Travel

ധനുഷ്കോടി – ചരിത്രം പറയാത്ത കഥ

വാര്‍ധക്യം സൃഷ്ടിക്കുന്ന ഏകാന്തതയും, കടലിന്റെ അഗാധതയും എവിടെയോ ചില സാമ്യതയുടെ നീരൊഴുക്കുകള്‍ സ്രിഷ്ടികുന്നു. ധനുഷ് കോടി റോഡിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ മറ്റൊരു ലോകം തന്നെയാണ്. ഇരു വശവും കടല്‍ .വെറും കടല്‍ അല്ല കടും നീല കടല്‍ . വഴിയില്‍ ഒരിടത് വണ്ടികള്‍ ഒതുക്കി മുള്‍ച്ചെടികള്‍ക്കിടയിലൂടെ കടല്‍ തീരത്തേക്ക് നടന്നു. സൂക്ഷിച്ചു നടന്നില്ലെങ്ങില്‍ മറിഞ്ഞു വീഴും .കാണുമ്പോള്‍ ഉണങ്ങിയ പൂഴി മണല്‍ പോലെ ആണെങ്കിലും താഴേക്ക്‌ നനവും പശിമയും ഉള്ള മണ്ണാണ്.

ധനുഷ്കോടി – ചരിത്രം പറയാത്ത കഥ

നീലവും കുമ്മായവും ചേര്‍ത്ത് പൂശിയ മതില്‍ കെട്ടുകള്‍ പഴമയുടെ ഗന്ധം വമിക്കുന്നു. ജനല്‍ പാളികള്‍ വിറപ്പിച്ചു കൊണ്ട് കടല്‍ കാറ്റ് വീശിയടിക്കുന്നു. ഞങ്ങള്‍ എല്ലാവരും തമിഴ് നാട്ടിലെ ആ കാഠിന്യമേറിയ ജലത്തില്‍ കുളിച്ച് അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.ക്യാമറയും ടെന്റും വെള്ളവും മാത്രം കയ്യില്‍ എടുത്തിട്ട് ബാക്കി എല്ലാം റൂമില്‍ തന്നെ വച്ചു ഞങ്ങള്‍ ഇറങ്ങി . എന്റെ പേര്‍സില്‍ ഒരു രൂപ പോലും ഇല്ലായിരുന്നു പിന്നെ എ.ടി.എം അന്യേഷിച്ചു നടന്നു. അവസാനം അമ്പലത്തിന്റെ തെക്ക് ഭാഗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ കൌണ്ടര്‍ കണ്ടുപിടിച്ചു.

ധനുഷ്കോടി – ചരിത്രം പറയാത്ത കഥ

അനൂപിന്റെ മനസ്സില്‍ ചിത്രങ്ങള്‍ പകര്ത്തേണ്ട ക്യാമറയുടെ വെത്യസ്ത ആങ്കിളുകള്‍ മിന്നി മാഞ്ഞു .രാമേശ്വരം ടൌണില്‍ നിന്നും ധനുഷ്കോടി ലക്ഷ്യമാക്കി നീങ്ങി. ടൌണ്‍ വിട്ടിട്ടു വല്ലതും കഴിക്കാം എന്ന അനൂപിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിഞ്ഞില്ലെങ്കിലും യാത്ര തുടര്‍ന്നു. വിശപ്പിനും ദാഹത്തിനും മുന്നില്‍ നമ്മള്‍ ദൈവത്തെ മറക്കും വിശ്വാസങ്ങളെ മറക്കും എന്ന സത്യം ഓരോ യാത്രയിലും വ്യക്തമായി കൊണ്ടിരിന്നു. വഴിയരികില്‍ നല്ല ഹോട്ടല്‍ വല്ലതും ഉണ്ടോ എന്ന് നോക്കിയാണ് ഓടിചിരുനത്. അവസാനം ഒരു തട്ടുകട കണ്ടു. നല്ല ദോശയും കാപ്പിയും കഴിച്ചു. കടയിലെ അണ്ണനും അക്കയും ആയി സംസാരിച്ചു . ദൂരെ ഒരു വൃദ്ധ അവരുടെ പരമ്പരാഗത വസ്ത്രം അണിഞ്ഞു ഒരു മരത്തിന്റെ തണലില്‍ തനിച്ചു ഇരിക്കുന്നു അവരുടെ ചെവിയില്‍ ഭാരമേറിയ തോട (കമ്മല്‍ ) അണിഞ്ഞിരുന്നു . സമയം 10.30 മണി ആവുന്നു പക്ഷെ വെയിലിന്റെ കാഠിന്യം കണ്ടാല്‍ നട്ടുച്ച പോലെ ഉണ്ടായിരുന്നു.

ധനുഷ്കോടി – ചരിത്രം പറയാത്ത കഥ

വാര്‍ധക്യം സൃഷ്ടിക്കുന്ന ഏകാന്തതയും, കടലിന്റെ അഗാധതയും എവിടെയോ ചില സാമ്യതയുടെ നീരൊഴുക്കുകള്‍ സ്രിഷ്ടികുന്നു. ധനുഷ് കോടി റോഡിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ മറ്റൊരു ലോകം തന്നെയാണ്. ഇരു വശവും കടല്‍ .വെറും കടല്‍ അല്ല കടും നീല കടല്‍ . വഴിയില്‍ ഒരിടത് വണ്ടികള്‍ ഒതുക്കി മുള്‍ച്ചെടികള്‍ക്കിടയിലൂടെ കടല്‍ തീരത്തേക്ക് നടന്നു. സൂക്ഷിച്ചു നടന്നില്ലെങ്ങില്‍ മറിഞ്ഞു വീഴും .കാണുമ്പോള്‍ ഉണങ്ങിയ പൂഴി മണല്‍ പോലെ ആണെങ്കിലും താഴേക്ക്‌ നനവും പശിമയും ഉള്ള മണ്ണാണ്.

മുകളില്‍ കത്തിയെരിയുന്ന സൂര്യന്‍ താഴെ പ്രകാശം തട്ടി തിളങ്ങുന്ന വെളുത്ത മണല്‍. ട്രിപോടും ആയി വന്നു അനൂപ്‌ ക്യാമറ സെറ്റ് ചെയ്തു. അതി കഠിനമായ വെളിച്ചം കാരണം ചിത്രങ്ങള്‍ക്ക് വേണ്ട ഭംഗി കിട്ടിയില്ല. സാക്ക് ആയിരുന്നു പ്രധാന മോഡല്‍. ഇലകള്‍ ഒക്കെ നശിച്ചു മണലില്‍ ഒടിഞ്ഞു കിടന്നിരുന്ന തണല്‍ മരത്തിന്റെ കൊമ്പില്‍ കയറി ഇരുന്നും കിടന്നും ഒക്കെ ചിത്രങ്ങള്‍ പകര്‍ത്തി. നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡില്‍ ആവി പൊങ്ങുന്ന പോലെയുള്ള പ്രതിഭാസം കാണാന്‍ കഴിയുമായിരുന്നു. പണ്ട് ഫിസിക്സ്‌ ക്ലാസ്സില്‍ പഠിച്ച മിറാഷ് എഫെക്റ്റ് ആയിരുന്നു അത് .

ധനുഷ്കോടി – ചരിത്രം പറയാത്ത കഥ

ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ ഒരു വിജനമായ കടല്‍ തീരം ആയിരുന്നില്ല ധനുഷ്കോടി . ഓലകൊണ്ട് നിര്‍മിച്ച ധാരാളം ചെറിയ കടകളും, അനവധി കാറുകളും , വാനുകളും ഒക്കെ ഉണ്ടായിരുന്നു അവിടെ. പഴങ്ങളും , വെള്ള കുപ്പികളും ,കൃത്രിമ പാനീയങ്ങളും ,കരിക്കും ,ചെറിയ ഭക്ഷണ ശാലകളും അവിടെ ഉണ്ട്. ഏതു വഴിയിലൂടെ യാത്ര ചെയ്യണം എന്ന് അറിയാതെ കുറച്ചു നേരം പരുങ്ങി നിന്നു. പാര്‍കിംഗ് എവിടത്തെയും പോലെ അവിടെയും പ്രശ്നമായിരുന്നു . ജിനോയും അനൂപും ഇറങ്ങി പലരോടും രാമ സേതുവിലെക്കുള്ള വഴി ചോദിച്ചു.

ചിലര്‍ പറഞ്ഞു ബൈക്ക് കൊണ്ടുപോവാന്‍ പറ്റില്ല എന്ന് , ചില ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു പോവും എന്ന്. പോകുവാന്‍ പറ്റും എന്ന് ഞങ്ങള്‍ക്കും ഉറപ്പായിരുന്നു. മഹിന്ദ്രയുടെ വാന്‍ പോലത്തെ വണ്ടിയിലാണ് എല്ലാവരും രാമ സേതു പോയിന്റ്‌ കാണാന്‍ പോവുന്നത്. ഒരാള്‍ക്ക് നൂറു മുതല്‍ ഇരുന്നൂറു രൂപ വരെ ചാര്‍ജ് ചെയ്യുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. നല്ല തിരക്കുണ്ടായിരുന്നു . ഈ ചുട്ടുപൊള്ളുന്ന വെയിലില്‍ ആ വാനില്‍ അട്ടിയിട്ടപോലെ ഇരുന്നു പോവാന്‍ ഞങ്ങള്‍ക്ക് ഒട്ടും മനസ്സ് വന്നില്ല .

ധനുഷ്കോടി – ചരിത്രം പറയാത്ത കഥ

ഒരു വഴി കണ്ടു. മഹിന്ദ്ര വാന്‍ പോകുന്ന വഴിയില്‍ ഞങ്ങളും സഞ്ചരിക്കാന്‍ തീരുമാനിച്ചു . സാഹസികതയുടെ ആവേശം ഞരമ്പുകളില്‍ ഒഴുകി. മനസ്സില്‍ എന്തൊക്കെയോ കീഴടക്കെണ്ടാതിന്റെ സന്തോഷവും. വഴിയുടെ തുടക്കം തന്നെ ഉണങ്ങിയ പൂഴി മണല്‍. ഞാനും അനൂപും ജിക്സരിലും , ജിനോയും സാക്കും ട്വിസ്ടരിലും ആയി യാത്ര തുടങ്ങി . ഡ്രൈവര്‍മാര്‍ വാനുകളുടെ ടയര്‍ പ്രഷര്‍ കുറക്കുന്നുണ്ടായിരുന്നു. തുടക്കത്തിലേ തന്നെ എന്റെ വണ്ടി പാളി. ടയര്‍ മാത്രം കറങ്ങുന്നതല്ലാതെ വണ്ടി ഒരിഞ്ചു മുന്നോട്ട് നീങ്ങുന്നില്ല . ഇനി അങ്ങോട്ട്‌ ഒന്‍പതു കിമി ഇതുപോലെ യുള്ള യാത്ര.

കാലുകൊണ്ട്‌ തുഴഞ്ഞു ക്ലെച്ച്‌ അഡ്ജസ്റ്റ് ചെയ്തു റിലീസ് ചെയ്തു മുന്നോട്ടു നീങ്ങി തുടങ്ങി. അനൂപ്‌ കുറച്ചു ദൂരം ഇറങ്ങി നടന്നു. പിന്നീട് കുറെ ദൂരം ഉറപ്പുള്ള മണ്ണാണ്. കൃത്യമായ വഴി ഒന്നും ഇല്ല . മുന്‍പേ പോയ വാഹനത്തിന്റെ ടയറിന്റെ പാടുകള്‍ പിന്തുടരുക അത്രമാത്രം. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഇവിടെ ഓടിക്കേണ്ട രീതി ഏകദേശം മനസിലായി . ഇടക്ക് ചെറിയ കുളം പോലെ വെള്ളം കെട്ടികിടക്കുന്നു ഞാന്‍ ഒരു കൌതുകത്തിന് വണ്ടി അതിലേക്ക് ഇറക്കി , നമ്മുടെ റോഡില്‍ മഴക്കാലത്ത്‌ കാണുന്ന കുഴികളുടെ ആഴം ഒന്നും ഇല്ല സുരക്ഷിതം . പിന്നെ ഞാന്‍ എല്ലാവരും പോവുന്ന വഴിയെ പോവാതെ പുതിയ വഴികളിലൂടെ ആയി യാത്ര .വെള്ളം ഉള്ള ഭാഗത്തു മണ്ണിനു കുറച്ചു കൂടി ഉറപ്പുണ്ടായിരുന്നു .ഇടക്ക് ഇടയ്ക്കു ടയര്‍ ബാലന്‍സ് തെറ്റി തെന്നി മറിയാന്‍ പോവും. ആദ്യം ഒക്കെ ഭയം ആയിരുന്നു പിന്നീട് അത് ഒരു രസം ആയി . ഒരു മരുഭൂമിയിലെ യാത്ര പോലെയായിരുന്നു ഒരിക്കലും മറക്കാനാവാത്ത ഈ സുന്ദര യാത്ര.

ധനുഷ്കോടി – ചരിത്രം പറയാത്ത കഥ

ഞങ്ങള്‍ പോവുന്നതിന്റെ വലതു വശം കുറെ ദൂരെ ആയി പുതിയ റോഡ്‌ നിര്‍മ്മിക്കുന്നുണ്ട്. ഇടയ്ക്കു ഒരു മണ്‍ തിട്ട ഞങ്ങളുടെ കുറുകെ പോവുന്നുണ്ട് . കണ്ടാല്‍ ഇടതു ഭാഗത്തേക്ക്‌ ഉള്ള ഒരു റോഡ്‌ പോലെ തോന്നും . ടാര്‍ ചെയ്തതിന്റെ ചെറിയ അവശിഷ്ടങ്ങള്‍ അവിടെ കിടപ്പുണ്ടായിരുന്നു. ഞങ്ങള്‍ അതിലെ പോയി കുറെ ചെന്നപ്പോള്‍ റോഡ്‌ അവസാനിച്ചു. ഇരുവശങ്ങളിലും മുക്കുവരുടെ ചെറിയ കൂരകള്‍ ഉണ്ടായിരുന്നു. ചിലര്‍ ഞങ്ങളെ സൂക്ഷിച്ചു നോക്കി . അതില്‍ ഒരു ചെറുപ്പക്കാരന്‍ അടുത്തേക്ക് വന്നു . ഞാന്‍ പതുക്കെ വണ്ടി തിരിച്ചു. ആ വരവില്‍ എന്തോ പന്തികേട്‌ പോലെ തോന്നി .

അയാള്‍ എന്തോ പറയുവാന്‍ തുടങ്ങുന്നതിനു മുന്‍പേ ഞാന്‍ രാമ സേതു പോയിന്റ്‌ എവിടെയാണെന്ന് ചോദിച്ചു . അയാള്‍ അപ്പോള്‍ ചിരിച്ചു കൊണ്ട് വഴി പറഞ്ഞു തന്നു. അനൂപ്‌ ആ സമയം കൊണ്ട് ചില ചിത്രങ്ങള്‍ എടുത്തു . നന്ദി പറഞ്ഞു ഞങ്ങള്‍ പെട്ടെന്ന് തന്നെ രാമ സേതു ലക്ഷ്യമാക്കി നീങ്ങി . ജിനോയും സാക്കും വേറെ ഏതൊക്കെയോ ചാലുകളിലൂടെ അവിടെ എത്തി ചേര്‍ന്നു. ജിക്സരിനെക്കളും ഗ്രിപ്പ് ടയര്‍ ഉള്ള ട്വിസ്ടര്‍ ആയിരുന്നു ഇവിടെ പുലി .

ധനുഷ്കോടി – ചരിത്രം പറയാത്ത കഥ

രാമ സേതുവിന് ഒരു കിലോമീറ്റര്‍ അടുത്തുവരെ വാന്‍ പോവുകയുള്ളൂ. വാന്‍ നിര്‍ത്തുന്ന സ്ഥലത്ത് തന്നെ ധാരാളം കടകള്‍ ഉണ്ട്. ധാരാളം സഞ്ചാരികളും ഉണ്ടായിരുന്നു .നാരങ്ങ വെള്ളവും , ലഘു ഭക്ഷണവും , പേളും , കോറല്‍ ,കക്ക എന്നിവ കൊണ്ടുള്ള ആഭരണങ്ങളും അവിടെ ലഭ്യമാണ് . ഞങ്ങള്‍ വെയിലില്‍ നിന്ന് രക്ഷപെടാന്‍ ടെന്റ് നിവര്‍ത്തി വച്ചു. നാല് വശത്തും നിന്ന് വരുന്ന കാറ്റില്‍ നിന്നും രക്ഷപ്പെടുവാന്‍ ടെന്റ് വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഞാനും അനൂപും കടലില്‍ ഇറങ്ങി കുളിച്ചു.സാക് ഞങ്ങളുടെ ചിത്രങ്ങള്‍ എടുത്തു . ചിലര്‍ അവിടെപിതൃക്കള്‍ക്ക് ബലി തര്‍പ്പണം ചെയ്യുന്നുണ്ടായിരുന്നു.

നീല നിറത്തിന്റെ ഏറ്റവും ഭംഗിയുള്ള ഭാവം ആണ് ഞങ്ങള്‍ അവിടെ കണ്ടത് . ബാഗും ടെന്റും ഒക്കെ ഒരു കടയില്‍ വച്ചിട്ട് രാമ സേതു എന്ന കടല്‍ വരമ്പിലൂടെ നടന്നു . ഒരു വശം ഗള്‍ഫ് ഓഫ് മന്നാരും മറു വശം പാക്ക് കടലിടുക്കും നല്‍കുന്ന അത്ഭുദവഹമായ കാഴ്ച. നേരെ പതിനെട്ടു കിമി നടന്നാല്‍ ശ്രീലങ്കയുടെ ആദ്യ ദ്വീപായ തലൈമാന്നാര്‍ എത്താം. പുരാണത്തിലെ രാമ സേതു എന്നു അറിയപ്പെട്ടിരുന്നത് ഇന്ന് ആഡംസ് ബ്രിഡ്ജ് എന്ന പേരില്‍ അറിയപ്പെടുന്നു . ആറു മണി കഴിഞ്ഞാല്‍ ഇവിടെ സന്ദര്‍ശകര്‍ക്ക് നില്‍ക്കുവാന്‍ അനുവാദമില്ല . ഇന്ത്യന്‍ സൈന്യം രാത്രി ഇവിടെ ക്യാമ്പ്‌ ചെയ്യും എന്നാണ് കടയില്‍ നില്‍ക്കുന്ന അണ്ണന്‍ ഞങ്ങളോട് പറഞ്ഞത് .

വരമ്പിന്റെ ഇടതു വശത്തും വലതു വശത്തും കാണുന്ന കടലിനു രണ്ടു നിറമാണ്‌ . വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്ത ഒരു അനുഭൂതിയാണ് രാമ സേതു പോയിന്റ്‌ . വേലിയേറ്റം തുടങ്ങിയത് കൊണ്ട് ഞങ്ങള്‍ക്ക് അധിക നേരം അവിടെ നില്ക്കാന്‍ കഴിഞ്ഞില്ല. സ്ത്രീകളും കുട്ടികളും അവിടെ നനഞ്ഞ മണലില്‍ ശില്‍പ്പങ്ങളും ജീവികളെയും ഒക്കെ നിര്മിക്കുന്നുണ്ടായിരുനു .

മുത്തുമാലയും , പവിഴ മാലയും ഒക്കെ മേടിച്ചു അവിടെ നിന്നും മടക്ക യാത്ര തുടങ്ങി.

ധനുഷ് കോടി എന്ന് പറയുമ്പോള്‍ പലരുടെയും മനസ്സില്‍ ഉയര്‍ന്നു വരുന്ന ചിത്രം ഒരു പ്രേത നഗരതിന്റെതാണ് . രാമ സേതുവിലെക്കുള്ള പുതിയ റോഡ്‌ , പണ്ട് കൊടുംകാറ്റില്‍ നശിച്ചു പോയ നഗരത്തിന്റെ ഇടയിലൂടെയാണ്. അവിടെ ഞങ്ങള്‍ ആദ്യം കണ്ടത് പൊളിഞ്ഞു പോയ റെയില്‍വേ സ്റ്റേഷന്‍ ആയിരുന്നു. ഉയരമുള്ള തൂണുകളില്‍ നില്‍ക്കുന്ന ചെറിയ ഒരു കോണ്ക്രീറ്റ് ഭാഗം മാത്രമേ ഇന്ന് ബാക്കിയുള്ളൂ. അവിടെ നിന്നും കുറച്ചു നടന്നാല്‍ തകര്‍ന്നു പോയ ഒരു കൃത്യന്‍ പള്ളിയും കാണാം. അവിടുന്ന് കുറച്ചു മാറി ആശുപത്രിയും , സ്കൂളും, അമ്പലവും ഒക്കെ ആയിരുന്നു . ഉയര്‍ന്നു വന്ന തിരമാലകളില്‍ പെട്ട് പല കെട്ടിട ഭാഗങ്ങളും മുഴുവനായോ ഭാഗികമായോ മണ്ണിനടിയില്‍ പെട്ട് പോയിരുന്നു . അവിടെ മനോഹരമായ ഒരു ബീച്ചും ഉണ്ട് .

ഓല മേഞ്ഞ കടയില്‍ തൂകിയിട്ടിരിക്കുന പഴകുലയും , അരിഞ്ഞു വച്ചിരിക്കുന്ന കാത്തിരിക്കയും , പൈന്‍ആപ്പിളും എല്ലാം കണ്ടപ്പോള്‍ ശരീരം വിശപ്പെന്ന ആയുധം പ്രയോഗിച്ചു തുടങ്ങി. ചൂട് സഹിക്കാവുന്നതിലും അപ്പുറം ആണ് , ഉപ്പുകാറ്റില്‍ പാറി നടക്കുന്ന മണല്‍ തരികളും , ദാഹിക്കുന്ന വരണ്ട ചുണ്ടുകളും .ഉപ്പും മുളകും അരച്ച് പുരട്ടി വച്ചിരിക്കുന്ന മീന്‍, വറുക്കുന്ന ചട്ടിക്കു സമീപം നിരത്തി വച്ചിരിക്കുന്നു .അവിടെ നിന്ന് എന്തെക്കെയോ മേടിച്ചു കഴിച്ചു. ഞങ്ങള്‍ എല്ലാരുടെയും മുഖം വെയിലേറ്റു ചുവന്നിരുന്നു.

ധനുഷ്കോടി – ചരിത്രം പറയാത്ത കഥ

അനൂപ്‌ അറിയാവുന്ന തമിഴില്‍ അവരോടു അന്നത്തെ കൊടുംകാറ്റിനെ കുറിച്ച് ചോദിച്ചു. ആദ്യം അവര്‍ എന്തൊക്കെയോ പറഞ്ഞു . മുന്നാടിയ ഇത് വന്ത് പെരിയ ഇടം .. എല്ലാമേ പോയച്ചു .. ഇനിയും അങ്ങനെ എന്തെങ്ങിലും വന്നാല്‍ എന്ത് ചെയ്യും എന്ന് ഞാന്‍ ചോദിച്ചു . ഭയം ഒന്നും ഇല്ലൈ ..കൊടും കാറ്റ് വരും , മള വരും ആനാലും .ഇങ്കെന്നു പോകമാട്ടെ .. ഒന്നും തെവയില്ലാ ഇങ്കെ തന്‍ ഇരുപ്പേ .. വരട്ടും .. അവരുടെ കണ്ണുകളില്‍ നിസ്സഹായതയുടെയും ഭയത്തിന്റെയും അഗ്നിജ്വാലകള്‍ തെളിഞ്ഞു . ഉച്ച വെയിലിന്റെ കാഠിന്യം കുറഞ്ഞു വരുന്നു . സഞ്ചാരികള്‍ കുറയുന്നു വിജനമായ കടല്‍ കരയില്‍ നോക്കി അവര്‍ നെടുവീര്‍പ്പിടുന്നു . കീറിപരിഞ്ഞ കുപ്പായം ഇട്ടുകൊണ്ട്‌ അവരുടെ ചെറിയ മകള്‍ എന്തിനോ വേണ്ടി വാശിപിടിക്കുന്നു . അവര്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല. പകല്‍ വെളിച്ചം കുറഞ്ഞു തുടങ്ങി ഒരിക്കല്‍ കൂടി തിരിച്ചു വരണം എന്ന് മനസ്സില്‍ വിചാരിച്ചു മണലിലൂടെ യാത്ര തുടങ്ങി

ഫസ്റ്റ് ഗിയരിലും സെക്കന്റ്‌ ഗിയരിലും ആയിട്ടാണ് ഈ പതിനെട്ടു കിലോമീറ്റര്‍ ദൂരം നീങ്ങിയത്. തിരിച്ചുള്ള യാത്രയില്‍ എനിക്ക് കുറച്ചു ആത്മവിശ്വാസം കൂടിയിരുന്നു . അത് പെട്ടെന്ന് തന്നെ അവസാനിച്ചു മുന്‍വശത്തെ ചക്രം ചെളിയില്‍ പൂണ്ടു തെന്നി ഞാനും അനൂപും വണ്ടിയും മറിഞ്ഞു വീണു . പെട്ടെന്ന് തന്നെ ജിനോയും സാകും ഓടിവന്നു ഞങ്ങളെ പിടിച്ചു എഴുന്നേല്‍പ്പിച്ചു . ബൈക്കില്‍ നിറയെ ചെളി പുരണ്ടു . ഉപ്പു വെള്ളം വീഴുമ്പോള്‍ കാലില്‍ എവിടെയോകെയോ നീറുന്നുണ്ടായിരുന്നു . അകലെയായി ഞങ്ങള്‍ യാത്ര ആരംഭിച്ച സ്ഥലത്ത് മഹീന്ദ്ര വാനുകള്‍ ഇന്നത്തെ ട്രിപ്പ് അവസാനിപിച്ചു നിര്‍ത്തിയിട്ടിരിക്കുന്നു . മനസ്സില്‍ സന്തോഷം തോന്നിയിയെങ്കിലും , യാത്രയുടെ അവസാനം തോന്നുന്ന ഒരു ദുഃഖം കണ്ണുകളില്‍ പൊടിഞ്ഞു.

ധനുഷ്കോടിയെ പ്രേത നഗരം എന്ന് വിളിക്കുന്നതിനേക്കാള്‍ , തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് , ദാരിദ്രവും പ്രകൃതി ക്ഷോഭങ്ങളും വേട്ടയാടി കൊണ്ടിരിക്കുന്ന ഒരു ജനതയുടെ കണ്ണുനീര്‍ വാര്‍ക്കുന്ന ഒരിടം എന്ന് പറയുന്നതായിരിക്കും ഉചിതം.

ഇരുളിന്റെ ചുഴികള്‍ വഴിയില്‍ വീണു തുടങ്ങുന്നു . ഞങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞു തുളുമ്പുന്ന വികാരം സ്വാര്‍ത്ഥമായ ആനന്ദത്തിന്റെയും അവിടെ കണ്ട പലരുടെ സങ്കടങ്ങളുടെയും ആകെ തുകയായിരുന്നു . നക്ഷത്രങ്ങള്‍ തെളിഞ്ഞു തുടങ്ങിയ നീണ്ട വഴിയില്‍ സഞ്ചരിക്കുമ്പോള്‍ ആരുടെയൊക്കെയോ മുറവിളികള്‍ പിന്തുടരുന്നപോലെ …

ഒരു ദുരന്തം നഷ്ടപ്പെടുത്തിയ ഒരു കൂട്ടം ജനതയുടെ സ്വപ്നങ്ങളും സന്തോഷങ്ങളും ചിതറിയ, അവശിഷ്ടങ്ങള്‍ കണ്ണുകളില്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നനവ്‌ പറ്റി തുടങ്ങിയിരുന്നു.

വിടൈ കൊട് എങ്കള്‍ നാടേ കടല്‍ വാസം തെളിക്കും വീടെ

പനമരക്കാടെ പരൈവകള്‍ കൂടെ മരുമുരായ് ഒരു മുറൈ പര്‍പ്പോമാ

ഉധത്തില്‍ പുന്നകൈ പുധൈതോം ഉയിരൈ ഉടംബുക്കുള്‍ പുധൈതോം

വെറും കൂടുകള്‍ മറ്റ്രും ഊര്വലം പോകിണ്ട്രോം

#TAGS : dhanushkodi  

advertisment

Super Leaderboard 970x90