ഭയം ഒരു രാജ്യം തന്നെയാണ്! നിശ്ശബ്ദതയെന്ന ആഭരണം ധരിച്ച് പലരും സൗധങ്ങളിൽ ചീഞ്ഞുനാറുമ്പോൾ നമുക്കു കുരയ്ക്കാം... കടിയ്ക്കാത്ത... മിനിമം കുരയ്ക്കുകയെങ്കിലും ചെയ്യുന്ന പട്ടികളാവാം... ദീപ നിശാന്ത്

ജീവിതത്തിൽ നമ്മളൊക്കെ ചിലപ്പോൾ ആ പശുവിൻ്റെ പ്രതീകങ്ങളാണ്. അധികാരത്തൊഴുത്തുകളിൽ പുല്ലും വൈക്കോലും തിന്ന് ജീവിക്കുമ്പോൾ നമ്മൾ തിരിച്ചറിയില്ല, സ്വാതന്ത്ര്യത്തിൻ്റെ രുചിയെന്താണെന്ന്. ഇങ്ങനെ കഴിയുന്നതാണ് സ്വാസ്ഥ്യമെന്നു കരുതി മിണ്ടാതിരിക്കും. പക്ഷേ, ഒരിക്കലത് തിരിച്ചറിഞ്ഞു കഴിഞ്ഞാൽപ്പിന്നെ നാം നിശ്ശബ്ദരാവില്ല.കുരയ്ക്കുന്ന പട്ടിയെങ്കിലുമാകാൻ ശ്രമിക്കും.. തോക്കുകൾ ശബ്ദമുയർത്തിയാലും അധികാരച്ചൂരലുകൾ പുറത്തു വന്നു വീണാലും ഉറക്കെയുറക്കെ കുരച്ചു കൊണ്ടേയിരിക്കും..

ഭയം ഒരു രാജ്യം തന്നെയാണ്! നിശ്ശബ്ദതയെന്ന ആഭരണം ധരിച്ച് പലരും സൗധങ്ങളിൽ ചീഞ്ഞുനാറുമ്പോൾ നമുക്കു കുരയ്ക്കാം... കടിയ്ക്കാത്ത... മിനിമം കുരയ്ക്കുകയെങ്കിലും ചെയ്യുന്ന പട്ടികളാവാം... ദീപ നിശാന്ത്

ഇടതുപക്ഷമെന്നാൽ മനുഷ്യപക്ഷമാണെന്ന് വിശ്വസിക്കുന്ന അധികാരവിധേയത്വമില്ലാത്ത ചിലരിവിടെയുണ്ടെന്നത് ആഹ്ലാദകരമാണ്... അഭിവാദ്യങ്ങൾ സർ

പണ്ടെഴുതിയ ഒരു പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.

ജീവിതത്തിൽ ഏറെ സ്വാധീനിച്ചിട്ടുള്ള, കാഴ്ചപ്പാടുകൾ മാറ്റിമറിച്ചിട്ടുള്ള പല പുസ്തകങ്ങളുമുണ്ട്. ഷൂസെ സരമാഗുവിൻ്റെ 'ആനയുടെ യാത്ര 'അതിലൊന്നാണ്. അതിലൊരു പശുവിൻ്റെ കഥയുണ്ട്. പല സന്ദർഭങ്ങളിലും ആ കഥ പരാമർശവിധേയമാക്കാറുണ്ട്. കഥയുടെ ചുരുക്കമിങ്ങനെയാണ്:

ഒരിക്കൽ, വീട്ടിൽ വളർത്തുന്ന ഒരു പശു തൻ്റെ കിടാങ്ങളോടൊപ്പം മേയുന്നതിനിടെ പെട്ടെന്ന് കുറേ ചെന്നായ്ക്കളുടെ നടുക്ക് ചെന്നുപെട്ടു. പശു അമ്പരന്നു.ചെന്നായ്ക്കൾ ആക്രമിക്കാൻ പാഞ്ഞടുത്തു. സ്വതേ ശാന്തശീലയും ദുർബലയുമാണെങ്കിലും പശുവിന് പ്രതിരോധിക്കാതെ തരമില്ലെന്നായി. കിടാങ്ങളെ രക്ഷിച്ചേ പറ്റൂ.. ഒടുവിൽ പ്രത്യാക്രമണമെന്ന ഏകമാർഗ്ഗത്തിലേക്ക് പശു തിരിഞ്ഞു. പശു പൊരുതിനിന്നു. ദിവസങ്ങളോളം.. ഒടുവിൽ യജമാനനെത്തി ചെന്നായ്ക്കളെ ഓടിച്ചു വിട്ടു.. പശുവിനെ തിരികെ വീട്ടിലേക്ക് കൊണ്ടു പോന്നു.

അപ്പോഴാണ് രസം!

പശു തൊഴുത്തിൽ കയറുന്നില്ല!

അയാൾ സകലവിധേനയും ശ്രമിച്ചു.കഴിഞ്ഞില്ല.

കാരണം,പശു തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. തൊഴുത്ത് ഒരധികാരസ്ഥാപനമാണെന്ന്. അത് തിരിച്ചറിഞ്ഞു കഴിഞ്ഞാൽപ്പിന്നെ ആ അധികാരത്തൊഴുത്തിലേക്ക് കയറാൻ ഒരു പശുവും കൂട്ടാക്കില്ല.

പലപ്പോഴും പലയിടത്തും സാന്ദർഭികമായി ഈ കഥ പറയുമ്പോൾ ഞാനീ ഭാഗമെത്തിയാൽ കഥയങ്ങ് നിർത്തും. ബാക്കി പറയില്ല. എന്തെന്നാൽ ചെന്നായ്ക്കളെ പ്രതിരോധിക്കുന്ന പശു ഒരു ശുഭപ്രതീക്ഷയാണ്. ഒരു പോസിറ്റീവ് എനർജിയാണ്.അതു കളയേണ്ടെന്നു കരുതും.

പക്ഷേ കഥയ്ക്കൊരു ബാക്കി ഭാഗം കൂടിയുണ്ട്.. അതത്ര ശുഭകരമായ ഒന്നല്ല.തൻ്റെ തൊഴുത്തിലേക്ക് കയറാൻ കൂട്ടാക്കാതിരുന്ന പശുവിനെ യജമാനൻ വെടിവെച്ചു കൊല്ലുന്നിടത്താണ് കഥയവസാനിക്കുന്നത്.

ജീവിതത്തിൽ നമ്മളൊക്കെ ചിലപ്പോൾ ആ പശുവിൻ്റെ പ്രതീകങ്ങളാണ്. അധികാരത്തൊഴുത്തുകളിൽ പുല്ലും വൈക്കോലും തിന്ന് ജീവിക്കുമ്പോൾ നമ്മൾ തിരിച്ചറിയില്ല, സ്വാതന്ത്ര്യത്തിൻ്റെ രുചിയെന്താണെന്ന്. ഇങ്ങനെ കഴിയുന്നതാണ് സ്വാസ്ഥ്യമെന്നു കരുതി മിണ്ടാതിരിക്കും. പക്ഷേ, ഒരിക്കലത് തിരിച്ചറിഞ്ഞു കഴിഞ്ഞാൽപ്പിന്നെ നാം നിശ്ശബ്ദരാവില്ല.കുരയ്ക്കുന്ന പട്ടിയെങ്കിലുമാകാൻ ശ്രമിക്കും.. തോക്കുകൾ ശബ്ദമുയർത്തിയാലും അധികാരച്ചൂരലുകൾ പുറത്തു വന്നു വീണാലും ഉറക്കെയുറക്കെ കുരച്ചു കൊണ്ടേയിരിക്കും..

കെ.ജി.എസ്സിൻ്റെ ആ കവിത!

ഹാ! എത്ര ഉജ്ജ്വലമാണത്!

അതൊന്നുകൂടി കുറിയ്ക്കട്ടെ..

"കൂട്ടുകാരാ,

ഭീരുത്വം മൂലം ഒരിക്കലും ഒരു പട്ടി കുരയ്ക്കാതിരിക്കുന്നില്ല.

ഇതാ കാലന്‍!ഇതാ കള്ളന്‍!
ഇതാ ജാരന്‍!ഇതാ പോസ്റ്റുമാന്‍!
ഇതാ പിരിവുകാരോ വിരുന്നുകാരോ വരുന്നെന്ന്,
പട്ടി എപ്പോഴും സ്വന്തം ദര്‍ശനം
അപ്പാടെ വിളിച്ചുപറയുന്നു.

ഒരു ദൈവത്തിന്‍റെയും വാഹനമല്ലാത്തവന്‍!

കൂട്ടുകാരാ,

പറയേണ്ടതു പറയാതെ,
ഒരു പട്ടിപോലുമല്ലാതെ,
വാലുപോലുമില്ലാതെ,
നരകത്തില്‍പ്പോലും പോകാതെ,
ഈ സൌധങ്ങളില്‍ നാം ചീഞ്ഞുനാറുന്നു!!"

സർവ്വകാര്യങ്ങളിലും യോജിക്കുമ്പോൾ മാത്രമല്ല, ചിലപ്പോഴൊക്കെ വിയോജിക്കുമ്പോൾ കൂടിയാണ് നാം സുഹൃത്തുക്കളാകുന്നത്. എപ്പോഴും 'പ്രിയംവദ' രായിരിക്കുന്നവർ മാത്രമല്ല സുഹൃത്തുക്കൾ.. ഇടയ്ക്കൊക്കെ പ്രിയമല്ലാത്ത ചില കാര്യങ്ങൾ നമുക്കു പരസ്പരം പറയേണ്ടി വരും... ഇനിയും.. പലപ്പോഴും നമ്മൾ പറഞ്ഞിരുന്ന 'ബഹുസ്വരത'യ്ക്ക് അത്തരമൊരു തലം കൂടിയുണ്ട്. ആ തലത്തെ മാനിച്ചേ പറ്റൂ..

മറ്റുള്ളവരുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളാവുന്നതിലും നല്ലതല്ലേ, അത്രയൊന്നും ഭംഗിയില്ലെങ്കിലും നമ്മൾ സ്വയമൊരെഴുത്തായി നിൽക്കുന്നത്?

"ഭയം ഒരു രാജ്യമാണ്!
അവിടെ,
നിശ്ശബ്ദത ഒരു ( ആ )ഭരണമാണ്!'' എന്ന് പറഞ്ഞതാരാണ്??? ദ്രുപത്.... നീയല്ലേ?

ശരിക്കും! ഭയം ഒരു രാജ്യം തന്നെയാണ്! നിശ്ശബ്ദതയെന്ന ആഭരണം ധരിച്ച് പലരും സൗധങ്ങളിൽ ചീഞ്ഞുനാറുമ്പോൾ നമുക്കു കുരയ്ക്കാം... കടിയ്ക്കാത്ത... മിനിമം കുരയ്ക്കുകയെങ്കിലും ചെയ്യുന്ന പട്ടികളാവാം...

**************************************************
(Koyamparambath Satchidanandan)

എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ്‌ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകം കണ്ണൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കൊലപാതകപരമ്പരയില്‍ ഒരു പുതിയ വഴിത്തിരിവാണ്. തുടര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പാര്‍ട്ടികള്‍ക്ക് പുറത്തുള്ള ഒരാള്‍ കൂടി വധിക്കപ്പെട്ടതോടെ അത് ഒരു ഭീകരമായ സാംക്രമികരോഗത്തിന്റെ സ്വഭാവം കൈവരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പൊതുജനങ്ങളുടെ കണ്ണില്‍ കണ്ണൂരിനെത്തന്നെ ഒരു കൊലനിലമാക്കിയിരിക്കുന്നു വര്‍ഷങ്ങളായി തുടരുന്ന ഈ കൊലപാതകപരമ്പര. ഇവയില്‍ ഇരകളാകുന്നവര്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന യുവാക്കളാണ്, പ്രതികാരക്കൊലകളില്‍ ഉള്‍പ്പെട്ട കക്ഷികളുടെ വന്‍നേതാക്കള്‍ അല്ല. വേറൊരു തരത്തില്‍ പറഞ്ഞാല്‍ നേതാക്കള്‍ സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാന്‍ മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ണൂരില്‍ കാണുന്നത്. കണ്ണൂരിലെയും പരിസരങ്ങളിലെയും ജനങ്ങള്‍ സമാധാനം കാംക്ഷിക്കുന്നവര്‍ തന്നെയാണ്, എന്നാല്‍ ഈ പ്രതികാരത്തിന്റെ യുക്തിയും അത് ജനിപ്പിക്കുന്ന ഭയവും അവരെ അമ്പരപ്പിക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്നതായി കാണുന്നു.

നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെയും സംവാദത്തിന്റെ സംസ്കാരത്തെയും സാമൂഹ്യനീതിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെയും മുഴുവന്‍ ചോദ്യം ചെയ്യുന്നതാണ് ഈ കൊലപാതകങ്ങള്‍. അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കയ്യുകള്‍ ശുദ്ധമാണെന്ന് വിശ്വസിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. രാഷ്ട്രീയം മാത്രമല്ല സാമ്പത്തികവുമായ കാരണങ്ങള്‍ അവയ്ക്കുണ്ടാകാം എന്നാണു സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തോന്നുക. ആ കാരണങ്ങള്‍ കണ്ടു പിടിക്കാതെ, അവയ്ക്ക് പരിഹാരം തേടാതെ, ഈ അരുംകൊലകള്‍ നിര്‍ത്താനാവില്ല. ഇതിനകം പല സംഘടനകളും, ചിലപ്പോള്‍ ഉള്‍പ്പെട്ട പാര്‍ട്ടികള്‍ തന്നെയും സമാധാന യോഗങ്ങളും ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലം കണ്ടിട്ടില്ലെന്നതില്‍ നിന്ന് ഊഹിക്കേണ്ടത് ഏതൊക്കെയോ സ്ഥാപിതരാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങള്‍ ഈ നീചമായ ഹിംസയ്ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. കണ്ണൂരില്‍ നിന്ന് പുറത്തേയ്ക്കും ഈ പ്രതികാരസംസ്കാരം പടര്‍ന്നുപിടിക്കുന്നുണ്ടെന്നു അടുത്ത കാലത്ത് മറ്റു ചില സ്ഥലങ്ങളില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കാണിക്കുന്നു.

കണ്ണൂരിനും കേരളത്തിനു മുഴുവനും അപമാനകരവും ജനാധിപത്യത്തിന്റെ സംവാദാത്മകതയ്ക്ക് കടകവിരുദ്ധവുമായ ഈ കൊലപാതകപ്രവണതകള്‍ക്ക് നിത്യവിരാമം കുറിക്കണം എന്ന് ഞാന്‍ ഇതില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ കക്ഷികളോടും വ്യക്തികളോടും കണ്ണൂരിലെയും കേരളത്തിലെയും ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. ഇത് , ചില മാറ്റങ്ങളോടെ , കൂടുതല്‍ പേര്‍ ഒപ്പിട്ട ഒരു പ്രസ്താവനയായി പുറത്തു വരുന്നുണ്ട്.

#TAGS : deepa nisanth  

advertisment

News

Super Leaderboard 970x90