Cinema

ചാരത്തിനും വജ്രത്തിനും ഇടയിലെ കാർബൺ - റിവ്യൂ വായിക്കാം

കാര്‍ബണിനെ കുറിച്ച് പറഞ്ഞു തുടങ്ങേണ്ടത് മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് നിന്നാണെന്ന് തോന്നുന്നു. അത് വരെ കണ്ടു വന്ന ക്ലൈമാക്സ് രംഗങ്ങളില്‍ നിന്നു വിഭിന്നമായിരുന്നു മുന്നറിയിപ്പിലേത്. നായകന്‍ ഒരു പെണ്‍ കുട്ടിയുടെ തലക്ക് ആഞ്ഞടിക്കുന്നതാണ് അതിലെ ക്ലൈമാക്സ് സീന്‍. ശെരിക്കും ആ അടി അടിച്ചത് പ്രേക്ഷകന്‍റെ തലയില്‍ ആയിരുന്നു. അത് വേണുവിന്റെ മുന്നറിയിപ്പായിരുന്നു. ഒന്നും ചിന്തിക്കാനില്ലാതിരുന്ന പ്രേക്ഷകനോട് ഇനി ചിന്തിച്ച് തുടങ്ങണം എന്ന മുന്നറിയിപ്പ്. ചിന്തകള്‍ തന്നെയാണ് കാര്‍ബണിലും നിറയുന്നത്.....

ചാരത്തിനും വജ്രത്തിനും ഇടയിലെ കാർബൺ - റിവ്യൂ വായിക്കാം

സാധാരണയായ് നിരൂപണം എഴുതുമ്പോൾ പരമാവധി കഥയെ കുറിച്ച് പരാമർശിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷെ ഇത്തവണ അതിനു സാധിച്ചിട്ടില്ല!)

1998ല്‍ പുറത്തിറങ്ങിയ 'ദയ' 2014ല്‍ പുറത്തിറങ്ങിയ 'മുന്നറിയിപ്പ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേണു സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കാര്‍ബണ്‍.സംവിധായകന്‍ എന്നതിനേക്കാള്‍ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ സുപ്രസിദ്ധനാണ് വേണു.മലയാളം,ഹിന്ദി,തമിഴ്,ബംഗാളി,തെലുഗു,ഇംഗ്ലിഷ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലും അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ഇത്തവണ സംവിധായകന്റെ റോളില്‍ മലയാളത്തിന്റെ യുവ നടന്മാരില്‍ ശ്രദ്ധേയനായ ഫഹദിനൊപ്പം അദ്ദേഹം കാര്‍ബണുമായി നമുക്ക് മുന്നിലേക്ക് എത്തുകയാണ്. കാര്‍ബണ്‍ ഏത് തരം അനുഭവമാണ് പ്രേക്ഷകന് നല്‍കുന്നതെന്ന് നമുക്ക് നോക്കാം.

കാര്‍ബണിനെ കുറിച്ച് പറഞ്ഞു തുടങ്ങേണ്ടത് മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് നിന്നാണെന്ന് തോന്നുന്നു. അത് വരെ കണ്ടു വന്ന ക്ലൈമാക്സ് രംഗങ്ങളില്‍ നിന്നു വിഭിന്നമായിരുന്നു മുന്നറിയിപ്പിലേത്. നായകന്‍ ഒരു പെണ്‍ കുട്ടിയുടെ തലക്ക് ആഞ്ഞടിക്കുന്നതാണ് അതിലെ ക്ലൈമാക്സ് സീന്‍. ശെരിക്കും ആ അടി അടിച്ചത് പ്രേക്ഷകന്‍റെ തലയില്‍ ആയിരുന്നു. അത് വേണുവിന്റെ മുന്നറിയിപ്പായിരുന്നു. ഒന്നും ചിന്തിക്കാനില്ലാതിരുന്ന പ്രേക്ഷകനോട് ഇനി ചിന്തിച്ച് തുടങ്ങണം എന്ന മുന്നറിയിപ്പ്. ചിന്തകള്‍ തന്നെയാണ് കാര്‍ബണിലും നിറയുന്നത്.

എളുപ്പം പണം ഉണ്ടാക്കണം എന്ന ചിന്തയുമായി നടക്കുന്ന സിബി എന്ന ചെറുപ്പക്കാരന്‍ ഒരു സാഹചര്യത്തില്‍ കാട്ടില്‍ നിധി വേട്ടക്ക് ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. സിബി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. ആദ്യ ഭാഗങ്ങളില്‍ എളുപ്പത്തില്‍ പണം ഉണ്ടാക്കാനായി ഉള്ള അയാളുടെ ശ്രമങ്ങളിലൂടെ അയാളിലെ കഥാപാത്രത്തെ വ്യക്തമായി വരച്ചിടുന്നു. രണ്ടാം ഭാഗത്താണ് നിധി വേട്ട ആരംഭിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ശ്രദ്ധേയമായത് "ജീവിതത്തില്‍ അല്‍പസ്വല്‍പ്പം ഫാന്‍റസി വേണം" എന്ന ഫഹദിന്റെ സംഭാഷണമായിരുന്നു. ആ ഒരു സംഭാഷണം അവതരിപ്പിക്കുമ്പോഴുള്ള ഫഹാദിന്റെ പ്രകടനവും മനോഹരമായിരുന്നു. മനപ്പൂര്‍വമാവണം ആ രംഗത്തിന് ഇത്രയും പ്രധാന്യം നല്കിയത്. കാരണം ചിത്രം മുന്നോട്ട് വെക്കുന്നത് ഫാന്‍റസി എന്ന ചാരത്തില്‍ നിന്നും യാഥാർഥ്യം എന്ന വജ്രത്തിലേക്കുള്ള സിബി എന്ന കഥാപാത്രത്തിന്റെ യാത്രയാണ്.

സിബി എന്ന കഥാപാത്രമായുള്ള ഫഹദിന്റെ നിറഞ്ഞാട്ടമാണ് ചിത്രത്തില്‍ ഉടനീളം. വേറൊരു കഥാപാത്രത്തിനും ഫഹദിന്റെ പ്രകടനത്തിന്റെ അരികില്‍ പോലും എത്താന്‍ സാധിച്ചിട്ടില്ല. നായിക കഥാപാത്രം ചെയ്ത മംമ്ത ആയാലും, മണികണ്ഠന്‍ ആയാലും സൌബിന്‍ ആയാലും അവരവരുടെ കഥാപാത്രങ്ങളെ അവര്‍ ഭംഗിയായി അവതരിപ്പിച്ചെങ്കിലും ഫഹദിന്റെ അത്രക്കും ചെയ്യാന്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല. ഇതും മനപ്പൂര്‍വമാണ് എന്നു വേണം കരുതാൻ. കാരണം ഈ കഥാപാത്രങ്ങളൊക്കെ തന്നെയും സിബി എന്ന കഥാപാത്രത്തിന്റെ ചിന്തകളാണ് അല്ലെങ്കില്‍ ഇവരിലൂടെയൊക്കെ സിബി തന്റേതായ ചിന്തകള്‍ നടത്തുന്നുണ്ട്. സൌബിന്‍ അവതരിപ്പിച്ച ആനക്കാരന്‍ കഥാപാത്രം ഇതിന് വ്യക്തത നല്കുന്നുണ്ട്. സിബിയുടെ തന്നെ ചിന്തകള്‍ സിബിയുടെ മനസ്സിനെ പിന്തുടര്‍ന്ന് തോട്ടിയാല്‍ കൊളുത്തി വലിക്കുകയാണ്. ക്ളൈമാക്‌സ് രംഗങ്ങളിലും ഈ കഥാപാത്രം കടന്നു വരുന്നുണ്ട്. ഫാന്റസി നിറഞ്ഞ സിബിയിലൂടെ ചിന്തയുടെ ഒരു പ്രപഞ്ചം തന്നെയാണ് വേണു നമുക്ക് മുന്നിലേക്ക് വെച്ചു നീട്ടുന്നത്. ചിത്രത്തിനോടോപ്പം തന്നെ കാര്‍ബണ്‍ എന്ന പേര് ഏറ്റവും നന്നായി ചേരുന്നത് ഫഹദ് ഫാസില്‍ എന്ന അഭിനേതാവിനാകും. കരിഞ്ഞ ചാരവും തിളങ്ങുന്ന വജ്രവും ഒരേ കാര്‍ബണ്‍ ആണെന്നത് പോലെ ഒരു കഥാപാത്രത്തിന്റെ വിവിധങ്ങളായ രൂപാന്തരങ്ങള്‍ എത്ര അനായാസമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മലയാളത്തില്‍ 'അഭിനയിക്കാനറിയാത്ത' നടന്മാരുടെ കൂട്ടത്തില്‍ തന്നെയാണ് തന്റെ സ്ഥാനം എന്നു ഉറക്കെ വിളിച്ച് പറയുകയായിരുന്നു ഫഹദ്. ചെറുതെങ്കിലും സൗബിൻ അവതരിപ്പിച്ച കഥാപാത്രവും വ്യത്യസ്തമായിരുന്നു. ഹാസ്യത്തില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമായിരുന്ന സൌബിനെ പോലെ ഒരു നടന്‍ ഇത്തരം വ്യത്യസ്ഥമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതു ഒരു നടന്‍ എന്ന നിലയില്‍ വളര്‍ച്ച നേടാന്‍ അദ്ദേഹത്തെ സഹായിക്കും.

ചിത്രം ആരംഭിക്കുന്നത് സിബിയുടെ കുടുംബത്തില്‍ നിന്നാണ്. സിബി കുടുംബത്തെ അധികം പരിഗണിക്കാറില്ലെന്നും എളുപ്പം പണം ഉണ്ടാക്കാനായി മരതക കല്ല്, വെള്ളി മൂങ്ങ തുടങ്ങിയ ഫാന്‍റസി ചിന്തകളുമായി നടക്കുകയാണെന്നും പരാമര്‍ശിക്കുന്നുണ്ട്. ചിത്രം മുന്നോട്ട് പോകുമ്പോള്‍ ഇത്തരം ചാരമായ ചിന്തകള്‍ക്ക് പരിവര്‍ത്തനം ഉണ്ടാകുന്നതായി കാണാം. ഇടക്ക് ഒരു സ്ഥലത്ത് സിബി കുടുംബത്തെ കുറിച്ച് ഓര്‍ത്ത് ആകുലപ്പെടുന്നതും കാണാം. ക്ലൈമാക്സ് രംഗങ്ങളില്‍ ഇതിന് കൂടുതല്‍ വ്യക്തത കൈവരുന്നുണ്ട്. കാട്ടില്‍ ഒളിപ്പിച്ച നിധി കിട്ടും എന്ന വിശ്വാത്തോടെ മുന്നോട്ട് പോകുന്ന സിബി വിശപ്പ് സഹിക്കാനാകത്തെ കാട്ടിലെ കുമിള്‍ തിന്നുകയാണ്. അപ്പോഴാണ് സിബി മരത്തിന് മുകളില്‍ നല്ല പഴങ്ങള്‍ കാണുന്നത്. നിധി പോലുള്ള ആ പഴങ്ങള്‍ പറിക്കാന്‍ സിബി കൈ നീട്ടുന്നെങ്കിലും എത്തുന്നില്ല. തൊട്ട് തൊട്ടില്ല എന്ന മട്ടില്‍ അത് സിബിക്ക് നഷ്ടപ്പെടുകയാണ്. ആ സമയത്ത് താഴേക്കു നോക്കുമ്പോള്‍ താന്‍ ഇപ്പൊഴും കുമിള്‍ തിന്നുകൊണ്ടിരിക്കുന്നെന്ന് സിബിക്ക് മനസ്സിലാകുന്നു. അവിടെ വെച്ചു അയാള്‍ താഴേക്കു പതിക്കുകയാണ്. ഒരു പക്ഷേ ചാരം നിറഞ്ഞ ചിന്തകളുമായി അഗാധ ഗര്‍ത്തത്തിലേക്ക് പതിച്ച് സ്വയം ഇല്ലാതാവുമായിരുന്ന സിബി തിളങ്ങുന്ന നല്ല ചിന്തകളുടെ ബലത്തില്‍ ജീവിതം എന്ന യാഥാര്‍ത്യത്തിലേക്ക് തിരികെ കയറുന്നു. ഇതിന് മുന്പ് മംമ്ത പറഞ്ഞ ഒരു സംഭാഷണവും ഇവിടെ കൂട്ടി വായിക്കാവുന്നതാണ്. സാധാരണയായി ആല്‍ക്കമിസ്റ്റ് പരാമര്‍ശിക്കുമ്പോള്‍ നമ്മള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ അത് സാധിക്കാന്‍ പ്രകൃതി മുഴുവന്‍ കൂടെ നില്ക്കും എന്ന സന്ദേശമാണ് പരാമര്‍ശിക്കാറുള്ളത്. പക്ഷേ ഇവിടെ മംമ്ത പരാമര്‍ശിക്കുന്നത് നിധി ഇരിക്കുന്നത് തുടങ്ങിയ സ്ഥലത്ത് തന്നെയാണെന്ന ആല്‍ക്കമെസ്റ്റിലെ സന്ദേശമാണ്. ഈ ഒരു തിരിച്ചറിവു തന്നെയാണ് സിബിക്കുണ്ടാകുന്നതും. ഫാന്‍റ്സി ഒരു കറുത്ത ലോകമാണെന്ന തിരിച്ചറിവ്, കുറുക്ക് വഴിയിലൂടെ പണം തനിക്ക് ഒരിയ്ക്കലും സമ്പാദിക്കാനാകിലെന്ന തിരിച്ചറിവ്. പ്രകൃതിയോടിണങ്ങിയ ജീവിതവും കുടുംബവുമാണ് യഥാര്‍ത്ഥ നിധി എന്ന തിരിച്ചറിവ്. അങ്ങനെ അനുഭവങ്ങളും ചിന്തകളും തിരിച്ചറിവുകളും അയാളെ തിളങ്ങുന്ന ഒരു വജ്രമാക്കി മാറ്റുന്നു. അയാള്‍ യഥാര്‍ഥ ജീവിതത്തിലേക്ക് മടങ്ങുന്നു .

മേല്‍ പറഞ്ഞത് മുഴുവന്‍ എന്റെ ചിന്തകളാണ്! ഈ ചിത്രം എനിക്കു സമ്മാനിച്ച ചിന്തകള്‍. പൂര്‍ണമായും ശെരിയാണോ എന്ന്‍ അറിയില്ല. പക്ഷേ ഇങ്ങനെ കാണുന്ന ഓരോ പ്രേക്ഷകനും ഓരോ തരത്തില്‍ ചിന്തിക്കാനുള്ള അവസരം നല്‍കുകയാണ് വേണു. സിനിമ പ്രേക്ഷകനിലൂടെ പൂര്‍ത്തിയാക്കുക എന്ന ബ്രില്ല്യന്‍സാണ് വേണു ഈ ചിത്രത്തിലൂടെ ഒരുക്കുന്നത്. ഒരു പക്ഷെ ഈ ചിത്രത്തിന് സംവിധായകനെ പോലും ഞെട്ടിക്കുന്ന വിലയിരുത്തലുകൾ ഉണ്ടായേക്കാം.

ചിത്രത്തിന് ദൃശ്യ ഭംഗി ഒരുക്കിയ കെ യു മോഹനന്‍, ബിജി ബാലിന്റെ പശ്ചാത്തല സംഗീതം, വിശാല്‍ ഭരദ്വാജിന്റെ സംഗീതം, ബീന പോളിന്റെ എഡിറ്റിങ് എന്നിവയും ചിത്രത്തിന് മാറ്റ് കൂട്ടുന്നുണ്ട് .പ്രത്യേകിച്ചു കാടിന്റെയും കോടമഞ്ഞിന്റെയും ഭംഗി മനോഹരമായി ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. സിബിയുടെ മനോവിചാരങ്ങള്‍ക്കൊപ്പം തന്നെ സഞ്ചരിക്കാന്‍, അത് കൂടുതല്‍ പ്രേക്ഷകന് അനുഭവഭേദ്യമാക്കാന്‍ പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും ചിത്രത്തിന് വേഗതക്കുറവ് അനുഭവപ്പെടുന്നുണ്ട് ഇത് ഒരു പോരായ്മയായ് പറയാം. ഈ ചിത്രം സാമ്പത്തികമായി എത്രത്തോളം വിജയമാകും എന്ന കാര്യത്തില്‍ സംശയം ഉണ്ട്. പക്ഷേ സിനിമ കച്ചവടമാക്കി കാണുക എന്ന കറുത്ത ചിന്ത ഇല്ലാത്ത പ്രേക്ഷകന് വ്യത്യസ്ത അനുഭവം നല്‍കുന്ന ചിത്രം നല്കണം എന്ന തിരിച്ചറിവുള്ളവരായിരിക്കണം ഇതിന്റെ നിര്‍മാതാക്കള്‍. ആ തിളക്കമുള്ള തിരിച്ചറിവ് ഉള്ളതിനാലകണം അതില്‍ ഒരാളുടെ പേര് 'സിബി' എന്നായത് !!

ചാരത്തിനും വജ്രത്തിനും ഇടയില്‍ എവിടെയോ ആണ് ഈ കാര്‍ബണ്‍. ചിത്രം കാണുന്ന പ്രേക്ഷകന്റെ ചിന്തയുടെ നിലവാരം അനുസരിച്ച് അത് കത്തിക്കരിഞ്ഞ ചാരമായും വെട്ടി തിളങ്ങുന്ന വജ്രമായും മാറാം. ഒരേ സമയം അതീവ റിയലിസ്റ്റിക്കും അതേ സമയം ഫാന്‍റസി നിറഞ്ഞതുമായ വ്യത്യസ്തമായ ചലച്ചിത്രനുഭവമാണ് കാര്‍ബണ്‍. അതിനാല്‍ തന്നെ തിയ്യേറ്ററില്‍ പോയി ഈ ചിത്രം ഒന്നു കണ്ടു നോക്കാവുന്നതാണ്.

രാഹുൽ രാജ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Super Leaderboard 970x90