്ത്രം ഇന്ന് ആർജിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കലും മുറിച്ചുമാറ്റിയ അവയവങ്ങൾക്ക് പകരമാവില്ല വെച്ചുപിടിപ്പിക്കുന്ന കൃത്രിമ അവയവങ്ങൾ. അതിനാൽത്തന്നെ ഒരിക്കലും അനാവശ്യമായി ഒരു ചെറുവിരൽപോലും ഒരു സർജനും മുറിച്ചുമാറ്റാറില്ല.

എന്നാൽ ഒരു അവയവത്തേക്കാൾ പ്രധാനമായി ഒന്നുണ്ട്, ജീവൻ. പുരയ്ക്കു മീതേ ചാഞ്ഞാൽ പൊന്നു കായ്ക്കുന്ന മരമാണെങ്കിലും വെട്ടണം എന്നാണല്ലോ. ജീവനു ഭീഷണിയായാൽ കൈയായാലും കാലായാലും മുറിച്ചുമാറ്റേണ്ടിവരും. വളരെ ശ്രദ്ധാപൂർവ്വം എല്ലാ കാര്യങ്ങളും പരിഗണിച്ചശേഷം എടുക്കുന്ന തീരുമാനമാണ് അത്.

രോഗിയേയും ബന്ധുക്കളെയും അറിയിച്ച് ശസ്ത്രക്രിയയുടെ ആവശ്യം അവരെ ബോധ്യപ്പെടുത്തി പൂർണ്ണമായും സമ്മതം വാങ്ങാനായാൽ മാത്രമേ ഇതു ചെയ്യാറുള്ളൂ. ആമ്പ്യൂട്ടേഷൻ ഏൽപ്പിക്കുന്ന മാനസിക ആഘാതം അത്ര വലുതാണ് എന്ന് ഏതു ഡോക്ടർക്കും അറിയാവുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.

ലളിതമായി പറഞ്ഞാൽ മൂന്നു കാരണങ്ങളാണ് ഒരു അവയവം മുറിച്ച് മാറ്റുന്നതിനു കണക്കാക്കുന്നത്. Dead, deadly, dead loss എന്ന ചുരുക്ക രൂപത്തിലാണ് ഇതു സർജൻമാർക്കിടയിൽ അറിയപ്പെടുന്നത്. നിർജ്ജീവമായത്‌, കൊല്ലുന്നത്, ഒന്നു തുലഞ്ഞു പോയെങ്കിൽ നന്നാവുന്നത് എന്നിങ്ങനെ ഇവയെ ലളിത ഭാഷയില്‍ പറയാം.

Dead എന്നാൽ നിർജ്ജീവമായ അവയവമാണ്. കയ്യിലേക്കോ കാലിലേക്കോ വിരലുകളിലേക്കോ മറ്റോ ഉള്ള രക്തയോട്ടം പൂർണമായും നിലച്ചു പോകുന്നതുകൊണ്ട് ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത രീതിയിൽ അവയവത്തിലെ കോശങ്ങൾ മരിച്ചു പോകുന്നതാണ് ഇതിനു കാരണമാകുന്നത്. കടുത്ത അണുബാധ മൂലവും ഇതു സംഭവിക്കാം. ചികിത്സിക്കാത്ത പ്രമേഹം, രക്താതിസമ്മർദ്ദം, പുകവലിയും മറ്റും മൂലമുണ്ടായ രക്തക്കുഴൽ രോഗങ്ങൾ എന്നിവയാണ് ഇവയ്ക്കു പ്രധാന കാരണങ്ങൾ. ഈ അവയവങ്ങൾ ശരീരത്തിൽ വച്ചുകൊണ്ടിരുന്നാൽ യാതൊരു കാര്യവുമില്ല. അതു കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം.

Deadly എന്നാൽ കൊല്ലുന്ന അവയവമാണ്. കടുത്ത അണുബാധ മൂലം ഗുരുതരാവസ്ഥയിലായ കാലുകളിൽ നിന്ന് രോഗാണുക്കളും അവ നിർമിക്കുന്ന വിഷപദാർഥങ്ങളും രക്തത്തിൽ കലരുകയും അതു ജീവനുതന്നെ ഭീഷണിയാകുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാം. പെട്ടെന്നു തന്നെ കൃത്യമായ നടപടിയൊന്നും സ്വീകരിച്ചില്ലെങ്കിൽ ആന്തരികാവയവങ്ങളെയും ശരീരത്തിന്റെ സാധാരണ ഉപാപചയ പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിച്ചു മരണത്തിലേക്കു തന്നെ ഇത് നയിക്കാം. ക്യാൻസർ ബാധിച്ച അവയവങ്ങളും ഇത്തരത്തിൽ പെട്ടവയാണ്. ക്യാൻസറിന്റെ തരവും വലുപ്പവും അനുസരിച്ച് ഒരു അവയവം മുഴുവൻതന്നെ മുറിച്ചുമാറ്റേണ്ടി വന്നേക്കാം. അല്ലെങ്കിൽ ക്യാൻസർ ശരീരത്തിലാകെ പടർന്ന് ചികിത്സ ഫലിക്കാത്ത അവസ്ഥയിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പരമാവധി പെട്ടെന്ന് അസുഖം ബാധിച്ച അവയവം മുറിച്ചുമാറ്റുക മാത്രമേ രക്ഷയുള്ളൂ . ഇതിനു സമ്മതിക്കാത്ത രോഗികൾ പലപ്പോഴും അസുഖം മൂർച്ഛിച്ച് മരിച്ചുപോകുന്നതിനു സാക്ഷിയായിട്ടില്ലാത്ത സർജൻമാർ കുറവായിരിക്കും.

Dead loss എന്നു പറഞ്ഞാൽ ഉദ്ദേശിക്കുന്നത് പൂർണമായും ഉപയോഗശൂന്യമായ ഒരു അവയവത്തെക്കുറിച്ചാണ്. ഗുരുതരമായ പരിക്കേറ്റോ കടുത്ത അണുബാധ മൂലമോ ഏതെങ്കിലുമൊരു അവയവമോ അവയവത്തിന്റെ ഭാഗമോ ഉപയോഗപ്പെടുത്താൻ സാധിക്കാത്ത രീതിയിൽ നശിച്ചുപോയാൽ അത് മുറിച്ചു മാറ്റുകയാണ് ഭേദം. അല്ലെങ്കിൽ സാധാരണഗതിയിൽ ആ അവയവം/ ബാക്കിയുള്ള അവയവങ്ങൾ ഉപയോഗിക്കുന്നതിന് അത് കൂടുതൽ തടസ്സം സൃഷ്ടിക്കുകയെ ഉള്ളൂ. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും രോഗികൾ തന്നെ അവയവങ്ങൾ മുറിച്ചു മാറ്റാൻ ആവശ്യപ്പെടാറുണ്ട്. ഇത്തരത്തിൽ ചികിത്സിക്കാനാവാത്തവിധം പരിക്കേറ്റ അവയവങ്ങൾ മുറിച്ചു മാറ്റുന്നത് ജീവിത നിലവാരം ഉയർത്തുകയാണു സാധാരണഗതിയിൽ ചെയ്യാറ്.
ചുരുക്കിപ്പറഞ്ഞാൽ മറ്റെന്തെങ്കിലും രീതിയിൽ ഒരു അവയവത്തെ സംരക്ഷിക്കാൻ സാധിക്കുകയാണെങ്കിൽ ഒരു ഡോക്ടറും അതു മുറിച്ചുമാറ്റാൻ ആവശ്യപ്പെടുകയില്ല. അവയവം മുറിച്ചു മാറ്റേണ്ടി വരുന്ന തരത്തിലുള്ള രോഗങ്ങളെ നിയന്ത്രിക്കുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തെക്കാൾ കഴിവുള്ള യാതൊരു ചികിത്സാരീതിയും ഇന്നു നിലവിലില്ല.

ശാസ്ത്രീയമായി വിശകലനം ചെയ്തതിനുശേഷം ഒരു അവയവം മുറിച്ചു മാറ്റുന്നതാണ് നല്ലത് എന്ന് തീരുമാനത്തിലെത്തിച്ചേർന്നാൽ അതിൽ നിന്നു പിന്നോട്ട് പോകുന്നത് രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനു ദോഷമേ ചെയ്യൂ. എന്നാൽ അണുബാധ നിയന്ത്രിക്കാനുള്ള പുതിയ മരുന്നുകളുടെയും രക്തയോട്ടം പുനസ്ഥാപിക്കാനുള്ള പുതിയ ശസ്ത്രക്രിയകളുടെയും സാന്നിധ്യത്തിൽ പല മുറിച്ചുമാറ്റലുകളും ഭാവിയിൽ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ നമുക്കുണ്ട്. കമ്പ്യൂട്ടർ സഹായത്തോടെ നിയന്ത്രിക്കാനാകുന്ന അത്യാധുനികമായ കൃത്രിമ അവയവങ്ങളും ഇപ്പോൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മുറിച്ചുമാറ്റേണ്ട അവയവം പച്ചമരുന്നു വച്ച് ഭേദമാക്കിത്തരാം എന്നും മറ്റുമുള്ള മോഹനവാഗ്ദാനങ്ങളിൽ വിശ്വസിക്കാതിരിക്കുക. ഒരുപക്ഷേ പകരം നൽകേണ്ടിവരിക ജീവൻ തന്നെയായിരിക്കാം.

advertisment

Related News

    Super Leaderboard 970x90