സുധാകരൻ മാഷ് തന്റെ പ്രാണനെ രണ്ടായി പകുത്ത് പ്രിയപ്പെട്ടവൾക്ക് നൽകി... ഷിൽന ഇരട്ട കൺമണികളുടെ അമ്മയായിരിക്കുന്നു...

"എത്ര മനോഹരമായ ഒരു കുടുംബ ചിത്രത്തിൽ നിന്നുമാണ് മരണമേ പ്രിയപ്പെട്ടൊരാളെ നീ നിഷ്കരുണം അടർത്തി മാറ്റിയത് !!! ആ വിടവ് സൃഷ്ടിക്കുന്ന ശൂന്യത എത്രയേറെ അഗാധമാണ്! പ്രിയപ്പെട്ടൊരു വീടും തൊടികളും അതുമായി പൊരുത്തപ്പെടാനാവാതെ വിറങ്ങലിച്ചു നിൽക്കുന്നു . ഇന്നലെവരെ ഞാൻ ഇറുകിപ്പുണർന്നിരുന്ന പ്രിയപ്പെട്ടൊരാളാണ് ആ നിലത്തു വെള്ള തുണിയിൽ പൊതിഞ്ഞു കിടത്തിയിരുന്നത് എന്നു വിശ്വസിക്കുക ഹൃദയഭേദകമായിരുന്നു !!

സുധാകരൻ മാഷ് തന്റെ പ്രാണനെ രണ്ടായി പകുത്ത് പ്രിയപ്പെട്ടവൾക്ക് നൽകി... ഷിൽന ഇരട്ട കൺമണികളുടെ അമ്മയായിരിക്കുന്നു...

"സത്യത്തിൽ ഒരു മരണവീട്ടിലേക്ക് കയറിച്ചെല്ലുന്നതു പോലെ എളുപ്പമല്ല, മരണം വീട്ടിലേക്ക് വരുമ്പോഴുള്ള അവസ്ഥ... എന്നത്തേയും പോലെ സാധാരണമായ ഒരു ദിവസം എത്ര പെട്ടെന്നാണ് കഠിനവും ദുരിതപൂർണ്ണവുമായി മാറുന്നത്! "

മരിച്ചു പോയ പ്രിയപ്പെട്ടവൻ്റെ പിറന്നാൾ ദിനത്തിൽ ഷിൽന എഴുതിയ കുറിപ്പിലെ ഈ വരികൾ ഹൃദയത്തിലുണ്ടാക്കിയ മുറിവ് ചെറുതല്ല. പല പല മരണങ്ങളേയും അതോർമ്മിപ്പിച്ചു.. ഒരാളങ്ങു കടന്നു പോകുമ്പോൾ, ആഹ്ലാദങ്ങളൊഴിഞ്ഞ് നിശ്ശബ്ദമായിപ്പോകുന്ന എത്രയെത്ര വീടുകൾ...

സുധാകരൻ മാഷ് മരണം വരെ എൻ്റെ ജീവിതത്തിൽ അത്രയ്ക്ക് പ്രാധാന്യമുള്ള ഒരു വ്യക്തിയേ ആയിരുന്നില്ല. അത്രയ്ക്കടുപ്പം വരാനുള്ള സന്ദർഭങ്ങൾ കുറവായിരുന്നു.. 2017 ആഗസ്റ്റിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന റിഫ്രഷർ കോഴ്സിൽ പലപല കോളേജുകളിൽ നിന്നും ഒരു ക്ലാസ്സ് റൂമിൽ ഒത്തുകൂടിയ പലരിലൊരാൾ.. മാഷ് പൊതുവെ ശാന്തനായിരുന്നു. അത്രയ്ക്കടുപ്പമുള്ള സൗഹൃദസദസ്സുകളിൽ മാത്രം വാചാലനാകുന്ന ഒരാൾ.. മാഷിൻ്റെ കഥകൾ വാരികകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിൽ ഒന്നോ രണ്ടോ എണ്ണം വായിച്ചിട്ടുണ്ട് എന്നതിൽക്കവിഞ്ഞൊരു സൗഹൃദം ഇല്ലായിരുന്നു. ചായ കുടിക്കുമ്പോഴോ മറ്റോ മുന്നിൽ വന്നാൽ പരസ്പരം കൈമാറുന്ന ഒരു ചിരി... ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ ഇടയ്ക്ക് മാഷിട്ടിരുന്ന സ്മൈലികൾ, വല്ലപ്പോഴും അതിൽ പറയുന്ന ചിന്തയൊളിപ്പിച്ചുള്ള ചിരി, മൂർച്ചയുള്ള പരിഹാസം.... അത്രയ്ക്ക് പരിചയമേ മാഷുമായി ഉണ്ടായിട്ടുള്ളൂ..

കോഴ്സിൻ്റെ ഭാഗമായുള്ള ഫീൽഡ് ട്രിപ്പിന് ഞങ്ങൾ തിരഞ്ഞെടുത്തത് ആഗസ്റ്റ് പതിനഞ്ചായിരുന്നു. എത്ര ആഹ്ലാദപൂർണമായിരുന്നു ആ യാത്ര! നിലമ്പൂരേക്കുള്ള ആ യാത്രയിൽ അയ്യപ്പൻ ബസ്സിലിരുന്ന് ഉറക്കെ കവിത ചൊല്ലി.. പലരും പാടി.... രണ്ട് സീറ്റ് പുറകിൽ സുധാകരൻ മാഷ് എല്ലാമാസ്വദിച്ചു കൊണ്ട് ഇരിക്കുന്നത് ഓർമ്മയിലുണ്ട്. മാഷെപ്പറ്റിയുള്ള ചലനമുള്ള ഏറ്റവും ഒടുവിലത്തെ ഓർമ്മ!

നിലമ്പൂർ തേക്ക് മ്യൂസിയത്തിനു മുൻപിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ എല്ലാവരും ആഹ്ലാദഭരിതരായിരുന്നു.പല പല പ്രായക്കാർ, ദേശക്കാർ.. ഞങ്ങളെല്ലാവരും പ്രായം മറന്ന് കുട്ടികളെപ്പോൽ ഊർജ്ജസ്വലരായി തേക്കുമരങ്ങൾക്കിടയിലൂടെ നടന്നു... ഫോട്ടോയെടുത്തു..

തിരിച്ച് ബസ്സിനരികിലേക്ക് നടന്നു..

അപ്പോഴെക്കും അന്തരീക്ഷം മാറിക്കഴിഞ്ഞിരുന്നു..

നിലവിളികൾ, ബഹളങ്ങൾ....

സുധാകരൻ മാഷെ താങ്ങിയെടുത്ത് വണ്ടിയിൽ കയറ്റുന്നുണ്ടായിരുന്നു..

ആ ബസ്സിലേക്ക് കയറാൻ പറ്റാതെ ഭീകരഭാരം ഉൾപ്പേറി നിന്നതോർമ്മയുണ്ട്..

അകത്തേക്ക് ഒരു വിധം വലിഞ്ഞുകയറി സീറ്റിലമർന്ന് പുറത്തേക്ക് നോക്കിയിരുന്നു..

പുറകിലേക്ക് തിരിഞ്ഞു നോക്കി...
സുധാകരൻ മാഷ് അവിടെത്തന്നെ ഇരിപ്പുണ്ടെന്ന് തോന്നി..

ഒന്നും വരില്ല... ചെറിയൊരു മയക്കം... അത്രയേയുള്ളൂ എന്നാശ്വസിച്ചു..

നിലമ്പൂർ ആശുപത്രിക്കു മുന്നിൽ വണ്ടിയിറങ്ങി നടക്കുമ്പോൾ സുധാകരൻ മാഷെയും കൊണ്ടുപോയ പലരും കലങ്ങിയ കണ്ണുകളോടെ അവിടവിടെ നിൽപ്പുണ്ടായിരുന്നു..

രാജേന്ദ്രനെ ആരോ താങ്ങിക്കൊണ്ടു പോകുന്ന കാഴ്ചയിലുറപ്പിച്ചു... മാഷ് പോയെന്ന്...

എത്ര ലളിതമായാണ് ജീവിതത്തിൽ നിന്ന് ചിലരങ്ങളിറങ്ങി നടക്കുന്നത്!

ബ്രണ്ണൻ കോളേജിലാണ് മാഷ്ടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചത്...

സുധാകരൻ മാഷ് തന്റെ പ്രാണനെ രണ്ടായി പകുത്ത് പ്രിയപ്പെട്ടവൾക്ക് നൽകി... ഷിൽന ഇരട്ട കൺമണികളുടെ അമ്മയായിരിക്കുന്നു...

ഷിൽനയെ നേരിൽ കണ്ടിട്ടില്ല..

കാണാൻ ഭയമായിരുന്നു..

ഷിൽന ഇതെങ്ങനെ അതിജീവിക്കും?

അവരൊറ്റയ്ക്കായിപ്പോയല്ലോ എന്നോർത്താണ് വേവലാതിപ്പെട്ടത്.. അത്രമേലടുപ്പമുള്ള രണ്ടു പേരായിരുന്നു അവരെന്ന് പലരും പറഞ്ഞിരുന്നു..
ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ അപകടകരമായ ചിന്തകളൊന്നും ഷിൽനയിലേക്ക് കടത്തിവിടരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു...

പിന്നെപ്പിന്നെ ഓർമ്മകളിൽ നിന്നും ഷിൽനയും സുധാകരൻ മാഷും ഊർന്നു വീണു..

പിന്നെ ഓർത്തത് ആരോ അയച്ചു തന്ന ഷിൽനയുടെ ആ പിറന്നാൾക്കുറിപ്പ് വായിച്ചപ്പോഴാണ്.. അതിലെ വാചകങ്ങൾ ഉള്ള് പൊള്ളിച്ചു..

"എത്ര മനോഹരമായ ഒരു കുടുംബ ചിത്രത്തിൽ നിന്നുമാണ് മരണമേ പ്രിയപ്പെട്ടൊരാളെ നീ നിഷ്കരുണം അടർത്തി മാറ്റിയത് !!!
ആ വിടവ് സൃഷ്ടിക്കുന്ന ശൂന്യത എത്രയേറെ അഗാധമാണ്! പ്രിയപ്പെട്ടൊരു വീടും തൊടികളും അതുമായി പൊരുത്തപ്പെടാനാവാതെ വിറങ്ങലിച്ചു നിൽക്കുന്നു .
ഇന്നലെവരെ ഞാൻ ഇറുകിപ്പുണർന്നിരുന്ന പ്രിയപ്പെട്ടൊരാളാണ് ആ നിലത്തു വെള്ള തുണിയിൽ പൊതിഞ്ഞു കിടത്തിയിരുന്നത് എന്നു വിശ്വസിക്കുക ഹൃദയഭേദകമായിരുന്നു !!
തണുത്തുറഞ്ഞ ആ ദേഹം സ്പർശിക്കാൻ പോലും ഞാൻ ഭയപ്പെട്ടു ..
അന്ത്യചുംബനം നൽകിയപ്പോൾ ഞാൻ ബോധത്തിനും അബോധത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ ഒരു അപസ്മാരബാധിതയെ പോലെ സഞ്ചരിച്ചു !
ഒരിക്കലും ബോധം തെളിയാത്ത വിധം എന്തെങ്കിലും മരുന്നുകൾ തന്നു എന്നോയൊന്നു ഉറക്കിക്കിടത്ത്!, എന്നു പറയണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു..
സ്നേഹവും ,പ്രണയവും പ്രതീക്ഷകളും ചേർത്ത് ഞങ്ങൾ പടുത്തുയര്ത്തിയ ആ വീടിന്റെ അകത്തളതിൽ എന്റെ പ്രിയപ്പെട്ട മാഷ് ,അവരുടെ പ്രിയപെട്ട ഏട്ടൻ എന്നന്നേക്കുമായി ഉറങ്ങിക്കിടന്നു .
എത്രയെളുപ്പത്തിലാണ് മരണം ഓരോ വീട്ടിലേക്കും ചടുലതയോടെ കയറിവരുന്നത്..?
ആരാണ് ജീവിതത്തിനു ഇത്രയും വിചിത്രമായ തിരക്കഥ എഴുതുന്നത്?
സഹനത്തിന്റെ കൃത്യമായ നിർവചനം എന്താണ് ?"

സുധാകരൻ മാഷ് തന്റെ പ്രാണനെ രണ്ടായി പകുത്ത് പ്രിയപ്പെട്ടവൾക്ക് നൽകി... ഷിൽന ഇരട്ട കൺമണികളുടെ അമ്മയായിരിക്കുന്നു...

ഷിൽനയുടെ കുറിപ്പ് വായിച്ച് മുഴുവനാക്കും മുൻപേ അക്ഷരങ്ങൾ അവ്യക്തമാകുന്നത്ര ഉറപ്പേ എൻ്റെ മനസ്സിനുണ്ടായിരുന്നുള്ളൂ... ഇന്നേവരെ നേരിൽ കാണാത്ത ഷിൽനയെപ്പറ്റിയോർത്ത് ഞാനാ രാത്രിയിൽ വീണ്ടും വീണ്ടും ആ വരികളിൽ എന്നെ തളച്ചിട്ടു.അത്തരമൊരനുഭവത്തിൻ്റെ വിദൂരസ്മരണ പോലും എന്നെ ഭയപ്പെടുത്തി...

ഇന്നലെമുതൽ വീണ്ടും ഷിൽനയും മാഷുമാണ് ഉള്ളിൽ നിറയെ... രാവിലെ പത്രത്താളുകളിൽ അവർ...ഒപ്പം രണ്ടു പിഞ്ചു കുഞ്ഞുങ്ങളും..

ഇന്നലെ അജിത്ത് മാഷിൻ്റെ വരികളിലൂടെയാണ് ആ സന്തോഷവാർത്തയറിഞ്ഞത്...ഷിൽന രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായിരിക്കുന്നു.സുധാകരൻ മാഷ് തൻ്റെ പ്രാണനെ രണ്ടായി പകുത്ത് പ്രിയപ്പെട്ടവൾക്ക് നൽകിയിട്ടാണ് മടങ്ങിയത്...

ജീവിതമേ..... എത്രയെത്ര യാദൃച്ഛികതകളാണ് നീ മനുഷ്യർക്കു മുന്നിൽ വിരിച്ചിടുന്നത്!

അറം പറ്റിയതു പോലെ ഷിൽനയുടെ വാക്കുകൾ...!

"സഹനത്തിന്റെ വഴിയിൽ നാം തനിച്ചാവുകയും ആരോരുമില്ലാതാവുകയും ചെയ്യുമ്പോൾ ആശ്വാസത്തിന്റെ ഒരു അദൃശ്യഹസ്തം നാമറിയാതെ നമുക്ക് നേരെ നീളുന്നു!"

എത്ര ശരി!

"എന്റെ കണ്ണുനീർ മറ്റാരേക്കാളും വേദനിപ്പിക്കുന്നത് നിന്നെയാണെന്നറിയുന്നതു കൊണ്ട് തന്നെ പലപ്പോഴും ആ ഓർമ്മകൾക്ക് മുന്നിൽ മനപ്പൂർവ്വം കണ്ണുകൾ ഞാൻ ഇറുകിയടക്കുന്നു ...
വ്യസനിക്കാനല്ല നീ പഠിപ്പിച്ചത്.ഒരുമിച്ചുണ്ടായിരുന്ന രാത്രികളിലും പകലുകളിലും പ്രതീക്ഷയാണ് സന്തോഷത്തിന്റെ കാതൽ എന്ന് നീ പറഞ്ഞു തന്നു ." എന്നെഴുതിയത് നീയാണ്.....

പ്രിയപ്പെട്ടവളേ.... പ്രതീക്ഷകളിലേക്ക് ജീവിതപ്പച്ചകളിലേക്ക് മടങ്ങി വരൂ..

നന്മകൾ.....

advertisment

News

Super Leaderboard 970x90