എന്തുകൊണ്ട് സക്കറിയ മുതൽ ബൽറാം വരെയുള്ളവർ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ഒളിവിൽ കഴിഞ്ഞ വീടുകളിലെ സ്ത്രീകളെപ്പറ്റി വ്യാകുലപ്പെടുന്നു ? ദീപക് ശങ്കരനാരായണൻ

തങ്ങളുടെ കൂരകൾക്കകത്ത് ദുർലഭമായിരുന്ന ഭക്ഷണവും സൗകര്യങ്ങളും പങ്കുവച്ച് ഭീഷണമായ സാഹചര്യത്തിൽ പാർട്ടിയെ കാത്തുസൂക്ഷിച്ചത് തൊഴിലാളികളോ ഇടത്തരം വീട്ടമ്മമാരോ ആയ സ്ത്രീകളായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇന്ന് വിമർശിക്കപ്പെടുന്ന കടുത്ത ലൈംഗികസദാചാരത്തിന്റെ ചരിത്രപരമായ വേരുകൾ ആ കാലത്തിലാണ്. നിലവിലെ സദാചാരത്തിൽ വരുമായിരുന്ന ചെറിയ ഇടർച്ചകൾ വരെ പാർട്ടിയെ തകർക്കുമായിരുന്നു എന്നതുകൊണ്ട് സദാചാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച അത്മഹത്യാപരമായിരുന്നു. ഏതിലെന്നതും പോലെ അപൂർവ്വമായ ഡീവിയേഷനുകൾ കണ്ടേക്കാമെന്നല്ലാതെ. ക്രൂരമായ മർദ്ദങ്ങളും ലൈംഗികപീഡങ്ങളും ആ സ്ത്രീകൾ അനുഭവിച്ചിട്ടുണ്ട്, പൊലീസുകാരിൽ നിന്നും ജന്മിമാരിൽ നിന്നും കോൺഗ്രസ്സുകാരിൽ നിന്നും ആയിരുന്നു എന്ന് മാത്രം....

എന്തുകൊണ്ട് സക്കറിയ മുതൽ ബൽറാം വരെയുള്ളവർ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ഒളിവിൽ കഴിഞ്ഞ വീടുകളിലെ സ്ത്രീകളെപ്പറ്റി വ്യാകുലപ്പെടുന്നു ? ദീപക് ശങ്കരനാരായണൻ

എന്തുകൊണ്ടായിരിക്കും സക്കറിയ മുതൽ ബൽറാം വരെയുള്ളവർ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ഒളിവിൽ കഴിഞ്ഞ വീടുകളിലെ സ്ത്രീകളെപ്പറ്റി, അവരുടെ ലൈംഗികസദാചാരത്തെപ്പറ്റി, മുക്കാൽ നൂറ്റാണ്ടിനുശേഷവും ഇത്രയും വ്യാകുലപ്പെടുന്നുണ്ടാവുക?

സ്വാതന്ത്ര്യസമരകാലത്തെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരിൽ സൈദ്ധാന്തിക ധാരണയും രാഷ്ട്രീയപ്രതിബദ്ധതയും ഉള്ളവരിൽ ഒട്ടുമുക്കാലും സ്വാതന്ത്ര്യലബ്ദിക്കുമുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയിരുന്നു. വടക്കേയിന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിന്ന് വ്യത്യസതമായി നവോത്ഥാനത്തിന്റെ ശ്രമകരമെങ്കിലും സ്വാഭാവികമായ അനന്തരഘട്ടമായിരുന്നു സാമൂഹ്യസമത്വമെന്ന ആശയം. കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു നാച്വറൽ ക്യാൻഡിഡേയ്റ്റ്.

ഇപ്പോൾ ഒരു നാല്പത് വയസ്സിന്റെ അടുത്ത് പ്രായമുള്ളവർ മുതൽ മുകളിലോട്ട് എല്ലാവരും കോൺഗ്രസ് സ്വാതന്ത്ര്യസമരസേനാനികളെ കണ്ടിട്ടുണ്ടാവും, അവരവരുടെ നാടുകളിൽ. മിക്കവാറും സോ കാൾഡ് സവർണ്ണ സാത്വികർ. ക്വിറ്റിന്ത്യാ സമരത്തിലായിരിക്കും മിക്കവാറും പങ്കെടുത്തിരിക്കുക, അതിനുമുമ്പ് കേരളത്തിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനം തുലോം ദുർബലമായിരുന്നു. (മലബാർ കലാപം സാങ്കേതികമായി ഗാന്ധി നേതൃത്വം നൽകിയ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യധാരയിൽ വരാത്തതിനാലാണത്. അത് വേറെ വിഷയമാണ്)

ക്വിറ്റ് ഇന്ത്യ മിക്കവാറും സേയ്ഫ് ബെറ്റായിരുന്നു. പറയത്തക്ക ഒരു റിസ്കുമില്ല. ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ സ്വാതന്ത്ര്യം തത്വത്തിൽ അപ്പോഴേക്കും അംഗീകരിച്ചുകഴിഞ്ഞിരുന്നു. അധികാരക്കൈമാറ്റമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ആട്ടുമ്പാലും ഹിന്ദിയും രഘുപതിരാജാറാമും ചർക്കയും ഒക്കെക്കൂടി ഒരു പുതിയ മതത്തിൽക്കൂടെ ചേർന്നപോലത്തെ പ്രതീതിയേയുള്ളൂ. തടിക്കെടുക്കില്ല.

അതല്ലായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ അവസ്ഥ. മുപ്പത്തൊമ്പതിൽ രൂപീകരിക്കപ്പെട്ടതുമുതൽ സ്വാതന്ത്ര്യാനന്തരം അമ്പത്തേഴിലെ മന്ത്രിസഭ നിലവിൽ വരുന്നതുവരെയും അവർ നിരന്തരം അതിക്രൂരമായി വേട്ടയാടപ്പെട്ടു. സജീവപ്രവർത്തകർ ഏതാണ്ട് മുഴുവൻ ഒളിവിലോ പൊലീസ് കസ്റ്റഡിയിലോ ജയിലിലോ ആയി. നിരോധങ്ങളേയും പീഡനങ്ങളേയും പൊലീസിന്റെയും കോൺഗ്രസ് ജന്മിമാരുടെയും കൊലകളേയും അതിജീവിച്ച ആ കാലമായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ പൊളിറ്റിക്കൽ ക്യാപ്പിറ്റൽ ഉണ്ടാക്കിയെടുത്ത കാലം. വലിയ റിസ്കുകൾ എടുത്തുകൊണ്ടായിരുന്നു നേതാക്കളെപ്പോലെത്തന്നെ അണികളും അന്ന് പാർട്ടിയെ സംരക്ഷിച്ചത്.

ഒളിവിലായിരുന്ന നേതാക്കളെ സംരക്ഷിച്ചത് ഏതാണ്ട് മൊത്തമായും സാധാരണക്കാരായ പാർട്ടി അനുഭാവികളായിരുന്നു. രൂപീകരിക്കപ്പെട്ട് വെറും പത്ത് വർഷത്തിനകം ശക്തമായ വർഗ്ഗബോധവും രാഷ്ട്രീയപ്രതിബദ്ധതയും പരസ്പരവിശ്വാസവും, ഇതിലൊക്കെ മാനുഷികമായി സംഭാവ്യമായ വീഴ്ചകളോടുകൂടിത്തന്നെ, അണികളിലും പ്രവർത്തകരിലും നേതൃത്വത്തിലും ഉണ്ടാക്കിയെടുക്കാൻ അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിരുന്നു.

പിന്നീട് കേരളനവോത്ഥാനത്തെ ഏറ്റെടുക്കാൻ, അതിന്റെ എല്ലാ പോരായ്മകളോടും കൂടിത്തന്നെ, ഇടതുപക്ഷത്തിന്റെ ശാക്തീകരിച്ചത് ആ കാലവും അതിന്റെ അനുഭവങ്ങളും ദുരിതത്തിന്റെയും പീഡനങ്ങളുടെയും കാലത്തെ അതിജീവിച്ചതിന്റെ ആത്മവിശ്വാസവുമായിരുന്നു. അതിലെ ഏറ്റവും പ്രധാന ഘടകമാവട്ടെ, ഒളിവിലെ താമസവും. ഇടതുപക്ഷത്തിന്റെ പൊളിറ്റിക്കൽ ലെഗസിയുടെ ആണിവേര് ആ ഒളിവുകാലത്തിലാണ്. പിന്നീട് വന്ന താരതമ്യേന സ്വതന്ത്രമായിരുന്ന കാലത്ത് ഓരോ വ്യക്തികളുടെയും രാഷ്ട്രീയമൂലധനത്തിന്റെ ഏകകമായിരുന്നത് ആ ഒളിവുകാലത്തെ, ഒളിക്കുന്നതിലും ഒളിപ്പിക്കുന്നതിലും, എങ്ങനെ നേരിട്ടു എന്നതിലായിരുന്നു എന്നുതന്നെ പറയാം.

തങ്ങളുടെ കൂരകൾക്കകത്ത് ദുർലഭമായിരുന്ന ഭക്ഷണവും സൗകര്യങ്ങളും പങ്കുവച്ച് ഭീഷണമായ സാഹചര്യത്തിൽ പാർട്ടിയെ കാത്തുസൂക്ഷിച്ചത് തൊഴിലാളികളോ ഇടത്തരം വീട്ടമ്മമാരോ ആയ സ്ത്രീകളായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇന്ന് വിമർശിക്കപ്പെടുന്ന കടുത്ത ലൈംഗികസദാചാരത്തിന്റെ ചരിത്രപരമായ വേരുകൾ ആ കാലത്തിലാണ്. നിലവിലെ സദാചാരത്തിൽ വരുമായിരുന്ന ചെറിയ ഇടർച്ചകൾ വരെ പാർട്ടിയെ തകർക്കുമായിരുന്നു എന്നതുകൊണ്ട് സദാചാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച അത്മഹത്യാപരമായിരുന്നു. ഏതിലെന്നതും പോലെ അപൂർവ്വമായ ഡീവിയേഷനുകൾ കണ്ടേക്കാമെന്നല്ലാതെ. ക്രൂരമായ മർദ്ദങ്ങളും ലൈംഗികപീഡങ്ങളും ആ സ്ത്രീകൾ അനുഭവിച്ചിട്ടുണ്ട്, പൊലീസുകാരിൽ നിന്നും ജന്മിമാരിൽ നിന്നും കോൺഗ്രസ്സുകാരിൽ നിന്നും ആയിരുന്നു എന്ന് മാത്രം.

ഇത്തരമൊരു അപൂർവ്വവും സാർത്ഥകവുമായ പാരമ്പര്യത്തെ ആട്ടും‌പാലും ഹിന്ദിയും രഘുപതിയും വച്ച് മുട്ടാൻ പറ്റില്ലെന്നത് പോട്ടെ, അവയുടെപ്പോലും പിന്തുടർച്ചക്കാർ പോലുമല്ല ഇന്നത്തെ കേരളത്തിലെ കോൺഗ്രസ് പാർട്ടി. സ്വാതന്ത്ര്യം കിട്ടിയ അർദ്ധരാത്രി വെടികിട്ടിയപോലെ കോൺഗ്രസ്സുകാരായവരാണ് ഇന്ന് കോൺഗ്രസ്സിലുള്ള മിക്കവാറും എല്ലാ സാമൂഹ്യവിഭാഗങ്ങളും. രാഷ്ട്രീയമൂലധനം എന്ന് പറയുന്നത് വട്ടപ്പൂജ്യമാണ്. മനുഷ്യർ സുഖത്തിനല്ലാതെ പരസ്പരം സഹകരിക്കുമെന്ന്, അവരുടെ അനുഭവം വെച്ചാവണം, അവർക്കൂഹിക്കാൻ പോലും കഴിയില്ല.

അതുകൊണ്ടാണ് ഒളിവുകാലമെന്ന് കേൾക്കുമ്പോഴേ നാഴി ആവണക്കെണ്ണയും കുടിച്ച് അതിന്മേൽ കടവിറങ്ങാനിറങ്ങുന്നത്. എത്രതന്നെ ദ്രവിച്ചിട്ടും പിന്നെയും ബാക്കികിടക്കുന്ന രാഷ്ട്രീയമൂലധനത്തിനുമേൽ കൃത്യം നിർവ്വഹിക്കാൻ.

കുത്തിക്കഴപ്പില്ലാതെ മനുഷ്യർക്ക് വേറൊന്നുമില്ല ജീവിതത്തിൽ എന്ന് കരുതുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല. രാഷ്ട്രീയബോധം ആർജ്ജിച്ചെടുക്കുന്ന പ്രക്രിയയിലൂടെ കടന്നുപോകാത്തിടത്തോളം, മനുഷ്യർ അവരവരുടെ നവദ്വാരങ്ങൾക്കപ്പുറം ചിന്തിക്കില്ല.

advertisment

News

Super Leaderboard 970x90