അഗ്നിയാവട്ടെ! ഓരോ പെൺകുട്ടിയും! മുഖംമറയ്ക്കാതിരിക്കട്ടെ.... അടച്ചിട്ട കതകുകളൊക്കെ തുറന്ന് ധൈര്യപൂർവ്വം പുറത്തുവരട്ടെ! - ‘ഐ ആം നോട്ട് എ നമ്പര്‍'കാംപെയ്ന് പിന്തുണയുമായി ദീപ നിഷാന്തും രംഗത്ത്

അഗ്നിയിലെ പെൺകുട്ടിയുടെ പ്രതികരണം നമ്മുടെ പതിവുധാരണകൾക്കപ്പുറമാണു.അനേകം കൈകളാൽ പൊത്തിപ്പിടിക്കപ്പെട്ട ഒരു വായല്ല അവൾ..ആന അതിന്റെ ശക്തി തിരിച്ചറിയുമ്പോൾ തോട്ടി കൊണ്ടു കുത്തി അതുവരെ തന്നെ അനുസരിപ്പിച്ച പാപ്പാനെ കൊമ്പിൽ കോർത്തെറിയുന്നതു പോലെ അവൾ വാക്കിന്റെ കൊമ്പുകൾ കൊണ്ട്‌ എതിരാളികളെ കുത്തി മലർത്തുകയാണ്.നിവർന്നു നിൽക്കാനാവാത്ത വിധം അഹന്തയെ തല്ലിക്കെടുത്തുകയാണ്.

അഗ്നിയാവട്ടെ! ഓരോ പെൺകുട്ടിയും! മുഖംമറയ്ക്കാതിരിക്കട്ടെ.... അടച്ചിട്ട കതകുകളൊക്കെ തുറന്ന് ധൈര്യപൂർവ്വം പുറത്തുവരട്ടെ! - ‘ഐ ആം നോട്ട് എ നമ്പര്‍'കാംപെയ്ന് പിന്തുണയുമായി ദീപ നിഷാന്തും രംഗത്ത്

'ഐ ആം നോട്ട് ജസ്റ്റ് എ നമ്പർ ' എന്ന ക്യാംപെയ്ൻ്റെ കൂടെത്തന്നെയാണ്.ആ കാഴ്ചപ്പാട് ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ പങ്കുവെച്ചിട്ടുള്ളത് റീഷെയർ ചെയ്യുന്നു:

'മാനഹാനി' ഭയന്ന് കുടുംബം ആത്മഹത്യ ചെയ്തു'.

'മാനഭംഗം' ചെയ്യപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു.'

പത്രങ്ങളിലും മറ്റും ഇടയ്ക്കിടെ കാണാറുള്ള വാർത്തകളാണ്.'മാനഹാനി'പുരുഷനും സ്ത്രീക്കും സംഭവിക്കാം.'മാനഭംഗം'സ്ത്രീക്കേ സംഭവിക്കൂ.ചില വാക്കുകളങ്ങനെയാണ്.ഏകകേന്ദ്രീകൃതമായിരിക്കും.'ഇലയും മുള്ളും'പോലെ! അതിന് വിശദീകരണം ആവശ്യമില്ല..'ഇല' സ്ത്രീയും 'മുള്ള്‌' പുരുഷനുമാണ്.ഭാഷയിൽ അലിഖിതമായ ചില അർത്ഥങ്ങളുണ്ട്‌.നീയൊരു ഇലയാണു.അടങ്ങിയൊതുങ്ങിക്കഴിഞ്ഞു കൊള്ളുക! അല്ലെങ്കിൽ മുള്ളുകൾ നിനക്കു മേൽ വീണു കൊണ്ടേയിരിക്കും...അകന്നു നിന്ന് നിന്റെ 'മാനം'സംരക്ഷിച്ചു കൊള്ളുക!പറന്നു പറന്ന് ദൂരേയ്ക്ക്‌ മാറിക്കൊൾക! എന്നിങ്ങനെ ഇലയോട്‌ നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കും.

തലമുറകളായി പെൺകുട്ടികളുടെ ഉള്ളിലേക്ക്‌ കടത്തി വിടുന്ന ഒരു സങ്കൽപ്പമാണ് അവൾ ഒരു ഇലയാണ് എന്നത്‌.ഓരോ പെൺകുട്ടിയുടേയും സഞ്ചാരം തെമ്മാടിക്കുഴിയുടെ വക്കിലൂടെയാണത്രേ.അവളുടെ കാൽക്കീഴിൽ വഴുവഴുപ്പുണ്ട്‌.തെന്നി വീഴാൻ സാധ്യതകളേറെയാണു..വീണാൽ...!!! തീർന്നു! 'മാനം'നഷ്ടപ്പെട്ടു.പൊതുജീവിതം നഷ്ടപ്പെട്ടു...

മോഷണത്തിനിരയാകുമ്പോഴോ ഗുസ്തിമത്സരത്തിൽ പരാജയപ്പെടുമ്പോഴോ ഒരു പെൺകുട്ടിക്കും 'മാനം'നഷ്ടപ്പെടുന്നില്ല.അവളെയാരും 'മാനഭംഗത്തിനിരയായ പെൺകുട്ടി'എന്ന് വിശേഷിപ്പിക്കുന്നില്ല.ഒരു പ്രത്യേക അവയവത്തെ കേന്ദ്രീകരിച്ചുള്ള ആക്രമണം മാത്രം 'മാനഭംഗ'മാകുന്നത്‌ എങ്ങനെയാണു?അവൾ പിന്നെ 'ഇര'മാത്രമാണു.അവൾക്ക്‌ പേരില്ല..മുഖമില്ല..മേൽവിലാസമില്ല!!

ബലാത്സംഗത്തിനു വിധേയയായ സ്ത്രീയെ നമ്മൾ 'ഇര'എന്നു വിളിക്കുമ്പോൾ ഇംഗ്ലീഷിൽ അവളെ വിളിക്കുന്നത്‌ 'surviver'എന്നാണു.എത്ര നല്ല വാക്ക്‌!!അതിജീവനത്തിനുള്ള ഒരു വഴി ആ വാക്കിൽ തന്നെയുണ്ട്‌.

'മാനഭംഗം'എന്ന വാക്ക്‌ അത്ര നിർദ്ദോഷമായ ഒരു വാക്കല്ല.അവയവത്തെ കേന്ദ്രീകരിച്ചു മാത്രമാണു പെണ്ണിന്റെ മാനമിരിക്കുന്നതെന്ന ദുഃസൂചന അതിനുണ്ട്‌.

'ഒരുത്തനാൽ ആക്രമിക്കപ്പെട്ടു ' എന്ന മുറിവുമായി ഒരു പെൺകുട്ടി വന്നാൽ "ഡെറ്റോളൊഴിച്ചു കഴുകിയാൽ മതി!"എന്ന് പണ്ട്‌ മാധവിക്കുട്ടി പറഞ്ഞു.പെണ്ണിന്റെ പരിശുദ്ധിയെ നിസ്സാരവത്കരിക്കുന്ന ഒരു പ്രതികരണമല്ല അത്‌.മറിച്ച്‌ 'പരിശുദ്ധി'എന്നത്‌ ആക്രമണത്താൽ തകരുന്ന ഒന്നല്ലെന്ന് ബോധ്യപ്പെടുത്തുന്ന ശുഭാപ്തിചിന്തയാണത്‌.ബലാത്സംഗം ചെയ്തവനോട്‌ " ഒരു പട്ടി കടിച്ച പോലെയേ ഞാനതിനെ കാണുന്നുള്ളൂ"എന്നു പറഞ്ഞ നായികയെ അടുത്തിടെ സിനിമയിൽ കണ്ടു കയ്യടിച്ചവരാണ് നമ്മൾ.പക്ഷേ ഇപ്പോഴും നാം ജീവിക്കുന്ന സമൂഹത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടികളൊക്കെ അജ്ഞാതരാണ്. പേരില്ലാത്തവരാണ്..ഏതോ ഇരുട്ടറയിലാണ്.മരിച്ചപ്പോൾ മാത്രമേ സൗമ്യയ്ക്കൊരു പേരുണ്ടായുള്ളൂ..ജീവിച്ചിരിക്കുന്നവരൊക്കെ സൂര്യനെല്ലി പെൺകുട്ടിയും വിതുര പെൺകുട്ടിയും പന്തളം പെൺകുട്ടിയുമൊക്കെയാണിപ്പോഴും. ഒരു നാടിന്റെ പേരാണവർ..ആ നാടിന്റെ 'പേരു കളഞ്ഞവരായി' അധിക്ഷേപിക്കപ്പെട്ട് വേറേതോ നാട്ടിലേക്കവർ പലായനം ചെയ്തു കൊണ്ടേയിരിക്കുകയും ചെയ്യുന്നു..

********

സിതാരയുടെ 'അഗ്നി'എന്നൊരു കഥയുണ്ട്‌.ഓഫീസിൽ നിന്നും സന്ധ്യയ്ക്ക്‌ വീട്ടിലേക്കു പോകുന്ന പ്രിയ എന്ന പെൺകുട്ടി മൂന്നു പേരുടെ ആക്രമണത്തിനിരയാകുന്നതാണ് കഥ.ബസ്സിൽ വെച്ച്‌ ഒരുത്തന്റെ മുഖത്തടിച്ചതിനു പ്രതികാരമാണു അവനു ബലാത്സംഗം."ആണുങ്ങളോടു കളിച്ചാലെങ്ങനെയിരിക്കുമെന്ന് നീ അറിഞ്ഞു വരുന്നേയുള്ളൂ"എന്നും പറഞ്ഞു കൊണ്ടാണു അവനവളെ ഉപദ്രവിക്കുന്നത്‌.മൂന്നു പേരും അവളെ ക്രൂരപീഡനത്തിനിരയാക്കുന്നു.പിറ്റേന്ന് പ്രിയ അവരെ കണ്ടു മുട്ടുന്നത്‌ കഥയിൽ വർണ്ണിച്ചിരിക്കുന്നതിങ്ങനെ:

"പിറ്റേന്ന് പ്രിയ പതിവു പോലെ ഓഫീസിൽ പോയി.ഓഫീസ്‌ പടിയിൽ സഞ്ജീവും രവിയും അവളെക്കാത്തെന്നോണം നിന്നിരുന്നു.മൂന്നാമനെ മാത്രം കണ്ടില്ല.പ്രിയ സൈക്കിളിൽ നിന്നിറങ്ങവേ അവരടുത്തു വന്നു.

"വായ തുറന്നു പോയേക്കരുത്‌!"

പ്രിയയുടെ കണ്ണിലേക്ക്‌ തുറിച്ചു നോക്കിക്കൊണ്ട്‌ രവി പറഞ്ഞു.

"ആരോടെങ്കിലും പറഞ്ഞാൽ നിന്നെ കൊന്നു കളയും.നിന്നെ മാത്രമല്ല നിന്റെ വീട്ടുകാരെയും ശരിയാക്കും.മനസ്സിലായോ?"...
..........

അത്രയും നേരം അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു സഞ്ജീവ്‌.
"ഇന്നലെ എങ്ങനെയുണ്ടായിരുന്നു?" അയാൾ പെട്ടെന്നൊരാഭാസച്ചിരിയോടെ ചോദിച്ചു.

മൂന്നുനാലു സെക്കന്റ്‌ അയാളുടെ കണ്ണുകളിലേക്ക്‌ വെറുതെ നോക്കി പ്രിയ സാധാരണ മട്ടിൽ പുഞ്ചിരിച്ചു.

"നിങ്ങൾ ഒട്ടും പോരായിരുന്നു..."

അയാളുടെ മുഖത്തെ ചിരി മാഞ്ഞ്‌ അത്‌ ഇരുളുന്നത്‌ കണ്ടു കൊണ്ട്‌ അവൾ തുടർന്നു.

"നിങ്ങൾക്ക്‌ കരുത്തു കുറവാണ്.ഒരു പെണ്ണിനെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ നിങ്ങൾക്കാവും എന്നു തോന്നുന്നില്ല."

അവൾ പിന്നെ രവിയുടെ നേരെ തിരിഞ്ഞു.

"പക്ഷേ നിന്നെ എനിക്കു നല്ലവണ്ണം ഇഷ്ടമായി.നീ ഒരു അസ്സൽ പുരുഷനാണ്."അവന്റെ കവിളിൽ ഒന്നു തൊട്ട്‌ സംശയവും അമ്പരപ്പും നിറഞ്ഞ അവരുടെ മുഖങ്ങളിലേക്ക്‌ മാറിമാറി നോക്കി അവൾ പടി കയറി നടന്നു പോയി...."

*********

അഗ്നിയിലെ പെൺകുട്ടിയുടെ പ്രതികരണം നമ്മുടെ പതിവുധാരണകൾക്കപ്പുറമാണു.അനേകം കൈകളാൽ പൊത്തിപ്പിടിക്കപ്പെട്ട ഒരു വായല്ല അവൾ..ആന അതിന്റെ ശക്തി തിരിച്ചറിയുമ്പോൾ തോട്ടി കൊണ്ടു കുത്തി അതുവരെ തന്നെ അനുസരിപ്പിച്ച പാപ്പാനെ കൊമ്പിൽ കോർത്തെറിയുന്നതു പോലെ അവൾ വാക്കിന്റെ കൊമ്പുകൾ കൊണ്ട്‌ എതിരാളികളെ കുത്തി മലർത്തുകയാണ്.നിവർന്നു നിൽക്കാനാവാത്ത വിധം അഹന്തയെ തല്ലിക്കെടുത്തുകയാണ്.ഇലയല്ലവൾ....അഗ്നിയാണ്.

അഗ്നിയാവട്ടെ! ഓരോ പെൺകുട്ടിയും! മുഖംമറയ്ക്കാതിരിക്കട്ടെ.... അടച്ചിട്ട കതകുകളൊക്കെ തുറന്ന് ധൈര്യപൂർവ്വം പുറത്തുവരട്ടെ!

advertisment

News

Super Leaderboard 970x90