Travel

ബോണക്കാട് ബംഗ്ലാവില്‍ ഒരു രാത്രിയാത്ര...

ആ ബംഗ്ലാവുമായി ബന്ധപ്പെട്ടു പ്രദേശവാസികള്‍ക്ക് ആര്‍ക്കും മോശമായ ഒരു അനുഭവം പോലുമുണ്ടായിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവര്‍ ഞങ്ങള്‍ അവിടെ താമസിക്കാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ അവിടെ പ്രേതവും ആവിയുമൊന്നുമില്ല അതെല്ലാം ഇവിടെ വന്നു പോയവര്‍ പ്രചരിപ്പിച്ച കഥകളാണ് എന്നാണ് പറഞ്ഞത്.

ബോണക്കാട് ബംഗ്ലാവില്‍ ഒരു രാത്രിയാത്ര...

തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂടം മലനിരകളുടെ തൊട്ട് താഴെയുള്ള മനോഹരമായ ഒരു പ്രദേശമാണ് ബോണക്കാട്. ഈ അടുത്തകാലത്തായി മാത്രം സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വൈറല്‍ ആയ ഒരു ബംഗ്ലാവ് ഉണ്ടിവിടെ. അപ്പര്‍ ബോണക്കാട് എസ്റ്റേറ്റില്‍ ഉള്ള ബ്രിട്ടീഷു വാസ്തുവിദ്യാരീതിയില്‍ പണികഴിപ്പിച്ച 25GB എന്നറിയപ്പെടുന്ന ഇടിഞ്ഞുപോളിഞ്ഞ ഒരു ബംഗ്ലാവ് ആണിത്.

1951ഇല്‍ ബ്രട്ടീഷുകാരനായ ഒരു മാനേജര്‍ നിര്‍മിച്ചതാണെന്ന് പറയപ്പെടുന്നു. ഇന്നിത് നാഥന്നില്ലാ കളരിപോലെ അനാഥമായ അവസ്ഥയിലാണ്. വര്‍ഷങ്ങളായി അറിയപ്പെടാതെ കിടന്നൊരു കെട്ടിടം അടുത്തകാലത്തായി നിറംചേര്‍ത്തകഥകളുമായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആണ്. Most haunted places in kerala എന്നു ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന ആദ്യ സ്ഥലം ഇതാണത്രേ. ഈ കഥകളിലെ തള്ളുകളെ അനാവരണം ചെയ്യുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ബോണക്കാട് ബംഗ്ലാവില്‍ ഒരു രാത്രിയാത്ര...

2016 ഡിസംബറില്‍ പല മാധ്യമങ്ങളിലും വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ Shyaam Jeeth ന്റെ പോസ്റ്റിലാണ് Shareef Chungathara എന്നോട് നമുക്കൊരു ദിവസം ഈ ബംഗ്ലാവില്‍ രാത്രി താമസിക്കണം എന്ന അഭിപ്രായം മുന്നോട്ട് വെക്കുന്നത്. എനിക്കും സഭവം ഇന്ററസ്റ്റിങ് ആയി തോന്നി.

ബോണക്കാട് ബംഗ്ലാവില്‍ ഒരു രാത്രിയാത്ര...

പിന്നീട് ഈ മാസം അഗസ്ത്യാര്‍കൂടം സന്ദര്‍ശനവേളയില്‍ എന്തായാലും ബോണക്കാട് എത്തുന്നുണ്ട് അപ്പോള്‍ താമസിക്കാം എന്നു നിശ്ചയിച്ചു. അങ്ങനെ ജനുവരി ഇരുപത്തിനാലിന് വൈകിട്ട് ഏതാണ്ട് 50 കി.മി വരുന്ന അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് കഴിഞ്ഞ ശേഷം ബോണക്കാട് അപ്പറിലുള്ള ഈ ബംഗ്ലാവ് ലക്ഷ്യമാക്കി ഞങ്ങള്‍ മൂവര്‍ സംഘം വീണ്ടും നടത്തമാരംഭിച്ചു.

ബോണക്കാട് ബംഗ്ലാവില്‍ ഒരു രാത്രിയാത്ര...

ഗ്രൂപ്പില്‍ Adarsh S Satheesh എന്നൊരു സുഹൃത്ത് കൂടി ചേര്‍ന്നിരുന്നു. താഴെ വഴി തിരക്കിയപ്പോള്‍ ദൂരെ മലയുടെ മുകളിലുള്ള ഒരു ക്രിസ്മസ് ട്രീ കാണിച്ചു തന്നിട്ട് അതാണ് ബംഗ്ലാവിന്റെ മുറ്റമെന്ന് പ്രദേശവാസിയായ ഒരാള്‍ പറഞ്ഞുതന്നു. റോഡില്‍ക്കൂടെ കുറച്ച് നടന്നിട്ടു അടുത്തുള്ള പൊതുവിതരണകേന്ദ്രത്തിന് വശത്ത് കൂടെ ഇടത്തോട്ട് തിരിഞ്ഞു മലയിലേക്കുള്ള ഷോര്‍ട്ട് കട്ട് കയറിത്തുടങ്ങി. അട്ടകടിച്ചും നീരുവെച്ചുമിരിക്കുന്ന കാലുകളോരോന്നും വലിച്ചു വെക്കുവാന്‍ നന്നേ പ്രയാസപ്പെട്ടു.

ബോണക്കാട് ബംഗ്ലാവില്‍ ഒരു രാത്രിയാത്ര...

വളരെക്കുറച്ചു ദൂരം കയറി ഇരുന്ന് വിശ്രമിച്ചാണ് ഞങ്ങള്‍ മുന്‍പോട്ടു പോയത്. വിശ്രമിക്കുന്നതിനിടയില്‍ മനോരമ ന്യൂസില്‍ 2016 ഡിസംബറില്‍ വന്നൊരു വീഡിയോ ചര്‍ച്ചയായി.

റിപ്പോര്‍ട്ടര്‍ ഇങ്ങനെ പറയുന്നു:

”ഞങ്ങള്‍ മലകയറി, ഭീതിപ്പെടുത്താന്‍ എന്നപോലെ കാട്ടിലെ ഒരു ഇലപൊഴിഞ്ഞ വൃക്ഷം, നിഗൂഢതകളെ ഓര്‍മിപ്പിച്ച് ആ കൂറ്റന്‍ ക്രിസ്മസ് മരം, ചാര നിറത്തിലുള്ള ബംഗ്ലാവും പരിസരവും. ഇരുട്ടയാല്‍ ജനാലക്ക് സമീപം മനുഷ്യരൂപം പ്രത്യക്ഷപ്പെടും. വൈദ്യുതിയില്ലാത്ത ഈ ബംഗ്ലാവില്‍ ലൈറ്റുകള്‍ മിന്നിമായും, നിഗൂഢത ഒളിപ്പിച്ച വിശാലമായ മുറികള്‍. സന്ധ്യയായാല്‍ അന്തരീക്ഷം മാറിമറിയും. ആകാശത്തിന് ചുവപ്പേറും കാടിന് ഭാവമാറ്റവും.”

മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ക്ക് കാണുന്നതെല്ലാം നിഗൂഢതകളാണ്. കൂടാതെ ഒരു രാത്രി ഇവിടെ താങ്ങാന്‍ പറ്റുമോ എന്നൊരു വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ട് അവസാനം. ഏതാണ്ട് 5.30 നു ഞങ്ങള്‍ ബംഗ്ലാവില്‍ എത്തിപ്പെട്ടു. വരുന്ന വഴിയില്‍ ഇലപൊഴിഞ്ഞ ധാരാളം മരങ്ങള്‍ കണ്ടിരുന്നു, യാതൊരു നിഗൂഡതയും തോന്നിയില്ല.

ബംഗ്ലാവിന്റെ മുറ്റത്ത് ഒരു ക്രിസ്മസ് ട്രീ വിദേശിയായ മാനേജര്‍ നട്ടു പിടിപ്പിച്ചതിലും ഒരു വിരോധാഭാസവും തോന്നിയില്ല. ആദ്യം തന്നെ മുറികള്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായത് ധാരാളം പശുക്കള്‍ കയറിയിറങ്ങി പോകുന്ന ഇടമാണെന്നാണ്. മുറികള്‍ നിറയെ ചാണകം. കെട്ടിടത്തിന് വാതിലുകളോ ജനലുകളോ ഇല്ല. ഉണ്ടായിരുന്നത് എല്ലാം പൊളിച്ച് കളഞ്ഞിരിക്കുന്നു. പിന്നെ പലയിടത്തും തീ കൂട്ടിയ അടുപ്പുകള്‍ , ബിയര്‍ കുപ്പികള്‍. ജനാലക്ക് സമീപം മനുഷ്യരൂപം പ്രത്യക്ഷപ്പെടുന്നതിന്റെയും വൈദ്യുതിയില്ലാത്ത ബംഗ്ലാവില്‍ വെളിച്ചം ഉണ്ടാകുന്നതിനെയും കുറിച്ചു ഒരു ഏകദേശ ധാരണ കിട്ടി.

സൂര്യാസ്തമയം ആകുന്നു. ബംഗ്ലാവിന്റെ മുറ്റത്ത് നിന്നു പേപ്പാറ ഡാമിന്റെയും ബോണക്കാടിന്റെയും വളരെ മനോഹരമായ ഒരു വ്യൂ കിട്ടും, ഈ അടുത്തകാലത്ത് കണ്ടതില്‍ വെച്ചു ഏറ്റവും മനോഹരമായൊരു അസ്തമയദൃശ്യത്തിന് ഞങ്ങള്‍ സാക്ഷിയായി. ഇരുട്ട് വീഴുന്നതിന് മുമ്പ് കിടക്കാനുള്ള സ്ഥലം റെഡിയാക്കണമായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ ആകെ കൈയ്യില്‍ ഉള്ളത് മൊബൈല്‍ വെട്ടവും ഒരു ലൈറ്ററും. രാത്രിയിലേക്കുള്ള ഭക്ഷണവും മെഴുകുതിരിയുമൊക്കെ വാങ്ങാന്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും യാത്രക്കിടയില്‍ വിട്ടുപോയി. ഇന്ന് പട്ടിണിയാണ്.

ബോണക്കാട് ബംഗ്ലാവില്‍ ഒരു രാത്രിയാത്ര...

ഷരീഫ് തമ്മില്‍ ഭേദമെന്ന് തോന്നിയൊരു മുറി വൃത്തിയാക്കാന്‍ തുടങ്ങി. ഞാന്‍ ക്രിസ്മസ് മരത്തില്‍ നിന്നും ചില്ലകള്‍ ഓടിച്ചു ഒരു കിടക്ക റെഡിയാക്കാന്‍ ഉള്ള പരിപാടിയിലാണ്. ആദര്‍ശ് കിട്ടാവുന്നത്ര ചുള്ളിക്കമ്പുകളും വിറകും ശേഖരിച്ച് മുറിയുടെ ഒരു മൂലയ്ക്ക് സൂക്ഷിച്ചു. ഇരുട്ട് വീണു തുടങ്ങി. പ്രകൃതിക്ക് പ്രത്യേക മാറ്റമൊന്നും കണ്ടില്ല. നല്ല മഴക്കുള്ള കോള് ഉണ്ടെന്ന് തോന്നി. കാറ്റ് വീശുന്നതും കുറവാണ്. മുറിയുടെ ഒരു മൂലയ്ക്ക് തീകൂട്ടി. അടുത്ത് തന്നെ തറയില്‍ നിറയെ ഇലകള്‍ വിരിച്ച് അതിനുമുകളില്‍ പുതപ്പ് നിവര്‍ത്തി കിടക്കാനുള്ള സ്ഥലം റെഡിയാക്കി.

ബോണക്കാട് ബംഗ്ലാവില്‍ ഒരു രാത്രിയാത്ര...

തീകൂട്ടിയതിന് ശേഷം ഞങ്ങള്‍ കുറച്ചുനേരം വെളിയില്‍ പോയിരുന്നു. ഒരു ചെറിയ വെടിവട്ടം. മുറ്റത്ത് നിറയെ മിന്നാമിനുങ്ങുകള്‍ പറക്കുന്നുണ്ട്. ചെറിയ കാറ്റിനോടൊപ്പം മഴത്തുള്ളികളും വീഴാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ അകത്തേക്ക് കയറി. അപ്പോഴേകും പഴയ തീ കെട്ടുപോയിരുന്നു. വീണ്ടും തീ കത്തിക്കുവാനുള്ള ശ്രമം. അതിനുശേഷം വാര്‍ത്താമാനം പറച്ചിലുമായി കിടക്കയിലേക്ക്.

ആഹാരം മേടിച്ചു സൂക്ഷിക്കാനുള്ള പ്ലാനിങ് മറന്നുപോയ കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. വെളിയില്‍ നിന്നും ശബ്ദമൊന്നും കെട്ടില്ലെങ്കിലും വയറ്റില്‍ നിന്നും ശബ്ദങ്ങള്‍ വന്നുതുടങ്ങി. വിശപ്പ് വകവെകാതെ ഉറക്കം വരുന്നത് വരെ സംസാരിച്ചിരുന്നിരുന്നു.

അര്‍ദ്ധരാത്രിയോട് കൂടി വെളിയില്‍ നിന്നും ജനാലയില്‍ക്കൂടി നല്ലപോലെ കാറ്റടിച്ചു കേറാന്‍ തുടങ്ങി. മുടിഞ്ഞ തണുപ്പും. ജനാലകളും കതകുകളും തുറന്ന നിലയിലാരുന്നല്ലോ. പുറകിലെ കാട്ടില്‍ നിന്നും ഏതോ മൃഗത്തിന്റെ ശബ്ദം ഇടക്കിടെ കേള്‍ക്കുന്നു.

ബോണക്കാട് ബംഗ്ലാവില്‍ ഒരു രാത്രിയാത്ര...

കാട്ടുപോത്ത് വല്ലതുമാണെങ്കില്‍ മുറിയിലേക്ക് കേറാതിരിക്കാനുള്ള വിദ്യ നോക്കണം. വീണ്ടും കെട്ടുപോയ തീ കൊളുത്തി തുടങ്ങി. അപ്പോഴേക്കും എല്ലാവരുടെയും ഉറക്കം നഷ്ടപ്പെട്ടിരുന്നു. അസഹനീയമായ തണുത്ത കാറ്റും കൂടിയായപ്പോള്‍ ഇനി ഉറങ്ങാന്‍ കഴിയില്ലെന്ന് ബോധ്യമായി.

അങ്ങനെ പരസ്പരം ജീവിത കഥകള്‍ പറഞ്ഞും ചളിയടിച്ചും നേരം വെളുപ്പിച്ചു. ഇടക്ക് കുപ്പിയില്‍ ബാക്കിയിരുന്ന വെള്ളവുമായി ഷരീഫ് അടുത്തുള്ള കുറ്റിക്കാട്ടില്‍ പോയി വന്നു. രാവിലെ നല്ല കോടയുണ്ടായിരുന്നു. ആറ് മണിയോട് കൂടി ഞങ്ങള്‍ ബംഗ്ലാവിനോടു വിടപറഞ്ഞു മലയിറങ്ങി തുടങ്ങി.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ മറ്റൊരു പോസ്റ്റ് ആണിത്.

എഴുത്തുകാരന്‍ ഇങ്ങനെ അവകാശപ്പെടുന്നു:

‘ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇവിടെ തുടര്‍ന്ന വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ 1951ല്‍ പുതിയൊരു ബംഗ്ലാവ് പണിത് കുടുംബ സമേതം അതിലേക്ക് താമസം മാറുന്നു. താമസം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മാനേജരുടെ 13 വയസ്സുള്ള മകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുന്നു. ഈ സംഭവത്തിനു ശേഷം മാനേജരും കുടുംബവും ഇന്ത്യയിലെ വാസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങുന്നു. തുടര്‍ന്ന് ഈ ബംഗ്ലാവില്‍ താമസിച്ച പലരും രാത്രി കാലങ്ങളില്‍ ബംഗ്ലാവിനുള്ളിലും പരിസരത്തും ഒരു പെണ്‍കുട്ടിയെ കണ്ടത്രേ.

അതോടെ പിന്നീടുള്ളവര്‍ ഇവിടം ഉപേക്ഷിച്ച് പഴയ ബംഗ്ലാവിലേക്കു തന്നെ താമസം മാറി. ഈ സംഭവങ്ങള്‍ നടന്ന് ദശകങ്ങള്‍ക്കിപ്പുറവും രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് അലര്‍ച്ചയും നിലവിളികളും പൊട്ടിച്ചിരികളും ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ടു കൊണ്ടിരിക്കുന്നു.

രാത്രി കാലങ്ങളില്‍ ഇവിടേക്കു കടന്നു ചെന്ന പലരും ബംഗ്ലാവിന്റെ പ്രധാന വാതിലില്‍ ഒരുആണ്‍കുട്ടിയുടെ രൂപം കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. പണ്ട് വിറകു ശേഖരിക്കാനായി ഇവിടെയെത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയത് അസാധാരണമായ പെരുമാറ്റങ്ങളോടെയാണ്.

നിരക്ഷരയായ ആ പെണ്‍കുട്ടി പാശ്ചാത്യ ശൈലിയില്‍ സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി. ഇതുകണ്ട് മരണപ്പെട്ട മദാമ്മ പെണ്‍കുട്ടിയുടെ പ്രേതം കടന്നു കൂടിയതാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചു. ദിവസ്സങ്ങള്‍ക്കു ശേഷം ഈ പെണ്‍കുട്ടിയും മരണപ്പെടുകയുണ്ടായി.”

ഞങ്ങള്‍ ബംഗ്ലാവിലേക്ക് വരുന്നവഴിയും തിരിച്ചു പോകുന്ന വഴിയും ധാരാളം ആളുകളുമായി ഈ കെട്ടിടത്തെ കുറിച്ചു സംസാരിച്ചിരുന്നു. അവിടെ ജനിച്ചു പ്രായമായ ആള്‍ക്കാര്‍ പോലും ഇക്കഥകളെയൊക്കെ നിഷേധിക്കുകയാണ് ഉണ്ടായത്. ആ കെട്ടിടത്തില്‍ ആരും മരണപ്പെട്ടിട്ടില്ല എന്നു പ്രദേശവാസികള്‍ ഉറപ്പിച്ച് പറയുന്നു.

ആ ബംഗ്ലാവുമായി ബന്ധപ്പെട്ടു പ്രദേശവാസികള്‍ക്ക് ആര്‍ക്കും മോശമായ ഒരു അനുഭവം പോലുമുണ്ടായിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവര്‍ ഞങ്ങള്‍ അവിടെ താമസിക്കാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ അവിടെ പ്രേതവും ആവിയുമൊന്നുമില്ല അതെല്ലാം ഇവിടെ വന്നു പോയവര്‍ പ്രചരിപ്പിച്ച കഥകളാണ് എന്നാണ് പറഞ്ഞത്. ഈ അടുത്തകാലത്താണ് ഈ കഥകളൊക്കെ പ്രചരിക്കാന്‍ തുടങ്ങിയതെന്നും പലരും ആണയിടുന്നു.

ഇതില്‍ നിന്നും മനസ്സിലാകുന്നത് ഇവിടെയെത്തിപ്പെട്ട ഏതോ ഒരു തള്ളുവിദഗ്ധന്‍ പരിസരവാസികളുമായിപ്പോലും സംസാരിക്കാതെ ആളുകളുടെ ഭയം എന്ന വികാരത്തെയും വിശ്വാസങ്ങളെയും മുതലെടുത്ത് വാസ്തവവിരുദ്ധമായ കഥകള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും അതിന്റെ സത്യാവസ്ഥകള്‍ പോലും മനസ്സിലാക്കാതെ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയുമാണ് ഉണ്ടായത്. ഭേദപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ കൈരളി ഓണ്‍ലൈന്‍ ശ്രമിച്ചിരുന്നു.

അതുകൊണ്ടു ദയവു ചെയ്തു ഇനിയാരും ബോണക്കാട്ടെ ബംഗ്ലാവിന്റെ തള്ളുമായി ഈ വഴി വരരുത്. അത് ബോണക്കാടുള്ള ഒരു പഴകിയ ബംഗ്ലാവ് മാത്രമാണ്. അതുമതി. കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട

(NB: താമസിക്കാന്‍ പോകുന്നവര്‍ വന്യമൃഗങ്ങളുടെ ആക്രമമുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് ശ്രദ്ധിക്കുമല്ലോ )

advertisment

Related News

    Super Leaderboard 970x90