മധുവിനെ അവര്‍ തല്ലിയിട്ടുണ്ടെങ്കില്‍ അത് കൊല്ലണമെന്നുറപ്പിച്ചുതന്നെ: സി.കെ ജാനു

ഫെയ്‌സ്ബുക്കിലിടാന്‍ വേണ്ടിയൊക്കെ ഇങ്ങനെ ചെയ്യുന്നതിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്ക് അറിയില്ല. ആദിവാസി ആയതുകൊണ്ട് എന്തുചെയ്യാം തല്ലിക്കൊന്നാലും ആരും ചോദിക്കില്ലെന്നുള്ള ഭാവമാണ് ഓരോരുത്തര്‍ക്കും. മോഷ്ടിച്ചെങ്കില്‍ തന്നെയും അവന്‍ വിശപ്പിനുള്ള ഭക്ഷണമല്ലേ മോഷ്ടിച്ചത്? വിശന്നിട്ടല്ലേ? അതിന് ഇങ്ങനെയാണോ ചെയ്യേണ്ടത്. ആരുടെയും പണവും സ്വര്‍ണ്ണവും ഒന്നുമല്ലല്ലോ പാവം കട്ടത്....

മധുവിനെ അവര്‍ തല്ലിയിട്ടുണ്ടെങ്കില്‍ അത് കൊല്ലണമെന്നുറപ്പിച്ചുതന്നെ: സി.കെ ജാനു

കടുകുമണ്ണ ഊരിലെ മൂപ്പന്റെ സഹോദരിയുടെ മകനാണ് മധു. എനിക്ക് നേരിട്ട് അറിയാവുന്നതാണ് മധുവിനെ. മധുവിന് കുറച്ച് മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടില്‍ താമസിക്കാറില്ല. നാട്ടുകാരെയും മനുഷ്യരെയും മധുവിന് ഭയമാണ്. വീട്ടില്‍ നിന്നിറങ്ങിപ്പോയി കടത്തിണ്ണയിലും കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുമൊക്കെയാണ് മധു കഴിയുന്നത്. വിശക്കുമ്പോള്‍ മാത്രം നാട്ടിലേക്ക് വരും. നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന വസ്തുതയുമാണിത്. മധുവിനെ അവര്‍ തല്ലിയിട്ടുണ്ടെങ്കില്‍ അത് കൊല്ലാന്‍ വേണ്ടി തന്നെയാണെന്നാണ് എന്റെ വിശ്വാസം. പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ അത് മനസിലാകും. ഉടുതുണികൊണ്ടാണ് മധുവിന്റെ കൈകള്‍ കെട്ടിയിട്ടത്. തച്ചുകൊല്ലാനാണ് പോകുന്നതെന്ന് പോലും പാവത്തിന് മനസിലാക്കാനുള്ള കഴിവ് ഇല്ലായിരുന്നു. ഭക്ഷണം മോഷ്ടിച്ചതിന് മദ്യാസക്തിയുടെ പുറത്തുള്ള തല്ലല്‍ ആയിരുന്നെങ്കില്‍ ഒന്നോരണ്ടോ തല്ലിന് ശേഷം വിട്ടയച്ചേനേമായിരുന്നു. ഇതുപക്ഷെ എത്ര പൈശാചികമായിട്ടാണ് മര്‍ദിച്ചിരിക്കുന്നത്. കൈയിലും കാലിലുമുള്ള പാടുകള്‍ കണ്ടില്ലേ?

ഫെയ്‌സ്ബുക്കിലിടാന്‍ വേണ്ടിയൊക്കെ ഇങ്ങനെ ചെയ്യുന്നതിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്ക് അറിയില്ല. ആദിവാസി ആയതുകൊണ്ട് എന്തുചെയ്യാം തല്ലിക്കൊന്നാലും ആരും ചോദിക്കില്ലെന്നുള്ള ഭാവമാണ് ഓരോരുത്തര്‍ക്കും. മോഷ്ടിച്ചെങ്കില്‍ തന്നെയും അവന്‍ വിശപ്പിനുള്ള ഭക്ഷണമല്ലേ മോഷ്ടിച്ചത്? വിശന്നിട്ടല്ലേ? അതിന് ഇങ്ങനെയാണോ ചെയ്യേണ്ടത്. ആരുടെയും പണവും സ്വര്‍ണ്ണവും ഒന്നുമല്ലല്ലോ പാവം കട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇങ്ങനെയൊക്കെ ചെയ്താല്‍ ഇവിടെ കേരളത്തില്‍ രോക്ഷം കൊള്ളല്ലാണല്ലോ? നമ്മുടെ ഇവിടെ ഇങ്ങനെയൊരു സംഭവം നടന്നത് മുഖമന്ത്രിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

ആരാണ് പ്രതികള്‍ എന്നുള്ളത് വ്യക്തമാണ്. ഏത് എംഎല്‍എയുടെ അനുയായികളാണെങ്കിലും അവര്‍ക്ക് ആരാണ് കൊല്ലാനുള്ള അനുവാദം നല്‍കിയത്. ഇവിടെ പൊലീസും നിയമവും പിന്നെ എന്തിനാണ്? എത്ര കൊമ്പന്മാരായാലും അവര്‍ക്കെതിരെ നടപടി ഉണ്ടായേതീരൂ. ആദിവാസികളെ ക്രൂരമായി കൊല്ലുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. ഇതിന് മുമ്പും പലരെയും പുഴക്കരയിലും കാട്ടിലുമൊക്കെ കൊന്നിട്ടുണ്ട്. അതെല്ലാം അജ്ഞാതമൃതദേഹങ്ങളായി അവശേഷിക്കുകയായിരുന്നു പതിവ്. മധുവിന്റെ മരണത്തില്‍ മാത്രമല്ല അന്വേഷണം വേണ്ടത്, ഇതുപോലെയുള്ള ദാരുണമരണങ്ങളുടെയെല്ലാം പിന്നിലുള്ളവരെ കണ്ടെത്താന്‍ വേണ്ടുന്ന തരത്തില്‍ അന്വേഷണത്തിന് ഉത്തരവിടണം. ഇനിയും ആദിവാസികള്‍ ഇങ്ങനെ ദാരുണമായി മരിച്ചുവീഴരുത്.

Source : 24kerala.com

advertisment

News

Super Leaderboard 970x90