Life Style

നേരത്തെ ഋതുമതിയാവുന്നതിന്റെ പേരിൽ കുഞ്ഞുമക്കളുടെ ബാല്യത്തെ നശിപ്പിക്കാതെയിരിക്കുക. അവൾ പറക്കട്ടെ.

പെണ്മക്കളുള്ള ഏതൊരമ്മയ്ക്കും ആശങ്ക നിറഞ്ഞ കാലമാണ് അവരുടെ ആദ്യത്തെ ആർത്തവകാലം. പണ്ടൊക്കെ അത് പതിനഞ്ചു വയസ്സിന് അപ്പുറമായിരുന്നെങ്കിൽ ഇന്നത് പത്തു വയസ്സിലോ അതിനു താഴെയോ ആണ്. എങ്ങനെ നമ്മുടെ കുഞ്ഞുങ്ങളെ അതിനായി ഒരുക്കാം.

നേരത്തെ ഋതുമതിയാവുന്നതിന്റെ പേരിൽ കുഞ്ഞുമക്കളുടെ ബാല്യത്തെ നശിപ്പിക്കാതെയിരിക്കുക. അവൾ പറക്കട്ടെ.

പെണ്മക്കളുള്ള ഏതൊരമ്മയ്ക്കും ആശങ്ക നിറഞ്ഞ കാലമാണ് അവരുടെ ആദ്യത്തെ ആർത്തവകാലം. പണ്ടൊക്കെ അത് പതിനഞ്ചു വയസ്സിന് അപ്പുറമായിരുന്നെങ്കിൽ ഇന്നത് പത്തു വയസ്സിലോ അതിനു താഴെയോ ആണ്. എങ്ങനെ നമ്മുടെ കുഞ്ഞുങ്ങളെ അതിനായി ഒരുക്കാം എന്നതായിരുന്നു 'ക്വീൻസ് ലൗഞ്ച്' എന്ന സൗഹൃദക്കൂട്ടായ്മയിൽ ചർച്ചാവേദിയിലൂടെ ഈയാഴ്ച ചർച്ച ചെയ്ത വിഷയം. വളരെ സജീവമായിത്തന്നെ റാണിമാർ ഈ ചർച്ചയിൽ പങ്കെടുത്തു.

ജീവിതരീതി തന്നെയാണെന്നാണ് നേരത്തെയുള്ള ആർത്തവത്തിനു കാരണം എന്ന് സഫീന കരുതുന്നു. അവർക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച്, അതായത്, വയറുവേദന, കൈകാൽ കഴപ്പ്, നടുവേദന, വിഷാദം, സ്‌ട്രെസ്, മൂഡ് മാറ്റങ്ങൾ, എന്നിവയെ പറ്റിയും, ബ്ലഡ് കണ്ടാൽ പേടിക്കരുതെന്നും പാഡ് ഉപയോഗിക്കുന്നതെങ്ങനെയെന്നും ഒക്കെ എട്ടോ പത്തോ വയസ്സുള്ളപ്പോൾ തന്നെ (ആർത്തവത്തിനു മുമ്പ്) കുട്ടികൾക്ക് വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതാവും ഉചിതമെന്നു സഫീന പറയുന്നു.

പതിനഞ്ചാം വയസിൽ ആർത്തവത്തിലേക്കു കാലെടുത്തു വച്ച അഞ്ജലി രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സുഹൃത്തിന്റെ മകൾക്ക് ആദ്യത്തെ ആർത്തവം വന്നത് അത്ഭുതത്തോടെ കാണുന്നു. വീട്ടിലെ ഭക്ഷണക്രമത്തിനു ഇതിൽ വലിയ ഒരു പ്രാധാന്യം ഉണ്ടെന്നു അഞ്ജലി വിശ്വസിക്കുന്നു.കൗമാരത്തിലെ പ്രണയത്തിനും പ്രണയചിന്തകൾക്കും അതുവഴി ഉണ്ടാകാവുന്ന ഹോർമോൺ വ്യതിയാനങ്ങൾക്കും എത്രത്തോളം ഇതിൽ റോൾ ഉണ്ട് എന്നൊരു സംശയം അഞ്ജലി ഉന്നയിക്കുന്നുണ്ട്.

അതിനോട് ചേർത്തുവയ്ക്കാവുന്ന ഒരു സംഭവമാണ് സിംബ്ലി പങ്കു വയ്ക്കുന്നത്. ചേച്ചിയുടെ 13 വയസ്സായ മകൾക്ക് ഇതുവരെ ആർത്തവം വരാത്തത് ഒരുപക്ഷേ അവൾ ടി വി യിൽ പ്രേമരംഗങ്ങളും മറ്റും കാണാത്തത് കൊണ്ടാകും എന്നു മാതാപിതാക്കൾ കരുതുന്നു. അങ്ങനെയുള്ളവ കാണുമ്പോൾ ഹോർമോൺ ചേഞ്ച് ഉണ്ടാകുമത്രേ.

നേരത്തെ ഋതുമതിയാവുന്നതിന്റെ പേരിൽ കുഞ്ഞുമക്കളുടെ ബാല്യത്തെ നശിപ്പിക്കാതെയിരിക്കുക. അവൾ പറക്കട്ടെ.

പത്തുവയസ്സിൽ ഋതുമതിയായി ഇത്തയുടെ കൊച്ചുമകളുടെ കാര്യമാണ് ഐഷാമ്മ പറയുന്നത്. ഇന്ന് മിക്ക സ്കൂളുകളിലും ടീച്ചർമാർ പെൺകുട്ടികൾക്ക് ആർത്തവത്തെപ്പറ്റിയും എടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും പറഞ്ഞു കൊടുക്കുന്നുണ്ട്. പതിനൊന്നു വയസ്സായ കൊച്ചുമകളോട് ഈ കാര്യത്തെപ്പറ്റി സംസാരിച്ച ഐഷാമ്മ കാലത്തിന്റെ മാറ്റത്തിനനുസരിച്ചു നമ്മളും മാറിയല്ലേ മതിയാവൂ എന്ന പ്രകൃതി സത്യവും ഓർമ്മിക്കുന്നു.

ഒമ്പതു വയസിൽ ഋതുമതിയായതിലൂടെ നഷ്‌ടമായ തന്റെ സ്വാതന്ത്ര്യത്തേയും വ്യക്തിത്വത്തെ, കാർന്നു തിന്ന സംശയങ്ങളെ ഒക്കെ ഓർത്തുപോവുകയാണ് നമ്മുടെ കല ചേച്ചി.

പതിനൊന്നു വയസ്സായ മകൾക്ക് കാര്യങ്ങൾ എല്ലാം നേരത്തെ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് പറയുന്നു വീണ എന്ന അമ്മ. ബാഗിൽ സാനിറ്ററി പാഡ് എപ്പോഴും കരുതാൻ അവളെ ശീലിപ്പിച്ചിട്ടുമുണ്ട്. തന്റെ ചെറുപ്പത്തിൽ ആരും ഇതിനെപ്പറ്റി ശരിക്ക് പറഞ്ഞു തരാതെ ഇരുന്നതു കൊണ്ടുണ്ടായ കുഴപ്പങ്ങൾ നല്ല പോലെ അറിയുന്ന വീണ പക്ഷെ മകളുടെയും ഇന്നത്തെ പെൺകുട്ടികളുടെയും കാര്യത്തിൽ ആത്മവിശ്വാസം ഉള്ള അമ്മയാണ്. അവർ ഇതിനെ വേണ്ടതു പോലെ കൈകാര്യം ചെയ്യാൻ പ്രാപ്തരാണെന്നു വീണ കരുതുന്നു.

വളർന്നു വരുന്ന പെണ്മക്കൾക്ക് ആർത്തവത്തെ കൈകാര്യം ചെയ്യാൻ മാത്രമല്ല, സമൂഹത്തിന്റെ കഴുകൻ കണ്ണുകളിൽ നിന്ന് രക്ഷിക്കേണ്ടത് കൂടെ ഓർക്കുന്നു സിമിയിലെ അമ്മ. ആദ്യത്തെ ആർത്തവത്തെ കൈകാര്യം ചെയ്യാൻ ചില ഗൂഗിൾ ടിപ്പുകളും നമുക്കായി സിമി പങ്കു വച്ചിട്ടുണ്ട്.

പൂർണ്ണിമയ്ക്ക്, ആരും പറഞ്ഞു തരാൻ ഇല്ലാതെ കിട്ടിയ തുണി കൊണ്ട് ആദ്യത്തെ ആർത്തവത്തെ ഒപ്പിയെടുക്കേണ്ടി വന്നത് ഇന്നും സങ്കടമാണ്. ആർത്തവത്തെപ്പറ്റി മാത്രമല്ല, ഗർഭധാരണത്തെപ്പറ്റി കൂടി മക്കൾക്ക് നേരത്തെ പറഞ്ഞു കൊടുക്കേണ്ടതുണ്ട് എന്ന് പൂർണ്ണിമയുടെ കുറിപ്പ് നമ്മെ ചിന്തിപ്പിക്കുന്നു.

ആദ്യമായി ഒഴുകിയ ആർത്തവരക്തത്തെ ബ്ലഡ് കാൻസറായി തെറ്റിദ്ധരിച്ചു കരഞ്ഞു കൂവി അച്ഛനോട് പറഞ്ഞ കഥ പറയുന്നു സരിഗ. തനിക്ക് സംഭവിച്ച അബദ്ധം മകൾക്കു പറ്റരുത് എന്നു മനസിൽ ഉറപ്പിച്ചിട്ടുണ്ട് ഈ അമ്മ.

നേരത്തെ ഋതുമതിയാവുന്നതിന്റെ പേരിൽ കുഞ്ഞുമക്കളുടെ ബാല്യത്തെ നശിപ്പിക്കാതെയിരിക്കുക. അവൾ പറക്കട്ടെ.

വളരെ പ്രാധാന്യം ഉള്ള വിഷയമാണിത് എന്നു ഷിജി പറയുന്നു. ഒരുതരത്തിലും കുഞ്ഞുങ്ങളെ പിരീഡ്സ് കാര്യം പറഞ്ഞു മാറ്റിനിർത്തരുത് എന്നത് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക. ബാല്യം കുറഞ്ഞു പോകുന്ന അവൾക്ക് മാനസികപരിഗണന നൽകി കൂടെ നിൽക്കുക. പെണ്ണായിരിക്കുന്നതിൽ അവൾ അഭിമാനിക്കുന്ന രീതിയിൽ അമ്മ തന്നെ അവൾക്ക് മാതൃകയാകണം. പിന്നെ ശുചിത്വത്തെപ്പറ്റിയും പ്രത്യേകം ശ്രദ്ധിക്കുന്നു. ആ സമയത്തു ഉപയോഗിക്കാൻ ചെറിയ ടവ്വലുകൾ വാങ്ങിക്കൊടുത്തിട്ടുണ്ട്. ഒരിക്കലും ആൺകുട്ടികളുടെ മുന്നിൽ ഇക്കാര്യത്തിൽ നാണിക്കേണ്ടതില്ല എന്നും അവരുടെ അമ്മമാരും സഹോദരിമാരും ഒക്കെ ഇതിലൂടെ കടന്ന് പോകുന്നവരാണെന്നും പറഞ്ഞു ആത്മവിശ്വാസം കൊടുത്തിട്ടുണ്ട്. വീട്ടിലുള്ള തന്റെ മകനും ഇതേപ്പറ്റി ചെറിയ വിശദീകരണകൾ കൊടുത്തിട്ടുണ്ട്. അമ്മയില്ലാത്ത സമയത്തു അവൾക്കെന്തെങ്കിലും ആവശ്യം വന്നാൽ ഉപയോഗപ്പെടുമല്ലോ എന്നു ഈ അമ്മ പറയുന്നു.

വിദേശത്തു താമസിക്കുന്ന ജൂലിച്ചേച്ചി മകൾക്കു കൃത്യമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ടുണ്ട്. സ്കൂളിൽ മാതാപിതാക്കളും കുട്ടികളും ഒരുമിച്ചു ചേർന്നു പങ്കെടുക്കേണ്ട അവബോധ ക്ലാസ്സുകൾ ഒരുപാടുപകാരപ്രദമാണ് എന്നു ചേച്ചി പറയുന്നു. ആർത്തവകാലത്തെ ഹോർമോൺ വ്യതിയാനങ്ങൾ, അതു മൂലം എതിർലിംഗത്തിൽപ്പെട്ടവരോട് തോന്നാവുന്ന ചില ആകർഷണങ്ങൾ, മൂഡ് മാറ്റങ്ങൾ, ഇതെല്ലാം കൃത്യമായി പറഞ്ഞു കൊടുക്കുന്നു. അമ്മയുടെ പീരിയഡ് ദിനങ്ങൾ മകളോട് പറയുകയും അസ്വാഭാവികമായി ഇതിലൊന്നും ഒന്നും ഇല്ല എന്ന ബോധം അവളിൽ ഉണ്ടാകുകയും ചെയ്യേണ്ടത് അത്യാവശ്യം എന്നു ചേച്ചി അഭിപ്രായപ്പെടുന്നു.

ഇന്നത്തെ കുട്ടികൾ ഈ കാര്യങ്ങൾ വളെരെ പെട്ടെന്ന് മനസിലാക്കുകയും അതുമായി പൊരുത്തപ്പെടുകയും ചെയ്യും എന്നു ഈ വർഷം തുടക്കത്തിൽ ഋതുമതിയായ പെൺകുട്ടിയുടെ അമ്മ അനസ്റ്റാസിയ പറയുന്നു. അവർക്ക് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുത്താൽ മാത്രം മതിയാകും.

നേരത്തെ ഋതുമതിയാവുന്നതിന്റെ പേരിൽ കുഞ്ഞുമക്കളുടെ ബാല്യത്തെ നശിപ്പിക്കാതെയിരിക്കുക. അവൾ പറക്കട്ടെ.

രണ്ടു പെൺകുട്ടികളുടെ അമ്മയായ നിസ അവരുടെ ഈ പ്രായത്തെ പക്വതയോടെ കൈകാര്യം ചെയ്‌ത അനുഭവം പങ്കുവയ്ക്കുന്നു. മൂത്ത മകൾക്ക് നേരത്തെ തന്നെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ബാഗിൽ പാഡ് മാത്രം അല്ല, അത് കളയുവാൻ പാകത്തിനുള്ള ന്യൂസ് പേപ്പർ തുടങ്ങി എല്ലാ കാര്യങ്ങളും വച്ചു കൊടുത്താണ് സ്കൂളിൽ വിട്ടിരുന്നത്. നാലു മണിക്കൂറിൽ അധികം ഒരു പാഡ് ഉപയോഗിക്കരുതെന്നും മറ്റുമുള്ള വളരെ പ്രധാനപ്പെട്ട കാര്യങ്ങളടക്കം ആർത്തവ ശുചിത്വത്തെപ്പറ്റിയും വ്യക്തമായി അവൾക്ക് പറഞ്ഞുകൊടുത്തിരുന്നു. സ്കൂളിൽ വച്ച്‌ ആയാൽ ആരോട് പറയണം എന്നുള്ള കാര്യങ്ങളും പറഞ്ഞുകൊടുത്തിരുന്നു. ഇളയ മകൾക്ക് അതേ പ്രായമായപ്പോൾ ഈ വക കാര്യങ്ങൾ, അതുകൊണ്ടു തന്നെ മൂത്തമകൾ വേണ്ട വിധം പറഞ്ഞു മനസിലാക്കിയതിൽ ഈ അമ്മ ആശ്വസിക്കുന്നു. അമ്മ ഋതുമതിയാകുന്ന ഏതാണ്ട് അതേ പ്രായത്തിലാണ് മക്കൾക്കും സാധാരണ ആദ്യ ആർത്തവം ഉണ്ടാകുന്നത് എന്നും നിസ കരുതുന്നു. അഞ്ജന അതു ശരി വയ്ക്കുന്നുണ്ട്. Pcod യും ഇൻഫെർട്ടിലിറ്റിയും ഇന്നത്തെ പെൺകുട്ടികളിൽ അധികമായി കാണുന്നതിൽ ആകുലപ്പെടുന്നു നിസ.

താമസിച്ചു ഋതുമതിയാകുന്നതും വന്ധ്യതയും തമ്മിൽ ബന്ധമുണ്ടോ എന്ന സംശയം ഉന്നയിക്കുന്നു ശ്രുതി. പണ്ടത്തെപ്പോലെ പെൺകുട്ടികൾക്കിടയിൽ ഇതുപോലെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ വിമുഖതയൊന്നും കാണാറില്ലെന്നും ശ്രുതി അഭിപ്രായപ്പെടുന്നു.

രജനിയാന്റിയും നളിനിച്ചേച്ചിയും ഫെമിയും, ആർത്തവവും വന്ധ്യതയും തമ്മിൽ ബന്ധമുണ്ടോ എന്ന ശ്രുതിയുടെ ചോദ്യത്തിന് ഉത്തരം നൽകുന്നു. ഇവർക്ക് മൂന്നു പേർക്കും പതിനാറു വയസ്സിലാണ് ആദ്യത്തെ ആർത്തവം വന്നത്. മൂന്നു പേരും നന്നേ മെലിഞ്ഞിട്ടായിരുന്നു. അതൊരു കാരണം ആയിരിക്കാം എന്നു കരുതുന്നു. താമസിച്ചു ഋതുമതി ആയതിനാൽ നോർമൽ പ്രസവം നടക്കില്ല എന്നു പറഞ്ഞവർക്ക് മറുപടി ആയി പുട്ടു പോലെ മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ച കാര്യം അഭിമാനത്തോടെ ഫെമി പറയുന്നു. ആർത്തവരീതികൾ കുട്ടികളിൽ വ്യത്യസ്തരീതികളിൽ ആയിരിക്കും എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാനാവുന്നത്.

നേരത്തെ ഋതുമതിയാവുന്നതിന്റെ പേരിൽ കുഞ്ഞുമക്കളുടെ ബാല്യത്തെ നശിപ്പിക്കാതെയിരിക്കുക. അവൾ പറക്കട്ടെ.

പ്ലാസ്റ്റിക്കിൽ BPA എന്ന ഘടകം സ്ത്രീ ഹോർമോണുകളെപ്പോലെ ശാരീരിക മാറ്റങ്ങൾ മനുഷ്യരിൽ ഉണ്ടാക്കുന്നു എന്ന പ്രധാനപ്പെട്ട വിവരം പങ്കുവയ്ക്കുന്നു വിദ്യ.

സ്കൂളിൽ പെൺകുട്ടികൾക്കിടയിലെ ചർച്ചകളിൽ കിട്ടുന്ന നുറുങ്ങു വിവരങ്ങൾ മകളുടെ മനസ്സിൽ സംശയങ്ങളുടെ പർവ്വതം തീർത്തപ്പോൾ, അവൾക്കായി നല്ല ഒരു സ്റ്റഡി ക്ലാസ് അങ്ങു നടത്തി എന്നു ചിരിയോടെ നളിനിച്ചേച്ചി പറയുന്നു. രക്തക്കറ കണ്ടു പൂച്ച കരയുന്ന ശബ്ദം ഉണ്ടാകുന്ന കൂട്ടുകാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു മുതൽ പാഡ് മാറ്റുന്നതു വരെ ചേർത്താണ് ചേച്ചി സ്റ്റഡി ക്ലാസ് നൽകിയത്.

വളരെ വ്യത്യസ്തവും വിശദവും ഉപകാരപ്രദവുമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നു രമ്യ. വളരെ നേരത്തെ ഋതുമതികളാകുന്ന കുഞ്ഞുങ്ങളെ വളരെയധികം സമ്മർദ്ദത്തിലാഴ്ത്തുന്ന സമൂഹമാണ് ഇന്ന്. ഋതുമതിയായ എട്ടു വയസ്സുകാരിയെ, വെറുമൊരു എട്ടു വയസ്സുകാരിയായി കാണാൻ സമൂഹം തയ്യാറാകുന്നില്ല. അനാവശ്യമായി അവൾക്കു ചുറ്റും കെട്ടുന്ന മതിൽക്കെട്ടുകളിൽ വീർപ്പു മുട്ടി അവളിലെ കുട്ടിത്തം മരിക്കുന്നു. ഗവേഷണങ്ങളിൽ കാണുന്നത്, നേരത്തെ ആർത്തവം ഉണ്ടാകുന്ന കുഞ്ഞുങ്ങൾ വൈകാരികമായി ദുർബലർ ആകുന്നുണ്ടെന്നാണ്. മയക്കുമരുന്നിനും മദ്യത്തിനും ആത്മഹത്യക്കും ഒക്കെ ഇവർ എളുപ്പത്തിൽ കീഴ്പ്പെടുന്നതായി കാണുന്നു. പാൽപ്പല്ലുകൾ ചെറുതായി ഇളകി , പിന്നീടതു പോയി പകരം പുതിയ പല്ലുകൾ വരുന്ന അത്ര ലാഘവത്തോടെ ആർത്തവത്തെ കാണാൻ രമ്യ മകളെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ആറു വയസ്സുള്ള മകൾക്ക് അവളുടെ പ്രായത്തിനൊപ്പിച്ച് പ്രണയത്തെക്കുറിച്ചും സെക്സിനെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചും ഒക്കെ പറഞ്ഞു കൊടുത്ത് മാതൃകയാകുന്നു ഈ അമ്മ.

എട്ടു വയസ്സായ മകൾക്ക് കാര്യങ്ങൾ ഇനി വേണം പറഞ്ഞു കൊടുക്കാൻ എന്നു ഷാഹിനി. സ്വാഭാവികമായ മാറ്റങ്ങൾ അറിഞ്ഞു തന്നെ വളരുമ്പോൾ സംഘർഷം കുറയും എന്നും ഷാഹിനി അഭിപ്രായപ്പെടുന്നു.

ഋതുമതിയാവുക എന്നാൽ അവൾ ആത്മവിശ്വാസമുള്ള, അഭിമാനമുള്ള ഒരു സ്‌ത്രീയായി വളരുക എന്നാണെന്ന് മക്കളെ പറഞ്ഞു മനസിലാക്കുക. ഇതിന്റെ പേരിൽ കുഞ്ഞുമക്കളുടെ ബാല്യത്തെ നശിപ്പിക്കാതെയിരിക്കുക. അവൾ പറക്കട്ടെ!!

advertisment

News

Super Leaderboard 970x90