ആള്‍ദൈവങ്ങള്‍ - അപചയങ്ങള്‍: ഭക്തിയുടെ അപകടവഴികള്‍ (ജീവധാര, ഡിസംബര്‍ 2017)

ക്രിസ്തുവിന്റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല. ചിലര്ക്ക് അത് സുവിശേഷം (സത്വാർത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചക ഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കന്‍ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാര്‍ത്ഥനാ ഷോ'യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച ഒരു കാര്‍ക്കശ്യത്തിന്റെ ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നത് കൂടിയാണ്.

ആള്‍ദൈവങ്ങള്‍ - അപചയങ്ങള്‍: ഭക്തിയുടെ അപകടവഴികള്‍ (ജീവധാര, ഡിസംബര്‍ 2017)

 ഭക്തി 'അലൌകീകവും അരാഷ്രീയവു'മാണെന്നാണ് പ്രകടദൃഷ്ടിയില്‍ പൊതുസമൂഹം വിലയിരുത്തുന്നത്. കാരണം ഭക്തര്‍ അധികാരത്തിന് വേണ്ടി പടവെട്ടാറില്ല. പൊതുസമൂഹത്തില്‍ കക്ഷിരാഷ്രീയത്തിന്‍റെ വിഭജനവിത്ത്‌ വിതയ്ക്കാറില്ല. പൊതുസമൂഹത്തെ ബാധിക്കുന്ന ഭൌതീകപ്രശ്നങ്ങളിലൊന്നും നേരിട്ട് ഇടപെടാറില്ല. ഈ ധാരണയെ വിശദമായി വിലയിരുത്തേണ്ട വിഷയമാണ്- ഭക്തിയുടെ രാഷ്ട്രീയം.

ഒരുവന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്ന സാമൂഹ്യതീരുമാനമെടുപ്പ് പ്രിക്രിയയാണ്‌ രാഷ്ട്രീയം. അത് അധികാരവുമായി ബന്ധപ്പെട്ടതാണ്. ഒരാളുടെ ജീവിതത്തെ നേരിട്ട് സ്പര്‍ശിക്കാത്തിടത്തോളം അയാള്‍ എങ്ങനെ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന് മനസ്സിലാവില്ല. പൌരന്‍ സ്വന്തം ജീവിതം സുസ്ഥിരമാക്കാന്‍ ശ്രമിക്കുന്ന സമയങ്ങളിലാണ് രാഷ്ട്രീയം എത്രകണ്ട് പ്രധാനമെന്ന് മനസ്സിലാകുന്നത്‌. ഒരാള്‍ അയാളുടെ ഉപജീവനവഴി തേടുമ്പോള്‍, ആരോഗ്യ-വിദ്യാഭ്യാസ-താമസ സുരക്ഷതേടുമ്പോള്‍, വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ മത-ധാര്‍മ്മിക ജീവിതം ജീവിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അയാള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടിവരുന്നു. പലപ്പോഴും രാഷ്ട്രവും സമൂഹവും സ്വന്തം നിലനില്‍പ്പിനെ പിന്തുണയ്ക്കുന്നില്ല എന്ന് തോന്നുമ്പോഴാണ് അധികാരത്തിലിരിക്കുന്നവരെ 'സ്വാധീനിക്കാന്‍' ശ്രമിക്കേണ്ടിവരുന്നത്. അതിന് വ്യക്തികളും സംഘടനകളും പല സ്വാധീനമാര്‍ഗ്ഗങ്ങളും തിരഞ്ഞേക്കാം. അധികാരിയാണ് തനിയ്ക്ക് ഇവയെല്ലാം ചെയ്തുതരാന്‍ കഴിവുള്ള ആളെന്ന് അയാള്‍ സ്വയം വിശ്വസിക്കുന്നു. എന്നാല്‍ ശ്രേണീകൃതമായ അധികാരവ്യവസ്ഥിതിയില്‍ ഓരോ അധികാരിയും അവന്‍റെ അധികാരത്തിന്‍ കീഴില്‍ വരുന്ന കീഴാളന്‍റെ  സ്വതന്ത്ര്യത്തെ അപഹരിച്ചെടുത്ത വ്യക്തിയാണ്. 'അധികാരം' ശുശ്രൂഷയുടെ മറുവാക്കാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം അടിമത്വത്തിന്‍റെ മേലാള-കീഴാള വ്യവസ്ഥതി സൃഷ്ടിക്കുന്ന മേലാളനാണ് അധികാരിയെന്ന് തിരിച്ചറിയാന്‍ കീഴാളന് കഴിയാതെ പോകുന്നു.

ഈ രാഷ്ട്രീയ ബന്ധത്തെ മതാത്മകഭാഷയിലേയ്ക്ക് മൊഴിമാറ്റുമ്പോള്‍ ഭക്തന്‍ മേലാള-കീഴാള വ്യവസ്ഥയിലെ കീഴാളനാണ്. അവന്‍ അധികാരിയോട്‌ തികഞ്ഞ വിധേയത്വവും ആദരവും കാണിക്കുന്നു. സ്വന്തം നിലനില്‍പ്പിന് വേണ്ടി 'ദൈവ'മെന്ന മേലാളന്‍റെയും മനുഷ്യമേലാളന്മാരുടേയും മുന്‍പില്‍ ഭൂമിയോളം താഴാനും അവന്‍ മനസ്സാണ്. അതുകൊണ്ട് തന്നെ ഭക്തന്‍റെ ദൈവീകബന്ധം നിലനില്‍പ്പിന്റെ കൊടുക്കല്‍-വാങ്ങലുകള്‍ക്ക് അപ്പുറത്തേയ്ക്ക് വളരുന്നില്ല. മതഭക്തയിടങ്ങള്‍  'അനുഗ്രഹ'ത്തിന്‍റെ ഭൌതീകലുത്തിനിയകള്‍ പാടുന്നയിടങ്ങളായി മാറുന്നത് അങ്ങനെയാണ്. 


ഭക്തിയുടെ തലങ്ങള്‍

ഭക്തിയ്ക്ക് രണ്ടു തലങ്ങള്‍ ഉണ്ട്. മനുഷ്യമനസ്സിന്‍റെ ലോലവും അഗാധവുമായ വൈകാരികതയുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തെ തലം. അത് പ്രണയം, അതീന്ദ്രിയത എന്നിവയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സൌന്ദര്യാത്മക തലമാണ്. സാക്ഷാത്ക്കാരവഴിയില്‍ വൈകാരികതയ്ക്ക് അതിന്‍റെ ന്യായമായ ഭാഗമുണ്ടെന്ന് അതു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഈ ഭക്താനുഭവം ഒരു മിസ്റ്റിക് അനുഭവമാണ്. ഭാരതീയതത്വശാസ്ത്രം  സാക്ഷാത്കാരവഴികളെ ഭക്തി-കര്‍മ്മം-ജ്ഞാനം എന്നിങ്ങനെ മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. ഈ വഴികള്‍ പരസ്പരനിഷേധാത്മകമല്ല (mutually exclusive).   അവ തമ്മില്‍ ഏറിയുംകുറഞ്ഞും ലയനങ്ങള്‍ ഉണ്ട്.   കര്‍മ്മവഴിയില്‍ ചരിക്കുന്ന ഒരാള്‍ ഭക്തിയെ കൂടെ ഒപ്പം ചേര്‍ത്തേക്കാം. ജ്ഞാനവഴി തേടുന്ന ഒരാള്‍ ഒരു പരിധിവരെ ഒരു കര്‍മ്മയോഗിയുമാകാം. ഭക്തിമാര്‍ഗ്ഗം തേടുന്നവര്‍ അവസാനം വ്യക്തി-വിഷയ (subject and object) ദ്വന്ദ്വങ്ങള്‍ ഇല്ലാതെ തുല്യതയുടെ ലയനാനുഭവത്തിലേയ്ക്ക് വരുന്നു.

ഭക്തിയുടെ മറ്റൊരു രൂപഭേദമുണ്ട്. അത് കൂടുതലും മതാത്മകതയുടെ ദ്വന്ദ്വഭാവത്തെ ഊന്നുന്ന സെമറ്റിക് മതങ്ങളില്‍ ആണ് കണ്ടുവരുന്നത്‌. അവിടെ ദൈവവും മനുഷ്യനും തമ്മില്‍ കൃത്യമായ അകലമുണ്ട്. ഭക്തന്‍ അപരിമേയശക്തിയുമായി സ്ഥാപിക്കുന്ന ബന്ധം മേലാള-കീഴാള (superior-inferior) അസമത്വത്തിന്റേതാണ് (a relationship of inequality). അവിടെ സ്രഷ്ടാവും-സൃഷ്ടിയും പരിപൂര്‍ണ്ണലയനത്തിലാവുന്ന, ദ്വന്ദ്വങ്ങളെ മറികടക്കുന്ന ഒരു ആന്തരികാനുഭവത്തെക്കുറിച്ചല്ല, സൃഷ്ടി സ്രഷ്ടാവിന് സ്തുതിപാടുന്ന ആരാധനാബന്ധത്തെക്കുറിച്ചാണ് സംസാരം. അടിമയും ഉടമയും തമ്മിലുള്ള ബന്ധമാണ് ഇവിടെ മനുഷ്യനും ദൈവവും തമ്മില്‍ നിലനില്‍ക്കുന്നത്. അത്തരം മതങ്ങളുടെ ദൈവസങ്കല്പങ്ങള്‍ anthropomorphic (മാനവീകരണം നടത്തിയ വ്യക്തിദൈവം) ആയിരിക്കും.  മേലാളമനുഷ്യനായി സങ്കല്പ്പിക്കപ്പെട്ട ദൈവം എല്ലാ മാനുഷീകശക്തികളുടേയും ഔന്നിത്യത്തില്‍ എത്തിയ ഒരു അദൃശ്യവ്യക്തിയായിരിക്കും.  ക്രിസ്ത്യന്‍-ഇസ്ലാമിക മിസ്റ്റിക്കുകള്‍ ഈ വ്യപസ്ഥാപിത ആത്മീയതയെ മറികടക്കുന്നുണ്ടെങ്കിലും അവയ്ക്ക് മുഖ്യധാരാമതത്തില്‍ ഇടം നേടാന്‍ ആയിട്ടില്ല.

അടിമത്വ വ്യവസ്ഥിതിയില്‍ ഭൌതികമായിത്തീരുന്ന മതാത്മകത

അടിമയും ഉടമയും തമ്മിലുള്ള ബന്ധം ഭൌതികമെന്ന് പറഞ്ഞത് കാള്‍ മാക്സ് ആണ്. അത് കൊടുക്കല്‍-വാങ്ങല്‍ ബന്ധമാണ്. ഒരാള്‍ അയാളുടെ ശാരീരിക അധ്വാനം കൊടുക്കുന്നു, മറ്റേയാള്‍ പ്രതിഫലമായി പണം/ഭൌതീകആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നു. ഭൌതികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുവോളം ഒരടിമ ഉടമയുടെ വിശ്വസ്തനായിരിക്കും. എന്നാല്‍ എപ്പോള്‍ ഈ ഭൌതികമാനദണ്ഡം മാറ്റപ്പെടുന്നുവോ അപ്പോള്‍ മുതല്‍ അവരുടെ ബന്ധം സംഘര്‍ഷഭരിതമാകും. അതായത് സൌന്ദര്യാത്മകതലത്തിലുള്ള  ഒരു തുല്യതയുടെ ആത്മബന്ധം സത്യത്തില്‍ നിലനില്‍ക്കുന്നില്ല എന്ന് സാരം. ഉപയോഗക്ഷമതയാണ് ഇവിടെ ബന്ധത്തെ നിര്‍ണ്ണയിക്കുന്നത്.

ഈ തത്വം മതത്തിലേയ്ക്ക് പകര്‍ത്തുമ്പോള്‍ ഇന്ന് മതങ്ങളില്‍ ആള്‍ദൈവങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന എല്ലാ ഭക്തമതാത്മകതയും അടിമ-ഉടമ വ്യവസ്ഥിതിയില്‍ ഉരുവെടുത്ത ഭൌതീകതയാണ്. അവയ്ക്കൊക്കെ ആത്മീയതയുടെ ലേബലുകള്‍ ചാര്‍ത്തിക്കൊടുക്കുന്നുവേന്നെയുള്ളൂ. ഇവിടെ ഭക്തര്‍ (ആള്‍)ദൈവത്തിലേയ്ക്ക് ഓടിയെത്തുന്നത് ജീവിതത്തില്‍ എന്തെങ്കിലും പരാജയങ്ങളോ അസുഖങ്ങളോ സാമ്പത്തികക്ലേശങ്ങളോ ബന്ധങ്ങളിലെ തകര്‍ച്ചയോ ഉണ്ടാകുമ്പോഴാണ്. അവയുടെ കാരണങ്ങള്‍ അന്വേഷിക്കുക, പരിഹാരം കണ്ടെത്തുക എന്നിവയാണ് ഇങ്ങനെയെത്തുന്നവരുടെ പരമമായ ലക്‌ഷ്യം. അവയാണ് ഈ ആള്‍ദൈവങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതും. അതുകൊണ്ടാണ് സഭയില്‍ രൂപപ്പെട്ട കരിസ്മാറ്റിക് 'ധ്യാനങ്ങള്‍' പ്രഘോഷിക്കുന്ന 'അനുഗ്രഹങ്ങള്‍' തികഞ്ഞ 'ഭൌതികത'യായിമാറുന്നത്. ആരോഗ്യം, സമ്പത്ത്, ജോലി, നല്ല/സൗന്ദര്യമുള്ള ജീവിത പങ്കാളി, ബുദ്ധിശക്തിയുള്ള മക്കള്‍, ശത്രുസംഹാരം..... ഇങ്ങനെ പോകുന്നു അനുഗ്രഹകണക്കുകള്‍. ഇവയൊന്നും ലഭിയ്ക്കാതെ വരുമ്പോള്‍ പരിഹാരവും പ്രതിഫലവും അദൃശ്യമായ മറ്റൊരു ലോകത്തിലേയ്ക്ക് പ്രൊജക്റ്റ്‌ ചെയ്ത് ഈ ഭക്തമനസ്സുകള്‍ക്ക് ആശ്വാസം കൊടുക്കുന്നു. അങ്ങനെ നിത്യത തന്നെ ഭൌതീകതയുടെ നീട്ടിക്കൊടുപ്പായി മാറുന്നു. ഇങ്ങനെയുള്ള ഒരു മതാത്മകതയെയാണ് മാര്‍ക്സ് 'മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന് വിളിച്ചത്.

അധികാരത്തോട് പക്ഷം ചേരുന്ന നിലനിപ്പിന്റെ 'നിഷ്പക്ഷ'രാഷ്രീയം

ദ്വന്ദ്വഭക്തിയ്ക്ക് നിലനില്‍ക്കുന്ന വ്യവസ്ഥികളെ മാറ്റാനോ നവീകരിക്കാനോ ആവില്ല എന്നുമാത്രമല്ല, അവയുടെ കോട്ടംകൂടാതെയുള്ള പരിപാലനമാണ്‌ ദ്വന്ദ്വഭക്തി ഒരു 'പുണ്യ'മായി കണക്കാക്കുന്നത്. അധികാരം ചോദ്യം ചെയ്യപ്പെടാന്‍ ആവാത്തതെന്ന് അത് മനുഷ്യമനസ്സിനെ നിരന്തരം ഉദ്ബോധിപ്പിക്കുന്നു. 'അനുസരണം' എന്നത് ഒരു വലിയ മത-രാഷ്ട്രീയ മൂല്യമായി ധരിപ്പിക്കുന്നു. 'അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണ്' എന്ന ബൈബിള്‍ വചനത്തെ അസ്ഥാനങ്ങളില്‍ ഉദ്ദരിച്ച്‌ ലോകത്തിലെ എല്ലാ അധികാരികള്‍ക്കും മുന്‍പില്‍ മുട്ടുമടക്കി നില്‍ക്കാന്‍ അത് ഭക്തവിശ്വാസികളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഭക്തവിശ്വാസികളാകട്ടെ സ്വതന്ത്രമായ ബൌദ്ധിക അന്വേഷണമില്ലാത്തവരും അനുസരിക്കുന്നതില്‍ മാത്രം പുണ്യം കണ്ടെത്തുന്നവരുമായി. 'അനുസരക്കേട്‌' അത് ആരോടായാലും ഒരു പാപമെന്നപ്രതീതി അവരുടെ മനസ്സില്‍ ഉറഞ്ഞുകൂടി. ഗാന്ധിയുടെ നിയമലംഘനമോ (civil disobedience) ക്രിസ്തുവിന്‍റെ അനുസരണക്കേടോ (യോഹ 5:18) എന്താണെന്ന് അറിയാന്‍ മാത്രം അവരുടെ മനസ്സുകള്‍ക്ക് വിശാലതയുണ്ടാവില്ല.

'സമദൂര'മാണ് നിലനില്‍പ്പിന്റെ രാഷ്ട്രീയം സ്വീകരിക്കുന്ന പ്രായോഗികനിലപാട്. മുതലാളിത്ത വലതുപക്ഷ നിലാപാടാണത്. ആ നിലപാട് നിരന്തരം ഭരിക്കുന്നവനൊപ്പം മലക്കംമറഞ്ഞുവന്ന് നില്‍ക്കുന്ന ഒന്നാണ്. കോണ്ഗ്രസ് ഭരണകാലത്ത് അത് ഭാരതീയജനതാപാര്‍ട്ടിയുടെ ഹിന്ദുത്വനിലപാടിനെ വിമര്‍ശിച്ച് ന്യൂനപക്ഷപീഡനത്തെക്കുറിച്ച് വിലപിച്ച് മുതലെടുക്കും. ഭാരതീയജനതാപാര്‍ട്ടി അധികാരത്തില്‍ എത്തി എന്നറിഞ്ഞാല്‍ ഉടന്‍ മോദിയെ കര്‍ത്താവ് തിരഞ്ഞെടുത്ത ദാസനായി വാഴ്ത്തും (ഉദാ: ശാലോം മാസിക). അധിക്കാരം കിട്ടുമെന്നും താങ്കള്‍ക്ക് നേട്ടമുണ്ടാമെന്നും മനസ്സിലാക്കിയാല്‍ അതുവരെ ഇടയലേഖനം വരെ പുറപ്പെടുവിച്ച് എതിര്‍ത്ത നിരീശ്വരവാദപ്രസ്ഥാനത്തിന് വേണ്ടി വോട്ട് ചോദിച്ചിറങ്ങും. കേന്ദ്രത്തില്‍ സ്വാധിനിക്കാം എന്ന് ഉറപ്പായാല്‍ വര്‍ഗ്ഗീയ തീവ്രവാദപ്പാര്‍ട്ടിക്കൊപ്പം കൂട്ടത്തില്‍ ഒരാളെ കയറ്റിവിട്ട് അവിടെ 'നമ്മുടെ ആളുണ്ട്' എന്ന് ഉറപ്പിക്കും. ചുരുക്കത്തില്‍, ഈ രാഷ്ട്രീയത്തിന് ഒന്നിനോടും തൊട്ടുകൂടായ്മയില്ല, അതുകൊണ്ടുതന്നെ അത് പ്രവാചകപരമല്ല.

പ്രവാചകരാഷ്ട്രീയത്തിന് കൃത്യമായ നിലാപാടുകള്‍ ഉണ്ട്. അത് ക്രിസ്തുവിന്‍റെ രാഷ്ട്രീയം പോലയാണ്. ക്രിസ്തുവിന്റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല. ചിലര്ക്ക് അത് സുവിശേഷം (സത്വാർത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചക ഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കന്‍ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാര്‍ത്ഥനാ ഷോ'യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച ഒരു കാര്‍ക്കശ്യത്തിന്റെ ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നത് കൂടിയാണ്. അതുകൊണ്ടാണ് മുപ്പത്തിമൂന്നാം വയസ്സില്‍ മുന്നോട്ടു പോകാനാവാത്തവിധം അവന് ചുറ്റും 'ശത്രുക്കളാ'ല്‍ നിറഞ്ഞത്. കുറുക്കനെ കുറുക്കൻ എന്ന് വിളിക്കാനുള്ള കഴിവ് പ്രവാചകരാഷ്ട്രീയം. അതിനെ sting of the gospel (സുവിശേഷത്തിന്റെ കുത്ത്) എന്ന് വിളിയ്ക്കാം.

ക്രിസ്തു സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതുകൊണ്ടല്ല കുരിശില്‍ മരിയ്ക്കേണ്ടിവന്നത്. സ്നേഹം, ക്ഷമ, കാരുണ്യം, എന്നിവ എത്ര വേണമെങ്കിലും പഠിപ്പിച്ചുകൊള്ളൂ, നിങ്ങള്ക്ക് ഒന്നും സംഭവിക്കില്ല, മറിച്ച് ഒരു ആത്മീയഗുരു എന്ന അംഗീകാരം നിശ്ചയമായും കിട്ടിയിരിക്കും. മഹാനായ ഹില്ലേല്‍ റബ്ബി ക്രിസ്തുവിന്റെ കാലത്തിന് മുന്പ് തന്നെ സ്നേഹത്തിന്റെ പാഠങ്ങള്‍ ക്രിസ്തുവിനെ പോലെ മനോഹരമായി പഠിപ്പിച്ചിട്ടുണ്ട്. അതില്‍ ക്രിസ്തുവിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്ന പുതുമയില്ല. ഒരു എറുമ്പിനെ പോലും നോവിക്കരുതെന്ന സ്നേഹപാഠത്തില്‍ വിശ്വസിച്ച ഹില്ലേല്‍ ഗുരു ചുറ്റും ശിക്ഷ്യഗണങ്ങളാല്‍ നിറഞ്ഞ് പ്രായമെത്തി ഒരു പൂജ്യഗുരുവായി മരിക്കുകയായിരുന്നു. ക്രിസ്തുവിന്റെ സുവിശേഷത്തിന്  സ്നാപകന്റെ പ്രവാചകശബ്ദത്തിന്റെ ഇടിമുഴക്കവും ഹില്ലേല്‍ ഗുരുവിന്റെ സ്നേഹത്തിന്റെ തൂവല്സ്പര്ശവും ഉണ്ടായിരുന്നു. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയനേതൃത്വത്തോട്, സമൂഹനേതൃത്വത്തോട്, പ്രമാണിമാരോട്‌ ക്രിസ്തു ചിലത് 'പാടില്ല' എന്ന് കാർക്കശ്യ ഭാഷയിൽ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ "ജനസമ്മതന"ല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം.

ഭക്തിപ്രസ്ഥാനക്കാര്‍ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പ്രിയപ്പെട്ട ആരുടെയോ ICU മരണം പോലെ ലളിതവും വൈകാരീകവുമാക്കി തീര്ത്ത ഒന്നാണ് ക്രിസ്തുവിന്റെ വധശിക്ഷ. തിരുരക്തത്തെക്കുറിച്ച് പാടിയും പ്രസംഗിച്ചും മനസ്സിലെ കുറ്റബോധം കഴുകിക്കളയുന്ന ഹന്നാന്‍വെള്ളം പോലെയാക്കി മാറ്റി. ക്രിസ്തു  ക്രൂശിക്കപ്പെടുകയായിരുന്നു, അതും രണ്ട് രാഷ്ട്രീയകുറ്റവാളികള്‍ക്കൊപ്പം. കുരിശിലെ മരണം റോമാക്കാര്‍ അവരുടെ അടിമകളായ ജനതകള്ക്ക് രാഷ്ട്രീയകുറ്റത്തിന് (സാമ്രാജ്യത്തിനോ ചക്രവര്ത്തിക്കോ എതിരെ സംസാരിക്കുകയോ പ്രവര്ത്തിക്കുകയോ ചെയ്യുന്നവര്ക്ക് ) കൊടുക്കുന്ന ശിക്ഷയാണ്. കൂടാതെ ക്രിസ്തുവിന്‍റെ കൂടെ കൊലചെയ്യപ്പെട്ടവര്‍ രണ്ട് റിബെല്ലുകളും (lēstēs). Lēstēs എന്ന ഗ്രീക്ക് വാക്കിന് zealots/bandits/thieves എന്നൊക്കെ അര്ത്ഥം. എന്തെങ്കിലും സാധനങ്ങള്‍ കട്ടെടുക്കുന്ന 'കള്ളന്‍' എന്ന അര്ത്ഥം ഇവിടെ യോജിക്കില്ല. കാരണം അങ്ങനെയുള്ളവരെ ക്രൂശില്‍ തൂക്കിക്കൊല്ലാന്‍ റോമന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അപ്പോള്‍ അവര്‍ നിശ്ചയമായും ബാറാബാസിനെ പോലെ രാഷ്ട്രീയകുറ്റവാളികള്‍ ആയിരുന്നിരിക്കണം. (‘ആരെ മോചിപ്പിക്കണം, രാഷ്ട്രീയ കലാപത്തില്‍ പിടിക്കപ്പെട്ട ബറാബാസിനെയോ ക്രിസ്തുവിനെയോ’ എന്ന പീലാത്തോസിന്റെ ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്). സുവിശേഷത്തിന് ദരിദ്രരോടും ബലഹീനരോടും കൃത്യമായ പക്ഷം ചേരുന്ന ഒരു രാഷ്ട്രീയമുണ്ട്. അത് അപകടകരമായ ഒരു രാഷ്ട്രീയനിലപാടാണ്. അധികാരം ചൂഷണത്തിനും സ്വന്തം സുഖംതേടലിനും ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയത്തോട് അത് നിരന്തരം കലഹത്തിലാണ്. ലോകത്തിലെ എല്ലാ അധികാരികളോടും കണ്ണടച്ച് വിധേയത്വം പറയുന്ന ഭക്തി അധികാരികള്‍ക്ക് പാദസേവചെയ്യുന്ന രാഷ്ട്രീയമാണ് ജീവിക്കുന്നത്. അതിന് ചൂഷണത്തില്‍ പങ്കുപറ്റുന്ന നിലനില്‍പ്പിന്റെ പ്രായോഗികവാദമുണ്ട്. അത് സുവിശേഷാത്മകമല്ല, ക്രിസ്തുമനസ്സിന്‍റെ രാഷ്ട്രീയമല്ല.

ക്തിയും ബുദ്ധിയും - രാഷ്രീയ കര്‍ത്തിത്വബോധം

Fides et Ratio എന്ന ചാക്രിയലേഖനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശ്വാസവും ബൌദ്ധികചിന്തയും പരസ്പരപൂരകങ്ങളായി ഒരുമിച്ച് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ബുദ്ധിപൂര്‍വ്വമായ ചിന്തയില്ലാത്ത വിശ്വാസം അന്ധവിശ്വാസത്തിലേയ്ക്ക് വഴിമാറും എന്ന് മാര്‍പാപ്പ ഇവിടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. (FR IV, 48). വിശ്വാസവും ബുദ്ധിയും ഒരുമിച്ചു കൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ടൊന്നും ആത്മാന്വേഷികളായ മനുഷ്യര്‍ക്കില്ല. "അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും" എന്ന ക്രിസ്തുവചനം അവര്‍ക്ക് എളുപ്പം മനസ്സിലാകും. എന്നാല്‍ ഭക്തരെ സംബധിച്ചിടത്തോളം മതത്തില്‍ ബുദ്ധി ഉപയോഗിക്കുന്നത് വിശ്വാസക്കുറവായിട്ടാണ് കണക്കാക്കുന്നത്.

ബൌദ്ധിക അജ്ഞാനം സൃഷ്ടിക്കുന്നത് ചിന്താശക്തിയില്ലാത്ത ഒരു കൂട്ടം വികാരജീവികളെയാണ്. അവര്‍ക്ക് ഒരിക്കലും രാഷ്രീയ കര്‍ത്തിത്വബോധം (political subjecthood) ഉണ്ടാവില്ല. അവര്‍ അവരുടെ നിയതി അധികാരം കയ്യാളുന്ന ഒരു ചുരുങ്ങിയ എണ്ണം അധികാരിവര്‍ഗ്ഗത്തിന്‌ ഏല്‍പ്പിച്ചുകൊടുത്തുകൊണ്ട് അധികാരി പറയുന്നതും ചെയ്യുന്നതും എല്ലാം 'ദൈവതിരുമാനസ്സാ'ണെന്ന് സ്വയം വിശ്വസിക്കുന്നു. "നിങ്ങള്‍ സത്യം അറിയും, സത്യം നിങ്ങളെ സ്വതന്ത്രമാക്കും' എന്ന യേശുവചനത്തിലെ സത്യം കണ്ടെത്തേണ്ട ഉത്തരവാദിത്വം അവര്‍ അവരുടെ നേതാക്കളെ ഏല്‍പ്പിക്കുകയും നേതാക്കള്‍ അവര്‍ കണ്ടെത്തുന്ന 'സത്യങ്ങള്‍' നിത്യസത്യമായി അണികള്‍ക്ക് വ്യാഖ്യാനിച്ചുകൊടുക്കുകയും, അണികള്‍ അവയില്‍ 'അന്ധമായി' വിശ്വസിക്കുകയും ചെയ്യുന്നു. അങ്ങനെ ഭക്തരില്‍ നിന്ന് എന്തിനുംഏതിനും പോരുന്ന വിമര്‍ശന ചിന്തയില്ലാത്ത ഒരു വലിയ കൂട്ടം അണികളെ സൃഷ്ടിച്ചെടുക്കുന്നു. ഇതാണ് ആശ്രിതരെ സൃഷ്ടിച്ച് അധികാരം കയ്യാളുന്ന രാഷ്രീയം. ഇതിന് മതത്തിനുള്ളിലും പുറത്തും നല്ല വേരോട്ടമുണ്ട്‌. അനുസരിക്കുക മാത്രം ചെയ്യുന്ന ആശ്രിതര്‍ ബുദ്ധിരഹിതമായ ഒരു വലിയ ജനക്കൂട്ടമാണ്. അത്തരം ഒരു ജനക്കൂട്ടത്തെ സൃഷ്ടിച്ചെടുക്കുക എന്നത് അധികാരം കയ്യാളുന്ന പൌരോഹിത്യം നേതൃത്വത്തിന് ആവശ്യമാണ്‌. ഭക്തിപ്രസ്ഥാനങ്ങള്‍ക്ക്  പൌരോഹിത്യം നേതൃത്വത്തിന് ചെയ്തുകൊടുക്കുന്ന സേവനവും അതാണ്‌. അതേസമയം അധികാരം കയ്യാളുന്ന ഈ മതനേത്രുത്വത്തില്‍ മഹാഭൂരിപക്ഷവും ഭക്തരല്ല എന്ന വിരോധാഭാസവും കൂടെയുണ്ട്. ഭക്തിയെ അധികാരം ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ബുദ്ധിഉപയോഗപ്പെടുത്താത്ത, സത്യം അന്വേഷിക്കാത്ത, ഒരു കൂട്ടം ജനത്തെ വാര്‍ത്തെടുക്കുന്നതാണ് ഭക്തിയുടെ സാമ്രാജ്യത്വരാഷ്ട്രീയം. കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ പോലുള്ള ഭക്തിപ്രസ്ഥാനങ്ങളുടെ ഈ സാധ്യതയാണ് തൊണ്ണൂറുകള്‍ക്ക് ശേഷം കേരളസഭയുടെ അധികാരനേതൃത്വം വളരെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയത്.
ഇപ്പോള്‍ കേരളസഭയില്‍ ഒരു വലിയ ആള്‍കൂട്ടം ഭക്തിപ്രസ്ഥാനങ്ങളോട് ചേര്‍ന്ന് വളരുന്നുവരുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ആ വലിയ ആള്‍കൂട്ടത്തിന്റെ ഗുണമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ചിന്താശക്തിയുള്ളവര്‍ (ഉന്നതഉദ്ദ്യോഗവും സമ്പത്തും രാഷ്ട്രീയ-സാമൂഹ്യ സ്വാധീനവും ചിന്താശക്തിയുടെ മാനദണ്ഡമല്ല) സഭയില്‍ നിന്ന് അകന്നുപോകുന്നത് ആരും തന്നെ കാര്യമായി ശ്രദ്ധിക്കുന്നില്ല. ഒപ്പം രണ്ടാംവത്തിക്കാന്‍ കൌണ്‍സിലിന് ശേഷം സ്വതന്ത്രഇന്ത്യയില്‍ സഭവളര്‍ത്തിക്കൊണ്ടുവന്ന സ്വതന്ത്രമതനിരപേക്ഷചിന്തയും പുരോഗമനാത്മകവിശാല ആത്മീയകാഴ്ചപ്പാടും കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ അവരുടെ സങ്കുചിത-യാഥാസ്ഥിതിക സമീപനം കൊണ്ട് വലിയ പരിധിവരെ തകര്‍ത്തുകളഞ്ഞു. അത് ഇന്ന് കേരളസഭയെ പൊതുസമൂഹത്തില്‍ അപഹാസ്യമാക്കുകയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യുന്നു. ശാസ്ത്രവുമായി സംവദിക്കാന്‍ കഴിവുള്ള, മത-ജാതി-കക്ഷിരാഷ്രീയ ചിന്തകള്‍ക്ക് അപ്പുറത്തുള്ളവരുമായി ഇടപഴകാന്‍ ആവുന്ന ഒരു പുതുതലമുറ ക്രിസ്തീയവിശ്വാസികളെ വാര്‍ത്തെടുക്കുന്നതില്‍ സഭ അമ്പേ പരാജയപ്പെട്ടു. ചിന്തകള്‍ മരവിച്ച ഒരു കൂട്ടം വൈദീകരെയാണ് നമ്മുടെ ദൈവശാസ്ത്രസെമിനാരികള്‍ പോലും സമ്മാനിക്കുന്നത്. സഭയ്ക്കുള്ളില്‍ നടക്കുന്ന അപചയങ്ങളെ ചോദ്യം ചെയ്യാന്‍ കഴിയുന്ന (internal criticism) വിശ്വാസസമൂഹത്തെ ആട്ടിപ്പായിച്ച് സഭയുടെ പുറത്തുനിര്‍ത്തി, അവരുടെ ആക്രമണം ഏറ്റുവാങ്ങുകയാണ് ഇപ്പോള്‍ (ഉദാ: ലെയ്റ്റി വോയ്സ്, സത്യജ്വാല) സഭ.   

ചോദ്യം ചെയ്യപ്പെടാത്ത അധിക്കാരം കയ്യാളുന്നതും അതിനോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ് നിലനില്‍ക്കുന്ന ഭക്തിപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമാനങ്ങള്‍. അത് 'നിലനില്‍പ്പിന്റെ രാഷ്ട്രീയ'മാണ്. അത് യേശുക്രിസ്തുവിന്റെ സുവിശേഷത്തിനോടോ രാഷ്ട്രീയത്തിനോടോ ബന്ധമില്ലെന്ന് മാത്രമല്ല, അതിന്‍റെ വിപരീതദിശയിലാണ് ചരിക്കുന്നത്.  

advertisment

News

Super Leaderboard 970x90