Travel

ബുള്ളറ്റിനോട് തോന്നിയ മുഹബ്ബത്ത്...

ഒരു ദിവസമെങ്കിലും മൂന്ന് രൂപ സീ.ടി കൊണ്ടല്ലാതെ ബുള്ളറ്റില്‍ കോളേജില്‍ വന്നിറങ്ങണം എന്നൊരു പൂതി ഉണ്ടായിരുന്നു… ഒരു ഒടുക്കത്തെ പൂതി. അവസാന വര്‍ഷത്തിലെ അവസാന ദിവസവും കഴിഞ്ഞ് കൊളേജിന്‍റെ പടികളിറങ്ങുംവരെ ആ മോഹം നടന്നിട്ടില്ല… വിധിയില്ലായിരുന്നു…പണമില്ലായിരുന്നു..ഒരു ബുള്ളറ്റിന് എന്‍റെ സ്വന്തമാകാനുള്ള സമയമായിട്ടില്ലായിരുന്നു.!!

ബുള്ളറ്റിനോട് തോന്നിയ മുഹബ്ബത്ത്...

അന്ന് ഒന്നുമില്ലാത്ത കാലം തന്നെയായിരുന്നു. മൂന്ന് രൂപ കൊണ്ട് കോളേജിലേക്ക് പോക്കും വരവും… അതെങ്ങാനും കളഞ്ഞ് പോയാല്‍ അരുണിനോടും നിഖില്‍നോടും ഹഫൂനോടും ചോദിച്ച് വാങ്ങി വീട്ടില്‍ എത്തും… സീടി കൊടുത്ത് വടകര നിന്നും കെ ടി ബസ്സാറിലേക്ക് ബസ്സ്‌ കയറിയാല്‍ പുറകിലെ ലോങ്ങ്‌ സീറ്റില്‍ അറ്റത്ത് ഇരിക്കും….. എന്നിട്ട് ആ ബസ്സിനെ കടന്നു പോകുന്ന, അല്ലെങ്കില്‍ ആ ബസ്സിലിരുന്ന് നോക്കിയാല്‍ കണ്ണിലുടക്കുന്ന ബുള്ളറ്റ് നോക്കി രസിക്കും… എത്ര ബുള്ളറ്റ് കണ്ടു എന്ന് മനസ്സില്‍ എണ്ണമിടുക്കും…

ബുള്ളറ്റിനോടുള്ള മുഹബ്ബത്ത് ചെങ്ങായിമാരോട് പറഞ്ഞാല്‍ പഹയന്മാര്‍ അസ്സലായി ട്രോളും… മൂന്ന് രൂപ കൊണ്ട് കോളേജില്‍ വരുന്ന നിനക്കല്ലേ ബുള്ളറ്റ്…പള്ളിപ്പെരുന്നാള്‍ക്ക് വാങ്ങിത്തരാട്ടാ എന്നൊക്കെ പറഞ്ഞിട്ട്… അതിനു മാത്രം ബുള്ളറ്റിനു എന്ത് ഒലക്കയാ ഉള്ളത് എന്ന് ചോദിച്ചാല്‍ മാത്രം ഞാനവനുമായി വഴക്കിടും.. എന്തോ വല്ലാത്ത ഇഷ്ടമായിരുന്നു….ഒരു കാറിനോടും മറ്റൊരു വണ്ടിയോടും ഇത്രക്ക് വെറി (ഇഷ്ടം) തോന്നിയിട്ടില്ല… വല്ല കല്യാണങ്ങള്‍ക്കും പോയാല്‍ പുറത്ത് നിര്‍ത്തിയിട്ടുള്ള ബുള്ളറ്റ് കുറേ നേരം നോക്കി നില്‍ക്കും…. ചെറിയ പ്രായത്തില്‍ പറയുന്നപോലെ ‘ഒരു റൌണ്ട് ഓടിക്കട്ടെ’ എന്ന് ശൂന്യതയിലേക്ക് നോക്കി ചോദിക്കും… ഉത്തരംപറയാന്‍ ഉടമസ്ഥനും ഓടിച്ചോ എന്ന് പറയാന്‍ ബുള്ളറ്റ് സ്വന്തമായുള്ളവനും കേള്‍ക്കാത്ത ആ ചോദ്യം ശബ്ദമില്ലാതെ ചങ്കില്‍ കിടക്കും….ഒരു മൗനമായി കിടക്കും … മനസ്സുകൊണ്ട് ഒരു റൌണ്ട് ഓടിച്ചുവരും. അന്നൊക്കെ അസൂയ തോന്നിയിരുന്നത് നന്നായി പഠിക്കുന്നവനോടോ നന്നായി വരക്കുന്നവനോടോ ആയിരുന്നില്ല… സ്വന്തമായി ബുള്ളറ്റ് ഉള്ളവനോടായിരുന്നു. സത്യം പറഞ്ഞാല്‍ ലൈസന്‍സ് എടുക്കാന്‍ ദൃതി കൂട്ടിയത് പോലും ബുള്ളറ്റ് ഓടിക്കാന്‍ വേണ്ടിയാണ്….

ബുള്ളറ്റിനോട് തോന്നിയ മുഹബ്ബത്ത്...

ഓര്‍ക്കുന്നുണ്ട് അന്ന് അച്ഛന്റെ ഒരു കൂട്ടുകാരന്‍റെ ബുള്ളറ്റാണ് ആദ്യമായി ഓടിച്ചത്… ഹൌ… അന്ന് ഞാന്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്… ‘അഞ്ഞൂറ് സി.സി ഓടിക്കാനുള്ള ഹൈറ്റും വൈറ്റും നിനക്കില്ല’ എന്ന് പലരും പറഞ്ഞിട്ടുണ്ട്.. എന്നാലും കൊതി കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല… ഒരു ദിവസമെങ്കിലും മൂന്ന് രൂപ സീ.ടി കൊണ്ടല്ലാതെ ബുള്ളറ്റില്‍ കോളേജില്‍ വന്നിറങ്ങണം എന്നൊരു പൂതി ഉണ്ടായിരുന്നു… ഒരു ഒടുക്കത്തെ പൂതി. അവസാന വര്‍ഷത്തിലെ അവസാന ദിവസവും കഴിഞ്ഞ് കൊളേജിന്‍റെ പടികളിറങ്ങുംവരെ ആ മോഹം നടന്നിട്ടില്ല… വിധിയില്ലായിരുന്നു…പണമില്ലായിരുന്നു..ഒരു ബുള്ളറ്റിന് എന്‍റെ സ്വന്തമാകാനുള്ള സമയമായിട്ടില്ലായിരുന്നു.!!

വടകര എക്സിബിഷന് പോകാറുള്ളത് പഴയ മോഡല്‍ ബുള്ളറ്റുകാണാന്‍ വേണ്ടിയായിരുന്നു.അച്ഛന്റെ ആ കൂട്ടുകാരന്‍ ഇനിയും വീട്ടില്‍ക്ക് വരോ എന്ന് ഇടക്കിടക്ക് അച്ഛനോട് ചോദിക്കാറുള്ളത് ബുള്ളറ്റ് ഒരു റൌണ്ട് കൂടി ഓടിക്കനായിരുന്നു… കോളേജ് ലൈന്‍ ബസ്സില്‍ പുറകില്‍ ഇരിക്കുന്നതും നില്‍ക്കുന്നതും എന്‍റെ കണ്ണ് തൊടാതെ പോകുന്ന ബുള്ളറ്റ് ഉണ്ടാവാതിരിക്കാനായിരുന്നു.. വല്ലാതെ ഇഷ്ടമായിരുന്നു…. പക്ഷെ,… എനിക്ക് ബുള്ളറ്റിനോടുള്ള ഭ്രാന്തമായ ഇഷ്ടം ഒരുപക്ഷെ എന്‍റെ അമ്മയ്ക്ക് മാത്രമേ അറിയാന്‍ സാധ്യതയുള്ളൂ… അതികമാരോടും അത്ര ഭ്രാന്തമായി പറയാറില്ല… മോഹങ്ങള്‍ക്ക് വീണ്ടും ചിറക് മുളക്കുമല്ലോ….. ആ ചിറകില്‍ കയറി അമ്മയെയും പുറകിലിരുത്തി കെ ടി ബസ്സാറിൽ നിന്നും തലശ്ശേരി വരെയെങ്കിലും ബുള്ളറ്റില്‍ പോകാനായിരുന്നു ആഗ്രഹം. ആര്‍ക്കും എന്തും ആഗ്രഹിക്കാലോ…. ആഗ്രഹം നടത്താനല്ലേ പണം വേണ്ടൂ.. ആഗ്രഹിക്കാന്‍ വേണ്ടല്ലോ…. അങ്ങനെ ആഗ്രഹങ്ങളുടെ നെറുകയില്‍ കയറി ബുള്ളറ്റ് ചമഞ്ഞിരുന്നു.

ആയിടക്കാണ് മനസ്സിലുടക്കിയത്….. ജേണലിസം പഠിക്കാന്‍ മനസ്സ് കൊണ്ട് തയ്യാറെടുത്ത് നില്‍ക്കുമ്പോളാണ് വിധി ഒരു ബോംബെക്കാരൻ ആകാൻ ടിക്കെറ്റെടുത്ത് തന്നത്… അന്ന് അമ്മയോടും അച്ഛനോടും ബോംബേക്കു പോകുന്നതിന്‍റെ പേര് പറഞ്ഞ് ഒരുപാട് വഴക്കിട്ടു എങ്കിലും.. ഇന്ന് ആ പ്രവാസത്തോട് സ്നേഹവും ആദരവുമാണ്… അമ്മയ്ക്കും അനിയത്തിക്കും വേണ്ടി പലതും ചെയ്യാന്‍ കഴിഞ്ഞു. സ്വന്തമായി ഒരു നല്ല ജോലി ഉള്ളത്കൊണ്ടു ആര്‍ത്തിയോടെ നോക്കി കണ്ടിരുന്ന ബുള്ളറ്റ് സ്വന്തമായി വാങ്ങാന്‍ കഴിഞ്ഞതും എല്ലാം പ്രവാസത്തിലൂടെയാണെന്ന് ഞാനിപ്പോള്‍ അറിയുന്നു….

… അഞ്ഞൂറ് സീ.സിയാണ് മനസ്സില്‍ ഉണ്ടായിരുന്നതെങ്കിലും തരക്കാരോട് കളിച്ചാല്‍ പോരെ എന്നുള്ള കോളേജ് ഡയലോഗ് ഓര്‍ത്തപ്പോള്‍ 350 സീ.സി ക്ലാസ്സിക്കിലേക്ക് ആഗ്രഹങ്ങളെ കുടിയിരുത്തി.പക്ഷെ ബുക്ക് ചെയ്യാൻ പോയപ്പോൾ 500 സി സി ക്കു കണ്ട മൊൻജ്ജ്…… വേറെ ഒന്നും ചിന്തിച്ചില്ല 500 സി സി തന്നെ… അങ്ങനെ നാട്ടിലേക്ക് എത്തുന്നതിന്‍റെ പത്ത് ദിവസം മുന്നേ ബുള്ളറ്റ് എന്‍റെ ചെറിയ വീട്ടിലെ ഉമ്മറത്ത് സ്ഥാനം പിടിച്ചു..

ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ കണ്ണില്‍ പ്രിയ്യപ്പെട്ട അമ്മയും … അനിയത്തിയും (എനിക്ക് അച്ഛൻ നഷ്ടപ്പെട്ടായിരുന്നു) മാത്രമായിരുന്നില്ല….. ഒരു ബുള്ളറ്റുമുണ്ടായിരുന്നു… ഓരോ യാത്രയിലും കുടുകുടു ശബ്ദം കൊണ്ട് എന്‍റെ കണ്ണും ചെവിയും കടമെടുത്ത ബുള്ളറ്റ്…. ക്ലാസിക്കിന് പഴയ വണ്ടിയുടെ തലയെടുപ്പോ ശബ്ദ ഗാംഭീര്യമോ ഇല്ല.. എന്നാലും കാക്കക്ക് തന്‍ കുഞ് തന്നെയാണല്ലോ പൊന്‍കുഞ്ഞ്… അതുകൊണ്ട് 500 സീ.സി ക്ലാസിക്കായിരുന്നു എന്‍റെ ഹീറോ…

ബുള്ളറ്റിനോട് തോന്നിയ മുഹബ്ബത്ത്...

വീട്ടില്‍ എത്തി അമ്മയെ കണ്ടപ്പോളാണ് ബുള്ളറ്റ് ഇരിക്കുന്ന ഭാഗത്തേക്ക് ഒന്ന് നോക്കാന്‍ പോലും മറന്നുപോയത്.. അമ്മയുടെ മുഹബ്ബത്ത് കൂട്ടിയ മുതിര ഉപ്പേരിയും ചെമ്മീന്‍ കൂട്ടാനും കൂട്ടി വയറ് നിറയെ ഭക്ഷണം കഴിച്ച് മെല്ലെ പുറത്തിറങ്ങി….. വീടാകെ മാറിയിരിക്കുന്നു… അതിലുള്ള നനഞ്ഞ ജന്മങ്ങളുടെ സ്നേഹം മാത്രമാണ് മാറാതിരിക്കുന്നത്… ഞാന്‍ മെല്ലെ ഉമ്മറത്തേക്ക് ഇറങ്ങി… മുറ്റത്തെ ചുവന്ന മണ്ണിന് പകരം ടൈല് സ്ഥാനമുറപ്പിച്ചിരിക്കുന്നു… അഞ്ച് സെന്റ്‌ ഭൂമിയില്‍ ഇതിലും നന്നായി ഒരു ചെറിയ വീട് എങ്ങനെ അലങ്കരിക്കാനാണ്.. എല്ലാം നന്നായി ഒരുക്കിയിരിക്കുന്നു… എല്ലാം ഇന്നലെ കഴിഞ്ഞപോലെ… ആഗ്രഹിച്ചതൊക്കെ പടച്ചോന്‍ മുന്നില്‍കൊണ്ട് തരുന്നു…. പടച്ചോന് നന്ദി… അങ്ങനെ പലതും മനസ്സില്‍ ചേര്‍ത്ത് പുറത്തിറങ്ങി… വീടിന്‍റെ സൈഡില്‍ മ്മടെ ചെക്കന്‍ ഇരിക്കുന്നുണ്ട്‌… മ്മടെ ബുള്ളറ്റ്… ആ ഇരുട്ടിലും അവനെന്ത് തിളക്കമാണ്… ഞാന്‍ മെല്ലെ അടുത്തേക്ക് നടന്നു…. ഹെഡ്ലൈറ്റ് മെല്ലെ തൊട്ടു..ഒന്ന് തഴുകി…. എന്റെ കണ്ണ് നിറഞ്ഞു പോയി .. പഴയ ബുള്ളറ്റ് ഭ്രാന്തനായ ജോബിഷ് അതിന്‍റെ വട്ടത്തിലുള്ള കണ്ണാടിയില്‍ തെളിഞ്ഞു…. ഞാന്‍ മെല്ലെ അതില്‍ കയറി ഇരുന്നു…. ഓഹ് ഇതാണോ ഇത്ര വലിയ കാര്യം എന്ന് നിങ്ങളില്‍ പലര്‍ക്കും തോന്നിയേക്കാം…. പക്ഷെ ആഗ്രഹങ്ങളുടെ മുന്നിലുള്ള വെറിയായിരുന്നു ഇതിങ്ങനെ സ്വന്തമായി ഉണ്ടാവുക എന്നത്… അത് അനുഭവിച്ചവനെ അതിന്‍റെ സുഖമറിയൂ….

അന്ന് എന്‍റെ വീടിന്‍റെ ഇത്തിരിപ്പോന്ന മുറ്റത്ത് എത്രയോ റൌണ്ട് ഞാന്‍ എന്‍റെ ബുള്ളറ്റില്‍ ഓടിച്ചു…. പഴയ ഒരു ചെക്കന്‍ ശൂന്യതയിലേക്ക് നോക്കി ചോദിക്കാറുള്ള ചോദ്യം ചങ്കിലുടക്കി…. “‘ഒരു റൌണ്ട് ഓടിക്കട്ടെ”… അതേ,….. ഞാനിപ്പോള്‍ ഒന്നല്ല ഒരുപാട് റൌണ്ട് ഓടിച്ചിരിക്കുന്നു…. അന്നത്തെ ഉറക്കം സ്വപ്നങ്ങളുടെ മുകളില്‍ തന്നെയായിരുന്നു… രാവിലെ അമ്മയെയും കൊണ്ട് തലശ്ശേരി അമ്മ വീട്ടിലേക്ക്…… അമ്മയുടെ വീട്ടിലേക്ക് പോകുമ്പോള്‍ സന്തോഷം കൊണ്ട് മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞിരുന്നു…. അമ്മയ്ക്ക് ബുള്ളറ്റ് വല്ലാതങ്ങട് ഇഷ്ടായി… “ഇതിമ്മേ ഇരിക്കാന്‍ നല്ല സുഖമുണ്ടല്ലോടാ ജോബിയാ ” ഉള്ള പൊലിവിന് അമ്മയ്ക്ക് വീണ്ടും കട്ടി കൂട്ടി…. പിറ്റേന്ന് നേരം വെളുക്കുമ്പോള്‍ ഞാനൊരു കാഴ്ചകണ്ടു…. എന്‍റെ അമ്മ ബുള്ളറ്റ് കഴുകുകയാണ്…. അതിന്‍റെ തിളക്കം വീണ്ടും വീണ്ടും കൂടി വന്നു. അന്ന് മുതല്‍ ഇന്നുവരെ അമ്മ ആ പതിവ് മുടക്കിയിട്ടില്ല…. ഇപ്പോള്‍ അമ്മയും അനിയത്തിയും മാറി മാറി തുടക്കുന്നു… പഴയ മൂന്ന് രൂപക്കാരന്‍റെ ബുള്ളറ്റില്‍ ഇപ്പോള്‍ ഫുള്‍ ടാങ്ക് പെട്രോള്‍ ഉണ്ടാവാറുണ്ട്…. ‘ഒരു റൌണ്ട് ഓടിക്കട്ടെ’ എന്ന ചോദ്യത്തിനിപ്പോള്‍ ഉത്തരങ്ങള്‍ ഒരുപാടുണ്ട്… ആഗ്രഹിച്ചതൊക്കെ വൈകിയാണെങ്കിലും കണ്മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്…. പടച്ചോന്‍ അങ്ങനെയാണ് ചില കാര്യങ്ങളിലേക്ക് നമ്മള്‍ അതികമായി ആഗ്രഹിക്കുമ്പോള്‍ നൈസ്ആയിട്ട് മൂപ്പര് അതില്‍ ചിലതെങ്കിലും നടത്തിത്തരുക തന്നെ ചെയ്യും…….!

(ഒരു ബുള്ളറ്റിനേക്കുറിച്ചാണോ ഇത്രയൊക്കെ എഴുതാനും പറയാനും ഉള്ളത് എന്ന് ചിന്തിക്കുവരോട് ഒന്ന് മാത്രം പറയുന്നു…. ബുള്ളറ്റ് ഭ്രാന്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത എത്രയോ ചെങ്ങായിമാരെ എനിക്കറിയാം… അവരുടെ മുന്നില്‍ ഇതൊന്നും ഭ്രാന്തേ അല്ല…. ചില ചെറിയ ഭ്രാന്തെങ്കിലും വേണ്ടേ ജീവിച്ച് മരിക്കാന്‍ ഒരു കാരണമായിട്ട്…. ക്ഷമകൊടുത്ത് ഇത്രയും വായിച്ച് തീര്‍ത്ത നിങ്ങളും മറ്റെന്തൊക്കെയോ കാര്യങ്ങളില്‍ ഭ്രാന്തുള്ളവരാണ്…. ഇതില്‍ ബുള്ളറ്റിനെക്കുറിച്ച് പറയുന്നിടത്ത് നിങ്ങളില്‍ ചിലരെങ്കിലും നിങ്ങളറിയാതെ ചിരിച്ചു എങ്കില്‍ എവിടെയൊക്കെയോ ഒരിഷ്ടം ആ ‘കുടുകുടു’ വണ്ടിയോടുണ്ട്… അതുറപ്പ്‌… ബുള്ളറ്റ് എന്നത് ഒരു വികാരമാണ് അത് എനിക്ക് മാത്രമല്ല മറ്റു പലർക്കും….

#TAGS : bullet   jobish  

advertisment

Super Leaderboard 970x90